അക്ഷരശ്ലോകം ഒരു സിദ്ധൗഷധം

Akshara-shlokam-Malayalam

ജമ്മായത്തമായ പ്രതിഭയും പ്രത്യുത്പന്നമതിത്വവും ഭാഷാപാണ്ഡിത്യവും സര്‍വോപരി സഹൃദയത്വവും ഒന്നിക്കുന്ന സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. കാവ്യസാഹിത്യത്തിലെ അവഗാഹമാണ് ഈ വിനോദകലയെ സുശോഭിതമാക്കുന്നത്.

ഓരോവരിയിലും ഇന്നയിന്ന ഗണങ്ങള്‍ എന്ന വ്യവസ്ഥയോടുകൂടിയതും നാലുപാദങ്ങളുള്ളതുമായ സംസ്കൃതവൃത്തത്തിലുള്ള പദ്യമാണ് ശ്ലോകം. അക്ഷരശ്ലോക കലയില്‍ വ്യല്‍പ്പത്തി നേടിയവരെ സമൂഹത്തില്‍ വലിയ ബഹുമാനമാണ്. എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് ഹൃദിസ്ഥമാക്കിയ കാവ്യസുധ; കവി കല്‍പ്പിച്ച അര്‍ത്ഥവും ഭാവവും ഒട്ടും ചോരാതെ; എന്നാല്‍ തന്‍റെ മനോധര്‍മ്മം ചേര്‍ത്ത് അതിമനോഹരമായി അവതരിപ്പിക്കുമ്പോള്‍ ശ്രോതാവ് വര്‍ദ്ധിച്ച അനുഭൂതിയില്‍ മതിമറന്നിരിക്കാറുണ്ട്. ആയിരക്കണക്കിനു ശ്രോകങ്ങള്‍ വിഭിന്നകൃതികളില്‍ നിന്നും തെരഞ്ഞെടുത്തു സഭയുടെയും സന്ദര്‍ഭത്തിന്‍റേയും പ്രത്യേകതക്കനുസരിച്ച് ഊഴമെത്തുമ്പോള്‍ ചൊല്ലുന്നു. കേരളത്തില്‍ പതിനായിരക്കണക്കിന് അക്ഷരശ്ലോകകലാകാരന്മാരും ആയിരക്കണക്കിനു അക്ഷരശ്ലോകസമിതികളുമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി അക്ഷരശ്ലോക കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നടപ്പിലായിക്കഴിഞ്ഞു.

പ്രതിമാസ സദസ്സുകള്‍, ഉദയാസ്തമയ സദസ്സുകള്‍, ഗൃഹസദസ്സുകള്‍ എന്നിങ്ങനെ പലനിലകളില്‍ അക്ഷരശ്ലോക സദസ്സ് നടന്നുവരുന്നു. പ്രായഭേദമന്യേ ഏവര്‍ക്കും അക്ഷരശ്ലോക കലയില്‍ കടന്നു വരാം. വസന്തതിലകം, മാലിനി, ശാര്‍ദൂലവിക്രീഡിതം, കുസുമമഞ്ജരി, മന്ദാക്രാന്താ തുടങ്ങിയ വൃത്തങ്ങളിലെ ശ്ലോകങ്ങളാണ് അക്ഷരശ്ലോകസദസ്സുകളില്‍ കൂടുതലായും ചൊല്ലിക്കേള്‍ക്കുക. ചില അക്ഷരശ്ലോകസദസ്സുകളില്‍ ഇരുപ്പത്തിയഞ്ചും മുപ്പതും പേര്‍ പങ്കെടുക്കുക പതിവുണ്ട്. ഒരേ അക്ഷരത്തില്‍ ഉള്ള ശ്ലോകം എല്ലാവരും നിശ്ചിത സമയം ചൊല്ലിക്കഴിഞ്ഞാല്‍ മറ്റൊരു അക്ഷരം നിശ്ചയിച്ച് അത് വച്ച് ചൊല്ലല്‍ പതിവുണ്ട്. മറ്റു ചിലപ്പോള്‍ ഒരു പ്രത്യേക വൃത്തം നിശ്ചയിച്ച് അത് മാത്രമേ ചൊല്ലാവൂ എന്നു വ്യവസ്ഥപ്പടുത്തും. സ്രഗ്ദ്ധര പോലുള്ള ദീര്‍ഘവൃത്തത്തില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന അക്ഷരശ്ലോക പരിപാടിയുടെ മികവ് അവാച്യമാണ്.

സാധാരണ സമ്പ്രദായമനുസരിച്ച് ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ പ്രസ്തുതശ്ലോകത്തിന്‍റെ മൂന്നാം പാദത്തിലെ ആദ്യ അക്ഷരം ഏതോ, ആ അക്ഷരത്തില്‍ തുടങ്ങുന്ന ശ്ലോകം എതിര്‍ കക്ഷി ചൊല്ലണം. കവി കല്‍പനകളെ നെഞ്ചേറ്റി, അര്‍ത്ഥബോധത്തോടെ ഇമ്പമാര്‍ന്ന് ചൊല്ലുന്നിടത്ത് സാഹിത്യാസ്വാദകര്‍ കൂട്ടം കൂട്ടമായി പങ്കെടുക്കാറുണ്ട്.

അക്ഷരശ്ലോക സദസ്സുകള്‍ക്കു പുറമേ അക്ഷരശ്ലോകമത്സരവും നടത്തും. മത്സരത്തില്‍ അനുഷ്ടുപ്പ് വൃത്തം വര്‍ജ്യമാണ്. ‘ട വര്‍ഗം’ ചൊല്ലാറില്ല. വാക്കുകള്‍ പ്രായേണ കുറവുള്ള വിഷമാക്ഷരങ്ങള്‍ ഒഴിവാക്കും. ശ്ലോകത്തിന്‍റെ അവതരണ മികവാണ് സര്‍വപ്രധാനം. നിര്‍ദിഷ്ട അക്ഷരത്തിന് ശ്ലോകമില്ലാതെ വന്നാല്‍ (അച്ചു ചൊല്ലിയാല്‍) മത്സരത്തില്‍ നിന്നും പുറത്തുപോകണം.

രാജസദസ്സുകളില്‍, കോവിലകങ്ങളില്‍ ഒക്കെ ശ്ലോകാരംഭത്തിന് മുമ്പ് ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകും-
അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം
അച്ചു കൂടാതെ ചൊല്ലീടില്‍ അക്കെക്കു ‘വള’ നല്‍കുവന്‍.

കലാകാരന് സമൂഹത്തോട് കടമയുണ്ട്. സമൂഹത്തിന് കലാകാരനോടും. അതിന്‍റെ ദൃഷ്ടാന്തമാണ് പണ്ടുകാലം തൊട്ടേ കലാകാരന്മാര്‍ക്കു നല്‍കുന്ന ബഹുമാനങ്ങള്‍. കേവല വിനോദോപാധി എന്നതിനപ്പുറം അക്ഷരശ്ലോക മേഖലയില്‍ ചിരപരിചയം നേടിയവര്‍ക്ക് മറ്റുചില മേന്മകളും കണ്ടെത്തിയിട്ടുണ്ട്. ഈ കലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറവി രോഗം അഥവാ അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത വിരളമാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സംസാരശേഷി കുറവായവര്‍ക്ക് നിര്‍ദ്ദേശിക്കുന്ന സ്പീച്ച് തെറാപ്പിക്കുപകരമായി അക്ഷരശ്ലോകാഭ്യാസം നിര്‍ദ്ദേശിക്കാറുണ്ട്. വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും ക്ഷേത്രങ്ങളിലും അക്ഷരശ്ലോകസമിതികള്‍ സംഘടിപ്പിച്ച് ചിട്ടയായി പരിപാടി നടത്തുന്നതിന് സാധിക്കുമ്പോള്‍ വൈയക്തികമായും സാമൂഹികമായും ഉണര്‍വും ഉന്‍മേഷവും പ്രസരിക്കുന്നു. ഹാസ്യവും, ശോകവും, ചരിത്രവും, മൂല്യബോധവും, അങ്ങനെ ജീവിതത്തിന്‍റെ സകലമേഖലയും അക്ഷരശ്ലോകവേളയില്‍ മിന്നിമറയും. അതിന്‍റെ വെളിച്ചവും തെളിച്ചവും നമ്മുടെ സാംസ്കാരിക പരിസ്ഥിതിയെ സംശുദ്ധമാക്കും.

അക്ഷര ശ്ലോക കലയുടെ സവിശേഷതകളെ ഒരു ശ്ലോകത്തില്‍ കഴിച്ചതു കാണുക-
‘നോവിപ്പാതെ, ശസ്ത്രക്രിയകളുടെ സഹായമില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വാര്‍ജിത കവനകലാബോധ ബീജാങ്കുരത്തെ
ഭാവംനോക്കിത്തുടുപ്പി, ച്ചകമലര്‍ വികസിപ്പിച്ച സഞ്ജാതമാക്കും
പ്രാവിണ്യത്തിനു കേള്‍വിപ്പെടുമൊരു സുധിയാണക്ഷര ശ്ലോക വൈദ്യന്‍.’