ആഗോളീകരണത്തിന്‍റെയും ഉദാരീകരണത്തിന്‍റെയും ഫലങ്ങിലൊന്നാണ് ലോകം ഇന്ന് അനേകായിരം വര്‍ഷത്തെ ഭാരതീയ സാംസ്കാരിക പൈതൃകത്തെയും ശാസ്ത്രനേട്ടങ്ങളെയും കുറിച്ച് കൂടുതല്‍ കൂടുതലായി അടുത്തറിയാന്‍ താല്പര്യപ്പെടുന്നു എന്നത്. മെക്കാനെ ബോധനരീതിയും, കോളനീവല്‍കൃത ശാസ്ത്ര-സാംസ്കാര ചിന്താഗതികളുമൊക്കെ നമ്മുടെ ചരിത്രത്തോടും പുരാതന ഭാരതീയ ശാസ്ത്ര ചിന്തകരോടും തികഞ്ഞ അവഗണനയും അജ്ഞതയും വളര്‍ന്നു വരാനിടയാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരവും തമ്മില്‍ നിറഞ്ഞു നിന്നിരുന്ന ജാഠ്യാന്ധകാരത്തെ തൂത്തെറിയാന്‍ കഴിയാതെ ഇന്നും നിലനില്ക്കുന്നു. എങ്കിലും ചെറിയതോതിലെങ്കിലും നമ്മുടെ തമസ്ക്കരിക്കപ്പെട്ട വിജ്ഞാന ഭണ്ഡാഗരങ്ങള്‍ ഒന്നൊന്നായി തുറന്ന് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും ഒരു പരിധിവരെ വിജയകരമായി നടക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ഈ രംഗത്ത് ജാഗരൂഗരായവരുടെ ഉത്തരവാദിത്വവും വര്‍ദ്ധിക്കുകയാണ്. ഇന്ന് ഭാരതീയമായ വിജ്ഞാനവും എടുത്തുപറയുന്ന ശാസ്ത്രനേട്ടങ്ങളുമൊക്കെ അന്വേഷിച്ച് ലോകം ഇങ്ങോട്ട് ശ്രദ്ധിക്കുമ്പോള്‍ നാം കഥകളും കെട്ടുകഥകളും കേട്ടറിവുകളും നമ്മുടെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തി ഉയര്‍ത്തിക്കാണിക്കുന്നത് ഗുണത്തെക്കാളേറെ ദോഷകരമായിരിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. വിവിധ വിജ്ഞാനമേഖലയും പുരാതന ഭാരതീയര്‍ കൈവരിച്ച നേട്ടങ്ങള്‍ വിജ്ഞാനഗ്രന്ഥങ്ങളായും നിര്‍മിതികളായും പ്രയോഗശാസ്ത്രങ്ങളായും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്, ധാരാളമായി കുറെയൊക്കെ കാലത്തിന്‍റെ സ്പര്‍ശത്താല്‍ മാഞ്ഞുപോയി എങ്കിലും മറ്റ് ചിലതൊക്കെ കള്ളന്മാര്‍ ചോര്‍ത്തിക്കൊണ്ടുപോയി എങ്കിലും പിന്നെ ചിലതൊക്കെ ഇന്നും നമ്മുടെ അബദ്ധധാരണാകളാലും ഇടുങ്ങിയ ചിന്താരീതികളാലും പുറത്തുവിട്ടുകൊടുക്കുന്നില്ല എങ്കിലും പുതിയതായി അനുദിനം നിരവധി രേഖകളും സമ്പ്രദായങ്ങളും രീതികളും ലോകത്തിനുമുന്നില്‍ കാണിക്കാനാവുന്നുമുണ്ട്. നമ്മുടെ പൈതൃകസമ്പത്തിന്‍റെ വ്യാപ്തിയും ഗഹനതയും പാഠപുസ്തകങ്ങളിലൂടെ സാര്‍വ്വത്രീകമായി പ്രചരിപ്പിക്കാന്‍ നേരത്തെ പറഞ്ഞ കോളനി വല്‍കൃത മനസ്സ് നമ്മെ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ പല വിജ്ഞാനശാഖകളിലും ഒരോ വിഷയങ്ങള്‍ പഠനവിധേയമാകുമ്പോളും ഭാരതീയ ചിന്തകരുടേയും പണ്ഡിതന്മാരുടേയും ഋഷിവര്യന്മാരുടേയും കണ്ടെത്തലുകളും നിരീക്ഷണങ്ങളും സാമാന്യമായി പരാമര്‍ശിച്ചെങ്കിലായി.
തത്വചിന്ത, ജ്യോതിഷം, ഗണിതം, കാവ്യം, വ്യാകരണം, ശാസ്ത്രം തുടങ്ങിയ സമസ്തരംഗത്തും ആധികാരികമായ വിജ്ഞാനസമ്പത്തുണ്ടായിരുന്ന ആ സംസ്കൃതിയുടെ അനന്തരാവകാശികളുടെ ഗതികേടായി മാത്രമേ ഇതിനെ കാണാനാവുകയുള്ളൂ. ഇതിനുള്ള പോംവഴി പാഠപുസ്തകങ്ങള്‍ക്കപ്പുറം കടന്ന് ചെന്ന് അന്വേഷിക്കാനുള്ള ഇച്ഛാശക്തി പഠിതാക്കളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രത്യേകിച്ച് ആധുനിക ശാസ്ത്രത്തിന്‍റെയും സാഹിത്യത്തിന്‍റെയും വിദ്യാര്‍ത്ഥികളില്‍. ഇതിന് ഇന്ന് പ്രധാന തടസ്സം ഭാഷയുടേതാണ്. പുരാതനഭാരതീയ വിവര്‍ത്തനങ്ങള്‍ മിക്കവയും സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് ലഭ്യമായ സാങ്കേതികവിദ്യകളുപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇവയിലെ തത്വങ്ങളും പ്രമാണങ്ങളുമൊക്കെ ഭാഷാപരമായ അതിര്‍വരമ്പുകള്‍ മറികടന്ന് കൈമാറാനാകും.
ഭാരതീയ വിജ്ഞാനദാഹികള്‍ നേരിടുന്ന പ്രധാനമായ പ്രശ്നങ്ങള്‍ അവരുടെ മുന്നില്‍ അവതരിക്കപ്പെടുന്ന തെളിവുകള്‍ പലതും കേട്ടറിവുകളും കഥകളും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത അറിവുകളുമൊക്കെയാണ്. രാമായണത്തിലെ പുഷ്പകവിമാനമാണ് ആദ്യത്തെ വിമാനമെന്ന് പ്രചരിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ നമ്മെ പരിഹാസ്യരാക്കുകയേയുള്ളൂ. അതേസമയം 1000 ത്തോളം വര്‍ഷമായി യാതൊരുവിധ കേടുപാടുകളോ തുരുമ്പിക്കലോ പോലുമില്ലാത്ത ഡല്‍ഹിയിലുള്ള വിജയസ്തംഭത്തിന്‍റെ നിര്‍മ്മാണ വിദ്യ ഭാരതീയര്‍ക്കുണ്ടായിരുന്നു എന്നത് തെളിവുസഹിതം ഹാജരാക്കാവുന്ന ഒന്നാണല്ലോ. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇനിയും കൃത്യമായ പരിജ്ഞാനം നമ്മുക്കുണ്ടായിരിക്കേണ്ടതുണ്ട് എന്നത് ഓര്‍ക്കണം. 5000 വര്‍ഷം മുമ്പുതന്നെ സിന്ദുനദീതട പ്രദേശത്ത് താമസിച്ചിരുന്നവര്‍ക്ക് ആസൂത്രണത്തെ സംമ്പന്ധിച്ച നല്ല പരിജ്ഞാനമുണ്ടായിരുന്നു എന്നത് കാര്യങ്ങള്‍ പരിശോധനകളിലൂടെ ഇന്ന് ലോകത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്.
ആയുര്‍വേദത്തെ ലോകം കാത്തിരിക്കുന്നു
മാഞ്ഞുപോയ വിജ്ഞാന ശേഖരമല്ല ആയുര്‍വ്വേദം.ഇന്ന് മഹദ് ശക്തിയായി വളരുന്ന വൈദ്യശാസ്ത്ര മേഖലയാണ് ഭാരതീയ ആയുര്‍വേദ ചികിത്സാരീതി. അതി മഹത്വവും ഗുണങ്ങളും കേട്ടറിഞ്ഞും അനുഭവിക്കുന്ന ലോകത്തിന്‍റെ പല ഭാഗത്തുനിന്നും വന്നെത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് ജീവിത സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് ശാരീരികവും മാനസീകവുമായ പ്രയാസങ്ങളും കൂടുകയാണിപ്പോള്‍. ആധുനിക വൈദ്യശാസ്ത്രം മറ്റ് മരുന്നുകള്‍ പുറത്തു കൊണ്ടുവരുന്നതിനെ മറികടക്കാന്‍ രോഗങ്ങളും മത്സരിക്കുകയാണ്. വേണ്ടതും വേണ്ടാത്തതുമായ ജീവിതരീതിയും ഭക്ഷണക്രമവും കൊണ്ട് രോഗം നിറയുകയാണ്. അതിനെ ഇല്ലാതാക്കാന്‍ കഴിക്കുന്ന മരുന്നുകള്‍ മറ്റ് രോഗങ്ങള്‍ വിതയ്ക്കുന്നു. ഇതൊരു ചാക്രീക രീതിയായി അവസാനം അതില്‍പ്പെട്ട് പണവും ആയുസ്സും നഷ്ടപ്പെടുന്നു.
എന്നാല്‍ ആയുര്‍വേദം മുമ്പോട്ട് വെയ്ക്കുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ചികിത്സാരീതിയാണ്. ജീവിതരീതി, ദിനചചര്യ, ഭക്ഷണം എന്നിവയെ ചിട്ടപ്പെടുത്തിയുള്ള സമഗ്രാരോഗ്യപരിപാലനപദ്ധതിയാണത്. എന്ന് തുടങ്ങി എന്നത് കൃത്യമായി പറയുക സാധ്യമല്ല, 5000 വര്‍ഷമോ അതിനുമുമ്പോ രൂപപ്പെടുത്തിയതാകാം. ഏതായാലും ഋക് വേദത്തിലും അഥര്‍വ വേദത്തിലുമൊക്കെ പരാമര്‍ശിക്കപ്പെടുന്ന ഈ ചികിത്സാരീതി ഭാരതീയരിലൂടെയാണ് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെത്തി വളര്‍ന്നു വികസിച്ചത് എന്നതിന് സംശയമില്ല. തിബറ്റ്, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ബുദ്ധസന്യാസിമാരാണ് ആയുര്‍വേദ ജീവിതചര്യയും ചികിത്സാരീതികളുമൊക്കെ എത്തിച്ചത്. ഇന്ന് ലോകത്തിലെ 80 ശതമാനം ജനങ്ങളും ഏതെങ്കിലുമൊരുവിധത്തില്‍ പച്ചമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് ലോകാരോഗ്യസംഘടന തന്നെ നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യ ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ളതാണ് ആയുര്‍വേദ ചികിത്സ. പല മരുന്നുകളും ജനോപയോഗത്തില്‍ വന്നത് ചെടികളില്‍ നിന്നും മറ്റുമാണ്.
പാര്‍ശ്വഫലങ്ങളില്ലാതെ രക്താര്‍ബുദം മാറ്റാന്‍ കഴിയുന്നത് ആയുര്‍വേദത്തിലൂടെയാണ്. വികസിതരാഷ്ട്രങ്ങള്‍ അനേക വര്‍ഷം ആധുനികസൗകര്യങ്ങളോടെ കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ഫലം കാണാത്ത പലതും ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രാപ്തി വരുന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അനുഭവിച്ചറിയുന്നവര്‍ അതിന്‍റെ ആരാധകരാവുന്നതിന് തെളിവുകള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്. ഇതുപോലെ ഭാരതീയ വിജ്ഞാനശേഖരങ്ങളില്‍ ആഴ്ന്നിറങ്ങിയവര്‍ അനേകമനേകം മുത്തും പവിഴങ്ങളും ഇനിയും എത്രയോ ലോകത്തെ കാത്തിരിക്കുന്നു എന്ന് കാണാം. അതിനുള്ള ദൗത്യം ഏറ്റെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. സത്യന്ധമായ സമീപനവും കൃത്യമായ രൂപരേഖയുമുണ്ടെങ്കിലേ ഈ സന്ദര്‍ഭങ്ങളില്‍ മുന്നോട്ടിറങ്ങാന്‍ പറ്റൂ. തികഞ്ഞ അവധനതയും, അന്വേഷണ ത്വരതയുള്ളവര്‍ക്കുമുന്നില്‍ അറിയാനും അറിയിക്കാനും പരിപോഷിപ്പിക്കാനും എത്രയോ വിജ്ഞാന സമ്പത്തുകള്‍ നമുക്കുണ്ട്.
– ബാല ഗോപാലന്‍, പായിച്ചേരി