വര്‍ണങ്ങളില്‍ ആടുന്ന തെയ്യ ജീവിതം

Theyyam-Paintings-Kannur

എന്നെ ചിത്രകാരനാക്കിയത് ഈ അവശതയാണ്. എപ്പോഴോ അതെന്‍റെ ദിനചര്യയായി മാറി. ശാരീരിക വിഷമതകളാല്‍ കുലത്തൊഴില്‍ പിന്‍തുടരാനാകാത്ത ഒരു യുവാവിന്‍റെ ആത്മരോദനമാണിത്. ഇത് മഹേഷ്. പി. പി. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് ഏഴിലോട് സ്വദേശി. വയസ്സ് 40. കുലത്തൊഴില്‍ ആശാരിപ്പണിയാണ്. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചതിനാല്‍ ശാരീരിക അവശത നേരിട്ടു. അതിനാല്‍ കുലത്തൊഴില്‍ എന്തെന്നു ചോദിക്കുന്നവരോട് പേരിനോടൊപ്പം പറയാവുന്ന വെറും വാക്കായി മാറി. ശാരീരികമായ തളര്‍ച്ച ഉണ്ടെങ്കിലും ഉപജീവന മാര്‍ഗ്ഗം തെയ്യ ചിത്രങ്ങളുടെ രചനയാണ്. അവ വിറ്റു കിട്ടുന്ന തുകയാണ ് ദൈനംദിന ചിലവുകള്‍ക്കായി വിനിയോഗിക്കുന്നത്. അതിനാല്‍ എനിക്ക് വരഞ്ഞേ തീരൂ… മഹേഷ് നമ്മോടു പറയുന്നു…

Mahesh-PP-Theyyam-Specialised-Muralist-Artistകണ്ണൂര്‍ ജില്ലയില്‍ തെയ്യങ്ങളുടെ കാലം വന്നണയുമ്പോള്‍ കുടുംബങ്ങളുടെ, നാടിന്‍റെ… തുടങ്ങി അന്യദേശങ്ങളില്‍ താമസിക്കുന്നവരുടെ പോലും മനസ്സിനെയും, ദേഹത്തേയും വരെ സ്വദേശത്തേക്ക് ആവാഹിക്കപ്പെടുന്നു. കുറച്ചു മാസങ്ങള്‍. തെയ്യങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലം. എത്ര തിരക്കുകള്‍ക്കിടയിലും ഒരു തെയ്യമെങ്കിലും കാണാനും, ചടങ്ങുകളില്‍ പങ്കെടുക്കുവാനും കണ്ണൂര്‍ സ്വദേശികള്‍. അവര്‍ ലോകത്ത് എവിടെ ആയാലും ശ്രദ്ധിക്കുന്നു. ശ്രമിക്കുന്നു. പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രാദേശികമായ ഈ വികാരം സൃഷ്ടിക്കുന്ന ആത്മസംഘര്‍ഷവും വിവരണാതീതം. അതിനാല്‍ ഈ കാലയളവു തന്നെയാണ് മഹേഷിന്‍റെ ചിത്രങ്ങളുടെയും, വരകളുടെയും, അവ വിറ്റുപോയി സമ്പാദ്യമാവുന്നതിന്‍റെയും സുവര്‍ണകാലം.

പടിഞ്ഞാറെ പുരയില്‍ മാധവന്‍ നന്ദിനി ദമ്പതികളുടെ മകനായി ജനനം. മൂന്നു മക്കളാണ് ഇവര്‍ക്ക്. രണ്ടാമനാണ് മഹേഷ്. അമ്മ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തരിച്ചു. ജ്യേഷ്ഠന്‍ മാത്രമാണ് കുലത്തൊഴില്‍ പിന്‍തുടരുന്നത്. വെബ് ഡിസൈനര്‍ ആണ് അനിയന്‍. കൂട്ടുകുടുംബമായി താമസിക്കുന്നു. മറ്റു കുട്ടികളെപ്പോലെ അഞ്ചാം വയസ്സു വരെ ഒരു അസുഖവുമില്ലാതെ സാധാരണ ബാല്യം ആയിരുന്നു മഹേഷിന്‍റേത്. ഓടിച്ചാടി നടക്കുന്നതിനിടയില്‍ മൂന്നു തവണ വീഴാനിടയായി പരിക്കുകള്‍ക്ക് അടിമയാവാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിക്കുന്നത് വിശദമായ പരിശോധന കള്‍ക്കും ചികിത്സകള്‍ക്കും ശേഷം രോഗം പോളിയോ ആണെന്ന് സ്ഥിതീകരിക്കപ്പെടുകയാണ്. പിന്നെ അസ്ഥികള്‍ക്ക് ബലക്ഷയവും. ഒരു വര്‍ഷക്കാലയളവില്‍ നിരവധി തവണ പ്ലാസ്റ്ററിട്ടു കിടപ്പായി. മണിപ്പാല്‍, ചെന്നൈ അപ്പോളോ തുടങ്ങിയ വിദഗ്ധ ആശുപത്രികളില്‍ ചികിത്സ ഫലമില്ല. പിന്നെ പതിയെ പതിയെ രോഗം കീഴടക്കി വീട്ടിനുള്ളിലേക്ക് തളക്കപ്പെടുകയാണ്. അങ്ങിനെ കിടന്ന കിടപ്പില്‍ രോഗത്തോടും സാഹചര്യത്തോടും പൊരുത്തപ്പെട്ടു. പിന്നീട് സമൂഹവുമായുള്ള സംവേദനത്തിന് പത്രം വായിക്കാന്‍ തീരുമാനിക്കുകയാണ്.

ചിത്രങ്ങള്‍ കണ്ടാല്‍ മാത്രം പത്രങ്ങള്‍ മനസിലാകും. അച്ചടിക്കപ്പെട്ട അക്ഷരങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തതിനാല്‍ അന്യം. അതിനാല്‍ അക്ഷരങ്ങള്‍ പഠിക്കണം എന്ന ആഗ്രഹം അമ്മയോടു പങ്കു വെച്ചു. മറ്റു കുട്ടികളെപ്പോലെ വിദ്യാലയത്തില്‍ പോയി പഠിക്കാനാവില്ല. അതിനാലാകണം ഉദാരമനസ്കനായ അധ്യാപകന്‍ വീട്ടില്‍ വന്നു പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതും. ചിത്രങ്ങള്‍ മാത്രം കണ്ട് ആസ്വദിച്ചിരുന്ന പത്രത്തെ വായിച്ച് പുറം ലോകവുമായി ബന്ധപ്പെടൂന്നതും. ഇതിനിടയിലാണ് നാട്ടിലെ സര്‍വ്വസാധാരണമായ തെയ്യങ്ങളെക്കുറച്ച് വായിച്ച് അറിയാന്‍ തുടങ്ങുന്നത്. തെയ്യം കാണാന്‍ അവസരങ്ങള്‍ ഒരുങ്ങിയില്ലെങ്കിലും അവ മനോഹരചിത്രങ്ങളായി വര്‍ണങ്ങളായി ലോകത്തോട് സംസാരിച്ചു.

ഈ ചിത്രങ്ങളാണ് ഇന്ന് മഹേഷിന്‍റെ പ്രധാന സമ്പാദ്യ മാര്‍ഗം. ചില സ്ഥലങ്ങളില്‍ എക്സിബിഷന്‍ നടത്തിയെങ്കിലും മെച്ചപ്പെട്ട വിജയം കാണാനായില്ല. എങ്കിലും ദൈവം പതിപ്പിച്ചു നല്‍കിയ ഈ കഴിവില്‍ നിന്നും മഹേഷ് പിന്മാറിയിട്ടില്ല. വരഞ്ഞു കൊണ്ടേയിരിക്കുകയാണ്… എന്നും. മഹേഷിന്‍റെ വരകള്‍ക്ക,് ആശയങ്ങള്‍ക്ക് അതിലുപരി പ്രചോദിത ജീവിതത്തിന് എല്ലാം ഭാവുകങ്ങളും.