ഡോ. അന്‍റോണിയോ മൊറാന്‍റി എന്ന ന്യൂറോസയിന്‍റിസ്റ്റ് ആയുര്‍വ്വേദത്തിനെയും, ഭാരതത്തെയും അഗാധമായി സ്നേഹിക്കുന്നു. ഇറ്റലിയില്‍ സ്വന്തമായി ആയുര്‍വ്വേദ ചികിത്സാലയവും, വിദ്യാലയവും നടത്തുന്നു.
വായനക്കാരെപ്പോലെ എന്തു കൊണ്ടാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമേകുന്നു ഡോ. അന്‍റോണിയോ മൊറാന്‍റി ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ എഴുത്തിലൂടെ.
എന്തുകൊണ്ടാണ് അലോപ്പതി ഡോക്ടറായ അങ്ങ് ആയുര്‍വേദമെന്ന വൈദ്യശാസ്ത്രത്തെ അറിയുവാന്‍ ശ്രമിച്ചത് ?
ന്യൂറോളജിയില്‍ സ്പെഷലിസ്റ്റ് ക്ലിനിക്കല്‍ ഗവേഷണത്തില്‍ അതീവ തല്‍പ്പരനായിരുന്നു ഞാന്‍. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയില്‍ ന്യൂറോ സയിന്‍റിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ഒപ്പം അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളുടെ ഗവേഷണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഗവേഷണ സമയത്ത് മനസ്സിനെയും, അതിന്‍റെ താളപ്പിഴവുകളെ കുറിച്ചും, ശരീരത്തിന് ജരാനരകള്‍ ബാധിക്കുന്നതിനെകുറിച്ചുമൊക്കെ മനസ്സിലാക്കുവാന്‍ അതീവ തല്പര്യനായിരുന്നു. മേല്‍പ്പറഞ്ഞവിഷയങ്ങള്‍ എല്ലാം തന്നെ പരസ്പരബന്ധമുണ്ടെങ്കിലും ആധുനികവൈദ്യശാസ്ത്രം ഇതിനെ പ്രത്യേകം പ്രത്യേകമായാണ് പഠനവിധേയമാക്കുന്നത്. അതിനാല്‍ തന്നെ ആധുനിക വൈദ്യശാസ്ത്രം വ്യത്യസ്തമായി കണ്ടിരുന്ന ഈ വിഷയങ്ങളെ ഏകോപിപ്പിച്ച് പഠിക്കുന്ന ഒരു വിജ്ഞാനശാഖയെ അന്വേഷിക്കാന്‍ ആരംഭിച്ചു. അവസാനം ആയുര്‍വേദത്തിന്‍റെ വഴിയില്‍ എത്തുകയായിരുന്നു.
ഭാരതീയ ദര്‍ശനങ്ങളെ അടിസ്ഥനമാക്കിയുള്ള ആയുര്‍വേദത്തെ പഠിക്കുക ബുദ്ധിമുട്ടേറിയതായിരുന്നോ?
ഒരിക്കലുമല്ല…… ആയുര്‍വേദം പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ എന്‍റെ മുന്നില്‍ ചോദ്യചിഹ്നമായി നിന്നിരുന്ന പലതിനും ഉത്തരങ്ങള്‍ തെളിഞ്ഞുവരികയായിരുന്നു. പ്രകൃതിയേയും മനുഷ്യനെയും കുറിച്ചുമുള്ള പുതിയൊരു കാഴ്ചപ്പാട് തന്നെ ഉണ്ടാക്കാന്‍ ഇത് സഹായിച്ചു. ഭാരതീയ ദര്‍ശനങ്ങള്‍ എന്നാല്‍ കേവലം ഭാരതത്തിന്‍റെ മാത്രം കാഴ്ചയല്ല. പ്രകൃതിയേയും മനുഷ്യനേയും ബന്ധിപ്പിക്കുന്ന ഒരു വിജ്ഞാനകോശമാണ് എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
ആയുര്‍വേദ ചികിത്സകള്‍ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ടതാണ് . ഇത്തരം സസ്യങ്ങള്‍ അങ്ങയുടെ കർമമണ്ഡലമായ ഇറ്റലിയില്‍ ലഭ്യമാണോ? അല്ലെങ്കില്‍ എങ്ങിനെയാണ് അവിടെ ആയുര്‍വേദ ചികിത്സ പ്രായോഗികമായി നടത്തപ്പെടുന്നത്?
ഇറ്റാലിയന്‍ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ബോര്‍ഡ് ആയുര്‍വേദത്തെ മെഡിക്കല്‍ നിയമത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അലോപ്പതി ഡോക്ടറായ എനിക്ക് കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം ആയുര്‍വേദം പ്രാക്ടീസ് ചെയ്യുന്നതിന് തടസ്സമില്ല. ഇത്തരം ഘട്ടങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആയുര്‍വേദ ഔഷധങ്ങള്‍ ഞങ്ങളുടെ പ്രാക്ടീസില്‍ ഉള്‍പ്പെടുത്താറുണ്ട്. അതു കൂടാതെ ഞങ്ങളുടെ രാജ്യത്ത് തന്നെയുള്ള സസ്യ സമ്പത്തിനെ ആയുര്‍വേദ രീതിയില്‍ പഠിച്ചുകൊണ്ട് അത് ഔഷധമായി ഉപയോഗിക്കുന്ന രീതിയും ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. ഇറ്റലിയിലെ പാരമ്പര്യ ഔഷധശാസ്ത്രം ആയുര്‍വേദത്തിന്‍റെ ദ്രവ്യഗുണശാസ്ത്രം (സസ്യശാസ്ത്രം) പഠനവുമായി ഏറെ ബന്ധപ്പെട്ടതായി കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. ‘തൃഫല’ പോലുള്ള ഭാരതത്തിന്‍റെ ഔഷധപ്രയോഗങ്ങളുടെ അറിവുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ ഇറ്റലിയിലേക്ക് പറിച്ച് നടത്തപ്പെട്ടിട്ടുണ്ടെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ ചില രസൗഷധങ്ങള്‍ പോലുള്ള ഔഷധങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചില തടസ്സങ്ങള്‍ ഇവിടെയുണ്ട്. ചികിത്സക്കായി തൈലങ്ങള്‍, ചൂര്‍ണ്ണങ്ങള്‍ എന്നിവയുടെ പ്രയോഗങ്ങളാണ് കൂടുതലായും ഉപയോഗിച്ചുകൊണ്ട് വരുന്നത്.
അങ്ങയുടെ സ്ഥാപനമായ ‘ആയുര്‍വേദിക് പോയന്‍റ്’ ഇറ്റലിയുടെ പ്രവര്‍ത്തനങ്ങള്‍ ?
2001-ല്‍ ഞാനും എന്‍റെ സുഹൃത്ത് കാര്‍മന്‍ ടോസ്റ്റേയുമായി ചേര്‍ന്നാണ് ആയുര്‍വേദിക് പോയ്ന്‍റ് സ്ഥാപിക്കുന്നത്. ഇതിന്‍റെ പ്രധാനലക്ഷ്യം ആയുര്‍വേദ ചികിത്സയുടെ പ്രചാരണവും വികസനവുമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ ആയുര്‍വേദ പഠനത്തിന് പ്രാധാന്യം നല്‍കി ഒരു ആയുര്‍വേദ സ്കൂളും സ്ഥാപിക്കാനിടയായി. ഗവേഷണ വിഭാഗവും പ്രത്യേകമായി തുടങ്ങി. 2007-ല്‍ സര്‍ക്കാരില്‍ നിന്നും ആയുര്‍വേദ പഠനത്തിന്‍റെ ഗുണമേന്മക്കുള്ള അംഗീകാരം ഞങ്ങള്‍ക്ക് ലഭിച്ചു. ലോകാരോഗ്യസംഘടനയുടെ ആയുര്‍വേദ പഠനത്തിന് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സും, മറ്റുള്ളവര്‍ക്ക് തെറാപ്പിസ്റ്റ് കോഴ്സായും പഠനം നല്‍കി വരുന്നു. നാല് വര്‍ഷം കാലയളവുള്ള കോഴ്സില്‍ പ്രായോഗിക പരിശീലനത്തിനായി തൃശ്ശൂര്‍ ജില്ലയി ലെ എസ്.എന്‍.എ ഔഷധശാലയുമായി ചേര്‍ത്ത് പരിശീലനപരിപാടികള്‍ നടത്താറുണ്ട്. ഇത് വഴി കേരളത്തിലെ പാരമ്പര്യ, ആയുര്‍വേദ ചികിത്സാരീതികളെ കുറിച്ച് മനസ്സിലാക്കുവാനും സാധിക്കുന്നു. കൂടാതെ നിരന്തരമായ ശാസ്ത്ര സെമിനാറുകളും ഞങ്ങളുടെ സ്ഥാപനം നടത്തുന്നു. ആയുര്‍വേദിക് പോയ്ന്‍റ് ആയുര്‍വേദമെന്ന ഭാരതീയ പാരമ്പര്യ ശാസ്ത്രത്തെയും ആധുനിക വൈദ്യശാസ്ത്രത്തെയും സംയോജിപ്പിച്ച് രോഗികള്‍ക്ക് ഫലപ്രദമായി രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് .അതിനായി സ്ഥിരമായ ഒ.പി ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ആയുര്‍വേദത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറ്റാലിയന്‍ ഇന്‍റര്‍ നാഷണല്‍ അക്കാഡമിയുമായി ചേര്‍ന്ന് നേതൃത്വം നല്‍കി വരുന്നു.
ഇറ്റാലിയന്‍ ഗവണ്‍മെന്‍റിന്‍റെ ആയുര്‍വേദശാസ്ത്രത്തോടുള്ള സമീപനം ?
ഞാന്‍ മുന്‍പ് വ്യക്തമാക്കിയതു പോലെ ആയുര്‍വേദത്തെ ഞങ്ങളുടെ ആരോഗ്യ നിയമത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു തനതായ പാരമ്പര്യ വൈദ്യശാസ്ത്രത്തേയും പൂര്‍ണ്ണമായ മെഡിക്കല്‍ സമ്പ്രദായവുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും ആയുര്‍വേദ പഠനത്തിനായി ഇതര വൈദ്യ ശാസ്ത്രലോകം താത്പര്യപ്പെടുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഉദാഹരണമായി ഞങ്ങള്‍ ഈ അടുത്തായി യൂണിവേഴ്സിറ്റി ഓഫ് മിലാനിലെ ന്യറോളജി, ക്ലിനിക്കല്‍ സൈക്കോളജി തുടങ്ങിയ വിഭാഗവുമായി ചേര്‍ന്ന് ഡ്യൂഷന്‍ മസ്കുലര്‍ ഡിസ്ടോഫി എന്ന അസുഖത്തെക്കുറിച്ച് പഠനം നടത്തുവാന്‍ അരംഭിച്ചിട്ടുണ്ട്. അവിടെയുള്ള വൈദ്യ വിദ്യര്‍ത്ഥികള്‍ക്ക് ആയുര്‍വേദം എന്ന വിഷയത്തെ കുറിച്ച് ക്ലാസെടുക്കുന്നുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ആയുര്‍വേദമെന്ന വൈദ്യശാസ്ത്രം ഇറ്റലിയില്‍ വളര്‍ന്നു വരികയാണ്.
അങ്ങയുടെ അനുഭവത്തില്‍ മറ്റ് വൈദ്യശാസ്ത്രങ്ങളില്‍ നിന്ന് ആയുര്‍വേദം എങ്ങനെ വേറിട്ട് നില്‍ക്കുന്നു ?
ഇതര വൈദ്യശാസ്ത്രങ്ങളെ അപേക്ഷിച്ച് ആയുര്‍വേദത്തിന് പ്രകൃതിയോടും, മനുഷ്യനോടുമുള്ള കാഴ്ചപ്പാടുകള്‍ തന്നെ വ്യത്യസ്തമാണ് . ഒരു ജീവന്‍ എന്നു പറയുന്നത് ബന്ധങ്ങളുടെ ഒരു തുടര്‍ച്ചയായാണ് ആയുര്‍വേദം കണക്കാക്കുന്നത്. അക്കാരണത്താല്‍ ആരോഗ്യത്തേയും, രോഗാവസ്ഥകളേയുംകുറിച്ചുള്ള ബന്ധങ്ങളെ കീറിമുറിച്ചും മനസ്സ്, ശരീരം എന്നിവയുടെ ചികിത്സയിലുള്ള സ്വാധീനങ്ങളെ കുറിച്ചും ആയുര്‍വേദം ഗഹനമായി പഠിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത ആധുനിക വൈദ്യശാസ്ത്രം ഒരോ നിമിഷവും പ്രകൃതിയുടെ സൂക്ഷ്മ തലങ്ങളിലേക്ക് ഇറങ്ങി ച്ചെന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയുര്‍വേദ വിജ്ഞാന ശാഖ, പരമമായ സൂക്ഷമതലത്തില്‍ നിന്ന്, പ്രകൃതിയെ തിരിച്ച് നോക്കിക്കാണുവാന്‍ പഠിപ്പിക്കുന്നു എന്നുള്ളതായാണ് വിലയിരുത്താനാവുക. എല്ലാ ശാസ്ത്ര ശാഖകളും ഓരോ വിഷയത്തെ തന്നെ വ്യത്യസ്ത തലങ്ങളിലൂടെ നിരീക്ഷിക്കുന്നു എന്ന് മാത്രം. ഈ ശാസ്ത്ര ശാഖകളെ യഥാര്‍ത്ഥ തലത്തില്‍ ബന്ധിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അത് മാനവീകതക്ക് നല്‍കുന്ന മഹത്തായ സംഭാവന വലുതായിരിക്കും.
കേരളത്തിന്‍റെ ആയുര്‍വേദ പാരമ്പര്യം ?
മഹത്തായ ഒരു ആയുര്‍വേദ പാരമ്പര്യം കേരളത്തിനുണ്ട്. കേരളത്തിന്‍റെ അഷ്ടവൈദ്യപാരമ്പര്യമടക്കമുള്ള പാരമ്പര്യസിദ്ധികളെയും ശ്രേഷ്ഠമായ ഔഷധസമ്പത്തിനേയും ആയുര്‍വേദത്തിന്‍റെ അറിവുകളേയും കൂട്ടിയോജിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തിലെ ആയുര്‍വേദ വളര്‍ച്ചക്ക് ആധാരമായിട്ടുള്ളത്. പാരമ്പര്യസിദ്ധമായ ഇത്തരം അറിവുകളെ അടിസ്ഥാനതത്വങ്ങള്‍ക്ക് മൂല്യച്യുതിവരാതെ ഓരോ പ്രദേശത്തിന്‍റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്‍റെ ശ്രേഷ്ഠമായ ഈ പാരമ്പര്യസിദ്ധമായ അനുഭവങ്ങള്‍ ഏവരും പഠനവിധേയമാക്കേണ്ടതാണ്.
കേരളത്തിന്‍റെ തനതായ നേത്രചികിത്സ, വിഷചികിത്സ, മര്‍മ്മ ചികിത്സ, ബാല ചികിത്സ, തുടങ്ങിയ ചികിത്സമേഖലകളെ പഠനവിഷയമാക്കുന്നുണ്ടോ ?
തീര്‍ച്ചയായും, അതിന്‍റെ പാരമ്പര്യരീതികള്‍ക്ക് ചോര്‍ച്ച വരാതെ ഞങ്ങളുടെ രാജ്യത്തിന്‍റെ വ്യത്യസ്തമായ സാഹചര്യത്തില്‍ എങ്ങനെപ്രായോഗികമായി ഉപയോഗപ്പെടുത്താം എന്നുള്ളതാണ് പഠിക്കുകയും .പഠിപ്പിക്കുകയും ചെയ്യുന്നത്.
കുടുംബത്തെക്കുറിച്ച് ?
ഇറ്റലിയില്‍ പന്തുടര്‍ച്ചാവകാശത്തോടു കൂടിയുള്ള കുടുംബ പരമ്പരകള്‍ വളരെ വിരളമാണ്. ഇന്ന് എനിക്ക് ഏറ്റവും ആത്മ ബന്ധമുള്ളത് ആയുര്‍വേദത്തോടാണ്. ഞാന്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ എന്‍റെ വീട്ടിലേക്ക് വരുന്നത് പോലെയാണ്. ആയുര്‍വേദത്തിലൂടെ എന്‍റെ പിന്തടര്‍ച്ച നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്.
ഭാവിയിലെ ലോകാരോഗ്യഭൂപടത്തില്‍ ആയുര്‍വേദത്തിന്‍റെ സ്ഥാനം എന്തായിരിക്കും?
ഭാവിയില്‍ ആയുര്‍വേദം എന്ന ശാസ്ത്രശാഖ, ഇതര വൈദ്യശാസ്ത്രത്തിന്‍റെ ഒരു പൊതു ഇടമായി മാറും എന്നതിന് യാതൊരു സംശയവുമില്ല. കാരണം ഇത്രയേറെ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്ന ഒരു ശാസ്ത്രശാഖ വേറെയില്ല എന്നതു തന്നെ . ഇന്ന് വളര്‍ന്ന് വരുന്ന ക്വാണ്ടം ഫിസ്ക്സിന്‍റെയൊക്കെ മൗലിക സിദ്ധാന്തങ്ങള്‍ ആയുര്‍വേദം മുന്‍പ് പറഞ്ഞ് വച്ച അറിവുകളുടെ പരിപ്രേക്ഷ്യമാണ്. അതിനാല്‍ തന്നെ വ്യക്തികളുടെയും സമൂഹത്തിന്‍റെ ആരോഗ്യത്തിന്‍റെ പരിരക്ഷ ആയുര്‍വേദത്തില്‍ സുരക്ഷിതമാണ്.