സംസ്കൃത ഭാഷാപഠനം : അലങ്കാരം, ഭാഷ പഠനത്തിൽ

Learning-Sanskrit

സംസ്കൃത സാഹിത്യത്തിലെ മഹാകവികളുടെ കാവ്യങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ഒരു ശ്ലോകം എങ്ങിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നറിയണം. കാവ്യങ്ങളുടെ സ്വരൂപം, വിഭാഗം, വൃത്തി, രീതി, ഗുണം, ദോഷം, അലങ്കാരം, ഛന്ദസ്സ് എന്നിവ സാഹിത്യാസ്വാദനത്തിന്‍റെ പ്രതിപാദ്യവിഷയങ്ങളാണ്.

ഇപ്പോള്‍ അലങ്കാരമെന്തെന്ന് നോക്കാം. സാഹിത്യം വായിക്കുമ്പോള്‍ നമുക്ക് എന്തോ ഒരു സുഖം (ആഹ്ലാദം) ലഭിക്കുന്നു. ഈ ആഹ്ലാദത്തെ അനുഭവിക്കാന്‍ കഴിയുന്നവരാണ് സഹൃദയന്മാര്‍. ഈ ആഹ്ലാദം ഉണ്ടാക്കുന്നത് ചമത്ക്കാരമെന്ന കവിതാ (സാഹിത്യ) ധര്‍മ്മമാണ്. ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.

അലങ്കാരങ്ങള്‍ രണ്ടുവിധത്തിലാണ്. ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും. കവികള്‍ പ്രാധാന്യം നല്കിയിരിക്കുന്നത് അര്‍ത്ഥാലങ്കാരങ്ങള്‍ക്കാണ്. ഓരോ അലങ്കാരത്തിനും ഓരോ പ്രത്യേകതയുമുണ്ട്. അതിശയം, സാമ്യം, വാസ്തവം, ശ്ലേഷം. സാധാരണയായി സ്വര്‍ണ്ണം എന്നു പറയുമ്പോള്‍ നമുക്കുണ്ടാകുന്ന പ്രതീതിയല്ല; കമ്മല്‍, മാല, വള എന്നൊക്കെ കേള്‍ക്കുമ്പോള്‍ തോന്നുന്നത്. അതേപോലെയാണ് അലങ്കാരവും.

ഉള്ളതില്‍ നിന്നും കൂട്ടിപറയുന്നത് അതിശയം. ഒരാളെക്കുറിച്ചുപറയുമ്പോള്‍ നാം പറയാറുണ്ട്; ‘അയാള്‍ പയറുമണിപോലെ ഓടിനടക്കുന്നു’ ഇതില്‍ നിന്നും അതിശയത്തിന്‍റെ സ്വഭാവം മനസ്സിലാകുമല്ലോ.

രണ്ടാമത്തേത് സാമ്യം – നമ്മുടെ മുന്നിലുള്ള ഒരു വസ്തുവിനെ വളരെ പ്രധാനമായ മറ്റൊന്നിനെ ചൂണ്ടിക്കാണിച്ച് തുല്യത വരുത്തുക. വെട്ടിത്തിളങ്ങുന്ന ഓട്ടുതളിക മുന്നില്‍ വെച്ച് ‘ഇത് സൂര്യനെപോലെ തിളങ്ങുന്നു’. എന്ന് പറയുമ്പോള്‍ സൂര്യന്‍റെ പ്രഭാവവും ഓട്ടുതളികയുടെ തിളക്കവും ബോധ്യമാകുന്നു. ഇത് സാമ്യം.

മൂന്നാമത് വാസ്തവം – ഉള്ളത് ഉള്ളതുപോലെ പറയുക ‘വലിയ ചുളകളുള്ള വലിയ ചക്ക’ എന്നു പറയുന്നതു തന്നെ വലിയതാണ് അതിലെ ചുളകളും അതുപോലെ തന്നെ. രണ്ടും വാസ്തവമായ കാര്യമാണ്. ഇത് വാസ്തവം.

നാലാമത്തേത് ശ്ലേഷം – ഒരേ വാക്കിന് രണ്ട് അര്‍ത്ഥങ്ങള്‍ കല്പിക്കുന്നത് ശ്ലേഷം. ‘അര്‍ത്ഥമില്ലെങ്കിലെന്തര്‍ത്ഥം’ എന്നാചോദിക്കുന്നിടത്ത് ആദ്യത്തെ അര്‍ത്ഥത്തിന് ധനമെന്നും രണ്ടാമത്തെ അര്‍ത്ഥത്തിന് വ്യര്‍ത്ഥമെന്നും അര്‍ത്ഥം പറയുന്നു. ശ്രേഷ്ഠരായ ആലങ്കാരികന്മാര്‍ അലങ്കാരങ്ങള്‍ക്ക് പേരും ലക്ഷണവും പറഞ്ഞിരിക്കുന്നത് ഈ നാല് ഉപാധികളെ മുന്‍നിര്‍ത്തിയാണ്. സാമ്യത്തില്‍ വരുന്നത് പ്രധാനമായും ഉപമാലങ്കാരം തന്നെ.

ലക്ഷണം ഇങ്ങനെ-
ഉപമാ യത്രസാദൃശ്യലക്ഷമീരുല്ലസതി ദ്വയോ:
ലക്ഷ്യം (ഉദാഹരണം) ഹംസീവ കൃഷ്ണതേ കീര്‍ത്തി:
സ്വര്‍ഗംഗാമവഗാഹതേ.

(ഹംസീ+ഇവ = ഹംസീവ. സ്വര്‍ഗംഗാം + അവഗാഹതേ =സ്വര്‍ഗംഗാമവഗാഹതേ)
പൂര്‍ണ്ണമായ ഉപമാലങ്കാരത്തില്‍ ഉപമേയം, ഉപമാനം, സാധാരണധര്‍മ്മം, ഉപമാവാചകം എന്ന നാല് വസ്തുക്കള്‍ ഉണ്ടാകണം.

ഉപമാനോപമേയങ്ങള്‍ക്ക് സഹൃദയഹൃദയാഹ്ലാദം ഉണ്ടാക്കാന്‍ കഴിയുന്ന വിധത്തിലാണ് കാവ്യമെങ്കില്‍ അവിടെ ഉപമാലങ്കാരം. രണ്ട് വസ്തുക്കള്‍ക്ക് തുല്യമായ സാദൃശ്യം പ്രദര്‍ശിപ്പിക്കുന്നത് ഉപമാലങ്കാരം. “ഹേ കൃഷ്ണാ! നിന്‍റെ കീര്‍ത്തി അരയന്നപ്പിടപ്പോലെ ആകാശഗംഗയില്‍ മുങ്ങിനീന്തുന്നു”- അരയന്നപ്പിടകള്‍ക്ക് ഭൂമിയിലും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്നു. അതുപോലെ കൃഷ്ണന്‍റെ യശസ്സും ഭൂമിയിലും ആകാശത്തിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു. അവഗാഹതേ എന്ന ക്രിയകൊണ്ട് അരയന്നപ്പിടകളേയും കൃഷ്ണന്‍റെ കീര്‍ത്തിയേയും ബന്ധിപ്പിച്ചിരിക്കുന്നു. ഏതിനെ ഏതിനോട് ഉപമിക്കുന്നുവോ അത് ഉപമേയം. ഇവിടെ കൃഷ്ണകീര്‍ത്തി ഉപമേയം. ഏതിനോട് തുല്യമെന്ന് പറയുന്നുവോ അത് ഉപമാനം. അരയന്നപ്പിട ഉപമാനം. ഉപമേയോപമാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അവഗാഹതേ എന്ന ക്രിയ സാധാരണ ധര്‍മ്മം. ഹംസീ ഇവ എന്നു പറയുന്നിടത്ത് പോലെ എന്നു സാദൃശ്യത്തെ പറയുന്ന ഇവ ശബ്ദം ഉപമാവാചകം.

എപ്പോഴും എവിടെയും ഉപമാലങ്കാരം പ്രയോഗിക്കാറുണ്ട്. സംസ്കൃത കവികളില്‍ കാളിദാസനാണ് ഉപമാലങ്കാരപ്രയോഗത്തില്‍ ഏറ്റവും സമര്‍ത്ഥന്‍.

‘ഉപമാ കാളിദാസസ്യ’ എന്ന ഒരു ചൊല്ലുതന്നെയുണ്ട്. കാളിദാസകൃതികളില്‍ സുലഭമായികാണുന്നഉപമാലങ്കാരങ്ങളാണ് ഈ സഹൃദയനിരൂപണത്തിന് അടിസ്ഥാനം . കാവ്യങ്ങളല്ലാത്ത സാഹിത്യത്തില്‍ ധാരാളമായി സരളമായ ഭാഷയില്‍ സാമ്യോക്തി പ്രയോഗിക്കുന്നുണ്ട്.

അത് ചമത്ക്കാരൂപത്തില്‍ കാവ്യങ്ങളില്‍ വരുമ്പോള്‍ ആസ്വാദനഭംഗിയെക്കുറിച്ച് പറയേണ്ടതുണ്ടോ?