സംസ്കൃത ഭാഷാപഠനം | നാടകരൂപങ്ങളിലൂടെ ഒരു പ്രദക്ഷിണം

Sanskrit-Drama

ഗദ്യസാഹിത്യത്തിന്‍റെ തൊട്ടടുത്ത് നില്ക്കുന്നതാണ് നാടകം. നാടകം ദൃശ്യകാവ്യം കൂടിയാണ്. അലക്സാണ്ടറുടെ ആക്രമണകാലത്ത് ഇന്ത്യയിലേക്ക് കടന്ന യവന നാടകങ്ങളാണ് സംസ്കൃത നാടകത്തിന് പ്രചോദനമായതെന്ന് വെഞ്ചര്‍, വിന്‍ഡിഷ് എന്നീ പണ്ഡിതന്മാര്‍ പറയുന്നുണ്ടെങ്കിലും ഋഗ്വേദത്തിലെ സംഭാഷണരൂപത്തിലുള്ള ഗീതങ്ങളാണ് (ഉദാഹരണമായി പുരൂരവസ്സും ഉര്‍വശ്ശിയുമായുള്ള സംഭാഷണം) പ്രചോദനമായതെന്ന് ആധുനിക പണ്ഡിതന്മാര്‍ പറയുന്നു. വാദപ്രതിവാദങ്ങള്‍ എന്തായാലും ഭാരതീയ നാടകപ്രസ്ഥാനത്തെപ്പറ്റി സമ്പൂര്‍ണ്ണ ഗ്രന്ഥം എന്നു പറയുന്നത് ഭരതന്‍റെ നാട്യശാസ്ത്രം തന്നെയാണ്. ഭരതന്‍ നായകത്വത്തിന്‍റെ നാല് വൃത്തികളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അതില്‍ അഭിനയം നൃത്തത്തിലൂടെയും മൂകനാടകങ്ങളിലൂടെയും വികസിച്ചു വന്നു. നാടകം അവതരിപ്പിക്കുന്ന സ്ഥലം, കാണികളുടെ ഇരിപ്പിടം, രംഗസജ്ജീകരണത്തില്‍ അവയുടെ നീളം, വീതി, തിരശ്ശീലകള്‍ എവിടെ വേണമെന്നുള്ളത് ഓരോ തിരശ്ശീലയുടെയും അളവ് എന്നിവ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

ചര്‍ച്ച എന്തായാലും സംസ്കൃതസാഹിത്യത്തില്‍ എണ്ണപ്പെടുന്ന നാടകകൃത്തുക്കളും നാടകങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പണ്ഡിതന്മാര്‍ പറയുന്നു ദാസന്‍, കാളിദാസന്‍ ചിലര്‍ പറയുന്നു ഇതല്ല; എണ്ണം പറഞ്ഞ നാടക കൃത്തുക്കള്‍ വേറെയുമുണ്ട്. ശരിയാണ് അശ്വഘോഷന്‍, വിശാഖദത്തന്‍, ഭവഭൂതി, ശ്രീഹര്‍ഷന്‍, ഭട്ടനാരായണന്‍, ശുദ്രകന്‍, രാജശേഖരന്‍, മുരാരി, ശ്രീകൃഷ്ണ മിശ്ര തുടങ്ങിയവരെല്ലാം പ്രസിദ്ധന്മാരാണ്.

ഇവരുടെ ജീവിതകാലഗണന വെച്ചുനോക്കുമ്പോള്‍ അശ്വഘോഷനായിരിക്കണം ഒന്നാമത്; അദ്ദേഹം മൂന്ന് നാടകങ്ങള്‍ എഴുതിയെങ്കിലും ഒന്നും പൂര്‍ണ്ണമായി ലഭിച്ചില്ല. രണ്ടാം നൂറ്റാണ്ടില്‍ രചിച്ച ഈ കൃതികളില്‍ രൂപരചന പൂര്‍ണ്ണമായും ഉണ്ട്. കണ്ടുകിട്ടിയ പനയോല ഗ്രന്ഥങ്ങളില്‍ ചില ഭാഗങ്ങള്‍ മാത്രമേയുള്ളൂ. ഒന്ന്- ശാരി പുത്രപ്രകരണം. അതിന്‍റെ വിവരണത്തില്‍ അശ്വഘോഷനാണ് കര്‍ത്താവ് എന്ന് പറയുന്നവരുണ്ട്. മറ്റ് നാടകങ്ങളും ഗ്രന്ഥകര്‍ത്താവിന്‍റെ വിവരണമില്ലെങ്കിലും രചനാശൈലിയില്‍ നിന്നും അദ്ദേഹം തന്നെയാണെന്ന് അനുമാനിക്കുന്നു. ശാരിപുത്രന്‍ അശ്വജിത്തുമായുള്ള സംഭാഷണത്തില്‍ ബുദ്ധനെക്കുറിച്ചറിയുന്നു. അയാള്‍ തന്‍റെ വിദൂഷകനോട് ബുദ്ധന് ഗുരുവാകാനുള്ള അര്‍ഹതയെക്കുറിച്ചാരായുന്നു. ശാരിപുത്രനെപ്പോലുള്ള ശ്രേഷ്ഠബ്രാഹ്മണന്‍ ഒരു ക്ഷത്രിയന്‍റെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൂടെന്ന് വിദൂഷകന്‍ ശഠിക്കുന്നു. അതു വകവെയ്ക്കാതെ തന്‍റെ സ്നേഹിതനായ മൗഡ്ഗല്യായനോടു കൂടി ബുദ്ധസന്നിധിയില്‍ ചെന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നു. ഒമ്പതങ്കങ്ങളുള്ള ഈ നാടകത്തില്‍ വിദൂഷകനും പ്രാകൃതഭാഷ ഉപയോഗിക്കുന്ന സാധാരണകഥാപാത്രങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ അന്നു സംസ്കൃതനാടകരൂപം പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

അശ്വഘോഷന്‍റെ മറ്റുരണ്ട് നാടകങ്ങളും പ്രതീകാത്മകങ്ങളാണ്. രണ്ടാമത്തേതില്‍ ബുദ്ധിയും കീര്‍ത്തിയും ധൃതിയും മറ്റുമാണ് കഥാപാത്രങ്ങള്‍. മൂന്നാമത്തേതാകട്ടെ ദേവദാസിയായ നായികയും ശാപ്പാട്ടുരാമനായ വിദൂഷകനും, ദുരാചാര്യന്‍, ഭൃത്യ, രാജകുമാരന്‍ എന്നീ കഥാപാത്ര വൈചിത്ര്യംകൊണ്ട് ശൂദ്രകന്‍റെ മൃഛകടികത്തിനോടു കിടപിടിക്കുന്ന കൃതിയായി തീര്‍ന്നിട്ടുണ്ട്. അശ്വഘോന്‍റെ തൊട്ടടുത്തുതന്നെ നില്ക്കുന്ന മഹാപണ്ഡിതനാണ് ശൂദ്രകന്‍ അദ്ദേഹത്തിന്‍റെ കാലത്തെക്കുറിച്ചും നാടകമായ മൃഛകടികത്തെക്കുറിച്ചും ഇന്നും വാദപ്രതിവാദങ്ങള്‍ നടക്കുന്നു. നാടകത്തിതന്‍റെ ആമുഖത്തില്‍ ശൂദ്രകനാണ് കര്‍ത്താവ് എന്നു പറയുന്നുണ്ടെങ്കിലും ഈ പേരുള്ള ഒരു പൗരാണിക രാജാവായിരുന്നു എന്നു പിന്നീട് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. ഇതിലെ ഇതിവൃത്തം ചാരുദത്തന്‍ എന്ന രാജാവും വസന്തസേന എന്ന റാണിയും തമ്മിലുള്ള അനുരാഗമാണ് . പക്ഷെ അത് അതിരുവിട്ട് എവിടെയും പ്രകടിപ്പിച്ചിരുന്നില്ല. സാധാരണയായി കണ്ടുവരുന്ന കഥാപാത്രസൃഷ്ടിയില്‍ നിന്ന് വ്യത്യസ്ഥമാണ് മൃഛകടികത്തിലെ കഥ.

പുരാണകഥാപുരുഷന്മാരില്‍ നിന്നും അഭിജാതന്മാരില്‍ നിന്നും ശ്രേഷ്ഠകഥാപാത്രങ്ങളില്‍ നിന്നും അകന്ന് ഈ നാടകത്തില്‍ ഉജ്ജയിനിയെപ്പോലെയുള്ള ഒരു മഹാനഗരത്തിന്‍റെ തെരുവുവീഥിയിലൂടെ പോകുകയും കള്ളന്മാരേയും, ഭിക്ഷക്കാരേയും വിപ്ലവകാരികളേയും രാജ്യതന്ത്രജ്ഞന്മാരേയും രാജഭടന്മാരെയും ദാസികളെയും തെണ്ടികളെയും നര്‍ത്തകീനര്‍ത്തകന്മാരെയും എന്നു വേണ്ട ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ കഥാപാത്രങ്ങളെയും നമുക്ക് കണാന്‍ കഴിയുന്നു. അതുപോലെ കൊലപാതകം, കളവ്, രാഷ്ട്രീയവിപ്ലവം, ഭവനഭേദനം തുടങ്ങിയ സംഭവങ്ങളുമുണ്ട്. ഏകദേശം മുപ്പതോളം കഥാപാത്രങ്ങളുള്ള മൃഛകടികം നിസ്സാരകഥാപാത്രങ്ങളെപ്പോലും മികവുറ്റതാക്കുന്നു. നാഗരീകതയും ഹൃദ്യവുമായ കാവ്യാത്മകതയും സാധാരണജനങ്ങളുടെ ജീവിത ചിത്രീകരണവും മൃദുലതയും മനോഹരമായി കോര്‍ത്തിണക്കിയ ഈ ഗ്രന്ഥം സംസ്കൃതനാടകസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

(തുടരും)

– കെ. വി. യശോദ ടീച്ചര്‍, ജ്യോതി സദനം, മയ്യില്‍