ശ്ലോകേന വാ തദര്‍ദ്ധേന തദര്‍ദ്ധാക്ഷരേണ വാ
അവന്ധ്യം ദിവസം കുര്യാത്ധ്യാനാദ്ധ്യയന കര്‍മഭിഃ
(ഒരു ശ്ലോകമോ പകുതിയോ അതില്‍ പകുതിയോ ഒരക്ഷരമോ ഇടവിടാതെ ദിവസം പ്രതി പഠിക്കുന്ന അല്‍പനു കൂടി സര്‍വവും ലഭിക്കുമെന്നറിക.)
സാഹിത്യകലയുടെ പ്രധാന്യമാണ് ഈ നീതിസാര ശ്ലോകം പറഞ്ഞു വെക്കുന്നത് ഒരു ശ്ലോകം ഉയര്‍ത്തിപ്പിടിക്കുന്ന ആശയം അതിന്‍റെ ശക്തി ചൈതന്യം, സ്വാധീനം പലപ്പോഴും വിസ്മയാവഹമായിരിക്കും. നിരന്തരമായ പഠനവും മനനവും നടത്തുമ്പോഴാണ് ഒരാള്‍ക്ക് ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ കാണാനാവുക. ഒരു ജീവിതം അഭികാമ്യമായിത്തീരുന്നത് അത് ദീര്‍ഘകാലം തുടരുന്നതുകൊണ്ടല്ല. ആ ജിവിതം കൊണ്ട് എന്തു ലക്ഷ്യമാക്കുന്നു; അതിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്.
ഈ ആശയത്തെ വീണപൂവില്‍ കുമാരനാശാന്‍ ആവിഷ്കരിച്ചത് എത്ര ചേതോഹരമാണ്!
സാധിച്ചു വേഗമഥവാ നിജ ജന്‍മകൃത്യം
സാധിഷ്ഠര്‍ പോട്ട്-ഇഹ സദാനിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നും മേഘ
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
വഴിമദ്ധ്യത്തിലുള്ള കഠിനശില പാന്ഥപാദങ്ങള്‍ക്ക് നിത്യേന ഉപദ്രവമുണ്ടാക്കുന്നു. ക്ഷണം കൊണ്ട് മിന്നിമറയുന്ന മേഘ ജ്യോതിസ്സാകട്ടെ ശരിയായ മാര്‍ഗം തെളിച്ചുകാട്ടുന്നു. ഇവിടെ കാമ്യമായ ജീവിതം രൂക്ഷശിലയുടേതല്ല, മിന്നല്‍പ്പിണറിന്‍റേതാണ്. പരാര്‍ത്ഥമായി മാത്രം ജീവിച്ച പൂവിന്‍റെ അല്‍പ്പായുസ്സ് അത്രമേല്‍ ദുഃഖ ഹേതുകമല്ലെന്ന് വ്യംഗ്യം. ഉദാത്തമായ ചിന്തയും ഉല്‍കൃഷ്ടമായ വികാരവും ഒരുമിച്ച് ചേരുന്നിടത്താണ് ഉത്തമസാഹിത്യം പിറവിയെടുക്കുക. അനുഭൂതികളുടെ സഫലമായ വിനിമയം, അതാണ് – സാഹിത്യത്തിന്‍റെ പരമമായ ലക്ഷ്യം “ഒരു വാക്കായാലും ശരി ഒരാളുടെ ഹൃദയത്തില്‍ നിന്നും മറ്റൊരാളുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലാനുള്ള അസാമാന്യമായ ശക്തി വിശേഷം അതിനുണ്ടെങ്കില്‍ അതും ഒരു മഹാകാവ്യമായി പരിഗണിക്കണം”. എന്ന ഉദ്ധരണി ഇവിടെ പ്രസക്തമാണ്. വെറും കണ്ണുകൊണ്ടല്ലാതെ അകക്കണ്ണ് കൊണ്ട് കാണുകയും ഹൃദയം കൊണ്ടറിയുകയും ആത്മാവ് കൊണ്ട് അനുഭവിക്കുകയും ചെയ്യാതെ ഒരു കൃതി വിലയിരുത്താനാവുമോ?
“വളരും, വളര്‍ന്നു വലിയ ആളാകും. കൈകള്‍ക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കാം. ആരെടാ എന്നു ചോദിച്ചാല്‍ പരുങ്ങാതെ ഉറച്ച സ്വരത്തില്‍ പറയാം, ഞാനാണ്, കോന്തുണ്ണിനായരുടെ മകന്‍ അപ്പുണ്ണി.”എം.ടിയുടെ നാലുകെട്ടിന് അഞ്ചുപതിറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഇന്നും പുതുമ ചോരാതെ നില കൊള്ളാന്‍ കഴിയുന്നു. വാക്കുകള്‍ മര്‍മമറിഞ്ഞ് പ്രയോഗിക്കുവാനുള്ള വൈദഗ്ധ്യം ജന്‍മായത്തമായ പ്രതിഭ കൊണ്ട് സിദ്ധിക്കുന്നതാണ്. കഥ പറഞ്ഞുകേള്‍പ്പിക്കുന്നതിനു പകരം അത് അനുഭവിപ്പിക്കുന്ന തരത്തിലാണ് എം.ടിയുടെ ആഖ്യാനം. ഉള്ളില്‍ കൊള്ളാതെയാവുമ്പോള്‍ നിറഞ്ഞു കവിയുന്നപോലെ, ഏഴുത്ത് ഒരു തരം നിറഞ്ഞുകവിയലാണ്. അത് ഗദ്യത്തിലായാലും പദ്യത്തിലായായും. പ്രതിഭാവാനായ രചയിതാവിന്‍റെ രചനകളെ കാലത്തിന് നിറം കെടുത്താനാവില്ല. ഭാഷയുടെയോ ദേശത്തിന്‍റെയോ, പ്രമേയത്തിന്‍റെയോ ഒരു തരത്തിലുള്ള പരിമിതികളും ബാധിക്കാതെ ഉല്‍കൃഷ്ടമായ രചനകള്‍ കാലാതിവര്‍ത്തിയാവുന്നു. കാളിദാസകൃതികളിലേക്ക് ഇന്നും വായനക്കാര്‍ പാഞ്ഞടുക്കുന്നു. സംസ്കൃതഭാഷ പഠിച്ചിട്ടല്ല കാളിദാസ കൃതികള്‍ ഭൂരിപക്ഷവും ആസ്വദിക്കുന്നത്, അതിന് വിവര്‍ത്തനങ്ങളെയാണ് ശരണം പ്രാപിക്കുന്നത്.
അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തള ഭര്‍തൃഗൃഹത്തിലേക്ക് കണ്വമഹര്‍ഷിയുടെ ശിഷ്യന്‍മാരോടൊപ്പം യാത്രപുറപ്പെടുന്നു. യാത്രയാക്കുന്ന കണ്വന്‍റെ ഹൃദയവ്യഥ കാളിദാസന്‍ വരച്ചുകാട്ടുന്നതിങ്ങനെ.
“യാസ്യത്യദ്യ ശകുന്തളേതി ഹൃദയം സംസ്പൃഷ്ടമുത്കണ്ഠയാ
കണ്ഠസ്തംഭിതബാഷ്പവൃഷ്ടി; കലുഷഃചിന്താജടം ദര്‍ശനം
വൈക്ലവ്യം മമ താവദീദൃശമഹോ സ്നേഹാദരണ്യൗകസഃ
പീഡ്യന്തെ ഗൃഹിണഃകഥം നു തനയാ വിശ്ലേഷ ദുഃഖൈര്‍നവൈഃ “
സംസ്കൃത ഭാഷജ്ഞാനം കൂടിയുള്ള ഒരു സഹൃദയന് ഈ ശ്ലോകം അനുഭവപ്പെടുത്തുന്ന അവാച്യമായ രസാനുഭൂതി അനുഭവിച്ച് തന്നെ അറിയണം. അത് തീര്‍ത്തും വാചമഗോചരം തന്നെ. ഇവക്കുണ്ടായ മലയാള വിവര്‍ത്തനങ്ങള്‍ പരിമിതികളേറെയുണ്ടെങ്കിലും സഹൃദയന്‍മാര്‍ സ്വാഗതം ചെയ്തിട്ടേയുള്ളു.
“പോകുന്നുണ്ടിതുനാള്‍ ശകുന്തള പിരിഞ്ഞെന്നോര്‍ത്തു ഹൃത്തുത്സുകം
തൂകാഞ്ഞശ്രുഗളോദരം കലുഷിതം ഭാവംജഡം ചിന്തയാല്‍
കാട്ടില്‍പ്പാര്‍ക്കുമെനിക്കുമിത്ര കഠിനം സ്നേഹോദിതം കുണ്ഠിതം
നാട്ടില്‍പ്പെട്ട ഗൃഹസ്ഥനെത്രയുളവാം പുത്രീവിയോഗവ്യഥ?”
ആവര്‍ത്തിച്ച് വായിക്കുന്തോറും അവയില്‍ പുതിയ അര്‍ത്ഥവിശേഷങ്ങള്‍ തെളിഞ്ഞുവരും. വായനക്കാരുടെ ബോധത്തെയും ചിന്തയേയും ഉലച്ചുണര്‍ത്തി മാനവികതയെ ഉത്തേജിപ്പിച്ച് സംസ്കാരത്തെ പരിപോഷിപ്പിച്ച് ജീവിതത്തെ നന്നാക്കുകയാണ് സാഹിത്യത്തിന്‍റെ ധര്‍മം.
സച്ചിന്തകളെ അനുരണനംചെയ്യിച്ച് മനസ്സുകളെ ഉദാത്തവല്‍ക്കരിക്കാനാണ് സാഹിത്യം കൊണ്ട് കഴിയേണ്ടത്.
വഹ്നി സന്തപ്ത ലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്‍മം ക്ഷണഭംഗുരം
എന്ന രണ്ടു വരിയിൽ എഴുത്തച്ഛന്‍ നല്‍കുന്ന സദാചാരപാഠങ്ങള്‍ അളവറ്റതാണ്. ആവശ്യത്തിന് ഭൂമി അളന്നെടുത്തുകൊള്ളാന്‍ അനുവാദം കിട്ടിയപ്പോള്‍ ആര്‍ത്തിയോടെ അവസാനശ്വാസംവരെ പാഞ്ഞ്നടന്ന് അളന്നെടുത്ത മനുഷ്യന്‍ വീണു മരിച്ച കഥ ടോള്‍സ്റ്റോയ് പറഞ്ഞു. വാസ്തവത്തില്‍ ആ മനുഷ്യന് ആറടി മണ്ണുമാത്രമേ പ്രയോജനപ്പെട്ടുള്ളൂ. ലക്കുകെട്ട മനുഷ്യന്‍റെ ദുരയുടെ നിരര്‍ത്ഥകതയും ജീവിതത്തിന്‍റെ ക്ഷണികതയും ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിന്‍റെവരകവി. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ വരികള്‍ തലമുറകള്‍ കൈമാറിക്കൊണ്ടിരിക്കുന്നു.
സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, പൊതുമുതലിന്‍റെ ധൂര്‍ത്ത്, ലിംഗവിവേചനം, ചൂഷണം തുടങ്ങിയ അരുതായ്മകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മുന്നറിയിപ്പായി താക്കീതായി കവിമൊഴികള്‍ പ്രകമ്പനം കൊള്ളുന്നുണ്ട്.’ശിവേതരരക്ഷതി’ കാവ്യപ്രയോജനങ്ങളില്‍ മുഖ്യമായതാണ്. അമംഗളനാശത്തിനായി കവനങ്ങള്‍ പ്രയോജനപ്പെടണം. ഇന്ന് ശാസ്ത്രവും സാങ്കേതികവിദ്യുയും പുരോഗതിയുടെ ഉച്ചസ്ഥായിയിലാണ്. നാം അധിവസിക്കുന്ന ഭൂമിയെ അതിലെ വിഭവങ്ങളെ ഭ്രാന്തമായി ഉപഭോഗം നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലം മൂല്യസങ്കല്‍പ്പത്തെയും സദാചാര വ്യവസ്ഥയെയും വലിയ തോതില്‍ വികലമാക്കി.
ആരോഗ്യകരമായ ഒരു സാമൂഹ്യസംവിധാനം എന്ന ലക്ഷ്യത്തിന് പകരം ‘ഞാന്‍’ എന്ന ഉത്തമപുരുഷനില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് സര്‍വ്വത്ര. ദുരവസ്ഥയില്‍ ആശാന്‍ ‘മാറ്റുവിന്‍ ചട്ടങ്ങളേ’ എന്നു പ്രയോഗിച്ചു വാഴക്കുലയില്‍ ചങ്ങമ്പുഴ ‘ഇതിനൊക്കെ’ പ്രതികാരം ചെയ്യാതടങ്ങുമോ എന്നു പറഞ്ഞുവെച്ചു. കാവ്യസന്ദര്‍ഭങ്ങളില്‍ അവ നല്‍കുന്ന അര്‍ത്ഥപൂര്‍ത്തിക്കപ്പുറം സാഹചര്യം നിര്‍ബന്ധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സാഹിത്യം അതിന്‍റെ ധര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടിരിക്കും.
സാഹിത്യത്തിന്‍റെ സാമൂഹ്യധര്‍മം നിര്‍വ്വഹിക്കുമ്പോള്‍തന്നെ വൈയക്തികമായ രസാനുഭൂതി പകരുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ അവ കേവലം ഉല്‍ബോധനങ്ങളുടെയും ഉപദേശങ്ങളുടെയും തലത്തില്‍ നില്‍ക്കുകയേ ഉള്ളൂ. ഏതു പരിതസ്ഥിതിയിലും ഉചിതമായ പദവിന്യാസ പാടവമള്ള സര്‍ഗശക്തിയുമുള്ള എഴുത്തുകാരന് ജനമനസ്സില്‍ ഇടംകിട്ടുക തന്നെ ചെയ്യും. സൗന്ദര്യപൂജയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ അയത്നലളിതമായി ആവിഷ്കരിച്ച വരിയില്‍നിന്നൂറുന്ന സൗന്ദര്യപൂരം കാണുക.
‘മാറിനില്‍ക്കുക രാവിന്‍റെ
മഹിഷാസുരസൈന്യമേ
എഴന്നള്ളുകയായ് അര്‍ക്ക-
ചന്ദ്രമുദ്ര ധരിച്ചവള്‍’
മഹിഷാസുരമര്‍ദ്ദിനി അനുവാചകമസ്സിലേക്കാണ് എഴുന്നള്ളിയത്. ഇവിടെ വൈയക്തികമായ അനുഭൂതി പകര്‍ന്നതിന്‍റെ രാസവിദ്യ എന്തായിരിക്കും. പദങ്ങളുടെ ആത്മാവറിഞ്ഞ പ്രയോഗം മാത്രം. സത്കവിത്വം കൂടാതെ വാഗ്വൈദഗ്ധ്യം പ്രകാശിക്കയില്ല. പുതിയ എന്തെങ്കിലും അറിയിക്കാനോ, ഭാവമാവിഷ്കരിക്കാനോ, സൗന്ദര്യനിവേദനത്തിനോ, പര്യാപ്തമാവാതെ, എന്തെങ്കിലുമൊന്നു മിണ്ടിയെന്നുവരുത്താന്‍ കവനസരണിയില്‍ വന്നു പോവുന്നവരെക്കാലവുമുണ്ടായിരുന്നു. എന്തുപറഞ്ഞു, എങ്ങനെ പറഞ്ഞു എന്നിതനേക്കാള്‍ എന്തെങ്കിലും പറഞ്ഞു എന്നതില്‍ തന്നെയാണിക്കൂട്ടരുടെ ചാരിതാര്‍ത്ഥ്യം.
ഒരുതൈ നടുമ്പോള്‍ ഒരുതണല്‍ നടുന്നു
നടുനിവര്‍ക്കാനൊരു കുളുര്‍നിഴല്‍ നടുന്നു.
സോദ്ദേശ്യമാവണം സൃഷ്ടികര്‍മ്മം. ഒ.എന്‍.വി. ദര്‍ശിക്കുന്നതുപോലെ നടുനിവര്‍ക്കാനൊര കുളുര്‍നിഴലിനും അതുപോലെ മറ്റുപലതിനുമാണ് ഒരു തൈ നടുന്നത്. ഒരു സര്‍ഗസൃഷ്ടി നടത്തുമ്പോഴും ഇതേ പ്രത്യാശയാണ് പുലര്‍ത്തുന്നത്. വക്താവില്‍ നിന്നും ശ്രോതാവിലേക്ക് രചയിതാവില്‍ നിന്നു ഭാവകനിലേക്ക് ചെന്നെത്തുമ്പോള്‍ സൃഷ്ടി പലവിതാനങ്ങളിലേക്ക് വളര്‍ന്നുയര്‍ന്നു കഴിഞ്ഞിരിക്കും. വായനക്കാരന്‍റെ സഹൃദയത്വത്തിനും സാഹിത്യരസിരതയ്ക്കും, സാംസ്കാരിക അവബോധത്തിനുമനുസരിച്ച് രചനക്ക് പലമാനങ്ങള്‍ കൈവരാം. ഒരു സാധാരണക്കാരന് സാധിക്കാത്ത അഗാധമായ ഉള്‍കാഴ്ചയോടെ തന്‍റെ അസ്തിത്വത്തെ നോക്കികാണാന്‍ കവിക്കു കഴിയും. ഭാവനാനയനങ്ങള്‍കൊണ്ടാണ് കവി കാണുന്നത്. അതിസൂക്ഷ്മനാദങ്ങള്‍ ശ്രവണപുടത്തില്‍ ചെന്നുതട്ടുന്നു. സൂക്ഷ്മസംവേദനക്ഷമതയോടെ ദുര്‍ഗ്രാഹ്യമായതിനെ സ്പര്‍ശിക്കുന്നു. തീവ്രാനുഭൂതികളെ മുറുകെപ്പിടിക്കുന്ന സ്വകീയമായ അനുഭവം പരകീയമാവുമ്പോള്‍ അനുഭൂതികളുടെ സംക്രമണത്തിന് അളവുകളോ അതിരുകളോ ക്ലപ്പിച്ചുകൂട്ടാനാവില്ല.
സാഹിത്യകൃതികള്‍ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ‘കൃതികള്‍ മനുഷ്യ കഥാനുഗായികള്‍’ എന്ന് കവിമൊഴി. ലോകത്ത് ഏതുകോണിലായാലും മനുഷ്യമനസ്സുകള്‍ക്ക് സമാനതകളുണ്ട്. മനസ്സിനെ വിമലമാക്കുന്ന സര്‍ഗക്രിയക്ക് ലോകത്തെവിടെയും സ്വാധീനമുണ്ട്. കാലത്തേയും ലോകത്തേയും അതിജീവിക്കാന്‍ കഴിയുന്ന രാമായണം, മഹാഭാരതം, ഇലിയഡ്, ഒഡീസി തുടങ്ങിയ ക്ലാസിക് രചനകള്‍ തൊട്ട് ഒറ്റവരിക്കവിതവരെയും അത്യന്തികമായി നിര്‍വഹിക്കുന്നത് മാനവികതയ്ക്ക് മിഴിവേറ്റുക എന്നതാണ്. ഭാവാത്മകതകവിത, ആഖ്യാനകവിത, ആധുനികകവിത, കാര്‍ട്ടൂണ്‍കവിത, സമകാലികകവിത എന്നിങ്ങനെയെല്ലാം വിധംതിരിച്ചു പറയുന്നത് കേവലം പ്രമേയത്തിലെയും പ്രതിപാദ്യത്തിലേയും വ്യത്യസ്തകള്‍ക്കനുസരിച്ച് മാത്രം. വായനക്കാരന്‍റെ ഹൃദയത്തില്‍ തൊടാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ് എല്ലാറ്റിന്‍റേയും മൗലികമായ അന്വേഷണം.
വൈയക്തികമായ രോഗാവസ്ഥ, സാമൂഹികമായ അനാരോഗ്യം ഇവ പരിഹരിച്ചെടുക്കാന്‍ പല പോംവഴികള്‍ തേടേണ്ടതുണ്ട്. കാര്യകാരണങ്ങളെ വിശകലനം ചെയ്ത് ഏറ്റവും ഉചിതമായ നടപടികളിലേക്കു കടക്കുമ്പോള്‍ സംഗീതം, കല, സാഹിത്യം എന്നിവയ്ക്ക് ഏറെ ചെയ്യാനുണ്ടാകും.
കവി സച്ചിദാനന്ദന്‍ ഇങ്ങനെ നിരീക്ഷിച്ചു. “എഴുത്ത് വെറും വാഗ്സംയോജനലീലയല്ല. ഇലക്ട്രോണിക് മസ്തിഷ്കത്തിന് കല്പനാ ശേഷിയുള്ള മനസ്സിനു പകരം നില്‍ക്കാനാവുമെന്നും തോന്നുന്നില്ല. കവിത എപ്പോഴും എണ്ണത്തിലും അളവിലും നിന്നു തെന്നിമാറുന്നു. അത് പറയാനാകാത്തത് പറയാന്‍ ശ്രമിക്കുന്നു. അതിനറിയാത്ത എന്തോ ഒരു പക്ഷെ ഒരിക്കലും അറിയാനാകാത്ത എന്തോ! ഭാഷയുടെ അതിര്‍ത്തികളില്‍ നിന്ന് രക്ഷപ്പെടാനുള്ള സമരമാണതിന്‍റെ സമരം. പറയാനാവുന്നതിന്‍റെ പരമാതിര്‍ത്തിയില്‍ നിന്നാണത് വലിഞ്ഞുമുറുകുന്നത്. കവിതയെ-സാഹിത്യത്തെ മുഴുവനുമെന്നുപറയാം പ്രചോദിപ്പിക്കുന്നത് നിഘണ്ടുവിലില്ലാത്തതിന്‍റെ ആഹ്വാനവും ആകര്‍ഷണവുമാണ് അത് വ്യക്തിസ്മൃതിയിലും സമൂഹസ്മൃതിയിലും നിന്ന് നാടുകടത്തപ്പെട്ട വാക്കുകളേയും കഥകളേയും വീണ്ടെടുക്കുന്നു.”
അക്കാഡമിക് ബിരുദങ്ങളും യോഗ്യതകളും മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ സമഗ്രമായി കാണുന്നതിന് ശീലിപ്പിച്ചുകൊള്ളണമെന്നില്ല. സ്ഥിരമൂല്യങ്ങളേയും സ്ഥിരം സത്യങ്ങളേയും സാഹിത്യം പുനഃസൃഷ്ടിക്കുന്നില്ല. സാമാന്യ ബോധത്തിലധിഷ്ഠിതമായ ജ്ഞാനത്തിനുമപ്പുറമുള്ള പരമമായ ജ്ഞാനശക്തിയിലേക്ക് സാഹിത്യം കൊണ്ടുപോവും. എഴുത്തുകാര്‍ ശബ്ദമില്ലാത്തവന് ശബ്ദം നല്‍കുന്നു. കാണേണ്ടത് കാണിക്കുന്നു. കേള്‍ക്കേണ്ടത് കേള്‍പ്പിക്കുന്നു. ഭാഷയിലും ദര്‍ശനത്തിലും സമീപനത്തിലും വേറിട്ടവഴിയില്‍ നടത്തുന്നു. അരുതായ്മക്കെതിരെ അരുതെന്ന് കല്‍പ്പിക്കുന്നു. സഹജാതന്‍റെ കണ്ണീരൊപ്പാന്‍ കൈലേസാവുന്നു. ലോകത്തെ വിമര്‍ശിക്കുമ്പോഴും വിമര്‍ശനത്തിലെ ആത്മവിമര്‍ശനത്തിന് അവസരമൊരുക്കുന്നു. എന്തിനു സര്‍ഗ്ഗാത്മക പ്രവര്‍ത്തനം എന്ന ചോദ്യത്തിന് ഏകമുഖമായ മറുപടി ലഭിക്കില്ല.
ഡോസ്റ്റോവ്സ്കി ഒരിക്കല്‍ എഴുതി.
“ഏകനായി ജീവിക്കുകയും ഓര്‍മ്മകള്‍ അയവിറക്കി ഹൃദയത്തിലെ വ്രണങ്ങളെ എന്നുമെന്നും കുത്തിപ്പൊളിക്കുകയും ചെയ്യുന്നതു നിമിത്തം നിങ്ങളുടെ ജീവിതം അസഹ്യമാംവിധം വിഷാദജനകമായിത്തീരുന്നു”
– ഈ ദുര്‍ഗതിക്കു ഒരു പ്രതിവിധിയും രക്ഷപ്പെടാന്‍ ഒരഭയവും മാത്രമേയുള്ളൂ – കലാസാഹിത്യസപര്യ.
– ഡോ.സി.കെ.മോഹനന്‍
നന്ദനം, പി.ഒ. പി.ആര്‍.നഗര്‍ – 670 702, കണ്ണൂര്‍