ഇതാ തലശ്ശേരിക്കാരി ഹെലന്‍ കെല്ലര്‍

Sishna-Anand-Indias-Helen-Keller

ആത്മവിശ്വാസവും, കഠിനാധ്വാനവും കൈമുതലാക്കി തനിക്ക് നേരിട്ട ശാരീരിക വൈകല്യങ്ങളെ പുഞ്ചിരിയാല്‍ നേരിട്ട് തോല്‍പ്പിച്ച വനിതാ രത്നമാണ് ഹെലന്‍ കെല്ലര്‍. ജനിച്ച് പത്തൊന്‍പത് മാസം പ്രായം ആയപ്പോള്‍ കാഴ്ചയും, കേള്‍വിശക്തിയും നഷ്ടപ്പെടുന്നു. പിന്നെ സ്വപ്രയത്നത്താല്‍ ഉയര്‍ന്ന് സാഹിത്യം, സാമൂഹ്യ പ്രവര്‍ത്തനം, അധ്യാപനം തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച് മാതൃകയായി മാറുന്ന അത്ഭുത വ്യക്തിത്വത്തിന് ഉടമ.

1968 ജൂണ്‍ ഒന്നിന ് 87 ാം വയസ്സില്‍ അന്തരിക്കുന്നതു വരെ സമൂഹത്തെ സേവന നിരതമാക്കി, മറ്റുള്ളവരെപ്പോലെ ജീവിതം ആസ്വദിച്ചു. ശാരീരിക വൈകല്യമുള്ളവര്‍ കടന്നു ചെല്ലാനാവാത്ത മേഖലകളില്‍ വരെ ഹെലന്‍ കെല്ലര്‍ കടന്നു ചെന്നു. പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍ പറഞ്ഞതിങ്ങനെ…പത്തൊന്‍പതാം നൂറ്റാണ്ടിലെ മികച്ച പ്രഗത്ഭരായ രണ്ട് വ്യക്തികളില്‍ ഒരാള്‍ ഹെലന്‍ കെല്ലറാണ്.

ഇപ്പോള്‍ നമ്മള്‍ കേരളീയര്‍ക്കിടയിലും ഒരു ഹെലന്‍ കെല്ലര്‍ ജീവിക്കുന്നു. യഥാര്‍ഥ ഹെലന്‍ കെല്ലറുടെ ജീവിത കഥപോലെ തന്നെ സാമ്യതയോടെ ! കണ്ണൂര്‍ തലശ്ശേരി മാടപ്പീടിക സ്വദേശിനി സിഷ്ണ ആനന്ദ്. കാഴ്ചയും, കേള്‍വിയും, സംസാര ശേഷിയും നഷ്ടപ്പെട്ടിട്ടും അവയെല്ലാം സ്വപ്രയത്നത്താല്‍ തരണം ചെയ്ത സിഷ്ണയുടെ ജീവിതം ഹെലന്‍ കെല്ലറുടെ ജീവിതം പോലെത്തന്നെ പ്രചോദകമാണ്.

1992-ലാണ് സിഷ്ണയുടെ ജനനം. അതും എട്ടാം മാസം. പ്രസവത്തിന്‍റെ തലേ ദിവസവും സിഷ്ണയുടെ അമ്മ ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തി. എന്നാല്‍ പ്രസവ വേദനയാല്‍ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ സിഷ്ണ ജനിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തി തുടര്‍ ചികിത്സകള്‍. പിന്നീടാണ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. പരിശോധനയില്‍ കുഞ്ഞു സിഷ്ണയുടെ ശരീരത്തിലെ ഞരമ്പുകള്‍ ഒട്ടിക്കിടക്കുകയാണ് കണ്ടെത്തി. പിന്നെ ഒരുമാസം കഴിഞ്ഞതും കണ്ണില്‍ വെള്ളക്കുത്തുകള്‍ പ്രത്യക്ഷ പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. മധുരയിലെ നേത്രചികിത്സാ ആശുപത്രിയില്‍ എത്തി കാണിച്ചു. ശസ്ത്രക്രിയ നടത്തി നാട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് കണ്ണിന്‍റെ കെട്ട് അഴിച്ചു പരിശോധിച്ചപ്പോള്‍ ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നശിച്ചതായി അറിഞ്ഞു.

അമ്മ പ്രീത. വീട്ടമ്മയാണ്, അനിയന്‍ വൈഷ്ണവ് വിദ്യാര്‍ത്ഥിയും. അച്ഛന്‍ ആനന്ദിന് മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ആയതിനാല്‍ സിഷ്ണയുടെ തുടര്‍ജീവിതം അവിടേക്ക് എത്തിപ്പെടുകയാണ്. ആറാം മാസം മുതല്‍ ഫിസിയോ തെറാപ്പി ചെയ്തു തുടങ്ങി. കേള്‍വിക്ക് കുറവുണ്ടോ എന്ന സംശയത്തില്‍ പരിശോധിച്ചപ്പോള്‍ തൊണ്ണൂറു ശതമാനവും നഷ്ടപ്പെട്ടതായി അറിയുകയാണ്. സംസാരിക്കാനുമാവുന്നില്ല. മൂന്നര വയസ്സു കഴിയുമ്പോഴാണ് പതിയെ കാലുകള്‍ നിലത്ത് ഉറപ്പിച്ച് നടക്കാന്‍ തുടങ്ങുന്നത്. നാലാം വയസ്സില്‍ സ്കൂള്‍ പഠനത്തിനായി മറാഠി സ്കൂളില്‍ ചേര്‍ത്തു, ആറാം ക്ലാസുവരെ പഠനം. ഗ്ലൂക്കോമ ബാധിച്ച് കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുകയാണ്. 1998 ലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതോടെ മറ്റു കുട്ടികളോടൊപ്പമുള്ള പഠനം പ്രയാസകരമായിരുന്നു. അതോടെയാണ് ബധിരര്‍ക്കും, മൂകര്‍ക്കുമായുള്ള ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ ചേരുന്നത്. വീട്ടില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥാപനം നില്‍ക്കുന്നത്. രാവിലെ ഒന്‍പത് മണിക്ക് ക്ളാസുകള്‍ തുടങ്ങും. അതിനാല്‍ വീട്ടില്‍നിന്നും രണ്ടു മണിക്കൂര്‍ മുന്‍പ് പുറപ്പെട്ടിറങ്ങണം. അമ്മ രാവിലെ സ്കൂളില്‍ കൊണ്ടു ചെന്നാക്കിയാണ് വീട്ടിലേക്കു മടങ്ങുന്നത്. ഉച്ചക്കു ശേഷം മൂന്നു മണിക്ക് സ്കൂള്‍ പ്രവര്‍ത്തനം കഴിയുമ്പോഴേക്കും കൂട്ടിക്കൊണ്ടു വരാന്‍ അമ്മ ചെന്നിരിക്കും തിരികെ വീണ്ടും രണ്ടു മണിക്കൂറോളം യാത്ര ചെയ്ത് തീവണ്ടി, ബസ് എന്നിവയില്‍ മടക്കം. ദിവസവും സിഷ്ണ യാത്ര ചെയ്യുന്നത് നാലുമണിക്കൂര്‍, അമ്മ എട്ട് മണിക്കൂറും. രണ്ടായിരമാണ്ട് പകുതിയോടെ തലശ്ശേരിയിലേക്ക് മടങ്ങി. നാട്ടില്‍ ധര്‍മ്മടത്ത് റോട്ടറി നടത്തുന്ന വിദ്യാലയത്തില്‍ ചേരുകയാണ്. പിന്നെ കോഴിക്കോട് റഹ്മാനിയയിലേക്ക്. ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. മൂന്നു മാസം ആയുസ്സ് മാത്രമാണ് ഈ പഠനത്തിന്.

മുംബൈയിലെ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ മാത്രമാണ് ഇത്തരം വൈകല്യങ്ങള്‍ സംഭവിച്ച കുട്ടികള്‍ക്ക് വ്യക്തമായ സിലബസ് അനുസരിച്ച് പഠിപ്പിക്കുന്ന സംവിധാനം ഉള്ളതെന്ന് ഈ അനുഭവം മുന്‍നിര്‍ത്തി സിഷ്ണയുടെ അച്ഛന്‍ പറയുന്നു. സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും. ഒന്‍പതാം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കി. ഇനി പത്താം ക്ലാസ് തുല്ല്യതാ പരീക്ഷ എഴുതി യോഗ്യത നേടണമെന്നതാണ് സിഷ്ണയുടെയും, അച്ഛന്‍റെയും ആഗ്രഹം.

ജീവിത വിജയം നിര്‍ണയിക്കാന്‍ എന്തിനാണ് സര്‍ട്ടിഫിക്കറ്റ്. ഈ ചോദ്യം നാം സ്വയം ചോദിച്ചു പോകും ഈ അനുഭവം അറിഞ്ഞാല്‍. വരുമാന മാര്‍ഗ്ഗമായി എന്തെങ്കിലും തുടങ്ങുവാന്‍ മുതല്‍ മുടക്ക് ആവശ്യമാണ്. ഈ ആവശ്യകതയിലേക്കായി ബാങ്കിനെ സമീപിച്ചു. വില്ലേജില്‍ നിന്നടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായി പത്തില്‍ പരം സാക്ഷ്യ പത്രങ്ങള്‍ വേണം. പിന്നെ അതിനായി ഓഫീസുകള്‍ കയറിയിറങ്ങി. എല്ലാം സമാഹരിച്ചു വരുമ്പോഴേക്കും സമയ പരിധി കഴിഞ്ഞിരിക്കും.

സര്‍ക്കാരിന്‍റെ കൈവല്യ പദ്ധതിക്കായി സമീപിച്ചപ്പോഴാണ് മറ്റൊരു വിഷമം. സ്കൂള്‍ വിദ്യാഭ്യാസം തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. അംഗ പരിമിതരെ സംരക്ഷിച്ച്, പ്രോത്സാഹനമേകി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടവര്‍ത്തന്നെ ഇതു ചോദിച്ചാല്‍… എന്നാല്‍ സിഷ്ണയുടെ ജീവിത വിജയം അടുത്തറിയുന്നവര്‍ നല്‍കും ഹെലന്‍ കെല്ലര്‍ക്ക് സമൂഹം നല്‍കിയതുപോലെ മനസ്സിലൊരിടം. ഏതു വിദ്യാഭ്യാസ സ്ഥാപനം നല്‍കുന്നതിനേക്കാള്‍ വിലയുണ്ട് അതിന്.