ജീവിതയാത്രയുടെ സ്റ്റിയറിംഗ് നിങ്ങളില്‍തന്നെ

Prajith-Jaypal-Disability-Activist-Motivational-Speaker

നൂറു വര്‍ഷത്തിനപ്പുറം നീണ്ടു നില്‍ക്കുന്ന ജീവിത യാത്ര. കയറ്റങ്ങളും ഇറക്കങ്ങളും, കുണ്ടും, കുഴികളും സ്വാഭാവികമായും വന്നു ചേരും ഈ യാത്രയില്‍. ഇവയെല്ലാം തരണം ചെയ്ത് ജീവിത യാത്രയെ നയിക്കേണ്ടത് മനസ്സെന്ന സ്റ്റീയറിങ്ങിലാണ്. അതിന്‍റെ ഉപയോഗം, നിയന്ത്രണം അതില്‍ ഓരോരുത്തരുടേയും ജീവിതം നിശ്ചയിക്കപ്പെടുന്നത്. രാവും, പകലും മാറി മാറി വന്നു പ്രായമേറുമ്പോള്‍ ശാരീരികമായ മാറ്റങ്ങള്‍ അനിവാര്യം. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, എന്നിങ്ങനെയത് മാറി മാറി ജീവിതയാത്ര മുന്നോട്ട് പോകും. അപ്പോഴും നമ്മില്‍ ഉറങ്ങിക്കിടക്കുന്ന, അല്ലെങ്കില്‍ വളരുന്ന മനസ്സിന് മാത്രം മാറ്റമില്ല. ഓരോ വ്യക്തിയുടെയും അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ഈ മനസ്സിന്‍റെ കരുത്താണ് ജീവിത യാത്രയിലെ കുണ്ടും, കുഴികളും, കയറ്റവും ഇറക്കവും തരണം ചെയ്യാന്‍ ഓരോരുത്തരേയും സഹായിക്കുന്നത്. മനസ്സിന്‍റെ കരുത്ത്…അതൊന്നുകൊണ്ടു മാത്രം വിജയിച്ചവരേയും ,പരാജയപ്പെട്ടവരേയും നമുക്കിടയില്‍ കാണാം. വിജയിച്ചവര്‍ക്കും, പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ലോകവും, ജീവിതവും എന്നറിയണം. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍ അവ എന്തു തന്നെ ആയിക്കൊള്ളട്ടെ. “ഞാന്‍ വിജയിക്കും വിജയിക്കാനുള്ള മനസ്സ് എനിക്കൊപ്പമാണ്”- ഈ മനസ്സ് നേടിയെടുത്ത് ജീവിതത്തിന്‍റെ സ്റ്റീയറിംഗ് ചലിപ്പിച്ചാല്‍ ജീവിത വിജയം ഉറപ്പാണ്.

വാക്കുകളിലൂടെ മാത്രമല്ല സ്വജീവിതത്തിലൂടെ ഈ സന്ദേശം പറഞ്ഞു തരുന്നത് കോഴിക്കോട് ചേവരമ്പലത്ത് ഗ്രീന്‍ വാലിയില്‍ താമസിക്കുന്ന പ്രജിത്ത് ജയ്പ്പാല്‍, വയസ്സ് 43 എം.ബി.എ ബിരുദധാരി .എഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു കാര്‍ അപകടത്തില്‍ കഴുത്തിന് താഴോട്ട് സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ക്വാഡീപ്ലിജിക് (Quadriplegic) എന്ന് വൈദ്യശാസ്ത്രം വിധിച്ച രോഗാവസ്ഥയില്‍ .വീല്‍ചെയറില്‍ സഞ്ചാരം. എന്നാല്‍ വിധി നല്‍കിയ ശാരീരിക അവശതകളെ അവഗണിച്ച് നേട്ടങ്ങള്‍ കൊയ്യുന്നത് മനക്കരുത്ത് അതൊന്നുകൊണ്ടു മാത്രം. പ്രജിത്ത് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലോക യാത്രയ്ക്ക് ഒരുങ്ങുകയാണ്. അതും സ്വന്തം കാറില്‍, പ്രത്യേകം രൂപ കല്‍പ്പന ചെയ്ത കാറിലുള്ള ഈ യാത്രയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയത് 2018 ഏപ്രില്‍ 1ന് കോഴിക്കോട് നിന്നും സ്വയം നടത്തിയ യാത്രയാണ്.

23 ദിവസമെടുത്ത് 4374 കിലോമീറ്റര്‍ യാത്രചെയ്ത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണാനിടയായതാണ്. കേരളം മുതല്‍ ഡല്‍ഹിവരെയുള്ള റോഡുയാത്രക്കിടയില്‍ തന്നെപ്പോലുള്ള നിരവധിപേരെ കണ്ടു. അവരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. ഇവയല്ലാം സമാഹരിച്ച് മെയ് രണ്ടാം തീയ്യതി പ്രധാനമന്ത്രിയെ കാണുകയാണ്. മെയില്‍ മുഖാന്തരം മുന്‍പെ തന്നെ ഇരുവരും വിഷയങ്ങള്‍ കൈമാറിയതിനാല്‍ വ്യക്തമായ പദ്ധതികളോടെ മുന്നോട്ട് പോകാന്‍ ചുരുങ്ങിയ സമയത്തിനിടയില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രജിത്ത് മുന്നോട്ട് വച്ച ആശയങ്ങള്‍ പരിഗണിക്കാമെന്നും ഭിന്നശേഷിക്കാര്‍ക്കുള്ള സ്വാവലംഭന്‍ പെന്‍ഷന്‍ പുനരാരംഭിക്കാനിടയാവുകയും ചെയ്തു. കൂടെ ഇന്ത്യയില്‍ എബിലിറ്റിക്സ് എക്സ്പോ സംഘടിപ്പിക്കാനുള്ള പ്രജിത്തിന്‍റെ നിര്‍ദ്ദേശത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കി. അമേരിക്കയില്‍ നടക്കുന്ന എബിലിറ്റി എക്സ്പോയില്‍ പങ്കെടുത്തു വരാനായി പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അങ്ങിനെ ഒക്ടോബര്‍ 12ന് അമേരിക്കയിലേക്ക്. ഡല്‍ഹിയില്‍ നിന്നും ഒറ്റക്ക് 16 മണിക്കൂര്‍ വിമാനയാത്രക്ക് ശേഷം സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍. മൂന്ന് ദിവസങ്ങളായി സാന്‍റിയാഗോയില്‍ നടന്ന എബിലിറ്റി എക്സ്പോയിലെ 150 സ്റ്റാളുകളും സന്ദര്‍ശിച്ചു. വിവിധ കമ്പനികളുമായും, വിദഗ്ധരുമായും ആശയവനിമയം നടത്തി തിരിച്ചു വന്നു.

രണ്ട് വര്‍ഷത്തിനകം ഇന്ത്യയില്‍ ഇതേ പോലെ, അതിലും ഭംഗിയായി അന്താരാഷ്ട്ര എബിലിറ്റി എക്സ്പോ സംഘടിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു.അതിന് തൊട്ടു മുമ്പായി ഒരു ലോകയാത്ര. ഡ്രൈവ് ഫോര്‍ സിസെബിലിറ്റി ഡ്രൈവ് ടു ഇന്‍സ്പെയര്‍ എന്നതാണ് ഒരു വര്‍ഷം നീളുന്ന യാത്ര ഡിസംബര്‍ പകുതിയോടെ കോഴിക്കോട്ടു നിന്ന് തുടങ്ങും. മലപ്പുറം സ്വദേശിയായ തോരപ്പ മുസ്തഫ രൂപ കല്‍പ്പന ചെയ്ത കാറില്‍ ന്യൂഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി ചൈന, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, വഴി യൂറോപ്പ്, തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലൂടെ ആഫ്രിക്ക ലാറ്റിനമേരിക്ക, സന്ദര്‍ശിച്ച് ഓസ്ട്രേലിയ, സിംഗപ്പൂര്‍, നേപ്പാള്‍ വഴി തിരിച്ചെത്തും. ഒരു കാര്‍ മെക്കാനിക്കും, ഡോക്ടറും മാത്രമാണ് പ്രജിത്തിനൊപ്പമുണ്ടാവുക. ഇവരെ അവരുടെ സൗകാര്യാര്‍ത്ഥം ഇടക്കിടെ മാറ്റും. ആറു സ്ഥലങ്ങളില്‍ നിന്നും മാത്രമാണ് കാര്‍ കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുപോവുക. അടുത്ത വര്‍ഷം ഡിസംബറോടെ കോഴിക്കോട് തിരിച്ചെത്താനാണ് യാത്രാ പദ്ധതി.

Prajith-Jaypal-Pinting-gifted-to-Narendra-Modi-PM-India

Image Source : Wheelers Foundation

ഇതിനിടയില്‍ സ്വന്തം അവസ്ഥയില്‍ തുടരുന്ന നൂറില്‍പ്പരം പേരെ ചേര്‍ത്ത് വീലേഴ്സ് ക്ലബ് ഫൗണ്ടേഷന് തുടക്കമിട്ടു, ഈ സംഘടനയുടെ മേല്‍വിലാസത്തില്‍ ശാരീരിക വിഷമതകള്‍ നേരിടുന്നവരുടെ വിഷമതകള്‍ അക്കമിട്ട് സര്‍ക്കാരിന് മുന്നിലെത്തിക്കുകയും, നടപടികള്‍ സ്വീകരിക്കാനും കഴിയുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആയിരുന്നു Drive to Delhi എന്ന കാര്‍ യാത്ര. ഈ യാത്രയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ സമര്‍പ്പിച്ചത് പ്രജിത്ത് വരച്ച ‘കുചേലന്‍റെയും കൃഷ്ണന്‍റെയും ‘സമാഗാമത്തിന്‍റെ ചിത്രമായിരുന്നു.
ദേവാംഗ് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്‍റെ സ്ഥാപകന്‍ കൂടിയാണ്.സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വീകരിക്കുന്നതും, ചിലവഴിക്കുന്നതും ഈ ട്രസ്റ്റ് മുഖാന്തരമാണ്.

രണ്ടര വര്‍ഷത്തോളം കാലം അനക്കമില്ലാതെ കിടന്ന കിടപ്പിലായിരിക്കുമ്പോഴാണ് ആയുര്‍വേദചികിത്സയിലേക്ക് തിരിയുന്നത്. ശരീരത്തിന് ബലം നല്‍കാനും, ഉന്മേഷമേകാനും ആയുര്‍വേദ ചികിത്സയാല്‍ കഴിഞ്ഞു.അതിന്നും തുടരുന്നു. അച്ഛന്‍ ജയ്പ്പാല്‍ ഫിഷറീസ് വകുപ്പില്‍ ഡെപ്പ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു. സഹോദരി ബാംഗ്ലൂരില്‍ താമസം.വീട്ടമ്മയായ അമ്മക്ക് സുഖമില്ലാതായതോടെ കുറച്ച് കാലം ബാംഗ്ലൂരിലേക്ക് താമസം മാറ്റേണ്ടി വന്നു പ്രജിത്തിന്. അവിടെ യുള്ള ജീവിതമാണ് സഞ്ചാര പ്രിയനാക്കി വീണ്ടും മാറ്റുന്നത്റോബര്‍ട്ട് എന്ന കാലുകള്‍ തളര്‍ന്ന സുഹൃത്താണ് കാര്‍ സ്വന്തമായി ഓടിക്കാന്‍ പ്രാപ്തരാക്കുന്നത്. എല്ലാ ആഴ്ചയും ബാഗ്ലൂരില്‍ നിന്നും ചെന്നൈയിലേക്ക് സ്വയം കാര്‍ ഓടിച്ച് പോകുമായിരുന്നു റോബര്‍ട്ട്. രൂപ മാറ്റം വരുത്തിയ തന്‍റെ കാറില്‍ പ്രജിത്ത് സ്വയം ഡ്രൈവറായി മാറി. ആ ആത്മവിശ്വാസത്തിന്‍റെ കരുത്തില്‍ ഇന്ന് ലോകം മുഴുവന്‍ കാറോടിച്ച് പോകാന്‍ പ്രജിത്ത് ജയ്പ്പാല്‍ പ്രാപ്തനായി. ആ യാത്രക്കിടയില്‍ 80 രാജ്യങ്ങള്‍ സന്ദര്‍ശിക്കും, വിവിധ സംഘടനകള്‍, പ്രതിനിധികള്‍, ഇവരെ കാണും. അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണ് ഈ യാത്രയുടെ ഉദ്ദേശം. അടുത്ത മാസം കോഴിക്കോട് ബീച്ചില്‍ നിന്ന് യാത്ര തുടരും. പ്രജിത്തിന്‍റെ ആശയങ്ങള്‍ക്കും യാത്രകള്‍ക്കും ജീവിതത്തിനും എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്…