ആയുര്‍വേദ ചികിത്സയുടെ മേന്മ | വിദേശികള്‍ ആഗ്രഹിക്കുന്നത്

Right-information-on-Ayurveda

ഭാരതത്തിന്‍റെ പുണ്യമായ ആയുര്‍വേദത്തെ അന്വേഷിച്ചറിയാനായി ആയിരക്കണക്കിന് വിദേശികളാണ് വന്നെത്തുന്നത്. വര്‍ഷംതോറും തുടരുന്ന ഈ പ്രവണത ആയുര്‍വേദ ടൂറിസം എന്ന പേരില്‍ ആഗോളപ്രചാരം ലഭിച്ചതോടെ ഭാരതമെന്നാല്‍ ആയുര്‍വേദത്തിന്‍റെ നാട് അറിയപ്പെടാനും ഇവിടെയെത്തുന്നവര്‍ ആയുര്‍വേദ ചികിത്സ അനുഭവിച്ച് അറിയുവാനും തത്ഫലമായി ധാരാളം ആയുര്‍വേദ ആശുപത്രികളും, മസാജ് സെന്‍ററുകളും നാടെങ്ങും കൂണുകള്‍ പോലെ മുളച്ച് പൊന്താന്‍ തുടങ്ങി. ചിലരാകട്ടെ പുതിയ പുതിയ ബ്രാഞ്ചുകള്‍ക്ക് തുടക്കമിട്ട് ആയുര്‍വേദ വിപണി കൈയടക്കാനും ശ്രമിക്കുന്നു. സാഹചര്യം ഇതായിരിക്കെ, സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് വിദേശികള്‍ ആയുര്‍വേദം ഇഷ്ടപ്പെടുന്നത്? തുടങ്ങിയ കുറേ കാര്യങ്ങള്‍. ഇവയില്‍ ചിലതിനെല്ലാം സ്വഅനുഭവത്തില്‍ ഉത്തരം നല്‍കുകയാണ് ഡോ. ഹരി പള്ളത്തേരി..

ആദ്യ കടമ : സംശയനിവാരണം

ആയുര്‍വേദ ചികിത്സയുടെ മേന്മ അറിഞ്ഞവരാണ് ഭാരതത്തില്‍ വന്നെത്തുന്ന വിദേശികളില്‍ അധികവും. മറ്റൊരു കൂട്ടരാവട്ടെ ആയുര്‍വേദത്തിന്‍റെ ചികിത്സയെക്കുറിച്ച് വായിച്ചും, അനുഭവിച്ചറിഞ്ഞവരില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ ചോദിച്ചറിഞ്ഞ് വന്നെത്തുന്നവരുമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് പൂര്‍ണമായുള്ള രോഗശമനമാണ് അവര്‍ക്ക് ആവശ്യമെന്ന്. ഈ ചിന്താഗതി തന്നെയാണ് നമ്മുടേതും. ആയുര്‍വേദത്തെക്കുറിച്ചറിയാന്‍ ധാരാളം വിദേശികള്‍ വന്നെത്തുന്നു. ഇവരെന്തുകൊണ്ടാണ് ആയുര്‍വേദചികിത്സാവിധിയില്‍ ആകൃഷ്ടരാവാന്‍ കാരണം. ഈ ചികിത്സയുടെ ഗുണമെന്ത്? ഇതെല്ലാമാണ് സാധാരണ ജനങ്ങളുടെയടക്കം ചിന്ത. ഡോക്ടര്‍മാരാകട്ടെ വിദേശികള്‍ വന്നെത്തുന്നത് സുഖചികിത്സക്കാണോ? അവര്‍ക്കിതിന് പ്രാധാന്യം നല്‍കിയാണോ തുടര്‍ പരിചരണം ആവശ്യം. ഈ സംശയവും ശക്തമാണ് എന്‍റെ അനുഭവത്തില്‍ പറയട്ടെ വിദേശികളില്‍ 70% ആളുകളും വന്നെത്തുന്നത് ഏതെങ്കിലുമൊരു അസുഖത്തോടെ അത് ശമിപ്പിക്കണമെന്ന ആഗ്രഹത്താലാണ്. അതിനാവശ്യമായതെല്ലാം ചെയ്തു നല്‍കിയാല്‍ നമ്മള്‍ പ്രതീക്ഷിക്കാവുന്നതിലധികം പ്രചാരമാണ് ആയുര്‍വേദത്തിന് ലഭിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ നിന്ന് മാക്സിമം എത്രത്തോളം പണം വാങ്ങാം എന്ന ചിന്തയാണ് ഉള്ളത്. ഇത് ഉപേക്ഷിക്കണം.

അനുഭവിച്ചറിഞ്ഞ ആയുര്‍വേദ ചികിത്സയുടെ വിശ്വാസത്തിലതിഷ്ഠിതമായാണ് ഭാരതത്തില്‍ മുഖ്യമായും ആവശ്യപ്പെട്ടാണ് വിദേശികള്‍ വന്നെത്തുന്നതെന്ന് പറയാം. ഏതെങ്കിലുമൊരു രോഗം പിടിപെട്ടാല്‍ അതു ചികിത്സിച്ചു മാറ്റുവാനായി എല്ലാ വഴികളും ശ്രമിക്കും. ശമനം ലഭിക്കുന്നത് എവിടെയാണോ അവിടേക്ക് ആകര്‍ഷിക്കപ്പെടുകയും തനിക്ക് വന്ന അനുഭവം മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഈ രോഗിയുടെ മാറ്റം കണ്ട്, അന്വേഷിച്ചറിഞ്ഞ ആ ചികിത്സാമാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നവരുമുണ്ട്.

യാതൊരു പരസ്യവുമില്ലാതെയുള്ള മൗത്ത് ടൂ മൗത്ത് പ്രചരണം ഒരു തവണയെങ്കില്‍ ആയുര്‍വേദത്തിന്‍റെ പുണ്യം അനുഭവിച്ചവര്‍, അവര്‍ വിദേശികളായാലും സ്വദേശികളായാലും വീണ്ടും വീണ്ടും വരുന്നു. ഇങ്ങനെയാണ് ആയുര്‍വേദത്തിന് ആവശ്യക്കാര്‍ കൂടി കൂടി വരുന്നത്. വിദേശികള്‍ ഭാരതത്തില്‍ വന്നെത്തി ചികിത്സകള്‍ തുടങ്ങുന്ന ആദ്യ ദിനം തന്നെ എല്ലാം അത്ഭുതത്തോടെയാണ് നിരീക്ഷിക്കുന്നത്. വ്യത്യസ്തമായ സംസ്കാരം, പ്രകൃതി, ചിട്ടവട്ടങ്ങള്‍ എന്നിവയിലെല്ലാമാണ് ഇതിനു പിന്നില്‍. പ്രഥമികമായ ചില അറിവുകളാല്‍ ആകൃഷ്ടരായാണല്ലോ ചികിത്സക്കായവര്‍ വരുന്നത്. അതിനാല്‍ കൂടുതല്‍ അറിയാതവര്‍ക്ക് താല്പര്യമേറും. അടുത്ത ദിനം മുതല്‍ ഇതേക്കുറിച്ചുള്ള സംശയങ്ങളാണ് ഉന്നയിക്കുക. ഉത്തരം നല്‍കുന്നതോടെ അവരില്‍ നിന്നും തുടങ്ങുകയായി ചോദ്യശരങ്ങള്‍. ഏതു പ്രകൃതിയാണ് ഞാന്‍? പൂര്‍വ്വകര്‍മ്മം എന്നാലെന്ത്? ആഭ്യാംഗം ചെയ്യുകയാണെങ്കില്‍ എന്തു ഗുണമാണ് ലഭിക്കുക?- തുടങ്ങി അറിയുന്നവര്‍ക്കെല്ലാം നൂറുകൂട്ടം സംശയങ്ങള്‍ . ആദ്യത്തെ ഒരാഴ്ചയിലധികം ഈ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയാവും ജോലി.

പുസ്തകങ്ങളുടെ അറിവ്

ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന പ്രഥമികവും തെറ്റായതുമായ വാര്‍ത്തകളും മറ്റു വിധത്തില്‍ കേട്ടറിഞ്ഞ കാര്യങ്ങള്‍ സമ്പാദിക്കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്‍റെ പിന്നില്‍. ഉദാഹരണമായി അഭ്യംഗം എന്നാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുക എന്നതു മാത്രമാണ് പ്രാഥമികമായ അറിവ് എവിടെ നിന്നും ലഭിക്കുക. ഇതു മാത്രമാണോ അഭ്യാംഗമെന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്? അല്ല, ഇവയെല്ലാമാണ് ആദ്യത്തെ ഒരാഴ്ചക്കാലമെടുത്ത് ശാസ്ത്രീയമായി പറഞ്ഞു നല്‍കി മനസ്സിലാക്കിയെടുക്കേണ്ടിവരുന്നത്. ചികിത്സയ്ക്കായി വന്നെത്തുന്ന കുറച്ചു വിദേശികള്‍ മാത്രമെ ആയുര്‍വേദത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെ വരുന്നുള്ളൂ. ദിവസങ്ങള്‍ എടുത്തിട്ടാണെങ്കിലും ഇവരെ പറഞ്ഞു കാര്യങ്ങള്‍ ധരിപ്പിച്ച് ഈ ചികിത്സയില്‍ വിശ്വാസം നേടിയെടുക്കാന്‍ എളുപ്പമാണ്. ഭൂരിഭാഗം വിദേശികള്‍ക്കും വ്യക്തമായ അറിവുകള്‍ ലഭിക്കുന്നുമില്ല. ഇതിനു നടപടു സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. ടൂറിസം വളര്‍ത്തുന്നതോടൊപ്പം പ്രഥമികമായ അറിവുകള്‍ കൂടി വിദേശികള്‍ക്ക് ആയുര്‍വേദത്തെക്കുറിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാവണം. അതു നാളെ നമ്മുടെ രാജ്യസമ്പത്ത് പതിന്മടങ്ങ് വളര്‍ത്തുകയാണ്ചെയ്യുക. ആയുര്‍വേദത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയ വിവരങ്ങള്‍ തെറ്റാണ് എന്ന് ബോധ്യമാവുന്നതോടെ ഇവര്‍ സ്വയം പിന്‍വലിയുന്നു. കുറച്ചുകാലമെടുത്താണീ അജ്ഞത മാറുകയെന്നത് വേറെ കാര്യം. പിന്നീട് ഉടലെടുക്കുന്നതാണ് പ്രധാനപ്രശ്നം. തങ്ങള്‍ വിചാരിച്ചവയെല്ലാം തെറ്റാണല്ലോ അതേക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യം. എന്നാല്‍ ഇതിനായി ഒരു വ്യക്തിയെ തന്നെ എത്രതവണയാ ബുദ്ധിമുട്ടിക്കുക. അവര്‍ ഇതേക്കുറിച്ച് കൂടുതലറിയാനായി ആശ്രയിക്കുക പുസ്തകങ്ങളെയാണ്. അതിനാല്‍ ഏതു പുസ്തകമാണ് വായിക്കേണ്ടത് എന്ന് വന്ന് എന്നോട് ചോദിക്കും. ഈ ചോദ്യത്തിന് മുന്നിലാണ് നിസാഹായനാകുക. ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.

മനസ്ഥിതി മാറണം

വിദേശികളെന്നപോലെ നമ്മുടെയിടയിലും ശക്തമായി വേരുറപ്പിച്ച പോയ ഒരു വസ്തുതയാണ് മരുന്നു കഴിച്ചാലുടനെ രോഗശമനം വേണമെന്നത്. വിദേശികളുടെ സംശയങ്ങള്‍ അവര്‍ക്കിതേക്കുറിച്ച് ഒന്നും ഒന്നും അറിയില്ല എന്നതിനാലാണ്. എങ്കിലും നമ്മള്‍ക്കിടയില്‍ ഈ സംശയമുണര്‍ന്നതെങ്ങിനെയാണ്. പാശ്ചാത്യ അധിനിവേശം നിമിത്തമുള്ള അലോപ്പതി മരുന്നുകളുടെ സ്വാധീനതയിലാണിത്. ഞാന്‍ പരിശോധിക്കുമ്പോള്‍ ഒ.പി യിലേയും, ഐ.പി യിലേയും രോഗികള്‍ ഒരുപോലെ ചോദിക്കുന്നൊരു ചോദ്യമിങ്ങനെയാണ്. ഡോക്ടറെ ശക്തമായി തല വേദനിക്കുന്നു അല്ലെങ്കില്‍ കാലുകളിലെയോ കൈകളിലെയോ പേശികള്‍ വേദനിക്കുന്നു. ഏതു എണ്ണയാണ് പുരട്ടേണ്ടത്. അല്ലെങ്കില്‍ തൈലത്തിന്‍റെയോ, കുഴമ്പിന്‍റെയോ പേരു പറഞ്ഞ് അത് മതിയോ എന്ന് അഭിപ്രായവും ചോദിക്കും. രോഗിയെ പരിശോധിച്ച് മറ്റ് എന്തെങ്കിലും മരുന്ന് എഴുതിയാല്‍ കഴിഞ്ഞു കാര്യം. ഇതിന്‍റെ ആവശ്യമെന്താണ്. എന്താഗുണം. എന്നിങ്ങനെ ചോദിച്ച് സ്വയം വൈദ്യനാകുകയും ചെയ്യും. ഈ വാദപ്രതിവാദങ്ങള്‍ തെറ്റാണ്. രോഗത്തെ വേരോടെ പിഴുതുമാറ്റുകയാണ് ആയുര്‍വേദം ചെയ്യുന്നത്. എന്തുകൊണ്ടാണ് തലവേദന വന്നത്,  കാലപ്പഴക്കം എന്തു കൊണ്ടുവരുന്നു, തുടങ്ങി കുറേ കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷമാവും രോഗിക്ക് അനുയോജ്യമായ മരുന്ന് കുറിക്കുക. ചുരുക്കത്തില്‍ കേവലം എണ്ണയിടല്‍ മാത്രമല്ല ആയുര്‍വേദമെന്ന് പറഞ്ഞ് രോഗിയെ മനസ്സിലാക്കിയെടുക്കുകയാണ് ഒരു വൈദ്യന്‍റെ പ്രധാന കടമ. ഇതിന് സമയമെടുക്കുന്നു. കാത്തിരിക്കാന്‍ രോഗിക്കാവാത്തതാണ് കുറ്റപ്പെടുത്തലിന് കാരണം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍

ആരോഗ്യ ടൂറിസത്തിന്‍റെ പ്രചാരണാര്‍ത്ഥം റിസോര്‍ട്ടുകളും മറ്റും സുഖ ചികിത്സയെന്ന പേരില്‍ വ്യാപകമായി പരസ്യം നല്‍കുന്നതാണ് കേവലം എണ്ണയിട്ട് തടവലാണ് ആയുര്‍വേദം എന്നൊരു ബോധം വിദേശികളടക്കമുള്ളവരില്‍ വളര്‍ത്തിയതിന് കാരണം. ആയുര്‍വേദ ചികിത്സയുടെ പ്രചരണത്തിന് വേണ്ടി ഈയോരു കാര്യം വ്യക്തമാക്കുന്ന ചിത്രം മാത്രമേ ഉയര്‍ത്തിക്കാണിക്കാവാനുള്ളൂ. തത്ഫലമായി ആയുര്‍വേദ ചികിത്സയെന്നാല്‍ വഴിയോരങ്ങളിലെ പോസ്റ്റുകളില്‍ കാണാവുന്ന ഒരു ചിത്രം. ആ ചിത്രങ്ങളില്‍ കാണാവുന്നത് മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു. ഇതു കാണുന്നവര്‍ (ഇന്ത്യക്കാരും, വിദേശികളും ഉള്‍പ്പടെ) ഒരു ശിരോധാര, അല്ലെങ്കില്‍ മസാജ് (അഭ്യാംഗം അല്ല) എന്നു ധരിച്ചാണ് ചികിത്സക്കെത്തുന്നത്. ഇതെക്കുറിച്ച് സാമാന്യ അറിവു നേടിയവരടക്കമുള്ളവര്‍ സ്വയം വൈദ്യനാകുന്നു. നമ്മുടെ പൂര്‍വ്വികര്‍ പിന്തുടര്‍ന്നു വന്ന ചര്യയാണ് ആയുര്‍വേദം. ഈയോരു ദിനചര്യയില്‍ നിന്നാണ് നാം വ്യതിചലിച്ചുപോയത്. ആരോഗ്യപൂര്‍വ്വം എന്നും ജീവിക്കാനാവശ്യമായ ചിട്ടയായ ജീവിതമാണ് ആയുര്‍വേദം പ്രദാനം ചെയ്യുന്നത്. ഉദാഹരണമായി എപ്പോള്‍ ഉറങ്ങണം, ഉണരണം, ഭക്ഷണം അതുതന്നെ കാലാവസ്ഥകള്‍ക്ക് അനുവദിച്ച് പ്രകൃതിയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പാലിക്കേണ്ട നിബന്ധനകള്‍ അനുസൃതമാവണം ജീവിതമെന്നാണ് പഠിപ്പിക്കുന്നത്.

ഒരമ്മ പെറ്റ മക്കള്‍

തമിഴ് നാട്ടില്‍ ആയുര്‍വേദത്തിന്‍റെ പ്രചാരം കുറഞ്ഞതിന്‍റെ കാരണമിതുതന്നെയാണ്. കേവലം എണ്ണതേച്ച് തടവിവിടുകയാണ് ഈ ചികിത്സാമാര്‍ഗ്ഗമെന്നാണ് പൊതുജനങ്ങളുടെ ഉയര്‍ന്ന അറിവുതന്നെ ഞാന്‍ നാട്ടിലെത്തിയാല്‍ നേരിടുന്ന ചോദ്യവും തന്നെ ഇതിന് ദൃഷ്ടാന്തമാണ്. എന്‍റെ ജോലി ഡോക്ടാറാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. ഹോമിയോ ഡോക്ടറാണെന്നാണ് എല്ലാവരുടേയും വിചാരം. ഇവരാരെങ്കിലും വീട്ടിലെത്തി പരിശോധ പൂര്‍ത്തിയാക്കി മരുന്ന് കുറിച്ച് നല്‍കിയാല്‍ അവ വാങ്ങാനായി പോവുക സിദ്ധ മരുന്നുകള്‍ വില്‍ക്കുന്ന കടയിലേക്കാണ്. വിദ്യാസമ്പന്നരായവരടക്കം ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവരോടെല്ലാം ആയുര്‍വേദ ഡോക്ടാറാണെന്ന് പറഞ്ഞാലും എന്താണ് ആയുര്‍വേദവും സിദ്ധവൈദ്യവും തമ്മിലുള്ള വ്യത്യാസം എന്നുപോലും അറിയുന്നില്ല. ആയുര്‍വേദം സംസ്കൃതത്തിലും, സിദ്ധവൈദ്യം പ്രാദേശികവുമായ തമിഴിലും ആണ് എഴുതപ്പെട്ടിരിക്കുന്നത്. തമിഴ് നാട്ടിലെ മാണ്ഡ്യ ജനങ്ങള്‍ കൂടുതല്‍ അറിയാവുന്നത് തമിഴ് ആണിവിടെ അതിനാല്‍ സിദ്ധവൈദ്യത്തിന് പ്രചാരമേറി. ഈ രണ്ട് ചികിത്സാ വിധികളും തമ്മില്‍ വ്യാത്യാസം കുറവാണ്. ആയുര്‍വേദത്തില്‍ മരുന്നുകള്‍ നേരിട്ട് ചാലിച്ചുതേക്കാറുണ്ട്. സിദ്ധയില്‍ ശരീരത്തിലെ മര്‍മ്മങ്ങള്‍ കേന്ദ്രീകരിച്ചാണ് ചികിത്സ. സിദ്ധാന്തവും പ്രയോഗത്തിലും സാമ്യമുണ്ടെങ്കിലും വ്യത്യസ്തമായ ഭാഷയില്‍ പഠിക്കുന്നുവെന്നതാണ് മുഖ്യവ്യത്യാസം. വാത, പിത്ത, കഫ, പഞ്ചമഹാഭൂതം, ദോഷം, ധാതു എന്നിവയെല്ലാം ഒന്നുതന്നെയാണ്. ആയുര്‍വേദത്തില്‍ ധാതുക്കള്‍ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍ബന്ധിക്കുന്നില്ല. സിദ്ധവൈദ്യത്തിലെ മരുന്നുകളില്‍ ധാതുക്കള്‍ ഉപയോഗിക്കുന്നു. പുറമെയുള്ള ചികിത്സകളും, കിഴി തുടങ്ങിയവ ആയുര്‍വേദത്തില്‍ പ്രചാരത്തിലാക്കിയത് കേരളത്തിലെ വൈദ്യന്മാരാണ്, എന്നാണ് എന്‍റെ അറിവ്. അവരാണ് എതു രൂക്ഷമെന്ന് തീരുമാനിച്ച് പൊടിക്കിഴി എണ്ണചേര്‍ത്ത് സ്നിഗ്ധമാക്കിയും നവരക്കിഴി രൂക്ഷമാക്കി കഫത്തിനും ഉപയോഗിക്കുന്നതെങ്ങിനെയെന്ന് പ്രചാരത്തില്‍ വരുത്തിയത് .

ഡോ.ഹരി പള്ളത്തേരി