ജന്തം രാമ രാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലംڈ
കവിതാ വൃക്ഷത്തിന്‍റെ കൊമ്പിലേറി രാമ രാമ എന്ന മധുരപദങ്ങള്‍ മധുരമായി പാടുന്ന വാല്മീകിയാകുന്ന പൂങ്കുയിലിനെ ഞാന്‍ വന്ദിക്കുന്നു.
സംസ്കൃതഭാഷയിലെഴുതിയ ആദ്യത്തെ മഹാകാവ്യമായ രാമായണം രചിച്ചത് വാല്മീകി മഹര്‍ഷിയാണ്. ഇരുപത്തിനാലായിരം ശ്ലോകങ്ങളാണ് വാല്മീകിരാമായണത്തിലുള്ളത്.ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നീ ഏഴ് കാണ്ഡങ്ങളും അഞ്ഞൂറ് സര്‍ഗ്ഗങ്ങളും ഇതില്‍ ഉണ്ട്. ക്രിസ്ത്വബ്ദത്തിന് മുമ്പ് തന്നെ ഇത് രചിക്കപ്പെട്ടതായി പറയപ്പെടുന്നു.
ഒരിക്കല്‍ വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് വാല്മീകി ചോദിച്ചു. “ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളില്‍ ആരാണ് ഗുണവാനും വീര്യവാനും ആയിട്ടുള്ളത്. ധര്‍മ്മജ്ഞനും കൃതജ്ഞനും സത്യംമാത്രം പറയുന്നവനും ദൃഢവ്രതനും സര്‍വ്വര്‍ക്കും പ്രിയങ്കരനും വിദ്വാനും സമര്‍ത്ഥനുമായ വ്യക്തി ആരാണ്. ആത്മവാനും ക്രോധത്തെ കീഴ്പ്പെടുത്തിയവനും അസൂയതീണ്ടാത്തവനും ആരാണ്. ദേവന്മാര്‍പോലും ആരെ ഭയപ്പെടുന്നു. ഇങ്ങനെയുള്ള നരനെക്കുറിച്ച് അറിവുള്ള ആള്‍ താങ്കളാണല്ലോ. സര്‍വ്വഗുണസമ്പന്നനായ ആ നരനെക്കുറിച്ച് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട്.”
നാരദന്‍ പറഞ്ഞു; “ഇക്ഷ്വാകുവംശത്തില്‍ ജനിച്ചവനും ജനങ്ങള്‍ക്ക് സുപരിചിതനുമായ ശ്രീരാമനാണ് എല്ലാ ഗുണവും തികഞ്ഞവന്‍. ബുദ്ധിമാനും നീതിമാനും വാഗ്മിയുമാണ് രാമന്‍, ആജാനുബാഹുവും മഹോരസ്കനുമായ രാമന്‍ ശുഭലക്ഷണങ്ങളോട് കൂടിയവനാണ്. ധര്‍മ്മജ്ഞനും സത്യസന്ധനുമായ രാമന്‍ വേദങ്ങളും ഉപനിഷത്തുക്കളും ധനുര്‍വേദവും അഭ്യസിച്ചിട്ടുണ്ട്. ജീവലോകത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സംരക്ഷകനാണ് രാമന്‍. പ്രിയദര്‍ശനനായ രാമന്‍ കോപം വന്നാല്‍ കാലാഗ്നിക്ക് തുല്യനാണ്. ഭൂമിയെപ്പോലെ ക്ഷമയുള്ളവനുമാണ്”, എന്ന് തുടങ്ങി രാമന്‍റെ നിരവധി ഗുണങ്ങള്‍ വാല്മീകിയോട് നാരദന്‍ വിസ്തരിച്ചു പറഞ്ഞു. അനന്തരം ശ്രീരാമന്‍റെ ജീവിത കഥമുഴുവനും വാല്മീകിക്ക് പറഞ്ഞ് കൊടുത്ത് നാരദന്‍ ദേവലോകത്തേക്ക് പോയി.
പിന്നീട് വാല്മീകി ശിഷ്യനായഭരദ്വാജനോടൊപ്പം തമസാനദിയില്‍ കുളിക്കാന്‍ പോയി. തമസാനദിയിലെ പരിശുദ്ധമായ തെളിനീര് കണ്ട് വാല്മീകി ശിഷ്യനോട് പറഞ്ഞു. ഭരദ്വാജ പ്രസന്നവും രമണീയവുമാണ് ഈ നദിയിലെ ജലം. ഇത് സജ്ജനങ്ങളുടെ മനസ്സുപോലെ തെളിവുള്ളതാണ്. ഞാന്‍ ഈ തമസാനദിയുടെ തീര്‍ത്ഥത്തില്‍ കുളിക്കട്ടെ. എനിക്ക് വല്‍ക്കലം തരൂ. കലശത്തില്‍ ജലം ശേഖരിക്കൂ. ഭരദ്വാജന്‍ വാല്മീകിക്ക് വല്‍ക്കലം നല്‍കി. ശിഷ്യഹസ്തത്തില്‍ നിന്നും വല്‍ക്കലം വാങ്ങിയുടുത്ത് നദിക്കരയിലെ കാനനഭംഗി നോക്കി. അദ്ദേഹം അവിടെ ചുറ്റി നടന്നു. അപ്പോള്‍ അദ്ദേഹം മനോഹരമായ ഒരു കാഴ്ച കണ്ടു. ക്രൗഞ്ചമിഥുനം ഇണ ചേരുന്ന ദൃശ്യം. ചാരുനിസ്വനം പുറപ്പെടുവിച്ച് കൊണ്ടാണ് അവ രതികേളിയില്‍ മുഴുകിയിരിക്കുന്നത്. തമ്മില്‍ കൊക്കും ചിറകുമുരുമ്മി തമ്മില്‍ സ്വപ്നങ്ങള്‍ കൈമാറി മുട്ടിച്ചേര്‍ന്ന് കരളിന്‍ ഞരമ്പുകള്‍ ഒട്ടിച്ച് രമിക്കുന്ന ആ ഇണപക്ഷികളില്‍ ഒന്നിനെ (ആണ്‍പക്ഷിയെ) ഒരു വേടന്‍ അമ്പയെത് കൊന്നു. മണ്ണില്‍ വീണ് ചോരയില്‍ പിടഞ്ഞ് നില്ക്കുന്ന തന്‍റെ സഹചരനെ കണ്ട പെണ്‍ പക്ഷി കരുണമായി നിലവിളിച്ചു. തലയില്‍ താമ്രവര്‍ണ്ണത്തിലുള്ള പൂവ് ചൂടിയ ആണ്‍ പക്ഷി രതിക്രീഡയില്‍ ഉന്മത്തനായിരിക്കെയാണ് ശരമേറ്റ് പിടഞ്ഞ് വീണത്.
ദയനീയമായ ഈ രംഗം കണ്ട് കരുണാമൂര്‍ത്തിയായ വാല്മീകി ഇങ്ങനെ മൊഴിഞ്ഞു.
മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം
ശോകാര്‍ത്തനായ ഞാന്‍ എന്താണ് പറഞ്ഞത്. പാദബദ്ധവും തുല്യാക്ഷരങ്ങളോട് കൂടിയതും തന്ത്രീലയസമന്വിതവുമായ വരികള്‍ ശോകാര്‍ത്തനായ ഞാന്‍ ഉച്ചരിച്ചത് തീര്‍ച്ചയായും ശ്ലോകം തന്നെയാണ് എന്ന് വാല്മീകിക്ക് തോന്നി. വാല്മീകിയുടെ ശിഷ്യന്മാരാകട്ടെ ഈ ശ്ലോകവാക്യം മനസ്സിരുത്തികേട്ട് സന്തുഷ്ടരായി.
തമസാതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ് ആശ്രമത്തിലേക്ക് തിരിച്ച വാല്മീകിയുടെ മനസ്സില്‍ ആ ദുരന്തത്തെക്കുറിച്ചുള്ള ചിന്ത തന്നെയായിരുന്നു. ആശ്രമത്തിലെത്തിയ വാല്മീകി ധ്യാനചിത്തനായി തന്നെ ഇരുന്നു. ആയിടെ ലോകസ്രാഷ്ടാവും നാന്മുഖനുമായ ബ്രഹ്മാവ് വാല്മീകിയുടെ ആശ്രമത്തില്‍ വന്നു ചേര്‍ന്നു. ബ്രഹ്മാവിനെ കണ്ട് പെട്ടെന്ന് എഴുന്നേറ്റ് വാല്മീകി കൈകള്‍ കൂപ്പി വിസ്മയ ചിത്തനായി വര്‍ത്തിച്ചു. പാദ്യവും അര്‍ഘ്യവും ആസനവും നല്‍കി വന്ദിച്ച് കുശലപ്രശ്നം ചെയ്തു. ബ്രഹ്മാവ് വാല്മീകി നല്‍കിയ ആസനത്തില്‍ ഇരുന്ന് വാല്മീകിയോടും ഇരിക്കാന്‍ പറഞ്ഞു. ബ്രഹ്മാജ്ഞ സ്വീകരിച്ച് വാല്മീകി ആസനത്തില്‍ ഇരുന്നെങ്കിലും ക്രൗഞ്ചപക്ഷിയുടെ മരണവൃത്താന്തം തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. ക്രൗഞ്ചവധത്തില്‍ പ്രതിഷേധിച്ച് താന്‍ പറഞ്ഞുപോയ ശ്ലോകം ശോകപാരായണനായ വാല്മീകി ബ്രഹ്മാവിന്‍റെ മുന്നില്‍ അവതരിപ്പിച്ചു. ബ്രഹ്മാവ് പറഞ്ഞു. ഇത് ശ്ലോകം തന്നെയാണ്. എന്‍റെ ഇംഗീതം അനുസരിച്ചാണ് സരസ്വതി ഈ വണ്ണം വാല്മീകിയുടെ നാവില്‍ നിന്നും പുറപ്പെട്ടത്. ഹേ ഋഷിസത്തമ രാമകഥ മുഴുവന്‍ നാരദന്‍ പറഞ്ഞ പ്രകാരം താങ്കള്‍ എഴുതണം. രാമന്‍റെ രഹസ്യവും പരസ്യവുമായ വൃത്താന്തവും, ലക്ഷ്മണന്‍, രാക്ഷസന്മാര്‍, വൈദേഹി എന്നിവരുടെ ചരിതവും വിശദീകരിച്ച് എഴുതണം. രാമായണ കഥ മുഴുവന്‍ നിനക്ക് വെളിവായി വരും. രാമായണത്തിലെ ഓരോ വാക്കും സത്യമായി ഭവിക്കും. പുണ്യമായ രാമായണകഥ മനോരഞ്ജകമായി ശ്ലോകരൂപത്തില്‍ എഴുതണം. ഈ ഭൂമിയില്‍ പര്‍വ്വതങ്ങളും നദികളും എത്രകാലം നിലനില്ക്കുന്നുവോ അത്രയും കാലം താങ്കള്‍ എഴുതിയ രാമായണം ഈ ലോകത്തില്‍ പ്രചാരത്തിലുണ്ടാകും.” ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അവിടെ നിന്നും പോയി.
സമാക്ഷരങ്ങളോട് കൂടിയനാല് പദങ്ങള്‍ എന്നാല്‍ ചൊല്ലപ്പെട്ടത് ശ്ലോകം തന്നെയാണെന്ന് വാല്മീകിക്ക് ബോധ്യമായി. ശോകമാണ് ശ്ലോകമായി പരിണമിച്ചത്. ഇതേ രീതിയില്‍ ഞാന്‍ രാമായണ കാവ്യം മുഴുവന്‍ എഴുതി പൂര്‍ത്തിയാക്കും എന്ന് വാല്മീകി നിശ്ചയിച്ചു.
രാമരാജ്യം
രാവണവധം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത രാമന്‍ രാജ്യഭാരം ഏറ്റെടുത്തു. രാമന്‍റെ ഭരണകാലത്തെ ഇപ്രകാരമാണ് വാല്മീകി വര്‍ണ്ണിക്കുന്നത് :
രാമരാജ്യത്തിലെ പൗരജനങ്ങള്‍ നല്ല ധര്‍മ്മബോധം ഉള്ളവരായിരുന്നു. നന്നായി ആഹാരം കഴിച്ച് ശരീരപുഷ്ടി നേടിയവരായിരുന്നു അവര്‍. അഗ്നിയില്‍ നിന്നും ആര്‍ക്കും ഭയപ്പെടേണ്ടി വന്നില്ല. പട്ടിണിയോ ഭയമോ തീണ്ടാത്ത ജനങ്ങള്‍ മനോദു:ഖം എന്തെന്നറിയാത്തവരായിരുന്നു. അരോഗദൃഡഗാത്രരായിരുന്നു ജനത. അച്ഛനമ്മമാര്‍ക്ക് ഒരിക്കലും പുത്രമരണത്തിന് സാക്ഷിയാകേണ്ടി വന്നിട്ടില്ല. പതിവ്രതകളായ സ്ത്രീകള്‍ക്ക് വൈധവ്യദു:ഖം അനുഭവിക്കേണ്ടതായും വന്നിട്ടില്ല. ഒരു ജന്തുവും മുങ്ങിമരിക്കാനും ഇടയായിട്ടില്ല. കൊടുങ്കാറ്റ്, പനിബാധ, എന്നിവമൂലംജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല.പട്ടിണിയില്‍ നിന്നും തസ്കരതയില്‍ നിന്നും നാട് മോചിക്കപ്പെട്ടിരുന്നു. നഗരവും രാഷ്ട്രവും ധനധാന്യങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. കൃതയുഗത്തിലെ ജനങ്ങളെപ്പോലെ എപ്പോഴും സന്തുഷ്ടരായിരുന്നു പൗരന്മാര്‍, നൂറ് കണക്കിന് അശ്വമേധയാഗം നടത്തിയ രാമന്‍ ധാരാളം സ്വര്‍ണ്ണം, പശുക്കള്‍ എന്നിവ വിദ്വജ്ജനങ്ങള്‍ക്ക് വിധിപൂര്‍വ്വകമായി ദാനം ചെയ്തിരുന്നു. ആ മഹാശയന്‍ എണ്ണമറ്റ ധനം ബ്രാഹ്മണന്‍ന്മാര്‍ക്കും നല്‍കിയിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം നൂറിരട്ടി സമ്പല്‍സമൃദ്ധിയിലേക്ക് രാജ്യത്തെ രാമന്‍ നയിച്ചു. അങ്ങിനെ അനേക വര്‍ഷക്കാലം രാജ്യം പരിപാലിച്ച് രാമന്‍ ബ്രഹ്മലോകം പൂകി. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ അടിയുറച്ച ഭരണമായിരുന്നു രാമന്‍റേത്.
ഇങ്ങനെയുള്ള രാമന്‍റെ വീരസാഹസീക കഥകള്‍ അടങ്ങിയ വാല്മീകി രാമായണം പഠിക്കുന്ന ബ്രാഹ്മണന്‍ വാഗ് വല്ലഭനായിത്തീരും. ക്ഷത്രീയനാണ് രാമായണം വായിക്കുന്നതെങ്കില്‍ ഭൂമിയുടെ അധികാരിയായിത്തീരും (രജാവായിത്തീരും).വൈശ്യജനങ്ങള്‍ക്ക് കച്ചവടത്തില്‍ നല്ല ലാഭമുണ്ടാക്കകാന്‍ കഴിയും. ശുദ്രനാണ് രാമായണ പഠനം നടത്തുന്നതെങ്കില്‍ മഹാനായിത്തീരും. വാല്മീകി രാമായണം സര്‍വ വര്‍ണത്തില്‍പ്പെട്ടവര്‍ക്കും സ്വീകാര്യമായ ഒരു ഗ്രന്ഥമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ശൂദ്രമക്ഷരസംയുക്തം ദൂരത: പരിവര്‍ജയേത്’ എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് സര്‍വ്വര്‍ക്കും വിദ്യാഭ്യാസം നേടാന്‍ അവസരം ഉണ്ടായിരുന്ന ഒരു കാലമായിരുന്നു വാല്മീകിയുടേത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
മാത്രമല്ല ‘ ലോകാഃ സമസ്താ സുഖിനോ ഭവന്തു’ എന്നതായിരുന്നു വാല്മീകിയുടെ മുദ്രാവാക്യം.