യോഗവിദ്യയുടെ പ്രസക്തി

Relevance-of-Yoga-Vidya

“അഥ യോഗാനുശാസനം”

പൗരാണിക തത്ത്വചിന്തയില്‍ നിന്നാവിര്‍ഭവിച്ചതും, സാര്‍വ്വലൗകിക പ്രചാരം സിദ്ധിച്ചതുമായ വിജ്ഞാനശാഖയാണ് യോഗം. ദാര്‍ശനികതയും, അതിന്‍റെ പ്രായോഗികതലവുമാണ് യോഗത്തിലെ പ്രതിപാദ്യം. ഇതിലെ ക്ലേശകരമായ ഓരോ വിധിയും, അഭ്യാസവും ദാര്‍ശനിക തത്ത്വചിന്തയുടെ അനുഭവ ലോകത്തേക്ക് നമ്മെ ആനയിക്കുന്നു. യോഗത്തിന് കൃത്യമായ ഒരു ചരിത്രമോ, കാലമോ കല്‍പിക്കാനാവില്ല. മനുഷ്യന് നിത്യജീവിതത്തില്‍ ഉപകാരപ്രദമായ വിദ്യകള്‍ മാത്രമെ തലമുറകളായി ലോകത്ത് നിലനിന്നിട്ടുള്ളു. അക്കൂട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിജ്ഞാന ശാഖയാണ് യോഗവിദ്യ. അതുകൊണ്ടുതന്നെ യോഗത്തിന്‍റെ ആനുകാലിക പ്രസക്തിയേയും, മൂല്യത്തേയും നമുക്ക് വിലയിരുത്താനാവും.

എന്താണ് യോഗം

പല തരത്തിലുള്ള വ്യായാമ മുറകള്‍ ലോകത്ത് പ്രചാരത്തിലുണ്ടെങ്കിലും, അവയില്‍ നൂറ്റാണ്ടുകളായി അഭ്യസിച്ചു വരുന്നതും, ഏറെ അംഗീകാരം ലഭിച്ചതുമായ ആരോഗ്യ ശാസ്ത്രം യോഗംതന്നെയാണ്. പരസഹായം കൂടാതെ ഏതുകാലത്തും, ദേശത്തും, പ്രായത്തിലും, ശീലിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അത് മറ്റു വ്യായാമങ്ങളില്‍ നിന്നും യോഗത്തെ വ്യത്യസ്ഥമാക്കുന്നു.

ഒരു വ്യായാമം എന്ന നിലക്ക്, യോഗംകൊണ്ട് ശരീരപുഷ്ടിയും, ബലവും, ദാര്‍ഢ്യവും കൈവരുന്നു. എന്നാല്‍, കേവലം ഉപരിപ്ലവമായ ഒരു വ്യായാമമുറ മാത്രമല്ല യോഗം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയും, മനസ്സിന്‍റെ ദാര്‍ഢ്യവും, ബുദ്ധിവികാസവും ഇതിന്‍റെ പ്രത്യക്ഷ ഫലങ്ങളാണ്. ആത്മസാക്ഷാത്ക്കാരമാണ് യോഗവിദ്യയുടെ നിഗൂഢ ലക്ഷ്യം. ഇതെല്ലാം പടിപടിയായി അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിക്ക് ജീവിതത്തിലെ ഏതു സാഹചര്യത്തേയും നേരിടാനുള്ള കരുത്തും, കാര്യാകാര്യ വിവേകവും, പ്രത്യേക ശിക്ഷണങ്ങളൊന്നുമില്ലാതെ സ്വയം വന്നുചേരും. മനുഷ്യനെ അവന്‍റെ ശാരീരികതലത്തില്‍ നിന്നുണര്‍ത്തി മാനസികവും, ബുദ്ധിപരവും, ആത്മീയവുമായി ഉയര്‍ത്തുവാനുള്ള ഉത്തമോപാധി കൂടിയാണ് യോഗവിദ്യ. ചുരുക്കത്തില്‍, നിഷ്ഠയോടുകൂടിയ സംപുഷ്ട ജീവിതശൈലിയുടെ വഴികാട്ടിയാണെന്നു പറയാം.

മനുഷ്യജീവിതത്തില്‍ ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും രണ്ടു തലങ്ങളുണ്ട്. അവയുടെ സമന്വയമാണ് ജീവിതത്തിന്‍റെ പൂര്‍ണ്ണത. ആ രണ്ടുതലങ്ങളിലും യോഗത്തിന്‍റെ സ്വാധീനവും, ഉപയോഗവും വിലപ്പെട്ടതാണ്. ആത്മീയതലത്തെ മാത്രമല്ല, ഭൗതികജീവിതത്തേയും യോഗം സംപുഷ്ടവും, ധന്യവുമാക്കിത്തീര്‍ക്കും. യോഗത്തെ വിശ്വാസത്തോടെ സേവിച്ചാല്‍ അത് നമുക്ക് ജീവിതത്തിന്‍റെ ഉത്തമ പന്ഥാവായി മാറുന്നു.

യോഗഃ കര്‍മ്മസു കൗശലം” – കര്‍മ്മകുശലതയാണ് യോഗം എന്നാണ് ഭഗവത്ഗീതയിലെ നിര്‍വ്വചനം. ശാരീരികം, വാചികം, മാനസികം എന്നീ മൂന്നു തലങ്ങളിലാണ് മനുഷ്യന്‍റെ കര്‍മ്മശക്തി. അതിന് കരുത്തുപകരുന്നത് ആദ്ധ്യാത്മികതയും, പരിസമാപ്തി മോക്ഷവുമാണ്. യോഗം കേവലം ആരോഗ്യ ശാസ്ത്രമല്ല, മോക്ഷശാസ്ത്രമാണ്. അതിന്‍റെ ഉപലബ്ധിക്കുള്ള അടിസ്ഥാന ഘടകമാണ് ആരോഗ്യം. അതുകൊണ്ടാണ് ആരോഗ്യപാലനത്തിന് പ്രഥമ സ്ഥാനം കല്‍പിച്ചിട്ടുള്ളത്. ആരോഗ്യം എന്നത് നിരന്തരമായ യോഗസാധന കൊണ്ടുണ്ടാകുന്ന ശരീരശുദ്ധിയും, അനുബന്ധിയായ മനഃശുദ്ധിയുമാണ്. അല്ലാതെ കേവലം രോഗവിമുക്തിയല്ല. ശരീരശുദ്ധിയും, മനഃശുദ്ധിയും ചേരുമ്പോഴാണ് പൂര്‍ണ്ണ ആരോഗ്യം അഥവാ സ്വാസ്ഥ്യം കൈവരുന്നത്. യോഗശാസ്ത്രമനുസരിച്ച് ആരോഗ്യം എന്ന പദത്തിന് പൂര്‍ണ്ണത എന്നര്‍ത്ഥം ഗ്രഹിക്കണം. സംപുഷ്ടമായ ജീവിതത്തേയും ചേര്‍ത്തുകൊണ്ട് ആരോഗ്യത്തെ വിലയിരുത്തണം. ഗൃഹം എപ്രകാരമാണോ ദിനവും അടിച്ച് തുടച്ച് വൃത്തിയായി സംരക്ഷിക്കുന്നത്, അതുപോലെ നിരന്തരമായ യോഗപരിശീലനം കൊണ്ട് സാധകന്‍റെ ശരീരവും, മനസ്സും ശുദ്ധമാക്കപ്പെടും. ശുദ്ധിയില്‍ രോഗത്തിന്ന് പ്രസക്തിയില്ല, അശുദ്ധിയാണ് രോഗം. യോഗത്താല്‍ അശുദ്ധി നിശ്ശേഷം നീങ്ങി ശരീരത്തിന്‍റേയും, മനസ്സിന്‍റേയും സന്തുലിതാവസ്ഥ നിജപ്പെടുകയും, പൂര്‍ണ്ണ ആരോഗ്യം സിദ്ധിക്കുകയും ചെയ്യും. യോഗപരിശീലനത്തോടൊപ്പം നിഷ്ഠയായ ജീവിതശൈലിയും ഇതിന്നാവശ്യമാണ്.

യോഗം ആര്‍ക്ക്

‘യുവാ വൃദ്ധോ/തി വൃദ്ധോവാ വ്യാധിതോ ദുര്‍ബലോപി വാ
അഭ്യാസാത് സിദ്ധിമാപ്നോതി സര്‍വ്വയോഗേഷ്വതന്ദ്രിതഃ’

യോഗവിദ്യക്ക് അര്‍ഹന്മാര്‍ ആരൊക്കെയാണെന്ന് ഹഠയോഗപ്രദീപികയിലെ ഈ ശ്ലോകം വ്യക്തമാക്കുന്നു. യുവാവോ, വൃദ്ധനോ, അതിവൃദ്ധനോ, വ്യാധിതനോ, ദുര്‍ബ്ബലനോ, ആരായാലും മടികൂടാതെ യോഗാംഗങ്ങളെ വഴിപോലെ അഭ്യസിച്ചാല്‍ സിദ്ധിയെ പ്രാപിക്കും. ചെറിയ കുട്ടികളെ മാത്രം ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. കാരണം, യോഗം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കുട്ടികള്‍, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മനസ്സിലാക്കി അഭ്യസിക്കുമെന്ന് കരുതാന്‍ വയ്യ. അതിനാല്‍, ചിലപ്പോള്‍ ഗുണത്തേക്കാളധികം ദോഷഫലത്തെ ചെയ്യും. എന്നാല്‍, തുച്ഛമായ ആസനങ്ങളൊ, സൂര്യനമസ്കാരമോ ഒരു വ്യായാമമെന്ന നിലക്ക് കുട്ടികള്‍ക്കും അഭ്യസിക്കാവുന്നതാണ്. അത് ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുക തന്നെ ചെയ്യും. യോഗം ആര്‍ക്കും ശീലിക്കാം. ബഹ്മചാരിക്കും, സന്യാസിക്കും, ഗുഹാന്തരങ്ങളില്‍ വസിക്കുന്ന താപസ ശ്രേഷ്ഠന്‍മാര്‍ക്കും വേണ്ടി മാത്രമുള്ളതല്ല യോഗം. അത് ഗൃഹസ്ഥാശ്രമിക്കും ആവാം. സ്ത്രീകള്‍ക്കും യോഗം വിധിച്ചിട്ടുണ്ട്.

പരമശിവന്‍ തന്‍റെ പത്നിയായ പാര്‍വ്വതിക്കും, യാജ്ഞ്യവല്‍ക്യമഹര്‍ഷി തന്‍റെ പത്നിമാരില്‍ ഒരാളായ ഗാര്‍ഗ്ഗിക്കും യോഗതത്ത്വം ഉപദേശിച്ചതായി ശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ വ്യായാമമാണിത്. യോഗികള്‍ എന്നത് ഒരു പ്രത്യേക വിഭാഗമാണ്. അവര്‍ മുനികളോ, തപസ്വികളോ ആവണമെന്നില്ല. എന്നാല്‍, യോഗികളായ മുനികളും, തപസ്വികളും എന്നുമുണ്ടെന്നുള്ളതാണ് പരമാര്‍ത്ഥം.

– ആചാര്യ വാസുദേവ്