കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍ക്ക് തെയ്യം, തൃശ്ശൂര്‍കാര്‍ക്ക് പൂരം, കോഴിക്കോട്, മലപ്പുറം ജില്ലയില്‍ ഫുട്ബോള്‍… ഇത്തരത്തില്‍ ഓരോ നാടിനും, നാട്ടുകാര്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. അവരറിയാതെ തന്നെ അവരിലേക്ക് ഇവയെല്ലാം അലിഞ്ഞു ചേരുന്നു. ജീവശ്വാസമായി മാറുന്നു. ഡോ. അര്‍ഷാദ്. പി എന്ന ആയുര്‍വ്വേദ ചികിത്സകനെ പരിചയപ്പെടുമ്പോള്‍ മനസ്സിലാക്കാനാവുക മലപ്പുറം ജില്ലയിലെ ഫുട്ബോള്‍, ആവേശത്തോടൊപ്പം ആയുര്‍വേദ സംസ്കാരവും ആവാഹിക്കപ്പെട്ട് വൈദ്യരംഗത്തും, കായിക രംഗത്തും തന്റേതായ സംഭാവനകള്‍ നല്കി മുന്നേറുന്ന ഫുട്ബോള്‍ പ്രേമി രീതിയിലാണ്.
മലപ്പുറത്തെ ഫുട്ബോള്‍ ആരവം …അങ്ങയുടെ ആയുര്‍വ്വേദ രംഗത്തേക്കുള്ള പ്രവേശനത്തിന് സഹായകമായത് എങ്ങിനെ ?
ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. മലപ്പുറം..ഫുട്ബോളിന്റെ ആരവങ്ങള്‍ കേട്ട് അതിനെ പ്രാണവായുവായി സ്വീകരിച്ച നാടാണ്. ഈ സംസ്കാരം കുട്ടിക്കാലം മുതല്‍ എന്നിലേക്ക് ആവാഹിക്കപ്പെട്ടു. കുട്ടിക്കാലത്ത് കളിക്കിടയില്‍ ധാരാളം പരിക്കുകള്‍ സംഭവിക്കും. വലതു കാലിന്റെ പാദം പലപ്പോഴും പരിക്കിലാവും. ചികിത്സിച്ചു ഭേദമായാല്‍ പിന്നെയും കളിക്കളത്തിലേക്കാണ്. എങ്കിലും തുടര്‍ച്ചയായി സംഭവിക്കുന്ന പരിക്ക് കാരണം ശാരീരികവും, അതിലേറെ മാനസീകവുമായ വിഷമതകള്‍ അനുഭവിച്ചു. ഓരോ പരിക്കും കളി അവസാനിപ്പിക്കുവാനാണ് എന്നോട് പറയുന്നതെന്ന് തോന്നി. കളിക്കളത്തിന്റെ പ്രഭയില്‍ വിളങ്ങി നില്ക്കുമ്പോള് കളി നിര്ത്തിപ്പോകുവാനുള്ള വിഷമം. അത് എന്നില്‍ മറ്റൊരു ചിന്ത ജനിപ്പിച്ചു. മറ്റൊരു കളിക്കാരനും ഇതു പോലെ സംഭവിക്കരുത്. ഇത്തരം നെഗറ്റീവ് ചിന്തകളാല്‍ അവന്റെ കായിക ജീവിതം അവസാനിപ്പിക്കുവാന്‍ ഇടയാവരുത്.
കുട്ടിക്കാലം മുതല്‍ കാലങ്ങളോളം എന്നോടൊപ്പം വളര്‍ന്ന ഈ ചിന്തയാണ് സ്പോര്‍ട്സ് മെഡിസിനിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ആയുര്‍വേദ ചികിത്സാമാര്‍ഗ്ഗം അഭ്യസിച്ച് ബിരുദം നേടി ഈ രംഗത്ത് നിലയുറപ്പിക്കുന്നത്. ഇന്നും ആഴ്ചയില്‍ മൂന്ന് ദിവസം ഫുട്ബോള്‍ കളിക്കായി മാറ്റി വെക്കാറുണ്ട്. അതോടൊപ്പം പ്രാദേശികവും, വിദേശീയരുമായ നിരവധി കളിക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് ചികിത്സിച്ച് ഭേദമാക്കാനും മലപ്പുറത്തെ മണ്ണിലൂടെ സാധിക്കുന്നു. ആയുര്‍വേദമെന്ന അത്ഭുത ശാസ്ത്രം പഠിച്ച് പ്രയോഗത്തില്‍ വരുത്താനായ ഈ സാഹചര്യം, സ്വഅനുഭവങ്ങള്, നിരീക്ഷണങ്ങള്‍, പഠനങ്ങള്‍…. അവയെല്ലാം, വ്യക്തിപരമായും, കായികരംഗത്തും എന്തെങ്കിലും സംഭാവനകള്‍ നല്കാന് സഹായിച്ചത് എന്നു കരുതുന്നു.
കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പഠനവും, പരിശീലനവും.
ആയുര്‍വേദത്തിന്റെ കളിത്തൊട്ടിലാണ് കോട്ടക്കല്‍. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മര്‍മ്മ ചികിത്സക്കായി രോഗികള്‍ സമീപിക്കുന്ന ചികിത്സാ കേന്ദ്രം കൂടിയാണ് ആര്യവൈദ്യശാല. ഒടിവ്, ചതവ്, ഉളുക്ക് തുടങ്ങിയവ ചികിത്സിക്കാനായി ധാരാളം പേര് എത്തുകയും, ചികിത്സാഫലമായി സുഖം പ്രാപിച്ചു പോവുകയും ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ ഞാന്‍ അനുഭവിച്ചും, അറിഞ്ഞതുമായ പരിക്കുകളെ കൂടുതല്‍ അറിയാനും, പഠിക്കാനും, ചികിത്സിക്കാനും ഇവിടുത്തെ വൈദ്യ പഠനത്തിലൂടെ സാധിച്ചു. മര്‍മ്മ, ശല്യ തന്ത്ര വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാനായത്. കളിയിലും, നിത്യജീവിതത്തിലും സംഭവിക്കുന്ന പരിക്കുകള്‍ മര്‍മ്മത്തിന്റെ ആഘാതമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് എന്റെ ചികിത്സാ ജീവിതത്തിന് തുടക്കമിടാനും കരുത്തേകാനും സാധിച്ചു.
ആയുര്‍വ്വേദം എന്ന മഹാമേരുവിന്റെ ആദ്യ പടവുകള്‍ ചവിട്ടിക്കയറാന്‍ ഇടയാക്കിയ ആര്യവൈദ്യശാലയോട് എന്നും നന്ദി. മറ്റേതെങ്കിലും കോളേജിലായിരുന്നു പഠിച്ചിരുന്നെങ്കില്‍ ഈ അവസരം കൈവരില്ല എന്നുറപ്പാണ്. എന്നും പ്രചോദനകരമായിരുന്നവരാണ് അവിടെ പഠിപ്പിച്ച അധ്യാപകര്‍. ഡോ. പി. ജയചന്ദ്രന്, ഡോ. പ്രേമ, ഡോ. ജോര്‍ജ് തുടങ്ങിയവരുടെ കീഴിലായിരുന്ന ശല്യതന്ത്രം പഠിക്കാനുള്ള അവസരം. ഇതാണ് എന്റെ ചികിത്സാ ജീവിതത്തിന്റെ പഠനത്തിന് അടിത്തറ പാകിയവര്‍. ഇന്ന് ഈ രംഗത്ത് എന്തെങ്കിലും സംഭാവനകള്‍ ആയുര്‍വേദ ചികിത്സാ വിജയത്തിലൂടെ നല്കാനാവുന്നു എന്ന് രോഗികള്‍ വിലയിരുത്തുന്നതിനു പിന്നില്‍, അതിന് പ്രാപ്തമാക്കിയത് കോട്ടക്കലിലെ വിദ്യാഭ്യാസും തുടര്‍ന്നുള്ള പരിശീലനവുമാണ്. മറ്റു പ്രദേശങ്ങളില്‍ അലോപ്പതി ചികിത്സയാണ് അസ്ഥി രോഗത്തിന് നന്നാവുക എന്ന രോഗിയുടെയും, സമൂഹത്തിന്റെയും നിഗമനത്താല്‍, മര്മ്മരംഗത്ത് ആയുര്‍വേദ ഒ.പി യില്‍ തിരക്ക് കുറവായിരിക്കും. എന്നാല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒ. പി യില്‍ അന്നും, ഇന്നും ധാരാളം പേര് വരികയും തുടര്‍ ചികിത്സകള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. എനിക്കിത് ആഴത്തിലുള്ള പഠനത്തിന് മികച്ച അവസരവും ഭാവിയിലേക്ക് മുതല്‍ കൂട്ടായി മാറുകയും ചെയ്തു.
പാരമ്പര്യ മര്‍മ്മചികിത്സാ വിധികള്‍, ആയുര്‍വ്വേദവുമായി സംയോജിപ്പിക്കുവാനുള്ള പ്രേരകം ?
കുട്ടിക്കാലത്ത് ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്ന എനിക്ക് പരിക്കുകള്‍ സംഭവിക്കുമ്പോള്‍ മറ്റുള്ള കളിക്കാരെപ്പോലെ പ്രാഥമികമായി ആശ്രയിക്കുക മര്‍മ്മ ചികിത്സകരെ ആയിരുന്നു. ഈ ചികിത്സയിലൂടെ പരിക്കില്‍ മാറ്റമില്ലെങ്കില്‍ മാത്രമാണ് അലോപ്പതിയെ ആശ്രയിക്കാറുള്ളൂ. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷ എഴുതുവാന്‍ കാത്തിരിക്കുന്നു. അതിനിടയില്‍ നടന്ന ഒരു ഫുട്ബോള്‍ കളിക്കിടയില്‍ കൈയിന്റെ തോളെല്ല് തെറ്റിപ്പോകുകയാണ്. തുടര്‍ന്ന് ഒരു മാസത്തോളം മര്‍മ്മ ചികിത്സകന്റെ കീഴിലായിരുന്നു. പരീക്ഷ എഴുതുന്നതിന് നാലു ദിവസം മുമ്പ് മഞ്ഞപ്പിത്തം പിടിപെടുന്നു. അതോടെ അലോപ്പതി ഡോക്ടറുടെ മുന്നിലെത്തുകയാണ്. കൈ ആണെങ്കില്‍ മര്‍മ്മ ചികിത്സയില്‍ ആയതിനാല്‍ കെട്ടി വെച്ചിരുന്നു. ഇതു കണ്ട ഡോക്ടര്‍ ശകാരിക്കുകയാണ്. ഞരമ്പുകളെയും, അതിന് ഉള്ളിലുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞു തന്നു. അന്ന് ഈ വാക്കുകള്‍ മനസ്സില്‍ ഉറച്ചു.
പിന്നെ ആയുര്‍വേദം പഠിച്ചപ്പോഴാണ് പാരമ്പര്യ മര്‍മ്മ ചികിത്സകരും, ആയുര്‍വ്വേദ ബിരുദം നേടിയുള്ള ചികിത്സകരും തമ്മിലുള്ള നികത്താനാവാത്ത…അറിവുകളുടെ വിടവ് മനസ്സിലാവുന്നത്. ഇതു പരിഹരിക്കാന്‍ ആയുര്‍വേദം കൈകാര്യം ചെയ്യുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഇതിന് ആരും മിനക്കെടുന്നില്ല. ഇത് ബോധ്യമായശേഷം ഉപരിപഠനത്തിനായി ശ്രമിച്ചു. അന്വേഷണം ചെന്നെത്തുന്നത് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ സ്പോര്‍ട്സ് മെഡിസിനില്‍ പ്രത്യേക കോഴ്സില്‍ പ്രവേശനം നേടിയാണ്. ഒരു യാത്രക്കിടയില്‍ യാദൃശ്ചികമായി ഈ കോഴ്സിനെക്കുറിച്ചുള്ള വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ കാണാനിടയായി. അങ്ങനെ അവിടെ ബന്ധപ്പെട്ട് പ്രവേശനം തരപ്പെടുത്തി. ഈ ആശുപത്രിയില്‍ ആദ്യദിവസം എത്തിയപ്പോള്‍ തന്നെ കാണാനിടയായ സംഭവം ഇത് പഠിച്ചെടുക്കണം എന്ന് തീരുമാനിച്ചു. അധ്യാപകനായ ചൗധരി സാര്‍, അന്നു 60 വയസ്സോളം പ്രായമുണ്ടാവും. എന്നാല്‍ എന്നെക്കാള്‍ ചുറുചുറുക്കോടെ കോണികള്‍ ഓടിക്കയറി, പ്രസരിപ്പോടെ ശാരീരിക ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇതോടെ എന്റെ ഹീറോ ആയി അദ്ദേഹം മാറുകയായിരുന്നു. ഒരു വര്‍ഷത്തോളം കാലം അദ്ദേഹത്തിന്റെ കൂടെ ശിഷ്യപ്പെടാന്‍ അവസരമുണ്ടായി. ഗുരുവിന്റെ കീഴില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചു. രാപകല്‍ ഇല്ലാതെ അദ്ദേഹം നല്കിയ അറിവുകള്‍ എനിക്ക് ഇന്ന് വളരെ മുതല്‍കൂട്ടായി മാറി.
ഇന്റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് മെഡിസിന് എന്ന വൈദ്യശാഖ വികസിപ്പിച്ചെടുത്തത് ?
ആയുര്‍വേദത്തില്‍ മര്മ്മചികിത്സാമുറകള് ആദ്യകാലം മുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. പ്രഗല്ഭ വൈദ്യന്മാരുടെ അത്ഭുത ചികിത്സാ കഥകള്‍ കേട്ടാണ് എല്ലാവരും വളരുന്നത്. ആധുനിക വൈദ്യശാസ്ത്ര ശാഖയില്‍ എല്ലു രോഗചികിത്സാവിഭാഗം മികച്ച വളര്‍ച്ചയാണ് നേടുന്നത്. പക്ഷെ BAMS ബിരുദം സമ്പാദിച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ അസ്ഥിരോഗവിഭാഗത്തിലേക്ക് കടന്നു വരുന്നില്ല.
ആയുര്‍വേദ മര്‍മ്മചികിത്സകര്‍ പാരമ്പര്യമായി ഈ വിഭാഗം കൈകാര്യം ചെയ്യുന്നവരാണ്. പ്രഗത്ഭരായ വൈദ്യഭിഷഗ്വരന്മാര് ഈ രംഗത്ത് നിലനിന്നിരുന്നു. ഇവര്‍ ശാസ്ത്രീയമായ അറിവുകള്‍ നേടിയിരുന്നില്ല. ശാരീരികമായ അറിവുകളെ നേടാതെ അനുഭവപരിചയത്തിലാണ് ചികിത്സകള്‍ നടത്തി വിജയിക്കുന്നത.് അപ്പോളോ ഹോസ്പിറ്റലില്‍ പഠിക്കുന്നതിന് കാരണം സ്പോര്‍ട്സ് മെഡിസിനില്‍ ഏകീകരണവും ശാസ്ത്രീയ പരിചരണവും നല്‍കുകയും അതുവഴി മികവുറ്റ കായിക താരങ്ങളെ രോഗമുക്തരാക്കി രാജ്യത്തിനായി നല്‍കുക എന്നതായിരുന്നു. ആധുനിക വൈദ്യശാസ്ത്രം, ഓര്‍ത്തോ പീഡിക്ക് ശസ്ത്രക്രിയ, പാരമ്പര്യമര്മ്മ ചികിത്സ എന്നിവ തമ്മിലുള്ള അന്തരം നികത്താനാണ് എന്റെ പരിശ്രമം. എല്ലാറ്റിന്റെയും നന്മ, തിന്മകള് വ്യക്തമായി പഠിച്ചു. ഒരു വര്‍ഷക്കാലമായിരുന്നു സ്പോര്‍ട്സ് മെഡിസിന് പഠനം. തുടര്‍ന്ന് കുറച്ച് കാലം ഗുരുനാഥന്റെ കൂടെ അപ്പോളോവില്‍. ഹൈദരാബാദില്‍ ആദ്യമായി ക്ലിനിക്ക് തുടങ്ങിയിരുന്നു. ഇതാണ് വഴിത്തിരിവായത്.
സ്പോര്‍ട്സ് താരം Anju Bobby George-ന്റെ ഭര്‍ത്താവ് റോബര്‍ട്ടിനെ ചികിത്സിക്കാനും, പരിചയപ്പെടാനും ഇടയാക്കി. അദ്ദേഹമാണ് എന്നെ ഈ രംഗത്തേക്ക് തിരിക്കുന്നത്.
റോബര്‍ട്ടിന്റെ ക്ഷണപ്രകാരം ‘സായിയുടെ പഠനകേന്ദ്രത്തില്‍ ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുത്തു. രണ്ടുമാസത്തോളം കാലം ബാഗ്ളൂര്‍ സായില്‍ റോബര്‍ട്ടിന്റെ ക്ഷണപ്രകാരമാണിതിന് ഭാഗ്യം ലഭിച്ചത്. അന്തര്‍ദേശീയ താരങ്ങളെ പരിശീലിപ്പിക്കുന്ന ക്യാമ്പില്‍ തുടക്കക്കാരനായ എനിക്ക് മികച്ച തുടക്കമായിരുന്നു. ഇവിടെ നിന്നാണ് ഈ രംഗത്തെ സാധ്യതകള്‍ മനസ്സിലാവുന്നത്. ബാഗ്ളൂര്‍ സായിയില്‍ കായിക താരങ്ങളെ ചികിത്സിക്കാന്‍ അവസരം കൈവന്നുവല്ലോ..അവിടെ നിന്നും ദേശീയതാരം Anju Bobby George-നെ പരിചയപ്പെട്ടു. ഇവരാണ് പാരമ്പര്യചികിത്സയുടെ ഗുണങ്ങള്‍ പറഞ്ഞു തരുന്നത്. ശാസ്ത്രീയമായ പഠന മുറകള്‍ സ്വായത്തമാക്കുന്നവരുടെ അനുഭവപരിചയത്തെ, ഇവരെ പോലുള്ളവര്‍ ആദരിക്കുന്നു. അംഗീകരിക്കുന്നു.
എന്നിട്ടും ഇത്തരം കായികതാരങ്ങള്‍ എന്തുകൊണ്ടാണ് ആയുര്‍വേദ ബിരുദം സമ്പാദിച്ച് പരിശീലനം നടത്തുന്ന ഡോക്ടര്‍മാരെ സമീപിക്കുന്നില്ല. എന്ന ചിന്ത എന്നില്‍ മാറ്റത്തിന് തിരികൊളുത്തി. ഇതോടെ വ്യക്തമായ ശാസ്ത്രീയ അടിത്തറയുടെ സഹായത്തോടെ ഈ വിഭാഗത്തെ തന്നെ വികസിപ്പിക്കാം എന്ന ചിന്തയാണ് ഇന്റര്‍ഗ്രേറ്റഡ് സ്പോര്‍ട്സ് മെഡിസിന് എന്ന ശാഖ വികസിപ്പിച്ചെടുത്തത്.
ഡെയ്സ്മെന് ആയുര്‍വ്വേദ തുടങ്ങുവാന്‍ പ്രേരക ഘടകങ്ങള്‍ എന്തൊക്കെയാണ് ?
2002ല്‍ കൊണ്ടോട്ടിയില്‍ കായിക രംഗത്തെ ചികിത്സകള്‍ക്കായി ഈ സ്ഥാപനം തുടങ്ങി. ആയുര്‍വ്വേദ രംഗത്ത് ഉഅഥടങഅച അഥഡഞഢഋഉഅ ആണ് കായികരംഗത്തെ നൂതന ചികിത്സകള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന ആദ്യ സ്ഥാപനം. ഇന്ത്യയില്‍ തന്നെ ആദ്യം. കേരള സര്‍ക്കാര്‍ തന്നെ കായിക ചികിത്സകള്‍ക്കായി സ്ഥാപനം തുടങ്ങിയത് ഈ അടുത്ത കാലത്താണ്. പാരമ്പര്യ മര്‍മ്മ ചികിത്സ, ആധുനിക ചികിത്സ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാരീതികള്‍ പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങി. ഇരു വൈദ്യവിഭാഗത്തിന്റെയും പ്രോട്ടോക്കോള്‍ പഠിച്ചു. അവ പാലിച്ചാണ് പുതിയ ചികിത്സകള്‍ തുടങ്ങുന്നത്.
രാജ്യ വളര്‍ച്ചക്ക് ഭാവിയിലേക്ക് മുതല്കൂട്ടാവുന്നവ ആയിരുന്നു അവയെല്ലാം. ഇതിലൂടെ സുഖം പ്രാപിച്ച കായിക താരങ്ങള്‍ നിരവധിയാണ്. മയൂഖ ജോണി, ബിനു. കെ. എം, സരസ്വതി സ്വാന, സജ്ജയ്കുമാര് റോയ്, ഇര്ഫാന് ഇങ്ങനെ നിരവധി പേര്. പുന്നം തോമര്‍, കൃഷ്ണ കോലിയ, മജ്ജിത് കൗര്‍, ശില്പ ചൗഹാന്, ഇവരെല്ലാം ചികിത്സക്കെത്തി സുഖം പ്രാപിച്ചതോടെ മാധ്യമ വാര്‍ത്തകളായി. ഇതോടെയാണ് ആയുര്‍വേദത്തിലെ കായിക രംഗത്തെ പരിക്കുകള്‍ ഫലപ്രദമായി ചികിത്സിക്കുവാന്‍ കഴിയുമെന്ന് തെളിവുകളോടെ സ്ഥാപിക്കാനാവുന്നതും, ശ്രദ്ധിക്കപ്പെടുന്നതും. തുടര്‍ന്ന് ഇന്ന് നിരവധി പേര് സ്പോര്‍ട്സ് മെഡിസിന് രംഗത്ത് ചികിത്സിക്കാന്‍ തുടങ്ങി. ഇവരില്‍ പലരും ഡെയിസ്മെന് ആയുര്‍വേദയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് എന്നത് അഭിമാന പൂര്‍വ്വം പറയട്ടെ. അപ്പോളയില് നിന്നു പോസ്റ്റല്‍ മുഖാന്തരം കായികാരംഗത്തെ ചികിത്സാ കോഴ്സ് പൂര്‍ത്തിയാക്കി പല ആയുര്‍വ്വേദ ഭിഷഗ്വരരും കൂടുതല്‍ പഠനത്തിനായി ഇവിടെ പരിശീലനം നേടുന്നു. ജീവിതത്തില്‍ സാര്‍ത്ഥകമായ അനുഭവങ്ങളാണ് സ്വന്തം സ്ഥാപനം സ്ഥാപിച്ചു വളര്‍ത്തി എടുക്കുന്നതിലൂടെ സാധിക്കുന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത ചികിത്സാമുറകള്‍. അവ അപ്പോളോവില്‍ കാണാനിടയായി, അറിഞ്ഞവ ആയിരുന്നു. പല ചികിത്സാവിധികളും, ഉപകരണങ്ങളും ആയുര്‍വേദ ചികിത്സയിലൂടെ പ്രവര്ത്തീകമാക്കി വിജയകരമായി ഉപയോഗിച്ചു. ഗവേഷണത്തിലൂടെ പുതിയ നിരവധി ചികിത്സാരീതികള്‍ കണ്ടുപിടിച്ച് പ്രയോഗത്തില്‍ വരുത്താനും ശ്രമിക്കുന്നു.
ഭാവി പദ്ധതികള്‍ ?
ആധുനികവും ആയുര്‍വേദത്തിന്റെ തനിമയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സ്ഥാപനം പടുത്തുയര്‍ത്തുക എന്നതാണ് ഭാവി പദ്ധതി. ഫിസിയോതെറാപ്പി, റിഹാബിലേഷന്‍, ഓര്‍ത്തോ പീഡിക്സ് എന്നിവ സംയോജിപ്പിച്ചുകൊണ്ടാവുമിത്. ശാരീരികമായ ഉണര്‍വ്വിനും, നവീകരണത്തിനും പഞ്ചകര്മ്മക്കും മുഖ്യപ്രാധാന്യം നല്‍കും. ആയുര്‍വേദത്തിനും ഭാരതത്തിനും മുതല്‍ക്കൂട്ടാവുന്ന കായികതാരങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന, ആയുര്‍വ്വേദ ഭിഷഗ്വരരെ സംഭാവന ചെയ്യുന്ന സ്ഥാപനവും പടുത്തുയര്‍ത്തുക എന്നതാണ് സ്വപ്നം.
കായിക രംഗത്തെ ആയുര്‍വ്വേദ ചികിത്സാ പരീക്ഷണങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ?
ഗവേഷണങ്ങളോടും, കായിക ചികിത്സാ രംഗത്തെ പ്രവര്‍ത്തനങ്ങളോടും സര്‍ക്കാര്‍ എന്നും പിന്തിരിപ്പന് നയമാണ് സ്വീകരിക്കുന്നത്. സംസ്ഥാന, കേന്ദ്രസര്‍ക്കാറുകള്‍ പ്രോത്സാഹനപരമായ സമീപനം ഈ രംഗത്ത് സ്വീകരിക്കുന്നില്ല. ഇന്നു വരെ ഒരു പ്രോത്സാഹനവും വാങ്ങിയിട്ടല്ല എന്റെ പ്രവര്‍ത്തനവും. ഉദാഹരണമായി 2017 ല്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സെമിനാറില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ എനിക്കു മാത്രമാണ് ക്ഷണം ലഭിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കോണ്‍ഫറന്‍സ് ആണിത്. ഇവരുടെ കൂട്ടത്തിലാണ് ആയുര്‍വേദത്തിന് അവസരം. ആയുഷ് വകുപ്പുമായും, തിരുവനന്തപുരത്തെ നാം മിഷനുമായും ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ അനുകൂലമായ മറുപടി ലഭിച്ചില്ല. കൊടുത്ത അപേക്ഷ നിരസിച്ചു. എന്റെ സ്വന്തം ചിലവില്‍ പ്രാതിനിധ്യം ഉറപ്പു വരുത്തി. ഇതില്‍ പരാതിയില്ല. ഇത്തരം സമീപനങ്ങള്‍ ചിലരെ നിരുത്സാഹപ്പെടുത്തും.
കേരളത്തില്‍ ആയുര്‍വ്വേദ രംഗത്ത് സ്പോര്‍ട്സ് മെഡിസിന് വളരാനുള്ള അടിത്തറ പാകിയ സ്ഥാപനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ചികിത്സക്ക് വിധേയമായ അന്തര്‍ ദേശീയ കായികതാരങ്ങളുടെ സാക്ഷ്യം മാത്രം മതി. ഇവരുടെയെല്ലാം ചികിത്സ രാഷ്ട്രപുരോഗതിക്ക് മുതല്‍ക്കൂട്ടായതില്‍ കൃതാത്ഥവുമാണ്. ഇവരുടെയെല്ലാം പ്രവര്‍ത്തനഫലമാണ് കേരളത്തില്‍ സ്പോര്‍ട്സ് മെഡിസിന് രംഗം ആയുര്‍വേദ രംഗത്ത് വ്യാപിക്കുന്നത്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അത്ലറ്റിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കാനാവില്ല. ആ കാരണമാണ് തൃശ്ശൂരില്‍ സ്പോര്‍ട്സ് മെഡിസിന് അക്കാദമിക്ക് തുടക്കമാവുന്നത്. അത്ലറ്റുകള്‍ക്ക് ഇതിന് പ്രേരണ നല്കിയ സ്ഥാപനമാണ് ഡെയ്സ്മാന്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാറിന് മടിയുമുണ്ട്. എങ്കിലും എന്റെ പ്രവര്‍ത്തിപഥത്തില്‍ മുന്നേറുക തന്നെ ചെയ്യും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും നല്ല പ്രോത്സാഹനമാണ്. പല ക്ലാസ്സുകളും, അത്ലറ്റുകള് തന്നെ സ്പോണ്സര് ചെയ്ത് അവരുടെ രാജ്യത്തിലേക്ക് ക്ഷണിക്കുകയും ചികിത്സിച്ചു വരുന്നതും പ്രോത്സാഹജനകമാണ് .
മാനസികനില ശാരീരികമായ പരുക്കുകളെ എങ്ങനെ സ്വാധീനിക്കുന്നു ?
മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തീരെ പിരിമുറുക്കം പാടില്ല, അത് പിന്നീട് രോഗിയായി മാറ്റും. സ്പോര്‍ട്സിനു മുമ്പും ശേഷവും മാനസിക പിരിമുറുക്കം പാടില്ല. ചുരുങ്ങിയത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. പോഷകാഹാരം കഴിക്കണം. അങ്ങനെ പരിപൂര്‍ണ ആരോഗ്യവാനായ കായികതാരത്തിന് വിജയിക്കാനാകും. സാധാരണ മനുഷ്യനും ജീവിതത്തില്‍ വിജയിക്കാന്‍ മാനസിക ശാരീരിക ആരോഗ്യം വേണം. ഇവ താളം തെറ്റിയാല്‍ അസുഖങ്ങളും പരിക്കും സംഭവിക്കും. മനസ്സിന് ഊന്നല്‍ നല്‍കിയാണ് ആയുര്‍വേദ ചികിത്സ.
ചികിത്സാ അനുഭവങ്ങള്‍ ?
നിരവധി കായികതാരങ്ങളെ ചികിത്സിച്ചുവെങ്കിലും ഓര്‍മയില്‍ ആദ്യം ചികിത്സിച്ച ദേശീയ കായിക താരമായ സരസ്വതി സോനയാണ് ഓര്‍മ്മയില്‍ ആദ്യം വരുന്നത്. ഇവര്‍ പരിക്ക് കാരണം കളിക്കളത്തില്‍ നിന്നും മാറി നില്ക്കുന്ന അവസരത്തില്‍ ചികിത്സിച്ചു പൂര്‍ണമായും ഭേദമാക്കി കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കാന് പ്രാപ്തമാക്കി.
കല്‍ക്കട്ട റെയില്‍വേസിലെ സജ്ജയ് കുമാര്‍ റോയ് ഇപ്പോള്‍ അത്ലറ്റിക്ക് കോച്ചായി ജോലി ചെയ്യുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ചികിത്സ ആരംഭിക്കുന്നത്. റെയില്‍വെ പാളത്തിനടിയില്‍ അകപ്പെട്ട് കാല്പാദത്തിന്റെ ആംഗിള്‍ കഠിന വേദന. വിദേശത്തുകൊണ്ടുപോയി ശസ്ത്രക്രിയ്ക്ക് നിശ്ചയിച്ചപ്പോഴാണ് എന്റെ അടുത്തേക്ക് വരുന്നത്. ശസ്ത്രക്രിയക്ക് വിധേയനായി കായികരംഗം ഉപേക്ഷിക്കണം എന്നുള്ള വിധിയെഴുതിയ സമയം അലോപ്പതി ഡോക്ടര്‍മാര്‍ സായി മുഖാന്തരം തന്റെ അടുത്ത് വന്നു. ആയുര്‍വേദ ചികിത്സയോടും ഭക്ഷണത്തോടും ചര്യകളോടും പൂര്‍ണമായും സഹകരിച്ചു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വേദനകള്‍ കുറഞ്ഞു. ആറുമാസത്തിന് ശേഷം തുടര്‍ ചികിത്സ. പിന്നെ അത്ലറ്റിക് മീറ്റില്‍ പങ്കെടുത്ത് മികച്ച വിജയം നേടി. ഇതറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്ത് അറിയിച്ചപ്പോള്‍ സമൂഹം നല്കിയ അംഗീകാരം സന്തോഷം.. അത് വിവരിക്കാനാവുന്നില്ല.
സെന്‍ട്രല്‍ റെയില്‍വെയില്‍ ജോലി ചെയ്യുന്ന ദ്വിജകോശി, ഇവര്‍ക്ക് ശക്തമായ നടുവേദനയാണ്. കുനിഞ്ഞ് നിന്ന് ജോലിചെയ്യാനാവില്ല. നടക്കാനോ, ബസില്‍ യാത്ര ചെയ്യാനോ കഴിയില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അസുഖം. വ്യായാമത്തിലൂടെയും മരുന്നിലൂടെയും ചികിത്സിച്ചു.Spondylolisthesis എന്ന അസുഖമായിരുന്നു കാരണം. കായികരംഗം ഉപേക്ഷിച്ച് വിദഗ്ധ ആശുപത്രിയില്‍ ചികിത്സ. അവിടെയും ശമനമില്ലാതെ അലോപ്പതി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം എന്റെ അടുത്തെത്തി. ഒരു വര്‍ഷത്തിന് ശേഷം അഖിലേന്ത്യതലത്തില്‍ മത്സരിച്ച് വെങ്കലമെഡല്‍ വാങ്ങി. തുടര്‍ന്ന് ചികിത്സനേടിയതിന് ശേഷം ഇതുവരെ നടുവേദന വന്നിട്ടില്ല. ദേശീയതാരം മയൂഖ ജോണി 40 ദിവസത്തെയും തുടര്‍ന്ന് കുറച്ച് ദിവസത്തെ ചികിത്സക്ക് ശേഷം ട്രിപ്പിള്‍ ജംപില്‍ റെക്കോര്‍ഡ് വിജയം നേടിയത് അവര്‍ക്കും അത്ഭുതമായിരുന്നു. കാലിലെ ആംഗിളില്‍ കഠിനമായ ക്ഷതം ആയിരുന്നു അസുഖം.