പലതരം പകര്‍ച്ചപ്പനികള്‍ നാട്ടില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. പകര്‍ച്ചവ്യാധികള്‍ ഒരു സമൂഹത്തില്‍ ബാധിക്കുമ്പോള്‍ മാത്രമാണു നാം നമ്മുടെ ശരീരത്തേയും ആരോഗ്യത്തേയും നമ്മുടെ പരിസ്ഥിതിയെപ്പറ്റിയും ചിന്തിക്കുന്നതുപോലും. പിന്നീട് ഭയാശങ്കകളോടെ നെട്ടോട്ടമോടുന്ന കാഴ്ചയാണു ഇന്നു കാണുന്നത്. ഇത് പ്രതിരോധിച്ചേ മതിയാവൂ. ഭീതിയകറ്റി ജാഗ്രതയോടെ പ്രവര്‍ത്തിച്ചുകൊണ്ട് ആരോഗ്യ ബോധങ്ങളും ശീലങ്ങളും പ്രചരിപ്പിക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും അത്യാവശ്യമാണ്.
രോഗകാരണങ്ങള്‍ നമുക്കുചുറ്റും എങ്ങനെ ചെറുക്കാം
കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തിലൂടെ പരിസരപ്രദേശങ്ങളിലേക്കും ശുദ്ധജലസ്രോതസ്സുകളിലേക്കും വ്യാപിക്കുന്നത് പകര്‍ച്ചപ്പനിയുടെ പ്രധാനകാരണമാണ്. ഈര്‍പ്പമുള്ള അന്തരീക്ഷം ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റും സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ സഹായിക്കുകയും തജ്ജന്യമായരോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. പലപ്പോഴും നമ്മുടെ അശ്രദ്ധ നമുക്കുചുറ്റും കൊതുകുകളുടെ പ്രജനനകേ ന്ദ്രങ്ങളെ സൃഷ്ടിക്കുകയും കൊതുക് പരത്തുന്ന ചിക്കുന്‍ഗുനിയപോലുള്ള പനികള്‍ പടരുന്നതിന് കാരണമാകുന്നു. വായുവിലൂടെ പടരുന്ന പലതരംരോഗങ്ങള്‍, പ്രത്യേകിച്ച് ഇപ്പോള്‍ കണ്ടുവരുന്ന പന്നിപ്പനി, വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ പ്രതിരോധിക്കാവുന്നതാണ്. മറ്റുരോഗങ്ങള്‍ സ്ഥായിയായി ഉള്ളവര്‍ ചെറിയ പനിപോലുള്ള ലക്ഷണങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തുന്ന പ്രവണത ഒഴിവാക്കണം.
രോഗപ്രതിരോധശക്തി (ഇമ്യൂണിറ്റി)യും രോഗങ്ങളും
സാധാരണയായി ശരീരത്തില്‍ ബാക്ടീരിയകളും വൈറസും കൊണ്ടുള്ള അണുബാധകളെ ശരീരത്തിലുള്ള പ്രതിരോധ വ്യവസ്ഥ നിയന്ത്രിക്കുന്നു. ശരീരത്തിലുള്ള ആന്‍റീബോഡികള്‍ അവയെ എല്ലാം വിജയകരമായി തുരത്തുന്നതിനു കഴിവുള്ളവയാണ്. പക്ഷെ പ്രതിരോധശക്തി കുറയുമ്പോള്‍ ഈ അണുക്കള്‍വേഗത്തില്‍ ഇരട്ടിക്കുകയും ജലദോഷം, പനി ഇവപോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട്രോഗപ്രതിരോധശേഷി പൊതുവായി വര്‍ദ്ധിക്കുന്നതിന് ഉപായങ്ങള്‍ സ്വീകരിക്കുന്നത്രോഗത്തെ അകറ്റാന്‍ സഹായിക്കുന്നു.
സാധാരണ വൈറല്‍ പനി
ലക്ഷണങ്ങള്‍: പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന.
ചിക്കുന്‍ഗുനിയ
കൊതുകുകള്‍ പരത്തുന്ന ഒരുതരം പകര്‍ച്ചപ്പനിയാണു ചിക്കുന്‍ഗുനിയ. മരണകാരിയായരോഗമല്ലെങ്കില്‍പ്പോലുംരോഗിയില്‍ നിലവിലുള്ളരോഗങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ചിലപ്പോള്‍ മരണം സംഭവിക്കുകയും ചെയ്യാവുന്നതാണ്. ശക്തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സന്ധിവേദന, സന്ധിവീക്കം, പലപ്പോഴുംരോഗികള്‍ക്ക്വേദനമൂലം നടക്കാന്‍ ബുദ്ധിമുട്ടാവുക,ദേഹത്തു ചുവന്ന നിറത്തിലുള്ള ഉണലുകള്‍ പ്രത്യക്ഷപ്പെടുക, എന്നിവയാണു സാമാന്യലക്ഷണങ്ങള്‍.
എലിപ്പനി
ശക്തമായ പനിയോടെ ആരംഭിക്കുന്ന ഈരോഗത്തിനു കാരണം പ്രധാനമായും എലികളാല്‍ വഹിക്കപ്പെടുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന (ലെപ്റ്റോസ്പൈറ ബാക്ടീരയകള്‍)രോഗാണുക്കളാണ്. മണ്ണിലും പാടത്തുംജോലി ചെയ്യുന്ന തൊഴിലാളികളില്‍രോഗസാധ്യത കൂടുതലാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലികള്‍ മൂത്രമൊഴിക്കുന്നത് സാധാരണയാണ്. ഇത്തരം സ്ഥലങ്ങളില്‍ വച്ച് കാലിലെയും കയ്യിലെയും മുറിവുകളിലൂടെരോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു.രോഗാണുക്കള്‍ അകത്ത് ചെന്നാല്‍ ശരാശരി 7-13 ദിവസത്തിനുള്ളില്‍രോഗം പ്രത്യക്ഷപ്പെടുന്നു. ആദ്യഘട്ടത്തില്‍ 4-9 ദിവസങ്ങള്‍ വരെ നല്ല പനി (390 ഇമേല്‍), ക്ഷീണം, വിറയല്‍,പേശിവേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ 80%പേരിലും കാണുന്നു. കണ്ണുവേദന, രക്തസ്രാവം, ശരീരത്തില്‍ തടിപ്പുകള്‍, വെള്ളം നിറഞ്ഞ കുമിളകള്‍, കഴലവീക്കം, കഴുത്ത്വേദന എന്നിവയും 4-8 ദിവസങ്ങള്‍ക്കുള്ളില്‍ കാണാം.
ഡെങ്കിപ്പനി
മലിനമായ ചുറ്റുപാടുകളില്‍ പെരുകുന്ന കൊതുകുകളാണ് ഇതിനു കാരണമായ് വൈറസുകളെ ശരീരത്തിലെത്തിക്കുന്നത്. പനിയോടുകൂടിയ കടുത്ത തലവേദന, ശരീരവേദന, സന്ധിവേദന എന്നിവ ലക്ഷണങ്ങളാണ്. തലവേദനയും ജലദോഷവുമായി പെട്ടെന്ന് ആരംഭിക്കുന്ന പനി അല്പസമയത്തിനുള്ളില്‍ 104° വരെ എത്തുന്നു. കണ്ണിനുവേദന, വെളിച്ചത്തിലേക്കുനോക്കാന്‍ പ്രയാസം, പനിയോടുകൂടിയ വിറയല്‍ദേഹം മുഴുവന്‍ ചൊറിച്ചില്‍, ഉറക്കമില്ലായ്മ, ഇവ 2-3 ദിവസത്തിനകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.
(പന്നിപ്പനി-സ്വൈന്‍ ഫ്ളൂ)
സാധാരണ പനിയുടേതുപോലെ കൂടിയ ശരീരതാപനില, ചുമ, തൊണ്ടയടപ്പ്, ശരീരവേദന, സന്ധിവേദന, തലവേദന, കുളിര്, കഫക്കെട്ട് എന്നിവയാണു ഇത്തരം വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍, ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടാം.രോഗബാധ വര്‍ദ്ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം. വായുവിലൂടെ പകരുന്നതിനാല്‍ ചുമക്കുകയോ മൂക്കുചീറ്റുകയോ ചെയ്യുന്നതിലൂടെ വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാം. അതിനാല്‍രോഗബാധയുള്ളവര്‍ സഞ്ചാരം ഒഴിവാക്കുക. അഥവാ പുറത്തിറങ്ങിയാല്‍ മൂക്കും വായും മറച്ചുപിടിക്കുക. അസുഖം മാരകമല്ലെങ്കിലും ശ്രദ്ധ അനിവാര്യമാണ്.
ശുചിത്വശീലങ്ങള്‍
- പൊതുസ്ഥലത്ത് തുപ്പുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ അരുത്.
- കുടിക്കുന്നതിനായി തിളപ്പിച്ച് അണുവിമുക്തമാക്കിയ വെള്ളം മാത്രം ഉപയോഗിക്കുക.
- ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും ചൂടോടുകൂടി മാത്രം ഉപയോഗിക്കുകയും ചെയ്യുക.
- പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
- ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ ശുചിത്വശീലങ്ങള്‍ പാലിക്കുകയും കുട്ടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
- വസ്ത്രങ്ങള്‍, വിശേഷിച്ച് നവജാതശിശുക്കളുടേയും മറ്റും അണുനാശകസ്വഭാവമുള്ള മരുന്നുകള്‍ ഉപയോഗിച്ച് പുകയേല്പിക്കുന്നത് നല്ലതാണ്.
- നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കുകയും ചെയ്യുക.
- ശരീര സംരക്ഷണംപോലെ പരിസ്ഥിതി സംരക്ഷണവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണന്നബോധം ഓരോരുത്തരും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം.
കൊതുകു നിവാരണത്തിനായി പുകയില കഷായത്തില്‍വേപ്പെണ്ണചേര്‍ത്ത് തളിക്കുന്നതും ഗുല്‍ഗുലു, കുന്തിരിക്കം മുതലായവ പുകയ്ക്കുന്നതും നല്ലതാണ്.
ചില പ്രതിരോധ ശീലങ്ങള്‍
- ആവശ്യത്തിനു വിശ്രമം ഉറപ്പുവരുത്തുക.
- വെള്ളം തിളപ്പിച്ച് കുടിക്കുന്നതിന് ചുക്ക്, ജീരകം എന്നിവ ഉപയോഗിക്കാം.
- മുത്തങ്ങ, പര്‍പ്പടകപ്പുല്ല് എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാന്‍ സഹായിക്കും.
- ആടലോടകത്തിന്‍റെ ഇല പിഴിഞ്ഞെടുത്ത നീരില്‍തേന്‍ചേര്‍ത്ത്സേവിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.
- തുളസി, കുരുമുളക് എന്നിവചേര്‍ത്ത് കഷായം വെച്ച് കഴിക്കുന്നത് പനി. ജലദോഷം എന്നിവയെ ശമിപ്പിക്കുന്നതാണ്.
- തുളസി, കുരുമുളക് പനിക്കൂര്‍ക്കയില, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് ആവികൊള്ളുന്നത് കഫ ശല്യം ശമിപ്പിക്കും.
- വയമ്പ്, കടുക്, കൊട്ടം, ഗുഗുലു. ജഡാമാഞ്ചി എന്നിവ ഉപയോഗിച്ച് പുകയ്ക്കുന്നത് അണുനാശത്തിനു സഹായിക്കും.