ക്ഷാരസൂത്രം എന്ന ശസ്ത്രക്രിയ

Kshar-Sutra

ഒരു പക്ഷെ എല്ലാവരും കേട്ടിരിക്കാന്‍ സാധ്യതയുള്ള ആയുര്‍വേദത്തിന് മാത്രം മൗലീകമായി അവകാശപ്പെടാവുന്ന ഒരു ശസ്ത്രക്രിയ സമ്പ്രദായമാണ് ക്ഷാരസൂത്ര ചികിത്സ. അര്‍ശസ്സ് (Piles) ഭഗന്ദരം (Fistula) തുടങ്ങിയ മൂലവ്യാധികള്‍ക്കാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ ഫലപ്രദമാകുന്നത്. ഫിസ്റ്റുളക്ക് ഫലപ്രദമായി ചികിത്സ നല്‍കുന്നതിന് ആധുനിക വൈദ്യശാസ്ത്രം പോലും വല്ലാതെ വിഷമിക്കാറുണ്ട്. ഇന്ന് നിലവിലുള്ള ഫിസ്റ്റുലെക്ടമി എന്ന ആധുനിക ശസ്ത്രക്രിയ പോലും പൂര്‍ണ്ണമായും വിജയപ്രദമെന്ന് പറയുക വയ്യ. അത്തരം ശസ്ത്രക്രിയകള്‍ക്ക് പോസ്റ്റേപ്പറ്റീവ് കോംപ്ലിക്കേഷന്‍സും കൂടാതെ രോഗ പുനരുദ്ഭവ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഈയോരു സാഹചര്യത്തില്‍ വച്ച് വേണം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സുശ്രുതാചാര്യന്‍റെ പ്രത്യേകതരം ഔഷധയുക്തമായ നൂല് നിര്‍മ്മിച്ച് അതുപയോഗിച്ച് പ്രത്യേകതരം കെട്ടുകള്‍ കെട്ടി ഇത്തരം രോഗം നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായും മാറ്റുന്നതിനുമുള്ള ശസ്ത്രക്രിയ സംവിധാനം കണ്ടെത്തിയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്.

അതുകൊണ്ട് തന്നെ ഇത്തരം ആയുര്‍വേദ ശസ്ത്രക്രിയകള്‍ക്ക് ഈ ആധുനിക കാലത്തും പ്രാധാന്യം ഏറെയാണെന്ന് നിസ്സംശയം പറയാം.

ക്ഷാരസൂത്രം എന്താണ്?

കടലാടി, കള്ളിപ്പാല്, എരുക്കിന്‍ പാല്, മഞ്ഞള്‍പ്പൊടി തുടങ്ങിയ ഔഷധങ്ങള്‍ പ്രത്യേകരൂപത്തില്‍ തയ്യാറാക്കി പ്രത്യേക നൂലില്‍ പുരട്ടി ഉണക്കി തയ്യാറാക്കുന്നതാണ് ക്ഷാരസൂത്രം എന്ന സര്‍ജിക്കല്‍ ത്രെഡ്. ഫിസ്റ്റുളയുടെ പുറമെയുള്ള ദ്വാരത്തിലൂടെ ക്ഷാരസൂത്രം കടത്തിവിട്ട് ഉള്ളിലുള്ള ദ്വാരത്തിലൂടെ പുറത്തെടുത്ത് കെട്ടിവെയ്ക്കുന്നു. ഉള്ളിലുള്ള നാഡിവ്രണത്തെ ക്ഷാരസൂത്രത്തിലെ ഔഷധങ്ങളാല്‍ സുഖപ്പെടുത്തുന്നു. താരതമ്യേന ചിലവു കുറഞ്ഞതും എന്നാല്‍ രോഗശമന കാര്യത്തില്‍ ഏറെ മുന്‍പന്തിയിലുമുള്ള ഇത്തരം ആയുര്‍വേദ ശസ്ത്രക്രിയകളെ കൂടുതല്‍ വ്യാപിപ്പിക്കുക വഴി പൊതുജനാരോഗ്യത്തിന് എറെ മുതല്‍കൂട്ടാവും.