കുട്ടികള്‍ക്കുവേണ്ടി എഴുതുന്നത് കുട്ടിക്കളിയല്ല

K T ബാബുരാജുമായി ഒരഭിമുഖം

 
K T Baburaj Author Pulimadhuram
നമ്മുടെ സാഹിത്യത്തില്‍ ബാലസാഹിത്യത്തിനുള്ള സ്ഥാനമെന്താണ് ?
ബാലസാഹിത്യം, ബാലസാഹിത്യകാരന്‍ എന്നീ പ്രയോഗങ്ങള്‍ തന്നെ ഒരസംബന്ധ പ്രയോഗമാണെന്ന് തോന്നിയിട്ടുണ്ട്. എന്താണ് ബാലസാഹിത്യം? ബാലരുടെ സാഹിത്യമോ? ബാലര്‍ക്ക് വേണ്ടിയുള്ള സാഹിത്യമോ, ബാലര്‍ക്കുവേണ്ടി ബാലന്മാര്‍ രചിക്കുന്ന സാഹിത്യമോ, അഥവാ ഇതെല്ലാം ചേര്‍ന്നതോ… ബാലസാഹിത്യകാരന്‍ എന്ന വിളിയിലും ഈ ചേപ്രക്കേടുണ്ട്. ബാലനായ സാഹിത്യകാരന്‍, ബാലര്‍ക്കുവേണ്ടി എഴുതുന്ന സാഹിത്യകാരന്‍ ഇതിലേതാണ് വിവക്ഷ? മാത്രമല്ല, വളര്‍ച്ചയില്ലാത്തവന്‍ എന്നൊരു ധ്വനികൂടി വന്നു വീഴും ബാലസാഹിത്യകാരന്‍ എന്ന വിളിയില്‍ എഴുത്തുകാരന്‍റെ തലയില്‍. അപ്പോള്‍ മുതിര്‍ന്നവര്‍ക്കും വായിച്ചുകൂടേ എന്നൊരു ചോദ്യവും ഇടയിലെവിടെനിന്നെങ്കിലും ഉയര്‍ന്നെന്നും വരാം.

പക്ഷെ അങ്ങനെയെന്നൊന്നുണ്ടല്ലോ? ബാലസാഹിത്യമെന്നും ബാലസാഹിത്യകാരന്‍ എന്നും വിളിക്കുന്നുണ്ടല്ലോ?
ഏതൊരു ഉല്‍ക്കൃഷ്ടരചനയും കുട്ടികള്‍ക്കും വായിക്കാവുന്നതാണ്. ലോകക്ലാസിക്കുകള്‍ കുട്ടികള്‍ വായിക്കുന്നുണ്ട്. രാമായണവും മഹാഭാരതവും കുട്ടികള്‍ വായിച്ച് ആസ്വദിക്കുന്നുണ്ട്. അവ ബാലസാഹിത്യമായതുകൊണ്ടാണോ? അല്ല. നല്ല കൃതികളായതുകൊണ്ടാണ്. അവരുടെ ചിന്തയെയും ഭാവനയെയും ഉത്തേജിപ്പിക്കുന്നതുകൊണ്ടാണ്. ജീവിതത്തെക്കുറിച്ചുള്ള പുതുപുതു ദര്‍ശനങ്ങളും കാഴ്ചകളും ഒരുക്കുന്നതുകൊണ്ടാണ്. സങ്കല്പത്തേരിലേറി അവര്‍ക്ക് പറക്കാന്‍ കഴിയുന്നതുകൊണ്ടാണ്. സഹജീവികളോടും സര്‍വ്വചരാചരങ്ങളോടും ചങ്ങാത്തംകൂടാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്തും കുട്ടികളെ സംബന്ധിച്ച് മികച്ച സാഹിത്യകൃതികളാണ്.

എന്താണ് ബാലസാഹിത്യമെന്ന് കൃത്യമായി നിര്‍വ്വചിക്കാമോ?
ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ പറഞ്ഞുവന്നത്. ടി.പത്മനാഭന്‍റെ കഥകളില്‍ പലതും കുട്ടികള്‍ കഥാപാത്രങ്ങളായി വരുന്നതോ കുട്ടികളെക്കുറിച്ച് എഴുതിയിട്ടുള്ളതോ ആണ്. പത്മനാഭന്‍റെ കുട്ടികള്‍ എന്ന ഒരു പുസ്തകം പോലുമുണ്ട്. ആളുകള്‍ അവയില്‍ ഗവേഷണം നടത്തുന്നുമുണ്ട്. ടി.പത്മനാഭനെ ബാലസാഹിത്യകാരന്‍ എന്ന് ആരെങ്കിലും വിളിക്കുമോ…? (വിളിച്ചാല്‍ വിവരമറിയും…!) നമ്മുടെ മുതിര്‍ന്ന എഴുത്തുകാരൊക്കെ കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുണ്ട്. അല്ലെങ്കില്‍ അവരെഴുതിയിട്ടുള്ള പലതും കുട്ടികള്‍ക്കുകൂടി വായിച്ച് ആസ്വദിക്കാന്‍ കഴിയുന്നതാണെന്ന് തിരിച്ചുപറയാം. തകഴിയേയും ബഷീറിനേയും പൊറ്റക്കാടിനേയും മാധവിക്കുട്ടിയേയുമൊക്കെ കുട്ടികള്‍ വായിക്കുന്നുണ്ട്. അവരുടെ ‘ബാലസാഹിത്യ’മായല്ല. മികച്ച രചനകളായിത്തന്നെ ആഴത്തില്‍ കുട്ടികള്‍ വായിച്ചാസ്വദിക്കുന്നുണ്ട്. ഒരു മനുഷ്യന് എത്ര ഭൂമിവേണം എന്ന ടോള്‍സ്റ്റോയി കഥയും മാധവിക്കുട്ടിയുടെ നെയ്പ്പായസവുമൊക്കെ കഥയിലെ ക്ലാസിക്കുകളാണ്. മുതിര്‍ന്നവര്‍ വായിക്കുന്നതുപോലെ തന്നെ കുട്ടികളും അതു വായിക്കുന്നു. മലയാളത്തില്‍ എന്നും ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുന്നത് ബാലസാഹിത്യകൃതികളാണ്. അവയാകട്ടെ നന്നായി വിറ്റുപോവുകയും ചെയ്യുന്നുണ്ട്.

ആര്‍ക്കും കൈവെക്കാവുന്ന ഒരു സാഹിത്യമേഖലയായി ബാലസാഹിത്യം മാറുന്നുണ്ടോ?
കുട്ടികള്‍ക്കുവേണ്ടി എഴുതുന്നു എന്ന് വീമ്പടിക്കുന്നവര്‍ പലരും കുട്ടികളെ ചെറുതായി കാണുകയാണ്. നൂറും നൂറ്റമ്പതും പുസ്തകങ്ങളൊക്കെ കുട്ടികള്‍ക്കുവേണ്ടി എന്ന പേരില്‍ തട്ടിക്കൂട്ടിയവരുണ്ട്. കാക്കയും പൂച്ചയുമൊക്കെയാണ് ഇപ്പോഴും ‘ബാലസാഹിത്യകാര’ന്മാരില്‍ പലരുടെയും വിഷയം. കാക്കയേയും പൂച്ചയേയും കുറിച്ചെഴുതുന്നതില്‍ തെറ്റില്ല. പക്ഷെ, ഏറ്റവും പുതിയ കാലത്ത്, വിവരസാങ്കേതികവിദ്യകളൊക്കെ അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന നേരത്ത്, ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ ടെക്നോളജിയുടെ അപ്പോസ്തലന്മാരായി ഭൂമി തൊടുന്ന പുതിയ മക്കളോട് കാക്കേ പൂച്ചേ എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞുകൊണ്ടു പോയാല്‍ പോടാ എന്ന് അവര്‍ ആട്ടിയേക്കും… ഒരു കാര്യം തീര്‍ത്തുപറയാം. കുട്ടികളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. മാറിയ കാലവും അതിവേഗ ജീവിതവും ടെക്നോളജിയുമൊക്കെ തിമര്‍ത്താടുന്ന കാലത്താണ് പുതിയ കുട്ടികള്‍ ജീവിക്കുന്നത്. അവരുടെ അടുത്തേക്ക് സാഹിത്യവുമായി ചെല്ലുന്ന ഒരു എഴുത്തുകാരന്‍ അവനവനെത്തന്നെ നവീകരിച്ചിരിക്കണം. കുട്ടിയുടെ മാനസികലോകത്തെക്കുറിച്ച് നല്ല ബോധ്യം വേണം. കൗതുകം ജനിപ്പിക്കുകയും വായനയുടെ രസത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും പതുക്കെ ഭാവനയുടെ പറക്കും പരവതാനിയിലൂടെ സഞ്ചരിക്കാന്‍ അവസരം കൊടുക്കുന്നതുമായിരിക്കണം കുട്ടികള്‍ക്കുവേണ്ടിയുള്ള എഴുത്ത്. ആ വായനയില്‍ അവനില്‍/ അവളില്‍ ജീവിതത്തേയും ലോകത്തേയും നമ്മള്‍ ജീവിക്കുന്ന കാലത്തേയും കുറിച്ചുള്ള കുഞ്ഞുകുഞ്ഞു ദര്‍ശനങ്ങള്‍ പതിയുകയും വേണം. അതിന് നല്ല എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. അത്തരക്കാരാവട്ടെ വിരളമാണ്.

പ്രശസ്ത രചനകളുടെ പുനരാഖ്യാനങ്ങളാണല്ലോ ബാലസാഹിത്യങ്ങളായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരു എളുപ്പപ്പണിയല്ലേ?
എഴുത്തില്‍ ഏറ്റവും കൂടുതല്‍ കള്ളനാണയങ്ങള്‍ വിഹരിക്കുന്ന മേഖല ‘ബാലസാഹിത്യ’ത്തിന്‍റേതാണ്. ഇത് ഒരു എളുപ്പപ്പണിയാണെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഞാന്‍തന്നെ ഈ അവസ്ഥയെ പരിഹസിച്ച് എഴുതിയിട്ടുണ്ട്!’വേറെ പണിയൊന്നുമില്ലെങ്കില്‍ വരൂ, ഒരു ബാലസാഹിത്യകാരനാവാം’ എന്ന്. സഹിക്കവയ്യാതെ എഴുതിയതാണ്. ആയിരത്തൊന്ന് രാവുകള്‍, പഞ്ചതന്ത്രം കഥകള്‍, മഹത്ചരിതമാല, ഐതിഹ്യമാല, ഈസോപ്പ് കഥകള്‍, രാമായണം, മഹാഭാരതം, കഥാസരിത് സാഗരം തുടങ്ങിയവയില്‍നിന്നൊക്കെ കുറച്ച് അടര്‍ത്തിമാറ്റി സ്വന്തം പേരും വെച്ച് പടച്ചുവിടുന്നതാണ് ഒരു ബാലസാഹിത്യരചനാരീതി. ഇതില്‍ പലതും മൂലകൃതിയില്‍നിന്നുള്ള പുനരാഖ്യാനങ്ങള്‍ പോലുമല്ല നല്ല എഴുത്തുകാര്‍. നീണ്ട വര്‍ഷങ്ങളുടെ തപസ്യയിലൂടെ പുനരാഖ്യാനം ചെയ്ത കൃതികളുടെ കോപ്പിയടിയാണ് പലതും. ആരും ചോദിക്കുകയും പറയുകയും ഇല്ലല്ലോ. മറ്റൊരു എളുപ്പപ്പണി ബാലസാഹിത്യം എന്ന ലേബലൊട്ടിച്ച് വില്‍ക്കുന്ന മഹാന്മാരുടെ ജീവചരിത്രമാണ്. ഗാന്ധിജി, നെഹ്റു, കുഞ്ചന്‍നമ്പ്യാര്‍, കുമാരനാശാന്‍, വള്ളത്തോള്‍…തുടങ്ങി ഒട്ടുമിക്ക മഹാന്മാരുടെയും എഴുത്തുകാരുടെയും സമ്പൂര്‍ണ്ണജീവചരിത്രങ്ങള്‍ മലയാളത്തില്‍ കിട്ടാനുണ്ട്. അതിനെ വെട്ടിമുറിച്ച് ചെറുതാക്കി എണ്‍പതോ നൂറോ പേജില്‍ തളച്ച് ചുട്ടെടുക്കുന്നതാണ് മറ്റൊന്ന്. കുമാരനാശന്‍ എന്‍റെ മാത്രമാണെന്ന്, ഗാന്ധിജി എന്‍റേതുമാത്രമാണെന്ന് ആര്‍ക്കും പറയാനാവില്ലല്ലോ. ടൈറ്റിലില്‍ കുട്ടികളുടെ എന്ന് ആദ്യം ചേര്‍ക്കണം എന്നുമാത്രം. കുട്ടികളുടെ കുഞ്ഞമ്പു എന്നോ കുട്ടികളുടെ കുഞ്ഞിരാമന്‍ എന്നോ മറ്റോ. അല്ലെങ്കില്‍ കുട്ടികള്‍ അവസാനം ചേര്‍ത്താലും മതി. പച്ചക്കറി കൃഷി കുട്ടികള്‍ക്ക്, പശുവളര്‍ത്തല്‍ കുട്ടികള്‍ക്ക് എന്നിങ്ങനെ…ഇതിനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന പ്രസാധകരുമുണ്ട്. മാര്‍ക്കറ്റിംഗ് മാത്രമാണ് അവരെ നയിക്കുന്ന പ്രധാന ഘടകം. മഹാന്‍ ആരായാലും സാരമില്ല വിറ്റുപോണം അത്രമാത്രം.

താങ്കളുടെ ബാല്യകാല വായനകള്‍ എങ്ങിനെയായിരുന്നു?
കുട്ടിക്കാലത്ത് ഞാനേറ്റവും ആസ്വദിച്ച് വായിച്ചത് ഡിറ്റക്ടീവ് നോവലുകളായിരുന്നു. കോട്ടയം പുഷ്പനാഥ് ആയിരുന്നു എഴുത്തുകാരിലെ ഹീറോ. കുട്ടികളില്‍ അന്വേഷണതൃഷ്ണയും ജിജ്ഞാസയും ഭാവനയും വര്‍ദ്ധിപ്പിക്കുന്നതില്‍ കുറ്റാന്വേഷണ കൃതികള്‍ക്ക് വലിയ പങ്കുണ്ട്. വായിച്ച് വളരെനേരം ആരും കാണാതെ സ്വകാര്യമായി കരഞ്ഞത് മുട്ടത്തുവര്‍ക്കിയുടെ ‘ഒരുകുടയും കുഞ്ഞുപെങ്ങളും’ വായിച്ചിട്ടാണ്. അമ്പിളിയമ്മാമനും, പൂമ്പാറ്റയും, ബാലരമയുമൊക്കെ വായിക്കാന്‍ കിട്ടാന്‍ മൈലുകളോളം നടന്നുപോയ അനുഭവങ്ങള്‍ ഒരുപാടുണ്ട്. അന്ന് വായിക്കാന്‍ വേണ്ടി നടന്നുകിട്ടിയ കാലിലെ തഴമ്പാണ് പിന്നീടുള്ള എഴുത്തിലെ തഴമ്പായി തീര്‍ന്നത്.

കുടുംബപാരമ്പര്യം വല്ല വിധത്തിലും എഴുത്തില്‍ താങ്കള്‍ക്ക് തുണയായിട്ടുണ്ടോ?
ഒരുവിധത്തിലുള്ള പാരമ്പര്യവും എനിക്കുണ്ടായിട്ടില്ല. കൂലിപ്പണി കഴിഞ്ഞുവരുമ്പോള്‍ മണ്ണ്ചുമക്കുന്ന കൊട്ടയിലിട്ട് അമ്മ കൊണ്ടുവരുന്ന മലയാളമനോരമ ആഴ്ചപ്പതിപ്പാണ് വീടിന്‍റെ പടി കയറിവന്നിരുന്ന സാഹിത്യം. സാധാരണക്കാരൊന്നും കാശുകൊടുത്ത് ആഴ്ചപ്പതിപ്പുകളോ, സാഹിത്യകൃതികളോ വാങ്ങാറുണ്ടായിരുന്നില്ല. അവര്‍ക്ക് അതിന് സാധിച്ചിരുന്നില്ല എന്നതാണ് നേര്. എന്നിട്ടും അമ്മ മുടങ്ങാതെ തന്‍റെ ആഴ്ചക്കൂലിയില്‍നിന്നും കാശെടുത്തു ആഴ്ചപ്പതിപ്പ് വാങ്ങി. പാതിരാവോളം മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തില്‍ തനിച്ചിരുന്ന് വായിക്കുന്ന അമ്മ എന്‍റെ കണ്ണിലെ ആദ്യത്തെ വായനക്കാരിയാണ്. ബോബനും മോളിയും ഫലിതബിന്ദുക്കളും വിക്രമാദിത്യകഥകളുമൊക്കെ ആ രണ്ടാംക്ലാസുകാലത്തേ ഉള്ളില്‍ കയറിയത് അങ്ങനെയാണ്.

ഓരോ മുതിര്‍ന്നവരിലും ഒരു കുട്ടി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നു പറയാറുണ്ടല്ലോ. ബാലസാഹിത്യങ്ങള്‍ മുതിര്‍ന്നവര്‍ വായിക്കുന്നുണ്ടോ?
കുട്ടികളുടെ സാഹിത്യം കുട്ടികള്‍ മാത്രമല്ല വായിക്കുന്നത്. മുതിര്‍ന്നവരും ധാരാളമായി വായിക്കുന്നുണ്ട്. ഇപ്പോഴും വായിക്കുന്നുണ്ട്. ഇടയ്ക്കിടെ തീവണ്ടിയാത്ര പോകുന്ന ഒരു ബന്ധുവുണ്ടായിരുന്നു എനിക്ക്. യാത്ര പുറപ്പെട്ടുപോയ അദ്ദേഹത്തിന്‍റെ തിരിച്ചുവരവും കാത്തിരുന്ന ആ കാലം ഓര്‍മ്മയിലുണ്ട്. വഴിയാത്രയില്‍ വായിക്കാന്‍ അദ്ദേഹം വാങ്ങിവെച്ച അമ്പിളിയമ്മാമനും പൂമ്പാറ്റയും ലാലുലീലയും സി.ഐ.ഡി.നസീറും ചിത്രകഥകളുമെല്ലാം ആ പെട്ടിയിലുണ്ടാവും. ആ പെട്ടി തുറന്നുകിട്ടാനുള്ള കാത്തിരിപ്പുപോലെ അത്രയും വലിയ കാത്തിരിപ്പില്ല. ഞാനെഴുതിയിട്ടുള്ള പുളിമധുരവും, സാമൂഹ്യപാഠവും, മഴ നനഞ്ഞ ശലഭവുമൊക്കെ വായിച്ച് പല ദേശങ്ങളിലുള്ള അജ്ഞാതരായ ഒട്ടേറെ മുതിര്‍ന്ന മനുഷ്യര്‍ എന്നെ വിളിച്ച് അവരുടെ സന്തോഷം അറിയിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുള്ളവയില്‍ താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയേതാണ്?
ഞാനെഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കുട്ടികളുടെ നോവല്‍ ‘പുളിമധുര’മാണ്. ഒരര്‍ത്ഥത്തില്‍ അത് എന്‍റെ ബാല്യമാണ്. അതിലെ കേന്ദ്രകഥാപാത്രം ഞാന്‍ തന്നെയാണ്. ആ കാലത്ത് ജീവിച്ചവര്‍ പുളിമധുരം വായിക്കുമ്പോള്‍ അതില്‍ അവരെത്തന്നെ കണ്ടെത്തുന്നതില്‍ അത്ഭുതമില്ല.

പത്തോ പതിനഞ്ചോ പുസ്തകങ്ങള്‍ക്കിടയില്‍ കുറച്ചെണ്ണമല്ലേയുള്ളു കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുള്ളത്. അതെന്തുകൊണ്ടാണ്?
ഞാന്‍ ധാരാളമായി എഴുതുന്ന ഒരാളല്ല. കാച്ചിക്കുറുക്കിയെഴുത്തിന്‍റെ ആളുമാണ്. എഴുതുന്ന കുറച്ചു വാക്കുകളിലൂടെ അനുഭവങ്ങളുടെ വലിയ ചിത്രങ്ങള്‍ വരക്കാനാണെന്‍റെ ശ്രമം. പരത്തിപ്പറഞ്ഞാല്‍ മാത്രമേ കുട്ടികള്‍ക്ക് മനസ്സിലാവൂ എന്നത് തെറ്റിദ്ധാരണയാണ്. കുഞ്ഞുകുഞ്ഞു വാക്കുകള്‍കൊണ്ട് മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍ വരക്കുകയാണ് കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞാന്‍ അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ എന്‍റെ എഴുത്തുമേഖല ചെറുകഥയാണ്. കുട്ടികള്‍ക്കുവേണ്ടി ഇതുവരെയും ആറു നോവലുകള്‍ മാത്രമേ എഴുതിയിട്ടുള്ളു. കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോഴും സമകാലജീവിതത്തിന്‍റെ സ്പര്‍ശങ്ങള്‍ ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

താങ്കള്‍ക്ക് ലഭിച്ച പുരസ്കാരങ്ങളെക്കുറിച്ച്…?
‘സാമൂഹ്യപാഠ’ത്തിനാണ് സാഹിത്യഅക്കാദമി അവാര്‍ഡടക്കം മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചത്. പി.ടി.ഭാസ്കരപ്പണിക്കര്‍ അവാര്‍ഡും, ഭീമ രജതജൂബിലി പ്രത്യേക പുരസ്കാരവും അതിന് ലഭിച്ചു. ‘ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍’ എന്ന കൃതിക്ക് ഈ വര്‍ഷത്തെ പ്രൊഫ.കേശവന്‍ വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യപുരസ്കാരവും ലഭിച്ചു. ഇതില്‍ ഭൂതത്താന്‍കുന്നും, ദേ പിന്നേം ഒടിയനും ഇന്ത്യന്‍എക്സ്പ്രസ് ഓണ്‍ലൈന്‍ മാഗസിനിലാണ് ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവന്നത്. പിന്നീടവ പുസ്തകങ്ങളായി.
ചെറുകഥയില്‍ നേരത്തെതന്നെ അബൂദാബി ശക്തി അവാര്‍ഡും, കണ്ണാടി സാഹിത്യ പുരസ്കാരവുമൊക്കെ കിട്ടിയിട്ടുണ്ട്. നാടകത്തിന് ഭാഷാപുരസ്കാരവും ലഭിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള കുഞ്ഞുസിനിമകളും ചെയ്യാനുള്ള ഭാഗ്യമുണ്ടായി.

നമ്മുടെ വിദ്യാലായാന്തരീക്ഷത്തില്‍ ഭാഷാസാഹിത്യങ്ങള്‍ പഠിപ്പിക്കുന്ന പുതിയ രീതികള്‍ നിരീക്ഷിച്ചിട്ടുണ്ടോ?കുട്ടികളില്‍ സാഹിത്യാഭിരുചിയും വായനയുമൊക്കെ വര്‍ദ്ധിപ്പിക്കാന്‍ ഇതെത്രമാത്രം സഹായിക്കുന്നുണ്ട്?
കുട്ടികളുടെ മുന്നില്‍ ഏറ്റവും വലിയ കഥാകാരന്മാരായി നില്‍ക്കേണ്ടത് അദ്ധ്യാപകരാണ്. കഥയുടെ കെട്ടഴിക്കാന്‍ കഴിയേണ്ടത് അവര്‍ക്കാണ്. കൗതുകത്തിന്‍റെയും ജിജ്ഞാസയുടെയും വെള്ളിവെളിച്ചങ്ങള്‍ കുട്ടികളുടെ കണ്ണുകളില്‍ തെളിയിക്കേണ്ടത് അവരാണ്. അതിനാദ്യം അദ്ധ്യാപകര്‍ കഥയുള്ളവരാവണം. അത് വേണ്ടത്ര സംഭവിക്കുന്നുണ്ടോ എന്നത് ഞാന്‍ നിരന്തരം ചോദിക്കുന്ന ചോദ്യവുമാണ്.

വിവരസാങ്കേതിക വിദ്യയുടെ കാലമാണല്ലോ. മൊബൈല്‍ഫോണുകളും ഇന്‍റര്‍നെറ്റുമൊക്കെ കുട്ടികളെ വായനയില്‍നിന്നും വല്ലാതെ അകറ്റുന്നില്ലേ?
പലവിധ വായനകളുടെ കാലമാണിത്. ഇ-റൈറ്റിംഗും, ഇ-വായനയും നമ്മള്‍ക്കിടയിലേക്ക് കടന്നുവന്നിരിക്കുന്നു. ഉള്ളംകയ്യിലേക്ക് നോക്കി ലോകത്തെ അനായാസം വായിക്കുന്ന കുട്ടിയാണ് നമ്മുടെ മുന്നിലുള്ളത്. അവന്/ അവള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ അവരോടൊപ്പമോ അവരേക്കാള്‍ ഇത്തിരി മുകളിലോ നില്‍ക്കാന്‍ കുട്ടികള്‍ക്കുവേണ്ടി എഴുതുന്ന എഴുത്തുകാര്‍ക്ക് സാധിക്കേണ്ടതുണ്ട്. പുസ്തകവായനയില്‍നിന്നും ഇ-വായനയിലേക്ക് രൂപാന്തരപ്പെടുന്ന കുട്ടിയോടൊപ്പം മാറാന്‍ ഒരു പരിധിവരെയെങ്കിലും എഴുത്തുകാരനും സാധിക്കേണ്ടതല്ലേ.

വായനയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. വായിക്കുന്ന രീതിയില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നു മാത്രം. രണ്ടു നോവലുകള്‍ ഓണ്‍ലൈന്‍ മാഗസിനില്‍ ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ എനിക്കത് ബോധ്യപ്പെട്ടതാണ്. കുട്ടികള്‍ മൊബൈലില്‍ കഥ വായിക്കുന്നു. കവിത വായിക്കുന്നു. നോവലിന്‍റെ അടുത്ത അദ്ധ്യായത്തിന് കാത്തിരിക്കുന്നു. മാറിയ കാലത്ത് ഈ വായനകളേയും നമ്മള്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.