മനസ്സിന്‍റെ സ്ഥാനം

ശരീരത്തിലാണ് മനസ്സ് സ്ഥിതിചെയ്യുന്നത്. അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നത് പ്രസക്തമായ വിഷയമാണ്. എള്ളില്‍ എണ്ണപോലെയാണെന്ന് ശാസ്ത്രം അനുശാസിക്കുന്നു. എള്ളില്‍ എണ്ണ എല്ലാഭാഗത്തും ഉള്ളതാണ്. അതുപോലെ ശരീരത്തില്‍ എല്ലാഭാഗത്തുമായി മനസ്സ് സ്ഥിതിചെയ്യുന്നു. എവിടെയൊക്കെ ഇന്ദ്രിയങ്ങളുണ്ടോ അവിടെയൊക്കെ മനസ്സുമുണ്ട്. ഇതില്‍ കണ്ണ്, മൂക്ക്, നാക്ക്, ചെവി എന്നീ നാല് ഇന്ദ്രിയങ്ങള്‍ ശിരസ്സിലാണ്. സ്പര്‍ശനേന്ദ്രിയമായ ത്വക് സര്‍വ്വശരീരത്തിലും വ്യാപിച്ചുകിടക്കുന്നു. അതിലുപരി പ്രബലമായ ചില സ്ഥാനങ്ങള്‍ മനസ്സിനുണ്ട്. അതാണ് ഹൃദയവും, ശിരസ്സും. എന്നാല്‍ മനസ്സ് ഹൃദയമോ, മസ്തിഷ്കമോ അല്ല. ഉദാഹരണത്തിന്, കണ്ണ് എന്ന അവയവമല്ല, അതിന്‍റെ കാഴ്ചശക്തിയാണ് ഇന്ദ്രിയം. ചെവി എന്ന അവയവമല്ല, അതിന്‍റെ ശ്രവണശക്തിയാണ് ഇന്ദ്രിയം. അതുപോലെ ഹൃദയവും, ശിരസ്സും മനസ്സല്ല. അതിന്‍റെ വിശിഷ്ട ഉപാധിയും, ആശ്രയവും മാത്രമാണ്.

മനസ്സിന്‍റെ ഗ്രഹണപാടവം ഹൃദയത്തിലും, ബോധമണ്ഡലം ശിരസ്സിലുമായി നിലകൊള്ളുന്നു. നമ്മള്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ ആദ്യദര്‍ശനത്തില്‍ എന്തെന്ന് തിരിച്ചറിയാനാവില്ല. ‘എന്തോ ഒന്ന് ‘എന്ന പ്രതീതിയാണ് ആദ്യം ജനിക്കുന്നത്. മനസ്സാണ് അത് ഗ്രഹിക്കുന്നത്. ആ അറിവ് ബോധമണ്ഡലത്തിലേക്കു കൈമാറുമ്പോള്‍ ബുദ്ധിയില്‍ അത് എന്താണെന്ന് തിരിച്ചറിയുന്നു. മനസ്സും, ബുദ്ധിയും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് അവിടെ സംഭവിക്കുന്നത്. മനസ്സിന്‍റെ സ്ഥാനം ഹൃദയവും, ബുദ്ധിയുടെ ഭ്രൂമദ്ധ്യവുമാണ്. ഹൃദയവും, ശിരസ്സും മനോവാഹിയായ സ്രോതസ്സുകളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. അതില്‍കൂടിയാണ് ആശയവിനിമയം നിര്‍വ്വഹിക്കപ്പെടുന്നത്. ജീവനുള്ള ശരീരത്തില്‍ മാത്രമെ ഇതെല്ലാം സംഭവിക്കുന്നുള്ളൂ. വികാരപരവും, വിചാരപരവുമായി മനസ്സിന് രണ്ടു ഭാവങ്ങളുണ്ട്. വികാരപരം ഹൃദയസ്ഥാനത്തും, വിചാരപരം ഭ്രൂമദ്ധ്യത്തിലും സ്ഥിതിചെയ്യുന്നു. ഇവയുടെ സമന്വയമാണ് ജ്ഞാനത്തിലേക്കും, ഭക്തിയിലേക്കും വ്യക്തിയെ ഉയര്‍ത്തുന്നത്. അതിന് മനഃശുദ്ധി അനിവാര്യമാണ്. അതിനായി ധ്യാനം മുതലായ മുഖ്യോപായങ്ങളെ സ്വീകരിക്കണം.


– ആചാര്യന്‍ വി. വാസുദേവന്‍