വര്‍ഷകാല ആയുര്‍വേദപ്രതിരോധ ചികിത്സാ ക്രമങ്ങളെ കുറിച്ച് ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ വേനല്‍ക്കാലരോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിരവിധി ചികിത്സാക്രമങ്ങള്‍ ആയുര്‍വേദ ശാസ്ത്രവിധിപ്രകാരം ചെയ്യാവുന്നതാണ്. വേനല്‍ചൂടിന്‍റെ കഠിനതകൊണ്ടും ശുദ്ധജലദൗര്‍ല്ലഭ്യം നിമിത്തവും പകര്‍ച്ചവ്യാധികളുടെ ആധിക്യംകൊണ്ടും ഏറെ ക്ഷീണിതമായിരിക്കുന്ന ഒരു കാലഘട്ടത്തില്‍ അവയുടെ പ്രതിരോധം യുക്തിപൂര്‍വ്വം ചെയ്യേണ്ടതാണ്. അതില്‍ ചിലതാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ശിരോഭ്യംഗം
ഔഷധയുക്തമായ എണ്ണയോ, വെളിച്ചെണ്ണയോ കുളിക്കുന്നതിന് മുമ്പ് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് അസഹ്യമായ ചൂടിനെ പ്രതിരോധിക്കാന്‍ നല്ലതാണ്. അമിതമായ ചൂട് നിമിത്തം നീരിറക്കം, തലവേദന, ഉറക്കക്കുറവ്, എന്നിവ സാധാരണമാണ്. വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള യുക്തമായ എണ്ണകൊണ്ട് ശിരോഭ്യംഗം ചെയ്യുന്നത് മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്ക് മാത്രമല്ല കണ്ണുകള്‍ കാതുകള്‍ തുടങ്ങിയ പഞ്ചേന്ദ്രിയങ്ങള്‍ക്കും സൗഖ്യം നല്‍കുന്നതാണ്.
ശിരോധാര
ആയുര്‍വേദമൂലികകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന തൈലങ്ങള്‍, കഷായങ്ങള്‍, പാല്‍കഷായങ്ങള്‍ എന്നിവ ധാരയായ് നെറ്റിത്തടത്തിലൂടെ ഒഴുക്കുന്ന ചികിത്സാ ക്രമമാണ് ശിരോധാര. വേനല്‍ക്കാലത്ത് ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണം, ഉന്മേഷക്കുറവ്, ഉറക്കമില്ലായ്മ എന്നിവയകറ്റാന്‍ വിവിധതരം ശിരോധാരകള്‍ ഉത്തമമാണ്. ശീതവീര്യമുള്ള ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയെടുക്കുന്ന പാല്‍ക്കഷായങ്ങളുടെ ധാരകള്‍ ശരീരത്തിന്‍റെ ഉഷ്ണം കുറക്കാനും അതുവഴി വേനല്‍ക്കാലരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു.
തക്രധാര
വേനല്‍ക്കാലത്തെ പ്രധാനപ്രതിരോധചികിത്സാ മാര്‍ഗ്ഗമാണ് തക്രധാര. മുത്തങ്ങ, നെല്ലിക്കത്തോട് തുടങ്ങിയ ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാര്‍ ചെയ്തെടുക്കുന്ന മോര് ശിരോധാര എന്നപോലെ നെറ്റിത്തടത്തിലൂടെ ഒഴുക്കുന്നു. വെനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതോടൊപ്പം മാനസികസമ്മര്‍ദ്ദങ്ങള്‍ അകറ്റുന്നതിനും വിവിധതരം ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
നേത്രധാര
വിവിധതരം കഷായങ്ങള്‍കൊണ്ട് കണ്ണ് കഴുകുന്നതും കണ്ണുകള്‍ക്ക് ധാരചെയ്യുന്നത് വേനല്‍ക്കാലത്ത് ഏറെ ഉത്തമമാണ്. ഏവര്‍ക്കും സുപരിചിതമായ തൃഫല ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ച് ആറിയ കഷായം അരിച്ചെടുത്ത് കണ്ണ് കഴുകുന്നതും കണ്ണിന് ധാരചെയ്യുന്നതും ചെങ്കണ്ണ് അടക്കമുള്ള കണ്ണിന്‍റെ അലര്‍ജികളെ പ്രതിരോധിക്കാന്‍ പര്യാപ്തമാണ്.
കഷായസേകം
ശീതവീര്യപ്രധാനമായ ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാകുന്ന കഷായങ്ങള്‍ ശരീരത്തില്‍ ധാരപോലെ ഒഴുക്കുന്ന രീതിയാണ് കഷായസേകം. തൊലിപ്പുറത്തുണ്ടാകുന്ന പലവിധരോഗങ്ങള്‍ക്കും ചൂടുകുരു, സൂര്യാഘാതം നിമിത്തമുണ്ടാകുന്ന വിവിധതരം ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കും ഫലപ്രദമാണ്. ശരീരത്തിലെ താപനില ക്രമീകരിക്കുന്നതിനും, വിയര്‍പ്പ് മൂലമുണ്ടാകുന്ന ഫംഗസ് ബാധ തടയുന്നതിനും കായസേകം ഉത്തമമാണ്.
ലേപനം
മുഖത്തും ശരീരത്തിലും വിവിധതരം ഔഷധങ്ങള്‍ അരച്ച് പുരട്ടുന്നത് ചര്‍മ്മസംരക്ഷണത്തിന് ഏറെ ഉത്തമമാണ്. കൂടാതെ ശരീരത്തിലുണ്ടാകുന്ന വിവിധതരം നീര്‍ക്കെട്ടുകള്‍, സന്ധിവേദനകള്‍, എന്നിവയുടെ ശമനത്തിനും രോഗങ്ങള്‍ക്കനുസരിച്ചുള്ള ലേപനങ്ങള്‍ ഫലപ്രദമാകാറുണ്ട്. ഉണക്ക് നെല്ലിക്ക അരച്ച് ശിരസ്സില്‍ ലേപനം ചെയ്യുന്നത് ഉറക്ക ക്കുറവ്, മാനസികസമ്മര്‍ദ്ദങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഉപകരിക്കുന്നു.
ഔഷധസ്നാനം
വിവിധതരംഔഷധങ്ങള്‍ ഇട്ട് കാച്ചിക്കുളിക്കുന്നതാണ് ഔഷധസ്നാനം. നാല്‍പ്പാമരപ്പട്ട, തൃഫലത്തോട്, നെല്ലിക്കത്തോട്, വേപ്പില തുടങ്ങിയവ കിഴികെട്ടി വെള്ളത്തിലിട്ട് ചൂടാക്കി തനിയെ തണുത്തതിന് ശേഷം കുളിക്കാനായ് ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും ചൂട് കുരു, വിവിധതരം എക്സിമകള്‍ സോറിയായിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത്തരം കുളികള്‍ ഫലപ്രദമാണ്. കുളിക്കുമ്പോള്‍ പകരമായ് രാമച്ചം, അത്ത് തുടങ്ങിയവയും ഉപയോഗിക്കാം.
വര്‍ഷകാലപ്രതിരോധചികിത്സകള്‍പോലെതന്നെ വേനല്‍ക്കാല ചികിത്സകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത്തരം ചികിത്സാരീതികള്‍ക്ക് പുറമെ നല്ല ആഹാരരീതിയും ഒരു വൈദ്യനിര്‍ദ്ദേശപ്രകാരം പിന്തുടരാവുന്നതാണ്.