വിഷ ചികിത്സയിലും ആന ചികിത്സയിലും പത്ത് തലമുറയോളം പരന്ന് കിടക്കുന്ന ആവണപ്പറമ്പ് മനയുടെ വൈദ്യ പാരമ്പര്യത്തിന്‍റെ മുറിയാത്ത കണ്ണിയായി ഇന്നും കര്‍മ്മനിരതനായി കഴിയുകയാണ് മഹേശ്വരന്‍ നമ്പൂതിരി.
വിഷവൈദ്യന്‍ എന്നപേരിലും ആന ചികിത്സകന്‍ എന്നപേരിലും പ്രസിദ്ധനായ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരി തന്‍റെ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുകയാണ്. പൈതൃകമായി ലഭിച്ച അറിവുകളെ നമിച്ചുകൊണ്ട്.
പ്രായം 88 കഴിയുന്നു. തന്‍റെ കയ്യിലുള്ളതെല്ലാം പാരമ്പര്യമായി ലഭിച്ചതാണ്. അച്ഛനാണ് ഗുരു. അദ്ദേഹത്തിന് ഗുരുതുല്യനായിരുന്നു മുത്തശ്ശന്‍. രാജാവ് നിയമിച്ച വിഷവൈദ്യന്‍, അച്ഛന് ആനചികിത്സയിലും ഇലക്ട്രോണിക്സിലും താത്പര്യം ഏറെയാണ്. ധാരാളം വായിക്കും, സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങളില്‍ മുഴുകും. വിജയം വരെ തുടരുമിത്. ഇതിന്‍റെ ഉദാഹരണമാണ് സ്വയം നിര്‍മ്മിച്ച റേഡിയോ. ഭാരതത്തില്‍ റേഡിയോ നിലയങ്ങള്‍ തുടങ്ങുന്നതിനും, ഞാന്‍ ജനിക്കുന്നതിനും മുമ്പുതന്നെ ആവണപ്പറമ്പില്ലത്ത് റേഡിയോ ഉണ്ടായിരുന്നു. റേഡിയോ നിര്‍മ്മിക്കാനായി ആദ്യം ബാറ്ററി നിര്‍മ്മിച്ചു. അതിനായി സള്‍ഫ്യൂറിക്ക് ആസിഡ് അടക്കമുള്ള രാസവസ്തുക്കള്‍ പലയിടങ്ങളില്‍ നിന്നായി കൊണ്ടുവന്നു. താന്‍ നിര്‍മിച്ച ബാറ്ററിയിലൂടെ പ്രവര്‍ത്തിച്ച റേഡിയോയിലൂടെ ഇംഗ്ലണ്ടില്‍ നിന്നുള്ള ശബ്ദം കേള്‍ക്കാനിടയായ നിമിഷം അപ്പോഴാണ് അച്ഛന്‍റെ ബുദ്ധിശക്തി ഏവരും തിരിച്ചറിയുന്നത്. പിന്നീട് തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാന്‍റെ കാറിന് ബാറ്ററി നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.
എനിക്കന്ന് പതിനാറ് വയസ്സ്. രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. അച്ചടിമാധ്യമങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന കാലം. റേഡിയോയിലൂടെ വാര്‍ത്തകളറിയാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വലിയൊരുകൂട്ടം ആളുകള്‍ ഇല്ലത്തെത്തിയിരുന്നതായി ഇന്നും ഓര്‍മ്മയുണ്ട്.
ഉപനയനം കഴിഞ്ഞിരിക്കുമ്പോഴാണ് അച്ഛന്‍റെ അനിയന്‍ മരണപ്പെട്ടത്. ശ്രാദ്ധമൂട്ടുവാനുള്ള ചുമതലകള്‍ വന്നുചേര്‍ന്നതിനാല്‍ ഒരു വര്‍ഷത്തോളം അവിടെയായിരുന്നു. ഇക്കാരണത്താല്‍ സമാവര്‍ത്തന ചടങ്ങുകളും വൈകി. മുതിര്‍ന്നവരുടെ കൂടെയായതിനാല്‍ അക്കാലയളവില്‍ തന്നെ വൈദ്യവും മരുന്നുകളും അതിലുപരി ധാര്‍മിക പാഠങ്ങളും പരിചയപ്പെട്ടുതുടങ്ങി. അച്ഛനും അദ്ദേഹത്തിന്‍റെ ജ്യേഷ്ഠനും വിഷവൈദ്യന്മാരായതിനാല്‍ രാപകലില്ലാതെ വിഷദംശനമേറ്റ രോഗികളേയും കൊണ്ട് ധാരാളം പേര്‍ എത്തിയിരുന്നു. ചികിത്സയില്‍ സഹായിയായി ഞാനും കൂടും. അങ്ങനെ വിഷവൈദ്യം കൂടുതല്‍ തൊട്ടറിഞ്ഞു.
അച്ഛന്‍റെയടുത്ത് തിരിച്ചെത്തിയ ദിവസം ഇന്നും ഓര്‍മ്മയുണ്ട്. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു എന്ന് ലണ്ടന്‍ വാര്‍ത്താനിലയം പുറപ്പെടുവിച്ച വാര്‍ത്ത ഒരു സ്ത്രീയുടെ ശബ്ദത്തില്‍ ശ്രവിച്ചത് ഒരു ഞെട്ടലോടുകൂടി മഹേശ്വരന്‍ നമ്പൂതിരി ഓര്‍ത്തെടുക്കുന്നു. അപ്പോഴാണ് എനിക്കും ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യ പഠിക്കണം എന്ന ആഗ്രഹം പറയുന്നത്. ഒരുവര്‍ഷം തമിഴ്നാട്ടില്‍ പോയി താമസിച്ച് റേഡിയോ മെക്കാനിക് സര്‍വ്വീസ് കോഴ്സ് പഠിച്ചു. ഫസ്റ്റ്ക്ലാസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. അപേക്ഷ അയച്ചത് പ്രകാരം ബാംഗളൂരിലെ എച്ച്. എല്ലില്‍ ജോലിയും ലഭിച്ചു. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാനായി പോകേണ്ടതില്ലെന്നായി കാരണവന്മാര്‍. ആനയും ചികത്സയുമായി കഴിയാനായിരുന്നു ആജ്ഞ. അതോടൊപ്പം വടക്കാഞ്ചേരിയില്‍ ഒരു ഇലക്ട്രോണിക്സ് സര്‍വ്വീസ് കടയും തുടങ്ങി. അച്ഛനും കൂട്ടുകാരും ചേര്‍ന്ന് ഒരു സിനിമാശാല നടത്തുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഇവിടുത്തെ ശബ്ദ സംവിധാനം തകരാറിലായി. ഞാന്‍ നന്നാക്കാന്‍ ഒരുശ്രമം നടത്തി. ഭാഗ്യമെന്ന് പറയട്ടെ തൃശ്ശൂരിലെ മികച്ച ശബ്ദ സംവിധാനമുള്ള സിനിമാ കൊട്ടയായി അത് മാറുകയായിരുന്നു. അക്കാലത്തെ പ്രസിദ്ധം ചില ചലച്ചിത്രങ്ങളായ ജ്ഞാനസുന്ദരി, ഉണ്ണിയാര്‍ച്ച തുടങ്ങിയവ ആഴ്ചകളോളം പ്രദര്‍ശിപ്പിച്ചു. നല്ലവരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ എനിക്ക് ഒരുനിമിഷവും മാറിനില്‍ക്കാനാവുമായിരുന്നില്ല. എപ്പോഴും ജോലിയാണ്. ഇതോടെ കൊട്ടക വില്‍ക്കുകയാണ്.
അച്ഛന്‍ മരിച്ചതോടെ ചുമതലകള്‍ സ്വാഭാവികമായും എന്‍റെ തലയിലായി. പാരമ്പര്യമായി സിദ്ധിച്ച ആനചികിത്സയും വിഷ ചികിത്സയുമായി മുന്നോട്ടു പോവുക എന്നതായി ജീവിതവ്രതം.
തൈക്കാട് മൂസിന്‍റെ അനുഗ്രഹം
ഒരിക്കല്‍ തൈക്കാട് മൂസ് തന്‍റെ സഹോദരിയേയും കൂട്ടി ഇല്ലത്ത് വന്നു. നിര്‍ത്താത്ത അലര്‍ജ്ജിയും തുമ്മലും. പലയിടങ്ങളിലും ചികിത്സനോക്കി ഫലിച്ചില്ല. വിഷമാണോ എന്നറിയാന്‍ വന്നതാണ്. മുതിര്‍ന്നവരാരും ഇല്ലാതിരുന്നതിനാല്‍ എന്നോട് നോക്കാനായി മൂസ് അഭിപ്രായപ്പെട്ടു. ഞാന്‍ പരിശോധിച്ചു, പതിനാറ് തരം എലികളുള്ളതില്‍ ഒരെണ്ണം കഫപ്രകോപിയാണ്. അതിന്‍റെ ചികിത്സായോഗമാണ് ആദ്യം മനസ്സില്‍ വന്നത്. അപ്രകാരം ഇരുപത്തിയൊന്ന് ദിവസത്തേക്ക് മരുന്ന് കുറിച്ചു നല്‍കി. കാരണവന്മാരുടെ അനുഗ്രഹവും ദൈവാധീനവും കൂട്ടായി. അസുഖം നിശ്ശേഷം മാറി. തൈക്കാട് മൂസ്സ് അനുഗ്രഹിച്ചു.
വിഷ ചികിത്സയില്‍
അലോപ്പതി ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ ഒരാളുമായി ബന്ധുക്കള്‍ എന്‍റെയടുത്ത് വന്നു. ഉഗ്രവിഷമാണ്. രണ്ടും കല്‍പ്പിച്ച് തീക്ഷ്ണാഞ്ജനം ചെയ്തു. പ്രാണന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങി. നസ്യവും മറ്റ് തുടര്‍ ചികിത്സയും ചെയ്ത് അയാളെ രക്ഷിക്കാന്‍ കഴിഞ്ഞു.
കടിയേറ്റ് രോഗി വന്നാല്‍ എപ്പോഴും കടിവായ നോക്കിയല്ല പാമ്പിനെ തിരിച്ചറിയുന്നത്. വിഷഹാരിലേപം വെറ്റിലയില്‍ തേച്ച് കൊടുത്ത് രുചിഭേദം ചോദിച്ചറിഞ്ഞ് പാമ്പിനെ കണ്ടുപിടിക്കും. പരിചയമായപ്പോള്‍ ഇതൊന്നുമില്ലാതെതന്നെ ഇനത്തെ മനസ്സിലായിത്തുടങ്ങി. കടിയേറ്റ രോഗികളെ ആദ്യഘട്ടത്തില്‍ തീക്ഷ്ണങ്ങളായ മരുന്നുകൊണ്ട് ചികിത്സിക്കും. ശേഷം തുടര്‍ ചികിത്സയും. അതില്ലാതെ വന്നാല്‍ മറ്റു പലരോഗങ്ങളായി രൂപപ്പെടും.
ആന ചികിത്സയില്‍
ഗുരുവായൂരുള്ള ആനക്കോട്ടയില്‍ എല്ലാ ആനകളേയും ചികിത്സിക്കാന്‍ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണ്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഗുരുവായൂരപ്പനെ ദര്‍ശനം നടത്താന്‍ കഴിയുന്നതും മഹാപുണ്യം. ആനകള്‍ക്ക് മികച്ച പരിചരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പാപ്പാന്‍ നല്ല വ്യക്തിയാവുക എന്നത് പരമപ്രധാനമാണ്. ആനക്ക് ഭക്ഷണം കൊടുക്കുന്നതും പരിചരിക്കുന്നതും കാലാവസ്ഥയ്ക്ക് അനുസരിച്ചാവണം.
ദിവസവ്രതം
പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും. കുറച്ച് കാലം മുമ്പുവരെ കുളത്തില്‍ കുളിക്കുമായിരുന്നു. ഇപ്പോള്‍ വീട്ടില്‍ കുളിയും കഴിഞ്ഞ് പൂജയും ജപവും നടത്തും. കാപ്പികുടിച്ച് പൂമുഖത്ത് 12.30 വരെ രോഗികളെ പരിശോധിച്ചിരിക്കും. ചില ദിവസങ്ങളില്‍ തിരക്കാവും. അതിനനുസരിച്ച് വൈകും. ഊണ് കഴിഞ്ഞ് വിശ്രമം. പിന്നെ വായന. പത്താംതരം വരെ മാത്രമെ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഇംഗ്ലീഷ് പത്രങ്ങളടക്കം വായിക്കും. സന്ധ്യകഴിഞ്ഞാല്‍ കുറച്ച് വര്‍ഷങ്ങളായി ചികിത്സയില്ല. കഞ്ഞിയാണ് ഇഷ്ടഭക്ഷണം രാത്രി ടി. വിയിലെ ലഹള ഒക്കെ കണ്ട് ഒന്‍പത് മണിക്ക് കിടക്കും. ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. മകന്‍ ശങ്കരന്‍ കോട്ടക്കലില്‍ ഡോക്ടറാണ്.
തന്‍റെ പതിമൂന്നാം വയസ്സുതൊട്ട് മരുന്ന് കുറിച്ചു തുടങ്ങിയ ആവണപ്പറമ്പ് മഹേശ്വരന്‍നമ്പൂതിരി, രാപ്പകലില്ലാതെ ഒട്ടനവധി രോഗികളെ ചികിത്സിച്ചു. എഴുപത്തി അഞ്ചാമത്തെ വയസ്സായപ്പോഴാണ് രാത്രി ചികിത്സ നിര്‍ത്തിയത്. എണ്‍പതാം വയസ്സില്‍ വിഷ ചികിത്സ നിര്‍ത്തിയെന്ന് പത്രത്തില്‍ പരസ്യം ചെയ്തു. എങ്കിലും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഇന്നും ആളുകള്‍ വരുന്നു. വിഷചികിത്സക്ക് അന്നും ഇന്നും ഫീസ് ഈടാക്കാറില്ല.
ആയുര്‍വ്വേദവിഷചികിത്സാരംഗത്തും ആനചികിത്സാരംഗത്തും ഇന്നും കര്‍മ്മനിരതനായി പ്രവര്‍ത്തനം തുടരുന്നു ആവണപ്പറമ്പ് തിരുമേനി.