യോഗവിദ്യയില്‍ വ്യത്യസ്ഥമായ പദ്ധതികളും, പാഠ്യക്രമങ്ങളും നിലവിലുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് പലതും. അടിസ്ഥാനപാഠ്യപദ്ധതിയുടെ വൈകല്ല്യമാണ് അതിനു കാരണം. വ്യത്യസ്ഥമായ പാരമ്പര്യവും, വൈവിദ്ധ്യമാര്‍ന്ന പഠനരീതികളും നിലവിലുണ്ടെങ്കിലും അടിസ്ഥാനപദ്ധതി ശരിയാണെങ്കില്‍ അത്തരം വൈകല്ല്യങ്ങള്‍ സംഭവിക്കാനിടയില്ല. അഷ്ടാംഗയോഗമാണ്, യോഗത്തിന്‍റെ അടിസ്ഥാനപരമായ ശാസ്ത്രപദ്ധതി. അതിനെ അവലംബിച്ചുകൊണ്ടാണ് എല്ലാ അറിവുകളും നിലനില്‍ക്കുന്നത്.
എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍. എല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അതില്‍ യമനിയമങ്ങള്‍ ഒരുമിച്ച് മറ്റ് ആറംഗളേയും വഴിപോലെ ആചരിക്കാന്‍ അര്‍ഹമായ ഗുണവിശേഷങ്ങളായി വര്‍ത്തിക്കുന്നു. ആസനം മുതല്‍ക്കാണ് യോഗസാധന ആരംഭിക്കുന്നത്.
യമം – മനഃസംയമനത്തിനുള്ള ഉപായങ്ങള്‍
നിയമം – അനുഷ്ഠാന നിയമങ്ങള്‍.
ആസനം – ശാരീരിക വ്യായാമ മുറകള്‍.
പ്രാണായാമം – പ്രാണന്‍റെ നിയന്ത്രണം
പ്രത്യാഹാരം – ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നുള്ള മനസ്സിന്‍റെ നിവൃത്തി
ധാരണ – മനസ്സിന്‍റെ ധാരണാശീലം
ധ്യാനം – മനസ്സിന്‍റെ ഏകാഗ്രത
സമാധി – പൂര്‍ണ്ണ മനോലയം
അഷ്ടാംഗയോഗത്തെ പൊതുവില്‍ രണ്ടായി തിരിക്കാം – ശരീരാധിഷ്ഠിതവും, മാനോധിഷ്ഠിതവും. ആദ്യത്തെ 5 അംഗങ്ങള്‍ പ്രായേണ ശാരീരാധിഷ്ഠിതമാണ്. അതിന് ഹഠയോഗമമെന്നാണ് സംജ്ഞ. അവസാനത്തെ 3 അംഗങ്ങള്‍ മനസ്സിലും, ആത്മാവിലും അധിഷ്ഠിതമാണ്. അതിന് രാജയോഗമെന്നു പറയും. ഹഠയോഗത്തിന്‍റേയും, രാജയോഗത്തിന്‍റേയും സമന്വയമാണ് അഷ്ടാംഗയോഗം.
‘യോഗശ്ച അഷ്ടാംഗ സംയുതഃ….‘ യോഗം അഷ്ടാംഗങ്ങളോടു കൂടിയതാണ് എന്നാണ് ആചാര്യ മതം. ഹഠയോഗവും, രാജയോഗവും പരസ്പര പൂരകങ്ങളാണ്.
ഹഠയോഗമെന്നും, രാജയോഗമെന്നും യോഗത്തെ രണ്ടായി വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അത്തരം കൃത്യമായ വേര്‍തിരിവ് അസാദ്ധ്യമാണ്. ചുരുക്കത്തില്‍, അഷ്ടാംഗങ്ങളും ഉള്‍ക്കൊണ്ടതാണ് ഹഠയോഗം. അതിലെ മാനസികതന്ത്രമാണ് രാജയോഗം. അത് ഹഠയോഗത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നും ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. ആ നിലക്ക് ഹഠയോഗവും, അഷ്ടാംഗയോഗവും ഒന്നുതന്നെയാണ്, രാജയോഗം അതിന്‍റെ പ്രധാന കണ്ണിയും. സാധനയുടെ സൗകര്യത്തിനാണ് ശാരീരികം, മാനസികം എന്ന് രണ്ടായി തരം തിരിച്ചിട്ടുള്ളത്.
‘ഹഠംവിനാ രാജയോഗോ രാജയോഗം വിനാ ഹഠഃ
ന സിദ്ധ്യതി തതോ യുഗ്മമാനിഷ്പത്തേഃ സമഭ്യസേത്’
ഹഠയോഗത്തെ കൂടാതെ രാജയോഗമോ, രാജയോഗത്തെ കൂടാതെ ഹഠയോഗമോ ഫലവത്താവുകയില്ല. അതുകൊണ്ട് ഫലപര്യന്തം രണ്ടിനേയും അഭ്യസിക്കണം എന്നാണ് ഗ്രന്ഥോക്തി. ചുരുക്കത്തില്‍, അഷ്ടാംഗയോഗം അഭ്യസിക്കണമെന്ന് താല്‍പര്യം. ഹഠയോഗത്തെ മഹത്തായ രാജയോഗത്തിലേക്ക് ആരോഹണം ചെയ്യാനുള്ള സോപാനമായിട്ടാണ് കരുതുന്നത്. ഹഠയോഗത്തിന്‍റെ സാധനക്ക് കുണ്ഡലിനി തന്ത്രമെന്നും, രാജയോഗത്തിന്‍റെ സാധനക്ക് സംയമതന്ത്രമെന്നും പറയും. ആരംഭത്തില്‍ കുണ്ഡലിനിതന്ത്രമായും, പിന്നീട് സംയമതന്ത്രമായും അത് രൂപാന്തരപ്പെടുന്നു. അവയുടെ ചേര്‍ന്നുള്ള അഭ്യസന രീതിയാണ് യഥാര്‍ത്ഥ അഷ്ടാംഗയോഗസാധന. വളരെ പരിശുദ്ധമായ സാധനാസമ്പ്രദായമാണിത്.
ഹഠയോഗം
ബൃഹത്തായ അര്‍ത്ഥമാണ് ഹഠശബ്ദത്തിന്. ഇതിന് ക്ലേശം, അഥവാ പ്രയത്നം എന്നൊരര്‍ത്ഥമുണ്ട്. ഹഠയോഗം ക്ലേശകരം തന്നെയാണ്. ഹഠം എന്ന വാക്കിന് ശരീരമെന്നും അര്‍ത്ഥമുണ്ട്. ആയതിനാല്‍ ശരീര സംബന്ധിയായ യോഗമാണ് ഹഠയോഗം എന്നു വരുന്നു.
‘ഹകാരഃ കീര്‍ത്തിതഃ സൂര്യഷ്ഠകാരശ്ചന്ദ്ര ഉച്യതെ
സൂര്യാചന്ദ്രമസോര്‍യോഗാത് ഹഠയോഗോ നിഗദ്യതെ’
‘ഹ’ എന്ന വര്‍ണ്ണം സൂര്യനേയും ‘ഠ’ എന്ന വര്‍ണ്ണം ചന്ദ്രനേയും ദ്യോതിപ്പിക്കുന്നു. സൂര്യചന്ദ്രന്മാരുടെ യോഗം അഥവാ ചേര്‍ച്ചയാണ് ഹഠയോഗം എന്ന് മറ്റൊരര്‍ത്ഥം. ഇതെല്ലാം വളരെ അര്‍ത്ഥവ്യാപ്തിയുള്ള പ്രയോഗങ്ങളാണ്. ഹ കാരത്തെ അന്ധകാരം അഥവാ അജ്ഞാനമായും, ഠ കാരത്തെ അതിനെ നിരോധിക്കുന്ന പ്രകാശം അഥവാ ജ്ഞാനമായും വ്യവഹരിക്കാറുണ്ട്. പ്രാണവായുവിന്‍റേയും, അപാനവായുവിന്‍റേയും ചേര്‍ച്ചയായും ഇതിനെ വിലയിരുത്താം. ഹഠയോഗം രാജയോഗത്തെ പ്രകാശമാനവും, സംപുഷ്ടവുമാക്കുന്നു.
രാജയോഗം
‘രാജതെ വിരാജതെ ശോഭതെ….‘ എന്നതില്‍നിന്ന് രാജതുല്യനായി ശോഭിക്കുന്നവന്‍ അഥവാ പ്രകാശിക്കുന്നവന്‍ എന്നര്‍ത്ഥം കല്‍പിക്കാം. അതിലുപരി അപ്രതിഹത സ്വാതന്ത്ര്യം, ആജ്ഞാശക്തി എന്നീ ഗുണങ്ങളുള്ളവനാണ് രാജയോഗി എന്നര്‍ത്ഥവും ആരോപിക്കാം. ഹഠയോഗത്തിന്‍റെ തുടര്‍ച്ചയാണ് രാജയോഗം. ഇടയില്‍ വിടവില്ലതന്നെ.
കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം, രാജയോഗം എന്നീ നാലുതരം യോഗ വിദ്യകളെ ഉപനിഷത്തുകളിലും, പുരാണങ്ങളിലും, ദര്‍ശനങ്ങളിലുമെല്ലാം വിശകലനം ചെയ്യുന്നുണ്ട്, കൂടാതെ ലയയോഗം, നാദയോഗം, ജപയോഗം തുടങ്ങി വേറേയും. ഭഗവത്ഗീതയിലെ ഓരോ അദ്ധ്യായത്തേയും ഓരോ യോഗമായി വിലയിരുത്താം. ഇവയെല്ലാം യോഗശാസ്ത്രത്തില്‍ നിന്ന് അന്യത്താണോ, അല്ലയോ എന്ന ചിന്ത സ്വാഭാവികമാണ്.
സത്യത്തില്‍ എല്ലാം യോഗശാസ്ത്രത്തില്‍ അന്തര്‍ലീനമാണ്. ഉദാഹരണത്തിന്, ഭക്തിയില്ലാത്തവന് ധ്യാനമില്ല, ജപമില്ലാത്തവന് ലയമില്ല, കര്‍മ്മമില്ലാത്തവന് സിദ്ധിയില്ല. ഇങ്ങിനെ നോക്കുമ്പോള്‍ എല്ലാം പരസ്പരാപേക്ഷ ഉള്ളവയാണ്. അഷ്ടാംഗയോഗം ക്രമമായി ശീലിച്ചാല്‍ എല്ലാവിധ യോഗത്തിന്‍റെ ഫലങ്ങളും തനിയെ വന്നു ചേരും. ഇത്തരം വേര്‍തിരിവുകളില്ലാതെ യോഗത്തെ ഏകമായി ദര്‍ശിച്ചുകൊണ്ട് ക്രമമായ അഷ്ടാംഗയോഗസാധന അനുഷ്ഠിക്കണം.
– ആചാര്യ വാസുദേവന്‍