ഗുരുകുല വിദ്യാഭ്യാസവും ഇ-ലേണിംഗും

Gurukula-Education

ഒരു വിദ്യാലയത്തിന്‍റെ പരസ്യം ഇങ്ങനെ; ‘Give your children to us. We’ll nurture them’ (നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് തരൂ. ഞങ്ങള്‍ അവരെ വളര്‍ത്തി പരിപോഷിപ്പിക്കും) അതിന്‍റെ ഉള്ളര്‍ത്ഥം ശരിക്കും അലോചനാമൃതമാവുന്നു. വിദ്യാലയം, കുട്ടികളുടെ രണ്ടാം വീടാണെന്നും അധ്യാപകര്‍, ഗുരുനാഥരും, സുഹൃത്തുക്കളും വഴികാട്ടികളും ആണെന്നുള്ള വസ്തുത കൂടുതല്‍ കൂടുതല്‍ ബോധ്യമാവുന്നു.

ഗുരുകുലങ്ങളില്‍ താമസിച്ച് വിദ്യാഭ്യാസം നേടിയിരുന്ന നമ്മുടെ പൂര്‍വ്വികരുടെ കഥ ഇന്ന് ഓര്‍മ്മയില്‍ മാത്രം ബാക്കിനില്ക്കുന്നതാണ്. വിദ്യാഭ്യാസരംഗത്ത് അത്രയധികം വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നര്‍ത്ഥം. എന്നാല്‍ വേദപഠനം ഇപ്പോഴും നടക്കുന്നത് ഗുരുകുലങ്ങളിലോ പാഠശാലകളിലോ ആണ്. ‘അരിയിലെഴുത്ത്’ എന്ന പേരിലറിയപ്പെട്ടിരുന്ന വിദ്യാരംഭചടങ്ങിന് ഗുരുദക്ഷിണ നല്‍കുമായിരുന്നു. സര്‍വ്വ വിഘ്നങ്ങളും നീക്കം ചെയ്യുന്ന, വിഘ്നേശ്വരനായ ഗണപതിയെ പ്രസാദിപ്പിച്ചതിനുശേഷമാണ് വിദ്യാരംഭം നടത്തപ്പെട്ടിരുന്നത്. ആദ്യം അരിയിലും പിന്നീട് പൂഴിയിലുമാണ് അക്ഷരമെഴുത്ത്. അക്ഷരമുറച്ചതിനുശേഷം ‘ചൊല്ലിക്കൂട്ടം’ നടക്കുന്നു. ആഴ്ചകളുടെ പേര്‍, മാസങ്ങളുടെ പേര്‍, അശ്വതി മുതലുള്ള നക്ഷത്രങ്ങളുടെ പേര്‍ ഒന്നുമുതല്‍ നൂറുവരെയുള്ള അക്കം, തിഥി എന്നിവ ചെല്ലി പഠിക്കുന്നു. തുടര്‍ന്ന്, ശ്രീകൃഷ്ണചരിതം മണിപ്രവാളം പഠിക്കുന്നു. ഇതിനു മുമ്പു തന്നെ, കൂട്ടക്ഷരങ്ങള്‍, ഘോഷാക്ഷരങ്ങള്‍ എന്നിവയും ശുദ്ധിയോടെ പറയാന്‍ പഠിക്കുന്നു. പിന്നീട് അമരകോശം, കാവ്യങ്ങള്‍ മുതലായവയും കുട്ടികള്‍ പഠിക്കുന്നു. ഇത്രയുമാവുമ്പോഴേക്കും ജ്യോതിഷം, ആയുര്‍വേദശാസ്ത്രങ്ങള്‍, തച്ചുശാസ്ത്രം, ദേവസഹസ്രനാമങ്ങള്‍ എന്നിവയും ആ വിദ്യാര്‍ത്ഥി കാണാതെ പഠിച്ചിരിക്കും. ഏകദേശം ഏഴെട്ടുവര്‍ഷംകൊണ്ട് നടക്കുന്ന ഈ പ്രക്രിയയോടെ ആ വിദ്യാര്‍ഥി, ഒരു പൂര്‍ണ്ണ മനുഷ്യനായി മാറിയിട്ടുണ്ടാകും.

ഇന്ന് പ്രചാരത്തിലുള്ള സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിടെ ഭരണത്തോടെയാണ്. അതിനുമുമ്പ് ‘പാഠശാലകളും, മദ്രസകളും’ ആയിരുന്നു ഇവിടെയുണ്ടായിരുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. അന്നത്തെ ഗുരുക്കന്മാര്‍ ‘അജ്ഞാന തിമിര’ ത്തെ അകറ്റാന്‍ പ്രാപ്തിയുള്ളവരായിരുന്നു. ഗുരുമുഖത്തുനിന്നും കിട്ടുന്ന അറിവ് അമൂല്യമായിരുന്നു. ഗുരുശിഷ്യബന്ധം വളരെ ദൃഢവും പവിത്രവുമായിരുന്നു. എന്നാല്‍, വിവര സാങ്കേതികവിദ്യയുടെ വരവോടുകൂടി വിദ്യാഭ്യാസമേഖലയാകെ സമ്മോഹനവും അതേസമയം സംഭീതവുമായ വിപ്ലവത്തിനടിപ്പെട്ടു. വിവരസാങ്കേതികവിദ്യ ലോകത്തിലും സര്‍വ്വമേഖലകളിലും ജൈത്രയാത്ര നടത്തുന്ന ഈ വേളയില്‍ പഠനപ്രക്രിയകളെ മാത്രം ഈ പ്രതിഭാസത്തില്‍ നിന്നും ഒഴിവാക്കാനാകില്ലല്ലോ?

ഗുരുമുഖത്തുനിന്നും കിട്ടുന്ന വിദ്യാഭ്യാസം, അഥവാ പരമ്പരാഗതമായ രീതിയില്‍ അധ്യാപകന്‍, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സമ്പ്രദായം, വിവരസാങ്കേതികവിദ്യയുപയോഗിച്ചുള്ള പഠനത്തെക്കാള്‍ എത്രത്തോളം ഭിന്നമാണ് എന്ന ആലോചനയാണ് ഈ പ്രഭാഷണത്തിന്‍റെ ലക്ഷ്യം. ഏതാണ് കൂടുതല്‍ മെച്ചമെന്നയന്വേഷണവും ആനുഷംഗികമാണ്. മാതാപിതാക്കളുടെ സുരക്ഷിതവും ഭദ്രവുമായ കണ്‍വെട്ടത്തില്‍ നിന്ന് മത്സരാധിഷ്ഠിതവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു ലോകത്തില്‍ കുട്ടികളെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നത് ഭാഷയാണ്. ആശയവിനിമയം മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയാണല്ലോ? ഭാഷാധ്യാപനം, വൈരുധ്യങ്ങളുടെ നിത്യതയിലാണുള്ളത്. ഇന്ന് അധ്യാപനരംഗത്ത് വിവരസാങ്കേതികവിദ്യ കടന്നുവന്നിരിക്കുന്നു.

വിവരസാങ്കേതികവിദ്യ അനിവാര്യവുമായി മാറിയിരിക്കുന്നു. പക്ഷേ, അവ, ചിലപ്പോള്‍ ക്ലാസുമുറികളില്‍ ഒരു തടസ്സമായി വരുന്നില്ലേയെന്ന സന്ദേഹവുമുണ്ട്. കാരണം, യന്ത്രങ്ങളുടെ സാന്നിധ്യം ക്ലാസുമുറികളിലെ പഠനത്തെ യാന്ത്രികമാക്കുന്നതുകൊണ്ട് സൃഷ്ടിപരത (creativity) കുറയുന്നതായി കാണുന്നു.

ക്ലാസുമുറികളിലെ അധ്യാപകന്‍, നല്ല പണ്ഡിതനായിരിക്കണം. ‘കയ്യിലുള്ളവര്‍ക്കേ കൊടുക്കാന്‍ കഴിയൂ’ എന്ന വചനം ഓര്‍ക്കുക ‘A lamp cannot light another lamp unless it continues its flames” (പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു വിളക്കിന് മാത്രമേ മറ്റൊന്നിനെ കത്തിക്കാന്‍ കഴിയൂ) എന്ന ആപ്ത വാക്യവും ഈയവസരത്തില്‍ പ്രസക്തമാണ്. ഗുരുവിന്‍റെ മുമ്പിലിരുന്ന് പഠിക്കാനും ആ വാത്സല്യമനുഭവിക്കാനും ഭാഗ്യമുണ്ടാവുക പുതിയ തലമുറക്ക് നഷ്ടപ്പെട്ടുപോയ ഒരനുഭവമാണ്. സമൂഹത്തില്‍ ഇടപെഴകാനും അതുവഴി സാമൂഹ്യവല്‍ക്കരിക്കപ്പെടാനും കുട്ടികള്‍ പരിശീലിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്‍റെ ചൂടും ചൂരും അറിയാനും തദ്വരായ നല്ല പൗരന്മാരായി വളരാനും ഗുരുകുലസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. സദ്സ്വഭാവംവശത്താക്കാനും തെറ്റുശരികളെ തിരിച്ചറിയാനുമുള്ള വിവേകം കുട്ടികള്‍ സ്വായത്തമാക്കിയിരുന്നു. ഗുരുനാഥന്മാര്‍, വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളായിക്കണ്ട് അവരെ സ്നേഹിച്ചിരുന്നു. കുട്ടികളും ഗുരുക്കന്മാരെ തിരിച്ചും സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. അഹോ! സ്നേഹത്തിലധിഷ്ഠിതമായ ഗുരുശിഷ്യബന്ധം.

പുരാണേതിഹാസകാലങ്ങളില്‍ ഒരു കുട്ടിക്ക് അഞ്ച് ഗരുരുക്കന്മാരുണ്ടായിരുന്നു. പഞ്ചപിതാക്കന്മാര്‍ എന്നറിയപ്പെട്ടു. ജനിതാവ്, പിതാമഹന്‍, മാതമഹന്‍, ഗുരുനാഥന്‍, ജ്യേഷ്ടന്‍ ഇവരെല്ലാവരോടും “felt in the blood and felt along the heart” എന്നുള്ള രീതിയിലുള്ള സ്നേഹമാണുണ്ടായിരുന്നത്.’ആചാര്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ആചരിക്കപ്പെടേണ്ടവന്‍’ എന്നാണ്. അതായത,് ഗുരു ഉത്തമനായിരുന്നു. വര്‍ത്തമാനകാലത്തെ റോള്‍മോഡല്‍. പഠനപ്രക്രിയയില്‍ ശിഷ്യന്മാര്‍, പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കുമായിരുന്നു. ആധുനികകാലത്തെ അധ്യാപനസങ്കേതങ്ങളായ co-operative learning, collaborative learning ഭാരതവര്‍ഷത്തിലെ ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായത്തിലെ സവിശേഷതകളായിരുന്നുവെന്നര്‍ത്ഥം.

ഗുരുമുഖത്തുനിന്നുള്ള പഠനം അഥവാ face to face learning സതീര്‍ത്ഥ്യര്‍ തമ്മില്‍ കൂടുതല്‍ പരസ്പര പ്രവര്‍ത്തനം നടത്തുന്നു. ആവശ്യമായ ഘട്ടങ്ങളില്‍ കുട്ടികളെ തിരുത്തുവാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്നുവെന്നുള്ളതാണ് ഈ രീതിയുടെ വൈശിഷ്ട്യം. പിന്നോക്കക്കാരനായ ചില വിദ്യാര്‍ത്ഥികള്‍ സക്രീയരാവുന്നില്ല എന്നത് ഈ സമ്പ്രദായത്തിന്‍റെ ഒരു തകരാറാണ്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും (dropout) അതിനെതുടര്‍ന്ന് സ്ഥാപനത്തോടും രക്ഷിതാക്കളോടുമുള്ള വെറുപ്പും മേല്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പോരായ്മകളായി ചിത്രീകരിക്കപ്പെടുന്നു.

കുട്ടികള്‍ക്ക് ഉച്ചാരണശുദ്ധിയുണ്ടാകാന്‍ ഭാഷാപഠനം ഗുരുമുഖത്തുനിന്നുതന്നെയുണ്ടാവണം മലയാളഭാഷയില്‍ നിരവധിസംസ്കൃതപദങ്ങള്‍ തദ്ഭവമായോ തത്സമയമായോ ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരം വാക്കുകള്‍, തെറ്റില്ലാതെ ഉച്ചരിക്കുക എന്നുള്ളത് ശ്രമകരമായ ഒരു പ്രവൃത്തിയാണ്. അതുതന്നെയാണ് പ്രസിദ്ധമലയാള കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതും. പല മലയാള പദങ്ങളും തെറ്റില്ലാതെ ഉച്ചരിക്കുവാന്‍ മലയാളം അധ്യാപകര്‍ക്കുപോലും കഴിയുന്നില്ലെന്നുള്ള നഗ്നസത്യം അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞത് ഒരു പക്ഷേ പലരേയും വേദനിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, സത്യം അതാണല്ലോ? ബ്രഹ്മാവ്, കഠിനം, വിണ്ഡലം, വിദ്യാഭ്യാസം, അധ്യാപകന്‍, സൃഷ്ടി, യജമാനന്‍ തുടങ്ങിയ പദങ്ങള്‍ തെറ്റായാണ് നാം പലരും ഉച്ചരിക്കുന്നത്. ആ രൂഢമൂലമായ തെറ്റുകള്‍ കടന്നുവന്നിട്ടുള്ളത്, പരിണതപ്രജ്ഞരായ അധ്യാപകരുടെ ഇടപെടലുകള്‍ ഇല്ലാത്തതുകൊണ്ടാണ.് ഈയവസരത്തില്‍ പ്രസിദ്ധ ശാസ്ത്രജ്ഞനായ ഏലീൃഴല ഋ. ടൗറമൃമെി ന്‍റെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ڇഎനിക്ക് ഇംഗ്ലീഷുമലയാളഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്, എന്‍റെ കുട്ടിക്കാലത്തെ അധ്യാപകന്‍ നല്‍കിയ പരിശീലനം ഒന്നുകൊണ്ട് മാത്രമാണ്ڈ

ഭാഷാപഠനത്തില്‍ അധ്യാപകന്‍റെ പങ്ക് വളരെ വലുതാണ്. വിവരസാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചുകൊണ്ട് ഭാഷാപഠനം സാധ്യമാകില്ല. ഭാഷയുടെ വിവിധമേഖലകളിലേക്ക് കുട്ടികളെ നയിക്കാന്‍ അധ്യാപകന് അയാളുടെ വൈയക്തികമായ അറിവും ശേഷിയും ഉപയോഗിക്കേണ്ടിവരുന്നു. ഇതുതന്നെയാണ് ഗുരുവില്‍ നിന്നുള്ള മുഖാമുഖപഠനത്തിന്‍റെ സവിശേഷതയും ശ്രദ്ധിക്കുക.

A caring adult can make a big difference in the educational outcome of a child that is at the risk of experiencing educational failure” – ഏതു ഭാഷയിലൂടെയുള്ള ആശയവിനിമയവും സമ്പൂര്‍ണ്ണമാക്കുന്നത്, അത് നിഷ്കര്‍ഷിക്കുന്ന Supra segmental features പാലിക്കുമ്പോഴാണ്. (ഭാഷയുടെ ഘടനക്ക് അപ്പുറമുള്ള ചില പ്രത്യേകതകള്‍) അതിന് ഗുരുമുഖത്തുനിന്നുള്ള പഠനം അത്യന്താപേക്ഷിതമാണ്.

ഭാഷയെപോലെതന്നെ സാഹിത്യവും ഒരു നാട്ടിന്‍റെ സംസ്കാരവും ആശയവും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഭാഷയുടെ ശക്തിയും സൗന്ദര്യവും ആസ്വദിക്കുക എന്നുള്ളതാണല്ലോ സാഹിത്യപഠനത്തിന്‍റെ ഒരു പ്രധാന ധര്‍മ്മം. അതുകൊണ്ടു തന്നെ, ശ്രീമാന്മാര്‍ കരിമ്പുഴ രാമകൃഷ്ണന്‍, എം.എന്‍.വിജയന്‍, സുകുമാര്‍ അഴിക്കോട്, മുണ്ടശ്ശേരി മാസ്റ്റര്‍, ഡോ.വേലായുധന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ജി.കുമാരപ്പിള്ള, സി.എ. ഷേപ്പേര്‍ഡ്, മധുക്കര്‍ റാവു എന്നിവരുടെ സാഹിത്യ ക്ലാസുകള്‍ അനുഭവങ്ങളായി വേറിട്ടുനില്ക്കുന്നു. ‘ഘശസല ീേ വേല ഹശസലെچ എന്ന പ്രയോഗത്തെ സാധൂകരിക്കുമാറ് അവര്‍ കുട്ടികളെ ഒരു ദിവ്യമായ ലോകത്തിലേക്ക് മാന്ത്രികവിദ്യാലയമെന്നതുപോലെ കൊണ്ടുപോകുന്നു. എത്ര വര്‍ഷം കഴിഞ്ഞാലും, ആ യുഗ പ്രഭാവന്മാരായ അധ്യാപകരും അവര്‍ നല്‍കിയ പഠനാനുഭവങ്ങളും ആ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ പച്ച പിടിച്ചു നില്ക്കും. അവരുടെ വാക്കുകള്‍ക്കും വാഗ്മയചിത്രങ്ങള്‍ക്കും മരണമില്ല. മഹാകവി, ഒ.എന്‍.വി പാടിയതുപോലെ ‘കണ്ടാല്‍ മതിവരില്ലത്രേ നിലാവിനെ’ ആ ക്ലാസുകള്‍ എപ്പോഴും സജീവമായിനില്ക്കും.

പരിഷ്കൃതാശയങ്ങളുടെ ആ ദാനപ്രദാനത്തെയാണല്ലോ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യയുടെ നാനാര്‍ത്ഥങ്ങള്‍, അവയുടെ ആവശ്യകത എന്നിവ മലയാളസമൂഹത്തിനെന്നല്ല എല്ലാവര്‍ക്കും അറിവുള്ളതാമല്ലോ? അധ്യാപക-വിദ്യാര്‍ത്ഥിബന്ധത്തിലെ പുതിയ ട്രെന്‍റുകള്‍, സദാചാരത്തിന്‍റെ പുതിയ പരിപ്രേക്ഷ്യം, മൂല്യങ്ങളുടെ ശോഷണം, അധ്യാപകന്‍, വിദ്യാര്‍ത്ഥി, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള ഇഴയടുപ്പമില്ലായ്മ എന്നിവയുണ്ടാക്കുന്ന ഭീഷണി ഗുരുതരമാണ്. വെല്ലുവിളിയുയര്‍ത്തുന്ന യൗവനം, സാമൂഹ്യബോധമില്ലായ്മയുടേയും നേര്‍ക്കാഴ്ചയല്ലേ?

‘വിദ്യാവിഹീന പശു’ എന്നാണല്ലോ ചൊല്ല്. അറിവില്ലാത്തവന്‍ മൃഗമാണ്. വിദ്യനേടുമ്പോഴാണവന്‍ വിദ്വാനാവുന്നത്. വിദ്യാഭ്യാസത്തിനുശേഷം അയാള്‍ ഒരു നല്ല ആസ്വാദകനാവുന്നു, നല്ല മനസ്സിനുടമയാകുന്നു; പ്രായോഗികബുദ്ധിയുള്ളവനാവുന്നു; സര്‍വ്വോപരി ഒരു നല്ല മനുഷ്യനാകുന്നു. ആരോഗ്യകരമായ ആശയവിനിമയം നടത്താന്‍, ചൂടുണ്ടാക്കാതെ, എന്നാല്‍ വെളിച്ചം നല്‍കികൊണ്ടുള്ള സംവാദം നടത്താന്‍ ഇരുത്തം വന്ന ഒരാളിന്‍റെ മാധ്യസ്ഥം ആവശ്യമാണ്. അയാല്‍ പിതൃതുല്യനായാലോ? വിദ്യാദാതാവിനെ പിതാവായി കണ്ട് അദ്ദേഹത്തിന്‍റെ പിതൃകര്‍മം കൂടി ചെയ്യുക എന്നത് ഭാരതീയരായ ഒരാചാരമാണ്. അതായത് ഗുരുനാഥന്‍, വിദ്യാര്‍ത്ഥികളെ പുത്രതുല്യം സ്നേഹിക്കുന്നു. തിരിച്ചും.

വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയനിവാരണത്തിന് എളുപ്പമാണ് ഗുരുനാഥന്‍റെ നിതാന്തമായ സാന്നിധ്യം. ഗുരുനാഥനെ സ്വന്തം അച്ഛനായി കാണുന്ന സമ്പ്രദായം, സ്നേഹത്തിലും സാര്‍വലൗകികതയിലും അലിയിക്കുന്നതാണ്
‘അക ക്കണ്ണ് തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം’
എന്ന വചനം സാര്‍ത്ഥകമാക്കാന്‍ ഗുരുവിന്‍റെ സാന്നിധ്യം കൂടിയേ തീരൂ. ഗുരുകുല വിദ്യാഭ്യാസം, ആധുനികകാലത്തെ Boarding School ആയിരുന്നില്ല. അവിടെ മൂല്യവിദ്യാഭ്യാസവും ആത്മീയവിദ്യാഭ്യാസവും പരമപ്രധാനമായ പഠനവിഷയങ്ങളായിരുന്നു.

പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം online വിദ്യാഭ്യാസം വളരെ പ്രസക്തമാണ്. വിവരസാങ്കേതിക വിദ്യയുടെ ഗുണഗണങ്ങള്‍ സമൂഹത്തിനെ ദുര്‍വൃത്തിയിലേക്കും അപകടത്തിലേക്കും നയിക്കുന്നുണ്ടോ? മൊബൈല്‍ഫോണിലും ലാപ്പ്ടോപ്പിലും മാത്രം വ്യാപൃതരാവുന്ന കുട്ടികള്‍. സര്‍വ്വത്രചതിക്കുഴികള്‍ നിറഞ്ഞതാണോ e-learning? സമൂഹത്തോടുമാത്രമല്ല കുടുബാംഗങ്ങളോടുപോലും സ്നേഹമസൃണമായി സംസാരിക്കാനറിയാത്ത, അതിനു പരിശീലിപ്പിക്കാത്ത, അതിന് സമയം കണ്ടെത്താത്ത ഒരു തലമുറയാണോ വളര്‍ന്നു വരുന്നത്. എവിടെ നോക്കിയാലും എവിടെ വായിച്ചാലും അരുതാത്തത് മാത്രമല്ലേ കാണുന്നുള്ളൂ. പരസ്പരവിശ്വാസം പരസ്പരസ്നേഹം, സഹവര്‍ത്തിത്വം എന്നിവ കൈമോശം വരുന്നുണ്ടോ?