ഇടത്തരക്കാരുടെ ജീവിതങ്ങളെ കഥകളിലാവാഹിച്ചും അഭ്രപാളിയില്‍ ആവിഷ്കരിച്ചും മലയാളികളുടെ മനസ് കീഴടക്കിയവരായിരുന്നു ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. അവരുടെ കഥ-സംവിധാന സങ്കല്‍പ്പങ്ങളില്‍ നി ന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, മലയാള സിനിമയ്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ ഉണ ര്‍ത്തി ഇതാ അവര്‍ക്കൊരു പിന്‍ഗാമി-എം.മോഹനന്‍. തിരക്കഥയുടെ മര്‍മ്മം ശ്രീനിവാസനില്‍ നിന്നും സംവിധാനപാടവം സത്യന്‍ അന്തിക്കാടില്‍ നിന്നും അഭ്യസിച്ച മോഹനന് അങ്ങനെ ആകാതിരിക്കാന്‍ കഴിയില്ലല്ലൊ!
അതേസമയം സിനിമയോടുള്ള സമീപനത്തില്‍ തന്‍റേതുമാത്രമായ രീതികളും കാഴ്ചപ്പാടും അദ്ദേഹം വച്ചുപുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ആദ്യ സംവിധാന സംരംഭമായ കഥപറയുമ്പോള്‍..കഴിഞ്ഞ് അദ്ദേഹം തന്നെ കഥ യും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച മാണിക്യക്ക ല്ലില്‍ എത്തുമ്പോള്‍ സ്വന്തം കഴിവിന്‍റെ പിന്‍ബലത്തില്‍ തനിക്ക് മികച്ച സിനിമകള്‍ ചെയ്യാനാവും എന്നദ്ദേഹം തെളിയിക്കുകയായിരുന്നു. ഒരര്‍ഥത്തില്‍ എം.മോഹനന്‍ എന്ന സംവിധായകന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു, മാണിക്യക്കല്ല്. തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത 916, മൈ ഗോ ഡ്, അരവിന്ദന്‍റെ അതിഥികള്‍ എന്നീ സിനിമകളിലും ആ സ്വാതന്ത്ര്യത്തിന്‍റെ സവിശേഷമായ സിദ്ധി തെളിഞ്ഞു കാണാം.
നമുക്കു ചുറ്റും അശ്രദ്ധമായി അവഗണിക്കപ്പെട്ടു പോകുന്ന ചില നിര്‍ണായക ജീവിത മുഹൂര്‍ത്തങ്ങളെ പ്രമേയമാക്കുന്ന കഥയുടെ മാണിക്യക്കല്ലു തേടിയുള്ള യാത്രയാണ് മോഹനന് ഓരോ സിനിമയും. അതിലൂടെ സാധാര ണക്കാരന്‍റെ സങ്കടങ്ങളുടെയും സ്വപ്നങ്ങളുടെയും കഥപറയുകയാണ് അദ്ദേഹം ചെയ്യുന്നത്. ഈയിടെ ഒരു സ്വകാര്യ സന്ദര്‍ശനത്തിന് തലശ്ശേരിയിലെത്തിയപ്പോള്‍ എം.മോഹനന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നും:-
താങ്കളുടെ അരവിന്ദന്‍റെ അതിഥികള്‍ ഇറങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. എന്താണ് പുതിയ പ്രോജക്ടുകള്‍?
പുതിയൊരു സിനിമയുടെ തയ്യാറെടുപ്പിലാണിപ്പോള്‍. കഥയുടെ ചര്‍ച്ച നടക്കുന്നതേയുള്ളൂ. അതുകൊണ്ട് സിനിമയെ കുറിച്ച് ഒന്നും ഇപ്പോള്‍ കൃത്യമായി അനൗണ്‍സ് ചെയ്യാന്‍ പറ്റില്ല.
മാണിക്യക്കല്ലിന്‍റെയും 916 ന്‍റെയും ഒക്കെ കഥ താങ്കള്‍ തന്നെയാണ് എഴുതിയത്. മറ്റുള്ളവരുടെ കഥയില്‍, കഥയില്ല എന്നു തോന്നുന്നതു കൊണ്ടാണോ അതോ സ്വന്തം കഥയില്‍ സിനിമ ചെയ്യുന്നതാണ് കുറേക്കൂടി സൗക ര്യം എന്നതു കൊണ്ടാണോ അങ്ങനെ ചെയ്യുന്നത്?
ഇതൊന്നുമല്ല കാര്യം. അതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് കഥപറയുമ്പോള്‍ ശ്രീനിയേട്ടന്‍റെ കഥയായിരുന്നു. തുടര്‍ന്ന് മാണിക്യക്കല്ലു ചെയ്യുമ്പോള്‍ എനിക്ക് തന്നെ പറയാന്‍ ഒരു കഥ ഉണ്ടായിരുന്നതു കൊണ്ട് അത് ഉപയോഗിച്ചു എന്നു മാത്രം. തുടര്‍ന്നു വന്ന 916-ന്‍റെ കഥ, ഞാന്‍ കഥപറയുമ്പോള്‍ ചെയ്യുന്നതിന് മുമ്പേ മനസില്‍ ഉണ്ടായിരുന്നതാണ്. പിന്നീട് വന്ന മൈ ഗോഡിലും അരവിന്ദന്‍റെ അതിഥികളിലും മറ്റുള്ളവരുടെ കഥകളാണ് ഞാന്‍ ഉപയോഗിച്ചത്. ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന പുതിയ സി നിമയുടെ കഥയും മറ്റൊരാളുടേതാണ്. കഥ, സിനിമയുടെ മാണിക്യക്കല്ലാണ്. അത് കണ്ടെത്തുക എന്നതാണ് മുഖ്യം. അത് ശ്രമകരവുമാണ്.
2007-ലാണ് കഥപറയുമ്പോള്‍ ഇറങ്ങുന്നത്. 2011 ആരംഭത്തിലാണ് മാ ണിക്യക്കല്ല് വരുന്നത്. 2012 അവസാനമാണ് 916 റിലീസാകുന്നത്. മൈ ഗോഡ് 2015-ലും അരവിന്ദന്‍റെ അതിഥികള്‍ 2018-ലുമാണ് ഇറങ്ങുന്നത്. അതിനിട യില്‍ പലപ്പോഴും ഒരു വലിയ ഗ്യാപ്പ് ഉണ്ടാകുന്നത് എന്തു കൊണ്ടാണ്?
അതിന് പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല. സത്യത്തില്‍ സിനിമയില്‍ ഈ കാലയളവ് വലിയ ഗ്യാപ്പ് ഒന്നുമല്ല. കഥ പറയുമ്പോള്‍ സമ്മാനിച്ചത് ഒരു വലിയ വിജയമായിരുന്നു. അതോടെ അടുത്തത് ഒരു നല്ല പടമായി ചെയ്തു വിജയിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വ ഭാരം തലയില്‍ കയറി. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടതുണ്ടായിരുന്നു. ഓഫറുകള്‍ അനവധി വന്നു. പക്ഷെ, വന്നവര്‍ക്കൊക്കെ കഥപറയുമ്പോള്‍ എന്ന പടത്തിന്‍റെ പാറ്റേണില്‍ ഉള്ള ഒന്നായിരുന്നു വേണ്ടിയിരുന്നത്. അത്തരം ഒരു സിനിമ ചെയ്യുന്നില്ല എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. വ്യത്യസ്തമായ കഥകള്‍ പ്രമേയമാക്കുമ്പൊഴേ സത്യത്തില്‍ ഒരു സിനിമാക്കാരന്‍ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന വിശ്വാസക്കാരനാണ് ഞാന്‍. അതിനായുള്ള കാത്തിരിപ്പിനിടയിലാണ് താങ്കള്‍ പറഞ്ഞ ഈ ഗ്യാപ്പ് സംഭവിക്കുന്നത്. പടം നന്നാകാന്‍ ആ ഗ്യാപ്പ് പലപ്പോഴും സഹായിക്കുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.
സിനിമയില്‍ എത്തിപ്പെട്ടത് എങ്ങനെയാണ്?
എത്തിപ്പെട്ടതല്ല, മനസില്‍ സിനിമ എന്നത് ഉറപ്പിച്ചു തന്നെ വന്നതാണ്. അക്കഥകള്‍ കുറച്ചൊക്കെ താങ്കള്‍ക്കും അറിയാമല്ലൊ (തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളജില്‍ ഈ ലേഖകന്‍റെ സഹപാഠിയായിരുന്നു എം. മോഹനന്‍) പഠിക്കുന്ന കാലത്തേ ഞാന്‍ ധാരാളം കഥകളെഴുതിയിരുന്നല്ലൊ. കഥകള്‍ എഴുതിയിരുന്ന നമ്മുടെ തലമുറയിലെ കുറേപ്പേരുടെയെങ്കിലും സ്വപ്നം അന്ന് സിനിമയായിരുന്നു. സിനിമ കണ്ടും സിനിമയെ കുറിച്ച് ചിന്തിച്ചും സംസാരിച്ചും സിനിമയ്ക്ക് പറ്റുന്ന കഥകളെഴുതിയും ചര്‍ച്ച ചെയ്തും നടന്ന കാലം. സിനിമയിലെത്തുക എന്നതല്ലാതെ മറ്റൊരു ജോലിയെ കുറിച്ചും അന്നു ഞാന്‍ ചിന്തിച്ചിരുന്നില്ല. അതിനാല്‍ ഡിഗ്രി കഴിഞ്ഞ ഉടനെ ഞാന്‍ ശ്രീനിയേട്ടനൊപ്പം കൂടി(പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ ഭാര്യാ സഹോദരനാണ് എം.മോഹനന്‍) ഇന്ന് ഞാന്‍ സിനിമയി ല്‍ എന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ സഹായം ഒന്നു കൊണ്ടു മാത്രമാണ്.
കഥാകാരനായ താങ്കള്‍ സിനിമയിലെത്തി സംവിധായകനായത് എങ്ങനെയാണ്? അത് യാദൃച്ഛികമായിരുന്നോ?
അല്ല. സംവിധായകനാവുക എന്ന സ്വപ്നവുമായി തന്നെയാണ് ഞാന്‍ മദ്രാസിലെ സിനിമാ ലോകത്തേക്ക് വണ്ടി കയറിയത്. കഥയെഴുത്തും തിരക്ക ഥാ രചനയും ഒക്കെയായി കുറേ നാളുകള്‍ കഴിഞ്ഞെങ്കിലും സംവിധായകന്‍ ആവുക എന്ന സ്വപ്നം ഞാന്‍ കൈവിട്ടില്ല. അതില്‍ കുറഞ്ഞ ഒന്നും ആകാ ന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമ ഒരു ടീം വര്‍ക്കാണെങ്കില്‍ കൂടി, ആത്യന്തികമായി അത് സംവിധായകന്‍റെ കലയാണ് എന്ന് കരുതിയിരുന്നതു കൊണ്ടാണ് ആ വിചാരം എന്നില്‍ ബലപ്പെട്ടത്. സംവിധാനം പഠിക്കാനാണ് എനിക്ക് താല്‍പര്യം എന്ന് ഞാന്‍ ശ്രീനിയേട്ടനോട് പറഞ്ഞു. അദ്ദേഹമാണ് എന്നെ സത്യേട്ടന്(സത്യന്‍ അന്തിക്കാട്) പരിചയപ്പെടു ത്തുന്നതും തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ സംവിധാന സഹായിയായി സിനിമാ ജീവിതം തുടങ്ങുന്നതും.
സത്യന്‍ അന്തിക്കാടിന്‍റെ കൂടെയുള്ള കാലം എങ്ങനെയായിരുന്നു?
എന്നും നന്‍മകള്‍ എന്ന സിനിമയില്‍ തുടങ്ങി തൂവല്‍ കൊട്ടാരം വരെ യുള്ള 14 സിനിമകളില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സുവര്‍ണ കാലത്തിന്‍റെ അനുഭവങ്ങളാണ് എന്നിലെ സംവിധായകനെ രൂപപ്പെടുത്തിയത് എന്നു പറയാം. ഒരു സംവിധായകന്‍ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും ഒപ്പം എന്തായിരിക്കരുത് എന്നും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. സത്യത്തില്‍ അദ്ദേഹം ഒരു സ്കൂള്‍ ഓഫ് ലെസ്സന്‍ ആണ്. സിനിമയുടെ എല്ലാ സൂഷ്മാംശത്തിലേക്കും ശ്രദ്ധ ചെലുത്തുന്ന സത്യന്‍ അന്തിക്കാട് വാസ്തവത്തില്‍ ഇനിയും വിലയിരുത്തപ്പെടേണ്ട ഒരു സംവിധായക പ്രതിഭയാണ്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ഒരു സ്വതന്ത്ര സംവിധായകനായി മാറാനുള്ള ആത്മവിശ്വാസം എനിക്കു നല്‍കിയത് അദ്ദേഹമാണ്. സിനിമയിലെ എന്‍റെ ഗുരുനാഥനാണ് സത്യന്‍ അന്തിക്കാട്; വഴികാട്ടി ശ്രീനിവാസനും.
കഥ പറയുമ്പോള്‍ താങ്കളുടെ ആദ്യ സംവിധാന സംരംഭമാണല്ലൊ. എന്നാല്‍ അതിന് മുമ്പ് നടക്കാതെ പോയ മറ്റൊരു സിനിമ പ്രോജക്ട് ഉണ്ടായി രുന്നതായി കേട്ടിട്ടുണ്ട്?
ശരിയാണ്. കഥയും നിര്‍മാതാവും നടീനടന്‍മാരും ഷൂട്ടിംഗ് ലൊക്കേഷനും ഒക്കെ തീരുമാനിക്കപ്പെട്ടതായിരുന്നു. പക്ഷെ, അവസാന നിമിഷം നിര്‍മാതാവ് ഏതോ കാരണത്തില്‍ പിന്‍മാറിക്കളഞ്ഞു. അതോടെ പടം മുടങ്ങി.
ആദ്യ സിനിമ മുടങ്ങിയപ്പോള്‍ സ്വാഭാവികമായും വലിയ വിഷമം തോന്നിയിരിക്കുമല്ലൊ?
ഇല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ സിനിമാ രംഗത്തുണ്ട്. ഒരു പാട് കണ്ടും കേട്ടും അനുഭവിച്ചും ശീലമായി. ഒന്നിലും അമിതമായി ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യരുത് എന്നാണ് ഞാനീ രംഗത്ത് നി ന്നും പഠിച്ച വലിയ പാഠം. സിനിമയില്‍ പലപ്പോഴും നാം വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍ നടക്കുക. ആദ്യ സിനിമ മുടങ്ങിയപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞത്, സാരമില്ല, മറ്റൊന്ന് എവിടെയോ നിനക്കായി ഒരുങ്ങുന്നുണ്ട് എന്നാണ്. വൈകാതെ കഥ പറയുമ്പോള്‍ എന്ന സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞു.
കഥ പറയുമ്പോള്‍ എന്ന ആദ്യ സിനിമയില്‍ മമ്മൂട്ടിയെ ഒരു ഗസ്റ്റ് റോളിലാണ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പര്‍ സ്റ്റാറിനെ ഗസ്റ്റ് റോളിലേക്ക് കാസ്റ്റ് ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു?
ഇതില്‍ ധൈര്യത്തിന്‍റെ പ്രശ്നമൊന്നും വരുന്നില്ല. കഥയും കഥാപാത്രങ്ങളുമാണ് സിനിമയില്‍ പ്രധാനം. തങ്ങളുടെ അഭിനയ മികവ് തെളിയിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെറുതെങ്കിലും നമ്മുടെ നായക നടന്‍മാര്‍ അതു ചെയ്യും എന്നതാണ് എന്‍റെ അനുഭവം. എന്തായാലും മമ്മൂട്ടി അവതരിപ്പിച്ച അശോക്രാജിന്‍റെ വേഷം ചെറുതാണെങ്കിലും സിനിമയിലെ ഹൈലൈറ്റ് അതാണല്ലൊ. ആ കഥാപാത്രത്തെ സമര്‍ഥമായി ഉള്‍ക്കൊണ്ട് അഭിനയിച്ച മമ്മൂട്ടി, ഷൂട്ടിംഗിനിടയില്‍ പലപ്പോഴും വിങ്ങിപ്പൊട്ടിയതും ഞാന്‍ കണ്ട മറക്കാനാവാത്ത അനുഭവമാണ്.
ആക്ഷന്‍ ഹീറോ ആയി തിളങ്ങി നിന്നിരുന്ന പൃഥ്വീരാജിനെ വിനയന്‍ മാഷ് എന്ന തികച്ചും വ്യത്യസ്തമായ ഒരു ഇമേജ് നല്‍കി മാണിക്യക്കല്ലില്‍ അവതരിപ്പിച്ചതും അങ്ങനെയാണോ?
അതെ. മാണിക്യക്കല്ലിന്‍റെ വണ്‍ലൈന്‍ സ്റ്റോറിയുമായി ഞാന്‍ രാജുവിനെ കാണാന്‍ പോകുമ്പോള്‍ എനിക്കദ്ദേത്തെ അറിയാം എന്നല്ലാതെ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അന്ന് പലരും സംശയിച്ചതാണ്, അദ്ദേഹം അങ്ങനെയൊരു റോള്‍ ചെയ്യുമോ എന്ന്. അതൊന്നും ശ്രദ്ധിക്കാതെയാണ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, കഥ മുഴുവനാക്കി വരൂ, അപ്പോള്‍ നോക്കാം എന്ന്. പൂര്‍ത്തിയായ തിരക്കഥയുമാ യാണ് പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഉടനെ അദ്ദേഹം ചോദിച്ചത്, എപ്പൊഴാണ് നമ്മള്‍ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത് എന്നാണ്. എനിക്ക് തന്നെ അത് അത്ഭുതമായിരുന്നു. ഞാന്‍ ചോദിച്ചത്ര ദിവസങ്ങള്‍ അദ്ദേഹം എനിക്ക് നല്‍കുകയും ചെയ്തു. ഒരു ദിവസം പോലും ഒഴിവില്ലാതെ വര്‍ഷം മുഴുവന്‍ പല പടങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബുക്ക് ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. എന്നിട്ടും വിനയന്‍ മാഷെ അവതരിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത്, ആ വേഷത്തിനോടുള്ള ഇഷ്ടവും പ്രാധാന്യവും കൊണ്ടാവണം. സത്യത്തില്‍ മലയാളത്തിലെ ഒരു നടനും ഒരു പ്രത്യേക ഇമേജിന്‍റെ തടവുകാരനല്ല. അവര്‍ക്ക് വ്യത്യസ്തമായ വേ ഷങ്ങള്‍ നല്‍കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
മാണിക്യക്കല്ലിന്‍റെ കഥ കണ്ടെത്തിയത് എങ്ങനെയാണ്?
കഥ പറയുമ്പോള്‍ പുറത്തിറങ്ങിയ കാലത്ത് തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ ഹൈസ്കൂളില്‍ ഞാനൊരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടുത്തെ സുനിമാഷ് എന്‍റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഞാനുമായി സ്കൂള്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹം പറഞ്ഞത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്എസ്എല്‍സി പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും തോറ്റ് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സ്കൂളായിരുന്നു ഇത് എന്ന്. എന്നാല്‍ അധ്യാപകരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായി ഇന്നിപ്പോള്‍ നൂറുശതമാനവും വിജയം കൈവരിക്കുന്ന ഒരു സ്കൂളായി ഇത് മാറിയിരിക്കുന്നു എന്നദ്ദേഹം പറഞ്ഞപ്പോള്‍ ആ വാക്കുകളാണ് ഒരു പരിധി വരെ മാണിക്യക്കല്ലിന്‍റെ കഥയായി ഞാന്‍ രൂപപ്പെടുത്തിയത് എന്നു പറയാം.
ന്യൂജനറേഷന്‍ സിനിമാക്കാര്‍ താങ്കളെ പോലെ പരമ്പരാഗത രീതിയില്‍ കുടുംബ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. സത്യത്തില്‍ അവരും നമ്മളും ഒക്കെ പ റയുന്ന കഥകള്‍ ഒന്നാണ്. എല്ലാം മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടവ തന്നെ. പക്ഷെ, പറയുന്ന രീതികള്‍ വ്യത്യസ്തമാണ് എന്നു മാത്രം. ന്യൂജെന്‍ സിനിമകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മാണിക്യക്കല്ലിനെ അക്കാലത്തി റങ്ങിയ ഒരു ന്യൂജെന്‍ സിനിമ എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാം. കാരണം പൃഥ്വീരാജിന് അന്നുവരെ കാണാത്ത് ഒരു പുതിയ മുഖം നല്‍കിയാണ് അതില്‍ അവതരിപ്പിച്ചത്. കാലം മാറുമ്പോള്‍ എല്ലാ രംഗത്തും മാറ്റങ്ങളുണ്ടാകും. നാം അതു കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം എന്നു മാത്രം.
മനസില്‍ ഒരു സിനിമാ സങ്കല്‍പ്പമുണ്ടോ?
ഉണ്ട്. ഓരോ കലാകാരനും അത്തരം ഒരു സങ്കല്‍പ്പമുണ്ടായിരിക്കും എന്നാണ് എന്‍റെ വിശ്വാസം. പറയാന്‍ നമുക്ക് പുതുമയുള്ള ഒരു കഥയുണ്ടാവണം. അത് മനസില്‍ തട്ടുന്നതായിരിക്കണം. കുടുംബസമേതം കാണാന്‍ പ റ്റുന്നതാവണം. അതില്‍ അവര്‍ക്ക് ആഹ്ലാദിക്കാനുള്ള മുഹൂര്‍ത്തങ്ങളുണ്ടായിരിക്കണം. ഒപ്പം ആ സിനിമ നിര്‍മിച്ച നിര്‍മാതാവിന് മുടക്കിയ കാശ് തിരിച്ചു കിട്ടുകയും വേണം. ഇതൊക്കെ ചേര്‍ന്നതാണ് എന്‍റെ സിനിമാ സങ്കല്‍പ്പം എന്നു പറയാം.
താങ്കളുടെ മൈ ഗോഡില്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്തി. അരവിന്ദന്‍റെ അതിഥികളില്‍ അദ്ദേഹത്തെയും മകന്‍ വിനീതിനേയും ഉള്‍പ്പെടുത്തി. ധ്യാന്‍ ശ്രീനിവാസനെ കൂടി ഉള്‍പ്പെടുത്തി ഒരു സിനിമ എന്നാണ് ഉണ്ടാവുക?
എപ്പോള്‍ എന്ന് പറയുക ഇപ്പോള്‍ ബുദ്ധിമുട്ടാണ്. പക്ഷെ, സാഹചര്യം ഒത്തു വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ഒരു പ്രൊജക്ട് ചെയ്യും.
ശ്രീനിവാസന്‍റെ തിരക്കഥയില്‍ താങ്കള്‍ കഥപറയുമ്പോള്‍ ചെയ്തു. വിനീതിന്‍റെ തിരക്കഥയില്‍ ഒരു സിനിമ എന്നാണ് ചെയ്യുന്നത്?
ഞാനിതുവരെ ആലോചിക്കാത്ത ഒരു കാര്യമാണത്(ചിരിക്കുന്നു)ശരിയാണല്ലൊ, അങ്ങനെയും ഒരു സാധ്യതയുണ്ടല്ലൊ. വരട്ടെ നോക്കാം. പക്ഷെ, ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഇത് സിനിമയാണ്. ഇവിടെ എല്ലാം പ്രവചനാതീതമാണ്.