കായിക രംഗത്തിന് പുത്തന്‍ ഉണര്‍വേകാനും കായിക താരങ്ങള്‍ക്ക് പുതിയ പാതയൊരുക്കാനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് ഹോസ്പിറ്റല്‍ (Kerala Institute of Sports Ayurveda & Research (KISAR) പൂരനഗരിയില്‍.
ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയാണ് ഇവിടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ കായികരംഗത്ത് കൂടി ഉപയോഗിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ അതൊരു പുതിയ തുടക്കമാവുകയാണ്. സംസ്ഥാന ആയുഷ് വകുപ്പാണ് ആശുപത്രിക്ക് ചുക്കാന്‍ പിടിച്ചത്.
കായികതാരങ്ങളുടെ സ്വത്ത് എന്നത് അവരുടെ ആരോഗ്യം തന്നെയാണ് എന്നതില്‍ സംശയം ഇല്ല. പരിക്ക് പറ്റി, ആരോഗ്യം നശിച്ച്, ഫോം മങ്ങി പല താരങ്ങളും കളിക്കളത്തിന്‍റെ പുറത്ത് എത്തുന്ന കാഴ്ചകള്‍ കുറവല്ല. മാനസിക പിരിമുറുക്കവും ടെന്‍ഷനും ഏറ്റവും കൂടുതല്‍ ഉള്ള ഒരു ഫീല്‍ഡ് കൂടിയാണ് കായിക രംഗം. ഇവിടെ ആണ് ആയുര്‍വേദം പ്രസക്തമാവുന്നത്. താരങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദം വഴി തുറക്കുന്നു. മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യായാമത്തിനായി ആധുനിക ജിം, സിന്തറ്റിക്ക് ട്രാക്ക്, പൂള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.
വിദഗ്ദ പരിശീലനം നേടിയവരാണ് ചികിത്സകര്‍. പരിക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഔഷധക്കൂട്ടുകള്‍ ആണ് ഉപയോഗിക്കുന്നത്. ഇതിലൂടെ പരിക്കുകളില്‍ നിന്ന് പൂര്‍ണമോചനവും ഹോസ്പിറ്റല്‍ ഉറപ്പ് വരുത്തുന്നു. വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാനും അവരെ സജ്ജരാക്കുന്നു.
മൂന്ന് നിലകളിലായി 31, 000 ച. അടിയില്‍ ആണ് ഹോസ്പിറ്റല്‍. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനത്തോടൊപ്പം ലാബ്, ഓപ്പറേഷന്‍ തിയേറ്റര്‍, സ്യൂട്ട് റൂം എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുന്നു.
കാലങ്ങളായി ആയുര്‍വേദം കേരളത്തിന്‍റെ തനത് പാരമ്പര്യ സ്വത്ത് ആണെങ്കിലും കൂടുതല്‍ മേഖലകളിലേക്ക് ഇറങ്ങിച്ചെന്ന് ആഴത്തില്‍ വേരുപിടിപ്പിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. അതിനൊരു ശ്രമം ഉണ്ടായില്ല എന്ന് പറയാം. എന്നാല്‍ ഇന്ന് കഥ മാറുകയാണ്. സര്‍വ മേഖലകളിലും ആയുര്‍വേദം പടര്‍ന്നുകയറുകയാണ്… കൂടുതല്‍ ആഴത്തില്‍…കൂടുതല്‍ കരുത്തോടെ…ആരോഗ്യത്തിന്‍റെ നല്ല നാളുകള്‍ നല്‍കി പുതിയ തീരങ്ങളിലേക്ക്…
[symple_column size=”one-half” position=”first” fade_in=”false”]
[/symple_column]
[symple_column size=”one-half” position=”last” fade_in=”false”]
[/symple_column]