വളരെ ഖേദത്തോടെ പറയട്ടെ, മലയാളികളില്‍ കൂടുതല്‍ പേരും ഇന്ന് മാതൃഭാഷയായ മലയാളത്തെ കൈവെടിഞ്ഞു കൊണ്ടിരിക്കുകയാണ്. മലയാളം സംസാരിക്കുന്നതും മലയാളം എഴുതാന്‍ ശീലിക്കുന്നതും മലയാള കൃതികള്‍ വായിക്കുന്നതുമൊക്കെ വളരെ വിലകുറഞ്ഞ ഏര്‍പ്പാടാണെന്ന വിചാരം ഈയിടെയായി പല മലയാളികളെയും പിടികൂടിയിട്ടുണ്ട്.
സിബിഎസ്ഇ സ്കൂളുകളിലും ഐസിഎസ്ഇ സ്കൂളിലും ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നെ നമ്മുടെ കുഞ്ഞുങ്ങളെ മലയാളം പറയിക്കാനേ പാടില്ല എന്ന് വിചാരിക്കുന്ന ഡാഡി മമ്മിമാര്‍ ഇന്ന് ധാരാളമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭാഷ മരണാസന്നയായിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ മലയാളത്തെ രക്ഷിക്കാന്‍ മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി നേടിയെടുക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മറ്റൊരു ഭാഗത്ത് നടക്കുന്നുമുണ്ട്. 2012 നവംബര്‍ അവസാന വാരത്തില്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ നടന്ന ‘വിശ്വമലയാള മഹോത്സവം’ ഇതിന്‍റെ ഒരു ഭാഗമായിരുന്നു. കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നെങ്കിലും മാതൃഭാഷയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ ആ സംഗമത്തിന് കഴിഞ്ഞു.
നമ്മുടെ സര്‍ക്കാര്‍ മലയാളത്തിത്തെ ഒന്നാംഭാഷയായി അംഗീകരിക്കാന്‍ തയ്യാറായതും ചരിത്രത്തിലാദ്യമായി തുഞ്ചന്‍പറമ്പ് ആസ്ഥാനമായി ഒരു മലയാള സര്‍വകലാശാലയ്ക്ക് തുടക്കം കുറിച്ചതുമൊക്കെ ഭാഷാ സ്നേഹികളെ സന്തോഷിപ്പിക്കുന്നുണ്ട്. അതൊക്കെ നല്ല കാര്യങ്ങള്‍ തന്നെ.
പക്ഷേ വളര്‍ന്നുവരുന്ന മലയാളിക്കുഞ്ഞുങ്ങള്‍ ഈ ഭാഷ പഠിച്ചാലല്ലേ നമുക്ക് ഒരു മാതൃഭാഷ സംസ്കാരം നിര്‍ത്താന്‍ കഴിയൂ. പിറന്നുവീഴുന്ന ഏതൊരു മലയാളിക്കുഞ്ഞും മാതൃഭാഷ കേള്‍ക്കാന്‍ കൊതിച്ചു തന്നെയാണ് പുറത്തേക്ക് വരുന്നത്. എങ്കിലും എന്ത് കാര്യം? മലയാളം ഒഴിച്ചുള്ള ഏതു ഭാഷ പഠിപ്പിക്കാനും ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ ഡാഡി മമ്മിമാര്‍ക്ക് യാതൊരു വിരോധവുമില്ല. മലയാളത്തോട് മാത്രം അവര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്. ഈ സംസ്കാരത്തെ പരിഹസിച്ചുകൊണ്ട് കുഞ്ഞുണ്ണി മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെ എഴുതിയത്.
“പിറക്കും നിമിഷം തൊട്ടെന്‍ മകനിംഗ്ലീഷു പഠിക്കണം.
അതിനാല്‍ ഭാര്യതന്‍ പേറങ്ങിഗ്ലണ്ടിത്തന്നെയാക്കി ഞാന്‍”
ഇതല്ല ഇതിനപ്പുറം പാടിയാലും കുലുങ്ങാത്ത, സ്വന്തം മാതൃഭാഷയുടെ വിലയും നിലയും തിരിച്ചറിയാന്‍ പോലും കഴിയാത്ത അഭിനവ മലയാളികളാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഇതേക്കുറിച്ചുള്ള അമര്‍ഷം തന്‍റെ ‘അമ്മമലയാളം’ എന്ന കവിതയില്‍ ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്.
“കാവ്യക്കരുക്കളില്‍ താരാട്ടു പാട്ടിന്‍റെ
ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തരിച്ചു ചോദിക്കുന്നു ജീവിതഭാഷ
വിറ്റുവോ നീയെന്‍ ജീവിത ഭാഷയെ?
ഓലയും നാരായവും കാഞ്ഞിരത്തിന്‍റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദ്യത്യനേത്രം തുറന്നു ചോദിക്കുന്നു
‘ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ?
ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കുകയാണോരാള്‍
‘ചുട്ടുവോ നീയെന്‍റെ കേരള ഭാഷയെ ”
ഈ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കണമെങ്കില്‍ ഓരോ മലയാളിക്കുഞ്ഞിനെയും നമ്മുടെ മാതൃഭാഷ കൂടി പഠിപ്പിച്ചേ തീരു.
അമ്മമാരുടെ ചുണ്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കേട്ടു പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമുള്ള ഭാഷ. അമ്മിഞ്ഞപ്പാലുപോലെ നമ്മുടെ ഇളം ചുണ്ടില്‍ അലിഞ്ഞുചേരേണ്ട ഭാഷ. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍’ എന്ന് വള്ളത്തോള്‍ തറപ്പിച്ചു പറഞ്ഞതും അതുകൊണ്ടാണ്.
‘മാതൃഭാഷയെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം ഒരിക്കലും മൂല്യവത്താവുകയില്ല. അമ്മിഞ്ഞ നുകരാതെ വളരുന്ന കുഞ്ഞിന്‍റെ അനുഭവമേ അത് നമുക്ക് പ്രദാനം ചെയ്യുകയുള്ളു’ എന്ന് രാഷ്ട്രപിതാവായ ഗാന്ധിജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമ്മമാരിലൂടെ തന്നെയാണ് നാം കുഞ്ഞുങ്ങളെ മാതൃഭാഷ നന്നായി ശീലിപ്പിച്ചിരുന്നത്. കുഞ്ഞുനാളില്‍ അമ്മമാര്‍ പാടിക്കേള്‍പ്പിച്ചിരുന്ന ചാഞ്ചാട്ടുപാട്ടുകളും താരാട്ടുപാട്ടുകളും വായ് ത്താരികളുമാണ് നാം കുഞ്ഞുനാളില്‍ കൂടുതലായി കേട്ടിരുന്നത്.
“ചാഞ്ചാടുണ്ണി ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
ചക്കരക്കുട്ടി ചാഞ്ചാട്
അമ്മേടോമന ചാഞ്ചാട്”
“ആഴീ തോഴി കൈവീശ്
അപ്പം തിന്നാന്‍ കൈവീശ്
ആടയുടുക്കാന്‍ കൈവീശ്
അച്ഛനെടുക്കാന്‍ കൈവീശ്”
“കൊച്ചുകുഞ്ഞെ പൊന്മകനെ
ആരീരം നീയുറങ്ങ്
പാപ്പ തരാം പാലുതരാം
ആരീരം നീയുറങ്ങ്”
ഇങ്ങനെയുള്ള ചാഞ്ചാട്ടുപാട്ടുകളും താരാട്ടുപാട്ടുകളും പഴയ അമ്മമാരുടെ ചുണ്ടില്‍ ധാരാളമുണ്ടായിരുന്നു. തുടയില്‍ താളം പിടിച്ച് പാടിക്കൊടുക്കുന്ന ഇത്തരം പാട്ടുകള്‍ തേനും വയമ്പും പോലെ ഇളം ചുണ്ടുകളിലും മനസ്സിലും അലിഞ്ഞുചേരുമായിരുന്നു.
“കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ടു കിലുക്കി താ
കല്ലും മണ്ണും നീക്കിത്താ നീക്കിത്താ
നീക്കിത്താ നീക്കിത്താ…’
‘അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി
അമ്മൂമ്മ വന്നപ്പോള്‍ കുടഞ്ഞിട്ടു കെട്ടി
അപ്പൂപ്പന്‍ പെട്ടെന്നു താടിക്കുതട്ടി
അമ്മൂമ്മ കോപിച്ചു വല്ലായ്മ കാട്ടി’
ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
ചക്കര തന്നാലിപ്പം പാടാം
പനയരി തന്നാല്‍ പിന്നെ പാടാം’
‘കൊല്ലത്തുണ്ടൊരു വാടി
വാടിയിലുണ്ടൊരു വാടി
വാടിയിലൊരു ചെടി വാടി
വെള്ളമൊഴിക്കാന്‍ വാടി’
‘നാരങ്ങാപാല് ചൂണ്ടയ്ക്കു രണ്ട്
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ
ഓടിവരുമ്പോ കൂട്ടിപ്പിടുത്തംڈ
ഇമ്മട്ടിലുള്ള എത്രയെത്ര കളിപ്പാട്ടുകളാണ് പഴയകാലത്ത് അമ്മമാരുടെ ചുണ്ടില്‍ നിന്ന് കുഞ്ഞുങ്ങള്‍ കേട്ടു പഠിച്ചിരുന്നത്. കുഞ്ഞിന് അനായാസം ഭാഷയിലേക്ക് ചവിട്ടിക്കയറാനുള്ള ഏണിപ്പടികളായിരുന്നു ഇത്തരം കുഞ്ഞുപാട്ടുകള്‍. ഇവയില്‍ നിന്നൊക്കെ നമ്മുടെ പുതിയ തലമുറ എത്രയോ അകന്നുകഴിഞ്ഞു. അവയുടെ ഹംടി ഡാംടി സാറ്റ് ഓണ്‍ എ വാളും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും ബാ ബാ ബ്ലാക്ക് ഷീപ്പുമൊക്കെയാണ് നമ്മുടെ പുതിയ മമ്മിമാര്‍ ഓതിക്കൊടുക്കുന്നത്. ഇത്തരം ഇംഗ്ലീഷ് പാട്ടുകള്‍ മോശമാണെന്നല്ല പറയുന്നത്. നമ്മുടെ നഴ്സറിപ്പാട്ടുകള്‍ പഠിപ്പിച്ചശേഷമേ ഇവ നമ്മുടെ കുട്ടികളെ ശീലിപ്പിക്കാവു. ഇളം പ്രായത്തില്‍ നമ്മുടെ മുത്തശ്ശിമാര്‍ ചൊല്ലിക്കേള്‍പ്പിച്ചിരുന്ന പഴയ വായ്ത്താരികളും ചൊല്ലുകളുമൊക്കെ മാതൃഭാഷാ സ്വാധീനം വളര്‍ന്നുവരാന്‍ വളരെ സഹായിച്ചിരുന്നു.
‘ണിം ണിം ണിം
ആരാത്? മാലാഖ
എന്തിനു വന്നു?
എഴുത്തെഴുതാന്‍
എന്തെഴുത്ത്? തലേലെഴുത്ത്
എന്തു തല? മൊട്ടത്തല
എന്തു കോഴി? പൂവന്‍ കോഴി
എന്തു പൂവ്? ചെത്തിപ്പൂവ്
എന്തു ചെത്തി? കാട്ടുചെത്തി
എന്തു കാട്? പട്ടിക്കാട്
എന്തു പട്ടി? പേപ്പട്ടി
എന്തു പേ? പെപ്പരപ്പേ’
ഇതുപോലുള്ള ഇളം ചൊല്ലുകള്‍ എത്രയോ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു. മാതൃഭാഷയുടെ സാരസ്യം നുണയാന്‍ ഇത്തരം വായ്ത്താരികള്‍ കുഞ്ഞുങ്ങളെ നന്നായി സഹായിച്ചിരുന്നു.,ചില മുത്തശ്ശിപ്പാട്ടുകള്‍ നമ്മുടെ മലയാള ഭാഷയിലെ അക്ഷരങ്ങളുമായി ബന്ധപ്പെടുത്തുന്നവയായിരുന്നു. പഴയ തലമുറയിലെ പലരുടെയും ചുണ്ടില്‍ അത്തരം പാട്ടുകള്‍ എപ്പോഴും ഉണ്ടാവും.
‘ആ ആന ആറാട്ട്
ഈ ഈച്ച ഈരണ്ട്
ഊ ഊത്ത് ഊഞ്ഞാല്
ഏ ഏലം ഏലയ്ക്ക് ‘
‘കരിമ്പു കൂവള മടമ്പു വേപ്പൊടു
ക ഖ ഗ ഘ ങ
കുറുമ്പു കുമ്പിളു മരയാലിന്‍തൊലി
ച ഛ ജ ഝ ഞ
തുരുമ്പു തട്ടാതെടുത്തു വെന്തിതു
ട ഠ ഡ ഢ ണ
ഞരമ്പു കോച്ചിനു സേവ കഴിക്കുക
ത ഥ ദ ധ ന
ആദ്യത്തെ പാട്ട് സ്വരാക്ഷരങ്ങള്‍ ഓര്‍ത്തുവയ്ക്കാനും രണ്ടാമത്തെ പാട്ട് വ്യഞ്ജനാക്ഷരങ്ങള്‍ മനസില്‍ പതിയാനും പറ്റിയ രീതിയില്‍ രൂപപ്പെടുത്തിയവയാണെന്ന് കാണാം.മാതൃഭാഷയിലുള്ള വാക്കുകളുടെ ഉച്ചാരണം സുഗമമാക്കിത്തീര്‍ക്കാന്‍ പണ്ടത്തെ അമ്മമാര്‍ രസകരങ്ങളായ ധാരാളം നാവുരുളു പാട്ടുകള്‍ പരിശീലിപ്പിച്ചിരുന്നു ചില മാതൃകകള്‍ നോക്കു:
‘കിളിരുരുളി വാലുരുളി
വാലുരുളീലൊരു കോലുരുളി’
‘വടുതലവളവിലോ
രിളയുതളത്തേല്‍
പത്തെഴുപത്തഞ്ചിളയുതളങ്ങ്’
‘തറയിലറയിലുറിയിലുരുളിയി
ലുരിയെണ്ണ’
‘ഒരുരുള് ഉരുളന്‍ പരലുരുട്ടി
യുരുളേല്‍ വച്ചാല്‍
ഉരുളുരുളുമോ? പരളുരുളുമോ?’
ഇത്തരം നാവൂരുളു പാട്ടുകള്‍ കുട്ടികളുടെ ഉച്ചാരണശുദ്ധി നന്നാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. കുഞ്ഞുന്നാളില്‍ ഇമ്മട്ടിലുള്ള പാട്ടുകള്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ കൊണ്ട് പലവട്ടം ആവര്‍ത്തിച്ചു ചൊല്ലിക്കുമായിരുന്നു. ആദ്യമൊക്കെ ഇത് ഭംഗിയായി ചൊല്ലാന്‍ കഴിയാതെ പല കുട്ടികളും വിഷമിക്കും. എന്നാല്‍ ആവര്‍ത്തനത്തിലൂടെ കൃത്യമായി ചൊല്ലാന്‍ കഴിയുമ്പോള്‍ കുട്ടികള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും.
കടംകഥകള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ കൊണ്ടുള്ള രസകരങ്ങളായ പല ഭാഷാ കേളികളും അമ്മമാര്‍ കുഞ്ഞുങ്ങളെ കൊണ്ട് കളിപ്പിച്ചിരുന്നു.
‘ആന കേറാമലമേല്‍, ആടുകേറാമലമേല്‍
ആയിരം കാന്താരി പൂത്തിറങ്ങി’
എന്ന കടങ്കഥ അമ്മ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ ഉത്തരം കണ്ടെത്താന്‍ മക്കള്‍ പരിശ്രമിക്കും.
ഈ പരിശ്രമത്തിലൂടെ അവര്‍ ഭാഷ പഠിക്കുക മാത്രമല്ല ചെയ്തിരുന്നത്. അവരുടെ ബുദ്ധിശക്തിയും ഭാവനയും വികസിക്കാനും അത് സഹായിച്ചിരുന്നു.
മാതൃഭാഷാ പഠനം മധുരമായ അനുഭവമാണ്. മാതൃഭാഷ സംസാരിക്കാനും എഴുതാനും പഠിപ്പിക്കാതെ നമ്മുടെ മക്കളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് നാടിനോടും വീടിനോടും കൂറില്ലാത്തവരാകും. മാതാവിന്‍റെ ഭാഷ പഠിക്കാതെ അവര്‍ക്ക് എങ്ങനെ മാതാവിനെ സ്നേഹിക്കാന്‍ കഴിയും?
നാട്ടികാരില്‍നിന്നും അയല്‍ക്കാരില്‍ നിന്നും വളരുന്ന തലമുറ അകന്നുപോകാനും ഈ മാതൃഭാഷാ സ്നേഹമില്ലായ്മ കാരണമാകും. മലയാളികളുടെ ജീവിതത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയുമെല്ലാം കൂട്ടിയിണക്കുന്ന മാറ്റുകൂട്ടിയ ഒരു സ്വര്‍ണ്ണക്കണ്ണിയാണ് മാതൃഭാഷ. അതുകൊണ്ട് സിബിഎസ്ഇ സ്കൂളിലായാലും ഐസിഎസ്സി സ്കൂളിലായാലും പെറ്റമ്മയായ മലയാളത്തെക്കൂടി നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ നാം കുട്ടികളെ ശീലിപ്പിച്ചെ തീരു.
‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍’ എന്ന വള്ളത്തോളിന്‍റെ
ഓര്‍മ്മപ്പെടുത്തല്‍ ഗൗരവപൂര്‍വം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ മലയാളിയും മലയാളിയുടെ സംസ്കാരവും ഇനിയും രക്ഷപ്പെട്ടേക്കും.