ആയുര്‍വ്വേദ പഠനം, വിദേശ സമീപനം

Ayurveda-demonstration-for-Italian-Ayurveda-Students-Itoozhi-Ayurveda

നമ്മുടെ സ്വന്തം ചികിത്സാമാര്‍ഗ്ഗമായ ആയുര്‍വ്വേദത്തെ മുന്‍വിധികളില്ലാതെ സ്വീകരിക്കുകയും, ഗാഢമായി പഠിക്കാനും, പ്രായോഗികമാക്കാനും വിദേശികള്‍ ശ്രമിക്കുന്നു. അതേ പോലെയാണ് ആയുര്‍ വ്വേദത്തോടുള്ള വിദേശ അലോപ്പതി ഡോക്ടര്‍മാരുടെ സമീപനവും. സ്വഅനുഭവത്തില്‍ നിരവധി വിദേശിയരെ ആയുര്‍വേദത്തെ ഗഹനമായി പരിചയപ്പെടുത്തുവാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ലേഖകന്‍. പതിനഞ്ചു വര്‍ഷത്തിലധികമായി പല വിദേശരാജ്യങ്ങളിലും ആയുര്‍വേദ അധ്യാപനം നടത്തുന്ന അദ്ദേഹം അനുഭവം പങ്കു വെയ്കുന്നു.

ആയുര്‍വേദത്തെ സ്വന്തം സുരക്ഷയായി വിനിയോഗിക്കാനായി സമീപിക്കുന്നവരാണ് മിക്ക വിദേശികളും. പൊതുവെ ഈ വൈദ്യശാഖയെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ചു വരുന്നവരെക്കാള്‍ ആയുര്‍വ്വേദ അറിവിനാല്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തി സൗഖ്യം ആഗ്രഹിച്ചു വരുന്നവരാണ് ഭൂരിഭാഗവും എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ നമ്മുടെ വിലയിരുത്തല്‍ വിദേശികള്‍ ആയുര്‍വ്വേദത്തെ സമീപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ ഭാഗമായിട്ടാണ് എന്നാണ്. കേവലം എണ്ണ തേപ്പ് മാത്രമായി കാണുന്നു. എന്നാല്‍ ഗൗരവ പൂര്‍വ്വം ആയുര്‍ വ്വേദം അടുത്തറിഞ്ഞ് പ്രായോഗികമാക്കുന്നവരാണിവര്‍. ആരോഗ്യസംരക്ഷണം, രോഗ ശമനം, ശാരീരിക സംതുലിതാവസ്ഥ വീണ്ടെടുക്കല്‍ (കീമോതെറാപ്പിപ്പോലുള്ള ചികിത്സകള്‍ കഴിഞ്ഞ് ആ രോഗ്യം നേടാന്‍) എല്ലാം ഇവര്‍ സമീപിക്കുന്നു. യോഗ, ധ്യാനം എന്നിവയോടുള്ള സമീപനം ഇതുതന്നെ.

1)ചികിത്സാവിധികള്‍ ആഴത്തില്‍ പഠിക്കാനായി സമീപിക്കുന്നവര്‍, അവ പ്രയോഗത്തില്‍ വരുത്തുന്നവര്‍
2) സ്വന്തം ശരീര രക്ഷക്കായി വരുന്നവര്‍, ഇവര്‍ക്കായി ഹ്രസ്വകാല കോഴ്സുകള്‍ നടത്തണം.
3) പാശ്ചാത്യരാജ്യങ്ങളില്‍ തൊഴില്‍ സാധ്യത ഏറെയുള്ള മസാജ് തെറാപ്പിസ്റ്റ് കോഴ്സ് പഠിച്ച് പ്രയോഗത്തില്‍ വരുത്താനാഗ്രഹിക്കുന്നവര്‍.
4) ആധുനിക വൈദ്യശാസ്ത്രത്തെ ഗൗരവമായി പഠിക്കുന്നവര്‍.

ഈ നാലു വിഭാഗത്തിലുള്ള വിദേശികളാണ് ആയുര്‍വ്വേദത്തെ സമീപിക്കുന്നത്.

വിദേശീയരായ അലോപ്പതി ഭിഷഗ്വരന്മാര്‍ ആയുര്‍വേദത്തെ സമീപിക്കുന്നത് മൂന്നു തരത്തിലാണ്. സ്വയം രക്ഷക്ക്, സേവനത്തിന്, മരുന്നുകളുടെ ബോധവല്‍ക്കരണത്തിന് (Drug Awareness) ഇവര്‍ പ്രായത്തിന്‍റെ പക്വതയുള്ളവരും, തൊഴില്‍ അധിഷ്ഠിതമായല്ല ആയുര്‍വ്വേദം പഠിക്കുന്നതും എന്ന പ്രത്യേകതയുമുണ്ട്. ജര്‍മ്മനി, ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ആയുര്‍േവ്വദ വിദ്യഭ്യാസം നല്‍കുവാന്‍ സാധിച്ചു. കഴിഞ്ഞ നാല് വര്‍ഷക്കാലയളവിനുള്ളില്‍ ആയുര്‍വ്വേദ പഠനം പൂര്‍ത്തീകരിച്ച നാനൂറിലധികം ഇറ്റലി വംശജരായ അലോപ്പതി ഡോക്ടര്‍മാരുണ്ട്. ഇവിടെ മാത്രമായി പ്രതിവര്‍ഷം നൂറോളം അലോപ്പതി ഭിഷഗ്വരന്മാരെ പഠിപ്പിക്കാന്‍ കഴിഞ്ഞു. ഇറ്റലി പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അലോപ്പതി പി. ജി പഠനം കഴിഞ്ഞതിനുശേഷം ആയുര്‍വേദത്തെ ഗൗരവമായി പഠിക്കാനായി വരുന്നവരാണുള്ളത്. കേരളത്തിലിക്കാര്യം ചിന്തിക്കാന്‍പോലും പ്രയാസമുള്ള കാര്യമാണ്. ആയുര്‍വേദത്തിന്‍റെ പ്രാഥമിക പഠനങ്ങള്‍ പോലും പഠിക്കാന്‍ തയ്യാറാകുന്നില്ല.

ഇറ്റലിയില്‍ 15 വര്‍ഷം മുമ്പാണ് ആയുര്‍വേദ കോളേജ് തുടങ്ങുന്നത്. അന്ന് കോഴ്സ് കഴിഞ്ഞവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കാന്‍ പ്രയാസമായിരുന്നു. 2009 മുതല്‍ കോഴ്സ് കഴിഞ്ഞ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദം പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിച്ചു.

എട്ടു വര്‍ഷത്തോളമായി കോഴ്സ് വിജയിച്ചവര്‍ സ്വന്തമായി ക്ലിനിക്ക് നടത്തുകയും, ആയുര്‍വേദ മരുന്നുകള്‍ കുറിച്ചു നല്‍കാനും തുടങ്ങി. വസ്തി, അട്ടയിടല്‍, വമനം തുടങ്ങിയവ ചെയ്യിപ്പിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല. മറ്റെല്ലാ ചികിത്സാവിധികളും ചെയ്യാം.

ഗവേഷണം എന്നാല്‍

പഠനം, ഗവേഷണം, ചികിത്സ ഈ മൂന്നു മേഖലകളിലാണ് കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഈ പരിചയത്തില്‍ പഠനവും, പാഠനവും ഒന്നുതന്നെയാണ് എന്നഭിപ്രായപ്പെടട്ടെ. ഇവയെ പ്രാവര്‍ത്തീകമാക്കുന്നതാണ് ചികിത്സ. ഇതില്‍ സാഹചര്യത്തിനനുസരിച്ച് ആഴത്തില്‍ അറിയുന്നതിനെ ഗവേഷണം എന്നു പറയുന്നു. ഇവ മൂന്നും പരസ്പരം പൂരകങ്ങളുമാണ്. അത്യന്താപേക്ഷിതമായ പരസ്പരപൂരകങ്ങള്‍. ചികിത്സയും, ഗവേഷണവും ഇല്ലാതെ ഒരു വൈദ്യന് മുന്നോട്ടുപോകാനാവുന്നില്ല. പുസ്തകത്തില്‍ രേഖപ്പെടുത്തിയ വസ്തുതകളെ കീറിമുറിച്ച് മനസ്സിലാക്കി ആഴത്തിലുള്ള സമീപനമാണ് ഗവേഷണം. ഒരു വ്യക്തിയുടെ തിരിച്ചറിവാണ് ഗവേഷണം.
ഉദാഹരണമായി ഭക്ഷണം കഴിക്കാനുള്ള പ്രയാസത്തെക്കുറിച്ച് ഒരു രോഗി പറയുമ്പോള്‍ ചികിത്സാമഞ്ജരിയില്‍ ഭക്തരോധം എന്ന ഒരു അധ്യായം തന്നെ ഇതിനെ പരിഹരിക്കുന്നത്, എന്തുകൊണ്ട് എങ്ങിനെ എന്ന് വിശദമാക്കുന്നുണ്ട്. അതുപ്രകാരം നിഷ്കര്‍ഷിച്ച മരുന്ന് നല്‍കും. ഇതെക്കുറിച്ച് വായിച്ചു മറന്ന കാര്യങ്ങള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ തിരികെപിടിച്ചെടുക്കുന്നതാണ് ഗവേഷണം. ഫലപ്രദമായി ഉപയോഗിക്കാതെ കിടക്കുന്ന നിരവിധി യോഗവിധികള്‍ ഉപകാരപ്രദമാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

മരുന്നുകളുടെ ദൗര്‍ലഭ്യം

ഔഷധദൗര്‍ലഭ്യം വ്യാവസായികടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ശരിയാണ്. വൈദ്യന്‍ പ്രവര്‍ത്തിക്കേണ്ടത് വ്യവസായികടിസ്ഥനത്തിലല്ല, വ്യക്തിപരമായാണ്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണിത്. പൊതുവെ എല്ലാ വൈദ്യവിഭാഗവും ഡോക്ടര്‍, രോഗി, ബന്ധത്തെ നിര്‍വ്വചിക്കുന്നതിങ്ങിനെയാണ്.
ചികിത്സകനെ സംബന്ധിച്ച് ഔഷധ ദൗര്‍ല്ലഭ്യം പ്രസക്തമല്ല. രോഗിയെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തുകയാണ് പ്രധാനം. സുലഭമായതും അല്ലാത്തതുമായ ഔഷധങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തണം. സ്വന്തമായി നിര്‍മ്മിച്ചുമാവാമിത്. ചികിത്സയോടുള്ള സമീപനമാണ് ഔഷധത്തിന്‍റെ പ്രായോഗികത.

തൊഴില്‍ സാധ്യത ഏറെയുള്ള തൊഴില്‍ മേഖലയായി ആയുര്‍വേദ മസാജിംഗ് മേഖല വളര്‍ന്നതിനാല്‍ വിദഗ്ധരും, പരിശീലനം നേടിയവരുമായ തെറാപ്പിസ്റ്റുകളുടെ അഭാവമുണ്ടായിരിക്കാനായി അവര്‍തന്നെ ആയുര്‍വേദം പഠിക്കുന്നു. തെറാപ്പിസ്റ്റുകളുടെ കൂട്ടയ്മ രൂപപ്പെട്ടതും ആയുര്‍വേദത്തെ ഉയര്‍ത്തുന്നതോടൊപ്പം തൊഴില്‍ സാധ്യത നിരവധിയാണ്.

– അഷ്ടവൈദ്യന്‍ ഡോ. ആലത്തിയൂര്‍ നാരായണന്‍ നമ്പി