വിദ്യക്കൊപ്പം വിദ്യാര്‍ത്ഥിക്കൊപ്പം

Schoolstudents-kerala

വിദ്യാലയങ്ങള്‍ പ്രകൃതിസൗഹൃദവും വിദ്യാര്‍ത്ഥിസൗഹൃദവുമായി മന്നേറുകയാണ്. വിദ്യാര്‍ത്ഥിക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കി സംസ്ഥാന സര്‍ക്കാരും ഒപ്പമുണ്ട്. മാറുന്ന ജീവിത സാഹചര്യങ്ങളില്‍ നഷ്ടമാവുന്ന വായനയെപ്പറ്റിയും അറിയാതെ പോകുന്ന കായികത്തിന്‍റെ ആവശ്യകതയും അധ്യാപകവിദ്യാര്‍ത്ഥിബന്ധവുമെല്ലാം സാമൂഹിക വളര്‍ച്ചക്കും വിദ്യാഭ്യാസത്തിനും അത്യന്താപേക്ഷിതമാണ്.

സാമൂഹിക വളര്‍ച്ചയും വിദ്യാഭ്യാസവും

സാമൂഹിക വളര്‍ച്ച എന്നത് വിദ്യാഭ്യാസത്തോടൊപ്പം ചേര്‍ന്നതാണ്. വിദ്യാഭ്യാസവും സാമൂഹികവും വേര്‍തിരിച്ച് കാണേണ്ടതില്ല. വിദ്യാഭ്യാസം സമൂഹത്തിന്‍റെ ഭാഗമാണ്. എന്നാല്‍ പലരും ഇന്ന് കണക്കാക്കിയിരിക്കുന്നത് വിദ്യാഭ്യാസം എന്നത് മാര്‍ക്ക് നേടാനുള്ള, അല്ലെങ്കില്‍ ജോലി നേടാനുള്ള ഉപാധിയായാണ്. വിദ്യാഭ്യാസം സമൂഹത്തിന്‍റെ ഭാഗമാണ്. ഭരണഘടനയെ കുറിച്ചറിയാനുള്ളത്, മൂല്യബോധമുണ്ടാവാനുള്ളത്, ആരോഗ്യക്ഷേമത്തിനുള്ളത് ഇതെല്ലാം ചേര്‍ന്നതാണ് വിദ്യാഭ്യാസം.

വായനയും വിദ്യാര്‍ത്ഥിയും

വായന പൊതുവെ കുറയുന്നുണ്ട്. അത് കൊണ്ടാണ് സ്കൂള്‍ തലത്തില്‍ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി എന്ന സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നത്. കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന് ശേഷം വായിച്ചതിനെ കുറിച്ച് കുട്ടി അഭിപ്രായം രേഖപ്പെടുത്തുന്നു. ചര്‍ച്ചകള്‍ രൂപപ്പെടുന്നു. അങ്ങനെ വായന പ്രോത്സാഹിപ്പിക്കപ്പെടുന്നു. പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വായനക്ക് വേണ്ടിയുള്ള പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. ലൈബ്രറി കൗണ്‍സില്‍ വായനമത്സരം പോലുള്ളവ സംഘടിപ്പിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയും മൊബൈലും

മൊബൈലിന്‍റെ അത്യാധുനിക കാര്യങ്ങള്‍ കുട്ടികള്‍ അറിയണം. പക്ഷേ മൊബൈല്‍, സോഷ്യല്‍ മീഡിയ എന്നിവ ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നേര്‍വഴിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉപാധികള്‍ തന്നെയാണ് മൊബൈലും സോഷ്യല്‍ മീഡിയയും. ശരിയായ രീതിയില്‍ അവ ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ആധുനിക സങ്കേതങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ പാടില്ല. ആധുനിക സങ്കേതങ്ങള്‍ കുട്ടികള്‍ പരിചയപ്പെടുകയും അറിയേണ്ടതും ആണ്. എന്തിന്‍റെയും നല്ല വശങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. മൊബൈല്‍ ദുരുപയോഗം സംബന്ധിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ സ്കൂള്‍ തലത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

കുട്ടികളിലെ ഭക്ഷണരീതി

സ്കൂളുകളില്‍ ഇപ്പോള്‍ പോഷക ഭക്ഷണം നല്‍കുന്നുണ്ട്. ആ പദ്ധതി നല്ല രീതിയില്‍ മന്നോട്ടപോവുകയാണ്. അത് കുറച്ചുകൂടി ജനകീയവല്‍ക്കരിക്കപ്പെടണം. ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമാക്കണം. കുട്ടികളുടെ ആരോഗ്യം എന്നത് ഗവണ്‍മെന്‍റിന്‍റെ മാത്രമല്ല പൊതു സമൂഹത്തിന്‍റെ ചുമതല കൂടിയാണ്. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ശ്രദ്ധ വേണം. പലപ്പോഴും പച്ചക്കറികള്‍ കഴിക്കാന്‍ കുട്ടികള്‍ മടികാണിക്കുന്നു. പച്ചക്കറികളുടെ ഗുണവശങ്ങള്‍ അവരെ മനസ്സിലാക്കി അത് ഉപയോഗിക്കാന്‍ ശീലമാക്കാം. അതപോലെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷക ഗുണങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായാല്‍ ഭക്ഷണം പാഴാക്കുന്ന ശീലം മാറും. നല്ല പാചകപ്പുരയാണ് നമ്മുടെ സ്കൂളുകളില്‍ ഇപ്പോള്‍ നിലവിലുള്ളത്. നല്ല പാചകക്കാരും. ഏറ്റവും ശുദ്ധമായ, രുചികരമായ ഭക്ഷണം കേരളത്തിലെ സ്കൂളുകളിലാണ് നല്‍കുന്നത്. വെള്ളം കുടിക്കാന്‍ കുട്ടികള്‍ പൊതുവെ മടി കാണിക്കാറുണ്ട്. അത് പരിഹരിക്കണം. അടുത്തിടെ ഒരു സ്കൂളില്‍ വെള്ളം കുടിക്കാന്‍ കുട്ടികളെ ഓര്‍മിപ്പിക്കാന്‍ വാട്ടര്‍ ബെല്‍ എന്നൊരു സംവിധാനം ഒരുക്കിയതായി അറിയാന്‍ കഴിഞ്ഞു.

കായികരംഗത്തിന്‍റെ പ്രാധാന്യം

പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു ഉപാധിയായി കായിക പരിശീലനം മാറുന്നു. പരീക്ഷക്ക് മാര്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ കുട്ടികള്‍ കായിക രംഗത്ത് നിന്ന് പിന്‍വലിയുന്നു. കായിക മേഖലയുടെ പ്രാധാന്യം കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും മനസിലാക്കണം. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. മുഴുവന്‍ സമയവും പഠനം എന്ന രീതിയില്‍ മാറ്റം വരണം. വിദ്യാഭ്യാസം എന്നാല്‍ കുട്ടികളുടെ ആരോഗ്യം കൂടി ഉള്‍പ്പെടുന്നതാണ്. അത് പലപ്പോഴും സമൂഹവും രക്ഷിതാക്കളും മനസിലാക്കാതെ പോവുന്നു. കായികം ആരോഗ്യത്തിന്‍റെ ഭാഗമാണെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാവണം. ടൗണ്‍ഷിപ്പ് വന്നതോടെ പഴയ പോലെ കളിക്കാനും ഓടാനും ചാടാനുമുള്ള സ്ഥലം കുട്ടികള്‍ക്ക് നഷ്ടമായി.

വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണത

പുതിയ സാമൂഹിക ഘടനയില്‍ ഉണ്ടായിട്ടുള്ള വലിയൊരു മാറ്റമാണത്. അണുകുടുംബത്തിന്‍റെ ഭാഗമായി വന്ന മാറ്റം. കുട്ടികള്‍ക്ക് ഇപ്പോള്‍ റെസിസ്റ്റന്‍സ് പവര്‍ ഇല്ല എന്നതാണ് മനസിലാക്കാനാവുന്നത്. സ്വന്തമായി ഒരു പവര്‍ അവര്‍ക്ക് കിട്ടുന്നില്ല. ബോധവല്‍ക്കരണം മാത്രമല്ല ഇത് പരിഹരിക്കാന്‍ വേണ്ടത്. കുട്ടികളെ ക്രിയേറ്റീവായ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തണം. നാടകം, സിനിമ, കായികം എന്നിവയില്‍ അവരെ ചേര്‍ക്കുക. കുട്ടികള്‍ക്ക് സംസാരിക്കാന്‍ ആരും ഇല്ല. നല്ല സുഹൃത്തുക്കള്‍ ഇല്ല. ഇത് മാറണം.

ജങ്ക് ഫുഡ് സംസ്കാരം

രക്ഷിതാക്കളാണ് ജങ്ക് ഫുഡ് സംസ്കാരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. രക്ഷിതാക്കള്‍ വീട്ടില്‍ പാകം ചെയ്യുന്നില്ല. ജങ്ക് ഫുഡ് കുട്ടിയുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. ഒരു പച്ചക്കറി നട്ടുവളര്‍ത്താന്‍ പോലും കുട്ടി തയ്യാറാവുന്നില്ല. ഇപ്പോള്‍ ചില മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.

അധ്യാപകവിദ്യാര്‍ത്ഥി ബന്ധം

അധ്യാപകവിദ്യാര്‍ത്ഥി ബന്ധം കൂടുതല്‍ ദൃഢമാകുന്നത് ഇക്കാലത്ത് ആണെന്ന് തോന്നുന്നു. പരസ്പരം നല്ല രീതിയിലുള്ള ഒരു ആശയവിനിമയം വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ഇന്ന് സാധ്യമാകുന്നു. വടി ഒന്നുമില്ല ഇപ്പോള്‍ സ്കൂളുകളില്‍. കുട്ടികള്‍ സ്വതന്ത്രരാണ്. സുഹൃത്തുക്കളെ പോലെ അധ്യാപകര്‍ക്ക് ഇടപെടാന്‍ ആവുന്നു എന്നത് നല്ല കാര്യമാണ്.

അടിമകളാകുന്ന യുവത

ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളാണ് പ്രധാനമായും ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ കൃത്യമായി സ്കൂളുകളില്‍ നടക്കുന്നുണ്ട്. കുട്ടികള്‍ ട്രാഫിക് വയലേഷന്‍ നടത്തുന്നതും ഇപ്പോള്‍ പതിവാണ്. ബോധവല്‍ക്കരണത്തോടൊപ്പം തന്നെ ഇവ പ്രതിരോധിക്കാനായി കൈപ്പുസ്തകങ്ങളും ഒരുക്കിത്തുടങ്ങിയിട്ടുണ്ട്