അറിവിന്‍റെ ആഴങ്ങള്‍ തേടി

ആരോഗ്യവും വിദ്യാര്‍ത്ഥികളും

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പാഠ്യ പദ്ധതികളില്‍ ആരോഗ്യപരിപാലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ സെമിനാറുകളും ആരോഗ്യചര്‍ച്ചകളും സംഘടിപ്പിക്കാനാവും. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ദിവസം ഒരു പ്രവര്‍ത്തനം എന്ന രീതിയില്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിയണം. ഇത് വഴി കുട്ടികളില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കാനും കഴിയും.

വിദ്യാലയശുചിത്വം

വിദ്യാലയ ശുചിത്വവും പരിസര ശുചിത്വവും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട റോള്‍ നിര്‍വഹിക്കേണ്ടത് രക്ഷിതാക്കളാണ്. വിദ്യാലയ ശുചീകരണത്തിന്‍റെ കാര്യത്തില്‍ പലപ്പോഴും കുട്ടികള്‍ വിമുഖരാകാറുണ്ട്. അതിനുകാരണം രക്ഷിതാക്കള്‍ തന്നെയാണ്. പഠിക്കാന്‍ ആണ് വന്നത്, അല്ലാതെ സ്കൂളും പരിസരവും വൃത്തിയാക്കാന്‍ അല്ല എന്ന ചില രക്ഷിതാക്കളുടെ മനോഭാവം കുട്ടികളേയും സ്വാധീനിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെയും കൂലി കൊടുത്ത് ചെയ്യേണ്ടതല്ലെന്ന് മനസിലാക്കി കുട്ടികളെ കൊണ്ട് അവരാല്‍ കഴിയുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയണം. ഇതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണം, രക്ഷിതാക്കള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും വേണം.

ആഹാര നേരങ്ങളില്‍

വിദ്യാലയത്തില്‍ ഭക്ഷണകാര്യത്തില്‍ താല്‍പര്യ കുറവ്, ഭക്ഷണം കുറയ്ക്കാനുള്ള പ്രവണത എന്നിവ വിദ്യാര്‍ത്ഥികളില്‍ കണ്ടുവരാറുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷം പേരും സ്കൂള്‍ സമയത്ത് വളരെ കുറച്ച് ആഹാരം കഴിക്കുന്ന രീതിയാണുള്ളത്. ഏറ്റവും വേഗം ആഹാരം കഴിച്ച് കളികളില്‍ ഏര്‍പ്പെടുക എന്ന സ്ഥിരം പരിപാടിയാണ് കുട്ടികള്‍ക്കുള്ളത്. ഇത് ആരോഗ്യപ്രശ്നങ്ങളും ക്ലാസില്‍ ശ്രദ്ധചെലുത്താന്‍ ആവാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയണമെങ്കില്‍ കൃത്യമായ ഭക്ഷണം ഉണ്ടാവേണ്ടതുണ്ട്. രക്ഷിതാവിന്‍റെ നിര്‍ബന്ധ പ്രകാരം വീട്ടില്‍ നിന്നും കഴിച്ചിട്ട് വരുന്ന ആഹാരമാണ് ഒരു സ്കൂള്‍ ദിനത്തിലെ പ്രധാന ഭക്ഷണം എന്ന് മനസ്സിലാക്കാവുന്നതാണ്. വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതും സ്കൂളില്‍ തയ്യാറാക്കുന്നതുമായ ഭക്ഷണം വളരെ കുറച്ചുമാത്രമേ കുട്ടി കഴിക്കുന്നുള്ള എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കി ഭക്ഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കേണ്ടത് ആവശ്യമാണ്.

വര്‍ത്തമാനകാലത്തെ വായന

വര്‍ത്തമാനകാലത്ത് ഏറ്റവും കുറഞ്ഞുവരുന്ന ഒന്നായി വായനശീലം മാറിയിരിക്കുന്നു. കഴിഞ്ഞ തലമുറ വായനയെ നെഞ്ചേറ്റി വിജ്ഞാനത്തിന്‍റെ മേഖലകള്‍ തേടിപ്പോയെങ്കില്‍ ഇന്നത്തെ തലമുറ ദൃശ്യമാധ്യമങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന അല്പജ്ഞാനിയായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടികളില്‍ വായനാശീലം പ്രത്യേക താല്‍പര്യമെടുത്ത് നടപ്പിലാക്കേണ്ട ഒരു സംഗതിയായി മാറിയിരിക്കുന്നു. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വായന മാറ്റിയെടുക്കുന്നതിന് സമഗ്ര ശിക്ഷാ അഭിയാന്‍ തുടക്ക കാലത്ത് തന്നെ ക്ലാസ് റൂം റീഡിങ് കോര്‍ണര്‍ (ക്ലാസ് റൂം ലൈബ്രറി) എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങളോട് സ്നേഹവും താല്‍പര്യവും ജനിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടില്‍ നിന്നുണ്ടായ ആ നിര്‍ദ്ദേശം ഇടക്കാലത്ത് വലിയ ആവേശം സ്കൂളുകളില്‍ ഉണ്ടാക്കിയിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വായിക്കാന്‍ ഉള്ളതാണ് എന്ന ബോധം കുട്ടികളില്‍ സൃഷ്ടിക്കുവാന്‍ എസ്എസ്എയുടെ തുടക്കകാലത്ത് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നും വളരെ പിന്നോക്കം പോയതായിട്ടാണ് മനസ്സിലാകുന്നത്. ഇതിന് പരിഹാരം ഉണ്ടാകണം. വായനയുടെ പ്രാധാന്യം വായനാ വാരത്തില്‍ ഒതുക്കാതെ കുട്ടിയുടെ കൂടെ എപ്പോഴും വായന ഉണ്ടാവാനുള്ള സാഹചര്യം സംജാതമാക്കപ്പെടണം. വായിക്കാനുള്ള പുസ്തകങ്ങള്‍ അവര് ഇരിക്കുന്നിടത്ത് എത്തിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടപ്പാക്കണം.

ചുവരിനപ്പുറത്തേക്കുള്ള പഠനം

പഠനം എന്നത് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്ന പഴയ സങ്കല്പങ്ങള്‍ തുടരാനാണ് ഇന്നും പല അധ്യാപക, രക്ഷാകര്‍ത്ത സമൂഹത്തിനും താല്പര്യം. ‘റിസ്ക്’ ഒഴിവാക്കുക എന്ന ഏറ്റവും ഇടുങ്ങിയ ചിന്താഗതിയാണിത്. ഏത് വിദ്യാഭ്യാസ വിചക്ഷണന്‍റെ കാഴ്ചപ്പാടുകള്‍ പരിശോധിച്ചാലും, വാക്കുകള്‍ ശ്രദ്ധിച്ചാലും മനസ്സിലാക്കാനാവുന്നത് കണ്ടറിഞ്ഞുള്ള പഠനമാണ് വേണ്ടത് എന്താണ്. കണ്ട് അറിയണമെങ്കില്‍ ക്ലാസ് റൂമുകളില്‍ ചടഞ്ഞുകൂടി ഇരുന്നാല്‍ കഴിയില്ല. നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങിയുള്ള പഠനം അനിവാര്യമാണ്. എത്രത്തോളം കുട്ടിയെ പുറത്തേക്ക് എത്തിക്കാന്‍ കഴിയുന്നുവോ അവിടെ ചട്ടക്കൂടുകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വിശാലവും സ്വാതന്ത്ര്യവുമായി വിദ്യാഭ്യാസം സ്വന്തമാക്കാനും മാതൃകാ വ്യക്തിത്വമായി വളര്‍ന്നുവരാനും കുട്ടിക്ക് സാധിക്കും.

കലയും അച്ചടക്കവും

കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിദ്യാലയങ്ങളില്‍ ഉണ്ട്. എന്നാല്‍ അവയൊക്കെയും പലപ്പോഴും മത്സരവിജയികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന, ഗ്രേസ്മാര്‍ക്ക് ലക്ഷ്യമാക്കി പഠനപ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങുനല്‍കുന്ന ഒരു സംഗതിയായി അധഃപതിക്കുന്നു. വലിയ നിലയില്‍ കലാ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന കുട്ടികള്‍ സ്കൂള്‍ കാലം കഴിഞ്ഞാല്‍ അവയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുന്നത് ഇന്ന് നിത്യക്കാഴ്ചയാണ്. കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നാല്‍ കുട്ടികളുടെ നന്മ പുറത്തുകൊണ്ടുവരിക എന്നുള്ള ദൈവികവും ശ്രേഷ്ഠവുമായ പ്രവര്‍ത്തനമാണെന്ന തിരിച്ചറിവ് അധ്യാപക രക്ഷാകര്‍ത്ത സമൂഹത്തിന് പകര്‍ന്നുകൊടുക്കാന്‍ പാകത്തില്‍ സ്കൂള്‍ അന്തരീക്ഷം ഒരുക്കിയെടുക്കണം. അച്ചടക്കം അടിച്ചേല്‍പ്പിക്കല്‍ അല്ല. ഓരോരുത്തരിലും ഉണ്ടായിത്തീ രേണ്ട ഒരു സ്വഭാവ സവിശേഷതയാണ്. അടങ്ങിയൊതുങ്ങി അനങ്ങാതെ നടക്കല്‍, ക്ലാസില്‍ നിശബ്ദത പാലിക്കല്‍ എന്നിവയൊക്കെയായി അച്ചടക്കത്തെ നിര്‍വചിക്കുന്നത് പലപ്പോഴും വിദ്യാലയങ്ങളില്‍ കാണാന്‍ കഴിയും.

ഏറ്റവും മെച്ചപ്പെട്ട സ്വഭാവഗുണങ്ങള്‍ കുട്ടികളില്‍ എത്തിയാല്‍ ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി അവര്‍ മാറും എന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ ഊഷ്മളതയാണ് വിദ്യാലയ അച്ചടക്കത്തിന്‍റെ കാതല്‍ എന്നതാണ് വസ്തുത.