കളി, ചിരി, കാര്യം – അനുഭവ പാഠം

കുട്ടികുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കാനും പരിശീലിപ്പിക്കാനും സ്വയം രൂപം കൊടുത്തതാണ് “കളി,ചിരി,കാര്യം” എന്ന രണ്ടുമണിക്കൂര്‍ ദീര്‍ഘമുള്ള എന്‍റെയീ ക്ലാസ്.

കളികളിലൂടെ, ചിരിയിലൂടെ കാര്യത്തിന്‍റെ കാമ്പിലേക്ക് പന്താളികലെ കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ് ഈ ക്ലാസു കൊണ്ട് ഉദ്ദേശിച്ചത്. അത് ഏറെക്കൂറെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു എന്നതും ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒരിക്കലും മുഷിപ്പ് അനുഭവപ്പെട്ടു എന്ന് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ബാല്യം മുതല്‍ മുതിര്‍ന്നവരെല്ലാം കളികള്‍ ഇഷ്ടപ്പെടുന്നവരാണ്. കളികളില്‍ വ്യത്യാസമുണ്ടെന്നെയുള്ളൂ.
വ്യക്തിത്വ വികാസത്തിന്‍റെ വിവിധ തലങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടും, നാടകാഭിനയ പാടവത്തിന്‍റെ ബാലപഠങ്ങളിലൂടെ നീളുന്ന ക്ലാസ് അഭിമാനമായൊരു അനുഭവമായി പലപ്പോഴും മാറിയിട്ടുണ്ട്.

ജീവിതത്തിന്‍റെ പല ദുര്‍ഘടവഴികളും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലും കീഴ്പ്പെട്ടുപോവുന്ന വര്‍ത്തമാനകാലസമൂഹം ചിരി മറന്നുപോവുകയോ, മാഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന സൗഹൃദങ്ങള്‍ക്ക് മാത്രമല്ല വിലങ്ങുവീഴുന്നത്. അതൊരു ആരോഗ്യ മാനസിക പ്രശ്നങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നുണ്ട്. കാര്യങ്ങളുടെ വിശാലതയിലുള്ള അപഗ്രഥനം വഴി തിരിച്ചറിവിന്‍റെ പുതു വിവരം സമ്പാദിക്കാന്‍ പ്രേരിപ്പിക്കല്‍ കൂടി ഈ പരിശീലനപരിപാടിയുടെ ലക്ഷ്യമാണ്.

ഓരോ അഭിനയ ശില്‍പശാലയും, പരിശീലപരിപാടികളും കഴുയുമ്പോള്‍ നമ്മുടെ കുട്ടികളിലെ സര്‍ഗ്ഗാത്മകതയില്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ക്ലാസ് കഴിയുമ്പോള്‍ “മാഷെ ഇനിയും വരണേ” എന്നു പറഞ്ഞു കുട്ടികള്‍ പിറകെ കൂടുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
വാചികം, ആംഗീതം, സാത്വീകം, ആഹാര്യം, എന്നിങ്ങനെ നാലുവിധ അഭിനയരീതികള്‍ ചേര്‍ന്നതാണ് നാടകമെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ അല്പം പ്രയാസവും. അതവര്‍ക്ക് വിരസത ഉണ്ടാക്കുകയും ചെയ്യാം. പക്ഷെ കളികളുലൂടെ, ചിരികളിലൂടെ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ വേഗത്തില്‍ പഠിക്കും.
കണ്ടും കേട്ടും വായിച്ചും പഠിക്കുന്നതിനേക്കാള്‍ മേന്മയെറിയതാണ് ചെയ്തു പഠിക്കുക എന്നത്. കളികളിലൂടെ പഠിക്കുമ്പോള്‍ കാര്യങ്ങള്‍ ആഴത്തില്‍ അനുഭവങ്ങളിലൂടെ മനസ്സിലാവും എന്നതിലുപരി ക്ലാസ്സുകള്‍ ആനന്ദകരമായ ഒരു പ്രക്രിയയായി മാറുകയും ചെയ്യുന്നു. കേട്ടത് മറക്കുന്നതും കണ്ടതു ചിലപ്പോള്‍ മാത്രം ഓര്‍മ്മിക്കുന്നു. പക്ഷെ ചെയ്തു പഠിക്കുന്നു എന്നതാണ് പ്രമാണം. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെ വളരാന്‍ സഹായിക്കുന്നതാവണം നമ്മുടെ പരിശീലനം.

കളികള്‍ ശാരീരകമായ വ്യായാമമാവുമ്പോള്‍ മാനസീക പിരിമുറുക്കത്തില്‍ നിന്നും മുക്തിയാവാന്‍ നമുക്കു കഴിയും. സ്ത്രീപുരുഷബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാന്‍, സാമൂഹികമായി ഇഴുകി ചേരാനും മറ്റുള്ളവരെ മനസ്സിലാക്കാനും, സ്വയം പരുവപ്പെടുത്തുവാനും “കളി,ചിരി,കാര്യ” ത്തിലൂടെ സാധിതമാവുന്നത് സന്തോഷം പകരുന്നതാണ്.

ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗാത്മകതയെ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ സഹകരണംപോലുള്ള മൂല്യങ്ങള്‍, പഠനപ്രക്രിയയെ എളുപ്പവും രസകരമാക്കുന്നതിനും കളികള്‍ സഹായിക്കുന്നു. ആറു വയസ്സുമുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ കളി ചിരി കാര്യത്തില്‍ പങ്കാളികളാക്കി മൂന്നൂറില്‍പരം ക്ലാസ്സുകള്‍ കഴിഞ്ഞത് ഏറെ ചാരിതാര്‍ത്ഥ്യമാണ്. ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ അഭിനയിക്കാനും നൂറില്‍പരം കുട്ടികളുടെ നാടകം സംവിധാനം ചെയ്യുവാനും സാധിച്ചത് മഹാഭാഗ്യം.

അസാദ്ധ്യമായ ജീനിയസ്സാണ് നമ്മുടെ കുട്ടികള്‍. ആ കഴിവ് കണ്ടെത്തുകയാണ് പരമപ്രധാനം. ഫാന്‍റസിയുടെ വലിയൊരു തന്നെ കുഞ്ഞുമനസ്സില്‍ കുടിയേറിയിട്ടുണ്ടാവും. കഥയിലും, രൂപത്തിലും, അവതരണത്തിലുമുള്ള അസാധരണത്വം കുട്ടികള്‍ ഇഷ്ടപ്പെടുന്നു. അവര്‍ ആസ്വദിക്കുന്നു, പൊട്ടിച്ചിരിക്കുന്നു. സാഹചര്യങ്ങളുടെ വലിയ ക്യാന്‍വാസ് അവര്‍ക്കുമുന്നില്‍, അവര്‍ക്കിണങ്ങുന്ന ഭാഷയില്‍ മനസ്സിലാക്കി കൊടുത്താല്‍ മാത്രം മതി.

അഭിനയത്തിന്‍റെ നവരസഭാവങ്ങളുടെ അകമ്പടിയോടെ അരങ്ങുതകര്‍ക്കുന്ന കാഴ്ച നമ്മെ അത്ഭുതപ്പെടുത്തും.
കുട്ടികളോടൊപ്പം ചിരിച്ചും, കളിച്ചും, കഥപറഞ്ഞും, പാട്ടുപാടിയും അവരുടെ ലോകത്തിലൂടെ അഭിനയത്തിന്‍റെ ബാലപാഠം ഞങ്ങള്‍ക്കൊപ്പം അവരോടുകൂടി സഞ്ചരിക്കുമ്പോള്‍ അറിയാതെ പുതു നാടകം രൂപപ്പെടുന്നു. ശിശുഭാവത്തിന്‍റെ രുചികളറിയുന്നു. അടുത്ത ക്യാമ്പിലേക്ക് പുറപ്പെടാനുള്ള ഊര്‍ജ്ജം അറിയാതെ പടരുമ്പോള്‍ യാത്ര തുടരുന്നു. ..അപ്പോഴും കൗതുകത്തോടെ മനസ്സ് മന്ത്രിക്കുന്നു.

ചേരും മറ്റു ചരാചരങ്ങള്‍
ഒരുമിക്കും വിശ്വമാം ആംഗീകം
ഓരോ നാദവും മുഴങ്ങി കേള്‍പ്പതോ
വാചീകം; സൂര്യനും ചന്ദ്രനുമസംഖ്യതാരകങ്ങളും
കൈകൂപ്പിനില്‍ക്കും: സാത്വീക ഭാവമാര്‍ന്ന
നടനെ പാടിപ്പുകഴ്ത്തുക നാം.

വി.വി.മോഹനന്‍
മയ്യില്‍