ആയുര്‍വേദത്തിന്‍റെ ചരിത്രം

History-of-Ayurveda

പാശ്ചാത്യമായതെന്തും ഉല്‍കൃഷ്ടമെന്നും, ഭാരതീയമായതെന്തും അധഃകൃതമെന്നും പുതിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു ധാരണയുണ്ടായിരുന്നു. ഈ വിദ്യാഭ്യാസമില്ലാത്തവര്‍ മറിച്ചും കരുതിപ്പോന്നു. രണ്ടും ശരിയല്ലെന്ന വിചാരം ഇന്നുണ്ടായി വരുന്നുണ്ട്.എങ്കിലും ഓരോ ഭൂവിഭാഗത്തിലും നാഗരികതയുടെ വികാസ പരിണാമങ്ങള്‍ക്ക് സ്വാഭാവികമായി പല ഘട്ടങ്ങള്‍ ഉണ്ടാകുമെന്നും യൂറോപ്പിനോ ഇന്ത്യക്കോ ശാശ്വതമായി നിലനില്ക്കുന്ന ഒരു സാസ്കാരിക നിലവാരമില്ലെന്നും ഉള്ള ബോധം ഇനിയും വേണ്ടത്ര പരന്നിട്ടില്ല. സാക്ഷാല്‍ മാഹാലക്ഷിയെപ്പോലെ സരസ്വതിയും ചഞ്ചലമനസ്കയെന്ന് ചരിത്രം വിളിച്ചു കൂവുന്നു.

ഏതാണ്ടു ഒരഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് യൂറോപ്യന്‍ മുന്നേറ്റത്തിന്‍റെ യുഗം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. അവരുടെ പരിഷ്കാരങ്ങള്‍ -ദുശ്ശീലങ്ങളടക്കം-ലോകമെങ്ങും വ്യാപിച്ചു കൊണ്ടിരുന്നു. ഇയ്യിടെ ആരംഭിച്ച രാഷ്ട്രീയമായ തിരിച്ചടിയുടെ ഫലമായി നാം അവരുടെ ആധിപത്യം വലിച്ചെറിഞ്ഞുവല്ലോ. സാസ്കാരികമായി അവരില്‍ നിന്ന് പകര്‍ത്തിയ നാഗരിക വിഭവങ്ങളുടെയും, ശാസ്ത്രങ്ങളുടെയും മേന്മകള്‍ അവഗണിക്കാതെ ത്തന്നെ സ്വന്ത പാരമ്പര്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സാദ്ധ്യതയും ആലോചിക്കണമെന്ന് ഇപ്പോള്‍ നാം അംഗീകരിച്ചിട്ടുണ്ട്. ആയുര്‍വേദത്തെപ്പോലെ ഇന്നും സജീവമായി നിലനില്ക്കുന്ന ഒരു പാരമ്പര്യത്തില്‍ പ്രത്യേകിച്ചും ആ സാദ്ധ്യത വളരെയധികമാണ്. ഭാരതത്തോടു മാത്രമല്ല മുഴുവന്‍ലോകത്തോടും നമുക്കുള്ള കര്‍ത്തവ്യമാണത്. ശ്രീ. പി.എസ്.വാര്യരെപ്പോലെ മാര്‍ഗ്ഗ കര്‍ത്താക്കളായ മഹന്മാര്‍ ആ രംഗത്തില്‍ ഭാരതീയ നവോത്ഥാനത്തിന്‍റെ ആചാര്യന്മാരായിരുന്നു. ഇന്നും ചരിത്ര പാഠപുസ്തകങ്ങളില്‍ ഈയദ്ധ്യായം കുറിയ്ക്കപ്പെടുന്നില്ലെങ്കില്‍ അത് ചരിത്രകാരന്മാരുടെ കഴിവില്ലായ്മ കൊണ്ടു മാത്രമാണ്.

ഇനി പടിഞ്ഞാറോട്ടു നോക്കിയാലോ? ‘പരിഷ്കൃതലോക’ത്തില്‍ ‘ആധുനികവൈദ്യ’ ത്തിന്‍റെ സ്വാഭാവികമായ പ്രചാരത്തോടെ മറ്റു ദേശീയ വൈദ്യ സമ്പ്രദായങ്ങള്‍ താനെ മണ്ണടിഞ്ഞുപോകുമെന്ന ധാരണയാണ് അല്പ കാലം മുമ്പു വരെ പലര്‍ക്കും ഉണ്ടായിരുന്നത്. ഇന്ത്യന്‍ ആയുര്‍വേദം, അറബി യുനാനിവൈദ്യം, ചൈനീസ് വൈദ്യം എന്നിവയെ സംബന്ധിച്ച വസ്തുതകള്‍ പഠിച്ചിരുന്നത് കേവലം പ്രാകൃത മന്ത്രവാദങ്ങളില്‍ താല്പര്യമുള്ള നരവംശ ശാസ്ത്രക്കാരോ അല്ലെങ്കില്‍ ഭാഷാവിദ്വാന്മാരോ മാത്രമായിരുന്നു. മരിച്ച അഥവാ മരിച്ചുകൊണ്ടിരിക്കുന്ന, സംസ്കാരങ്ങളുടെ അശാസ്ത്രീയ വിശ്വാസങ്ങള്‍ എന്ന മട്ടിലാണ് ഇവയെല്ലാം പാശ്ചാത്യ ലോകത്തില്‍ വീക്ഷിക്കപ്പെട്ടിരുന്നത്.

എങ്കിലും ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ Studies in the Medicine of Ancient India (Oxford, 1907) എന്ന ഗ്രന്ഥമെഴുതിയ ഹോണ്‍ലേ (Hoernle) പുതിയ ഒരദ്ധ്യായമാരംഭിച്ചു. അതിന്ന് ശേഷമാണ് ഇന്ത്യക്കാരായ പി.സി.റോയിയുടെയും (History of Hindu chemistry, Calcutta – 1911) കെ.എ.നാദ് കാര്‍ണിയുടെയും (The Indian Materia Medica. Bombay, C.1925) ജി.എന്‍.മുഖോപാദ്ധ്യായുടെയും (History of Indian Medicine , Calcutta, 1929) മറ്റും രംഗപ്രവേശനമുണ്ടായത്.ആയിരത്തിത്തൊള്ളായിരിത്തിമുപ്പതുകളിലും, നാല്പതുകളിലും പാശ്ചാത്യപണ്ഡിതമ്മാര്‍ക്കിടയില്‍ ഫ്രഞ്ചുകാരനായ ഫിലിയോസയുടെ (J.Filliozat) പ്രബന്ധങ്ങള്‍ ആയുര്‍വേദത്തെക്കുറിച്ച് പുതിയ ഒരവബോധമുണ്ടാക്കി.

അങ്ങിനെ ആ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് കൊല്ലം മുമ്പ് നടന്ന ഒരു സെമിനാറിനെ ആസ്പദമാക്കി 1969-ല്‍ ലണ്ടനിലെ Welcome Institute of the History of Medicine പ്രസിദ്ധീകരിച്ച Medicine and Culture എന്ന ഗ്രന്ഥത്തില്‍ (Ed.F.N.L Poynter) പാശ്ചാത്യ വൈദ്യത്തെ ‘ശാസ്ത്രീയം’ ‘ആധുനികം’ എന്നൊക്കെ ഓമനപ്പേര് വിളിച്ചു പോഷിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയും ‘സാര്‍വ്വ ലൌകീക വൈദ്യം’ സൃഷ്ടിക്കേണ്ടതിന്‍റെ അവശ്യകതയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. 1971 ല്‍ നടന്ന 53-ാം മത്തെ Burg Wartenstein സിമ്പോസിയത്തില്‍ നിന്നുടലെടുത്തതാണ് 1979-ല്‍ പ്രസിദ്ധീകരിച്ച Asian Medical System; A Comparative Study (University of California) എന്ന മറ്റൊരു ഗ്രന്ഥം. ഏഷ്യയില്‍ നിലവിലുള്ള വൈദ്യശാസ്ത്ര ബഹുത്വബോധത്തെ ബഹുമാനത്തോടെ തന്നെ പരിശോധിക്കുവാന്‍ അതിന്‍റെ കര്‍ത്താക്കള്‍ ശ്രമിച്ചിട്ടുണ്ട്. എഡിറ്ററായ ചാറല്‍സ് ലെസ്ലീ തന്നെയാണ് (Charles Leslie) ആ ഗ്രന്ഥത്തില്‍ ആധുനിക ഭാരതത്തിലെ വൈദ്യ പുനരുദ്ധാരണത്തിന്‍റെ അവ്യക്തകളെപ്പറ്റി ഉപന്യസിച്ചിട്ടുള്ളത്.

കഴിഞ്ഞ കാലത്തെ ഉപേക്ഷയ്ക്ക് ഒരു പ്രായശ്ചിത്വമെന്നോണം ഏഷ്യന്‍ വിജ്ഞാനവും ദൈവീകമാണ് എന്ന അര്‍ത്ഥത്തില്‍ ആയുര്‍വേദവും ദൈവീകമാണ്. പക്ഷെ ആ ദൈവീകത്വം പ്രകാശിക്കുന്നത് മനുഷ്യ ബുദ്ധിയിലൂടെ ആകയാല്‍ അതിന്‍റെ പ്രസാരണമുള്‍ക്കൊള്ളുന്ന ഏത് നിരൂപണവും അത്ര തന്നെ ദൈവീകമാണ്. പഴയ കാലത്തെ ചില ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ നിരങ്കുശമായ നിരൂപണ ബുദ്ധിയുടെ പ്രകടനം കാണാം. ഇന്നുള്ളവരും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഒരു ദൈവീകശക്തിയെന്ന ഭാവനയോടെ നിരൂപണബുദ്ധി അങ്ങേയറ്റം പ്രവര്‍ത്തിക്കേണ്ടത് പ്രാചീനാചാര്യന്മാരോട് നീതി ചെയ്യുന്നതിന് ആവശ്യമായിരിക്കുന്നു. അന്ധമായ ആരാധനയിലൂടെ ഭാരതീയ സംസ്കാരത്തിന്‍റെ ഏതെങ്കിലും ഒരംശം നില നിര്‍ത്താമെന്നത് ഒരു വ്യാമോഹമാണ്. യുക്തിപൂര്‍വ്വമായ, നിശിതമായ, ചര്‍ച്ചയെ അതിജീവിക്കുന്ന ഭാഗങ്ങള്‍ മാത്രമേലോകാദരം നേടുകയുള്ളൂ. അറിവിനെ പ്രയോഗത്തിന്‍റെ ചാണയില്‍ ഉരച്ചു നോക്കുക. മമതയുടേയോ, വിശ്വാസത്തിന്‍റെയോ ഔദാര്യത്തിന്‍റെയോ സേവനം ഇത്തരം ശാസ്ത്രങ്ങള്‍ക്കാവശ്യമില്ല.

ആയുര്‍വേദം ജന്മനാ തന്നെ പൂര്‍ണ്ണമാണ് എന്നൊരു ബോധമുണ്ട്. ആദ്യം പറഞ്ഞ വിശ്വാസത്തോട് ബന്ധപ്പെട്ടാണ് ഇതും നിലനില്ക്കുന്നത്. സാധാരണ മട്ടില്‍ നിരീക്ഷണ പരീക്ഷണങ്ങളുടെ ആവശ്യമില്ലാതെ, മെല്ലെ ,മെല്ലെ തപ്പിയും തടഞ്ഞും തെറ്റിയും തിരുത്തിയും നീങ്ങാതെ, സിദ്ധമനസ്സുകളില്‍ പൂര്‍ണ്ണമായി അവതരിച്ചുവെന്നാണ് ഐതിഹ്യം. അപ്പോള്‍ പ്രാകൃതാവസ്ഥയില്‍ നിന്ന് ക്രമഗതമായി സംസ്കൃതാവസ്ഥയിലേക്കുള്ള പുരോയാനത്തിന്‍റെ ഘട്ടങ്ങള്‍ ഇല്ലാതാവുന്നു. വിവിധ സിദ്ധാന്തങ്ങളുടെയും പ്രസ്ഥനങ്ങളുടെയും സംഘട്ടനമില്ലാതാവുന്നു. അര്‍ഷ പൂര്‍ണ്ണതയെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണയാണ് ചരിത്രാനേഷ്വണത്തെ നിരുത്സാഹപ്പെടുത്തുന്ന മറ്റൊരു ഘടകം. ഭൂതകാലത്തില്‍ വളര്‍ച്ചയില്ലെങ്കില്‍ ഭാവിയിലുമില്ല; ഭൂതമില്ലെങ്കില്‍ ഭാവിയുമില്ല. വാസ്തവത്തില്‍ ഈ ദൈവീകത്വം കൊണ്ടും പൂര്‍ണ്ണത്വം കൊണ്ടും ഉള്ള മറകളുടെ പ്രയോഗംആദ്യമേ തന്നെ കാണാവുന്നതാണ്.

പ്രാകൃതവര്‍ഗ്ഗക്കാര്‍ക്കിടയില്‍ വിശ്വാസരൂഢിതയ്ക്കു അതാവശ്യമായിരുന്നിരിക്കാം. ഒരു ഘട്ടത്തില്‍ യവനവൈദ്യത്തിലും അത് കാണപ്പെടുന്നുണ്ട്. പക്ഷെ പില്‍ക്കാലത്ത് മനുഷ്യരുടെ ധീരപ്രതിഭകള്‍ അത്തരംതോടുകളെല്ലാം പൊട്ടിച്ചു കളഞ്ഞാണ് മന്ത്രങ്ങളില്‍ നിന്ന് ശാസ്ത്രങ്ങളുടെ വിത്തുകള്‍ പുറത്തെടുത്തത്. ഭാരതത്തിലും അങ്ങിനെയൊരു വികാസം ബൌദ്ധരുടെനേതൃത്വത്തില്‍ പ്രകടമായി. പക്ഷെ വീണ്ടും ബ്രാഹ്മണ പൗരോഹിത്യം അതിനെ കെട്ടു കഥകളാല്‍ പൊതിഞ്ഞു. കുറേക്കാലത്തേക്കു കൂടി മനീഷികള്‍ ആ കഥകള്‍ക്കകത്ത് കടന്ന് പൊരുള്‍ കണ്ടെടുത്തിരിക്കാം. എന്നാല്‍ മദ്ധ്യകാല ശതകങ്ങളില്‍ ഈ സങ്കേതങ്ങളെ കുടിയിരുത്തിയ കാവ്യ ഭാഷയുടെ ‘കോഡുകള്‍’ വിസ്മതമായി. പേരെടുത്ത കുറേ പണ്ഡിതന്മാര്‍ കണ്ടെതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചതോടു കൂടി സ്വതന്ത്രമായ പഠന പരീക്ഷണങ്ങള്‍ അസാദ്ധ്യമായിത്തീര്‍ന്നു. അങ്ങിനെയാണ് ആയുര്‍വേദ ശാഖയടക്കമുള്ള ശാസ്ത്ര വൃക്ഷം ആകെത്തന്നെ മിക്കവാറും ഉണങ്ങിപ്പോകാനിടയായത്.

ചരിത്രപരമായ വിശകലനം അര്‍ത്ഥവത്തായി നടക്കണമെങ്കില്‍ ചില പൊതു തത്വങ്ങള്‍ അംഗീകരിക്കണം. ഒന്നാമതായി അത്ഭുതങ്ങളുടെ മായാലോകത്തെ യക്ഷികഥകളുടെ രംഗത്തേക്ക് മാറ്റിനിര്‍ത്തണം. എന്നിട്ട് മനുഷ്യ പ്രജ്ഞയുടെ വിലാസ മേഖലയിലേതിലും ആദ്യമാദ്യം പ്രാകൃതമായ, അന്ധവിശ്വാസ ജടിലമായ, എളിയ, തുടക്കങ്ങളില്‍ നിന്ന് ക്രമേണ വിശദ പഠനങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടുവരുന്നതായി മനസ്സിലാക്കാന്‍ സാധിക്കണം. അപ്പോള്‍ വേദങ്ങളിലെ പ്രസ്താവനവകള്‍ മനുഷ്യ സഹജമായ രീതിയില്‍, പ്രാകൃതാവസ്ഥയുടെ പ്രതിഫലനമായിത്തന്നെ കാണാതിരിക്കാന്‍ വയ്യ. ഇത് നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തിയേയ്ക്കാമെങ്കിലും ശാസ്ത്രീയ ചരിത്ര പഠനത്തില്‍ ഒഴിച്ചു കൂട്ടാത്തതാണ്.

മറ്റൊരു ഘട്ടത്തില്‍ ഉണ്ടായ സ്തംഭനത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യ ബോധവും അതേ പോലെത്തന്നെ വേദനാജനകവും എന്നാല്‍ നിര്‍ണ്ണായകവുമാണ്. പല സംഹിതകളുംക്രോഡീകരിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത കാലത്ത് ബൌദ്ധരുടെ ആഭിമുഖ്യത്തില്‍ കാശിയിലും, തക്ഷശിലയിലും ഒക്കെ വിജ്ഞാന കേന്ദ്രങ്ങള്‍ വളര്‍ന്നു വന്നിരുന്നു. ഗുരുകുല സമ്പ്രദായം ക്രമേണ (സര്‍വ്വകലാശാല) സമ്പ്രദായത്തിന് വഴിമാറിക്കൊടുത്തു. ആ ദശയിലാണ് പ്രാചീന ഭാരതത്തില്‍ മറ്റു ശാസ്ത്രളുടെയെന്ന പോലെ ആയുര്‍വേദത്തിന്‍റെയും വളര്‍ച്ച പാരമ്യത്തിലെത്തിയത്. അന്നാണ് ആയുര്‍വേദവും ചൈന, ശ്രീലങ്ക, ദക്ഷിമപൂര്‍വ്വേഷ്യ മുതലായ പ്രദേശങ്ങളില്‍ ഭാരതീയ മതങ്ങളോടൊപ്പം കടന്നു ചെന്നത്. രഹസ്യ പാലകരായ ബ്രാഹ്മണരില്‍ നിന്ന് പരസ്യവാദികളായ ബൗദ്ധ സന്യാസിമാരിലൂടെ ബഹുജനമദ്ധ്യത്തിലെത്തിയപ്പോള്‍ ശാസ്ത്രങ്ങളുടെ വളര്‍ച്ചക്ക് ഒരു പുതിയ മാനമുണ്ടായി.

ആയുര്‍വേദവും ഒരു മതപ്രചരണായുധമായി. പിന്നീട് ഉദന്തപുരി, നാലന്ദ, തുടങ്ങിയ മഹാവിദ്യാലയങ്ങള്‍ ആക്രമണങ്ങള്‍ക്കിരയായി നശിച്ചപ്പോള്‍ ക്രിസ്തു പത്താംശതകമാവുമ്പോഴേക്ക്, ആയുര്‍വേദവും തളര്‍ന്നു. പിന്നെ പഴയപോലെ പരമ്പരാഗതമായ കലാവിദ്യയായി. ചിലപ്പോള്‍ രാജസദസ്സിന്‍റെ ഭാഗമായി നിലനിന്നുവെന്നാല്ലാതെ നിരീക്ഷണ-പരീക്ഷണ-സംവാദ-പ്രകടന മാര്‍ഗ്ഗങ്ങളിലൂടെ മുന്നോട്ട്പോകാന്‍ ഇടവന്നില്ല. ഈ മുരടിപ്പിനെക്കുറിച്ചുള്ള സത്യം അപ്രിയമായി തന്നാലും അംഗീകരിക്കുകയേ നിര്‍വ്വാഹമുള്ളൂ. ആയുര്‍വേദ ചരിത്രത്തെ സംബന്ധിച്ച ഈ രണ്ടു സത്യങ്ങളും – പ്രാകൃതാവസ്ഥയിനിന്നുള്ള വികാസവും ഒരു പ്രത്യേകഘട്ടത്തിലുണ്ടായ സങ്കോചവും-ശരിയ്ക്ക് മനസ്സിലാകണമെങ്കില്‍ സാമൂഹ്യചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ അതിനോട് ബന്ധപ്പെടുത്തിക്കൊണ്ട് സംസ്ക്കാരചരിത്രം പഠിക്കുകയും സംസ്ക്കാരചരിത്രത്തിന്‍റെ ഒരംശമായി ആയുര്‍വേദ ചരിത്രത്തെ കാണുകയുംവേണം. അപ്പോള്‍ ഈ വികസന സങ്കോചങ്ങളുടെ പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാവുന്നതാണ്.

സിന്ധുനദീതാഴ്വരയിലെ സംസ്ക്കാരത്തെക്കുറിച്ച് അല്പം ചില വിവരങ്ങള്‍ നമുക്കുണ്ടെങ്കിലും ഭാഷ പിടിക്കിട്ടാത്തതിനാല്‍ ആ കണ്ണികള്‍ അറ്റുകിടക്കുകയാണല്ലോ. പിന്നീട് ഇന്ത്യയിലെത്തിയ സഞ്ചാരിവര്‍ഗ്ഗങ്ങള്‍ വെട്ടിപ്പിടിച്ച് അടിമകളാക്കിയ ദസ്യുക്കളുടെ സഹായത്തോടെ കാട് നാടാക്കി പുതിയ ജന പദങ്ങള്‍ സ്ഥാപിക്കുന്നതു മുതല്ക്കാണ് അവരാദ്യം പാടിപ്പഠിച്ച വേദങ്ങളുടെ നിലവാരത്തില്‍നിന്നുയര്‍ന്ന പുതിയ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ ഉണ്ടായത് ക്രിസ്തുവിന് മുമ്പ് ആറാം ശതകം മുതല്‍ ഒരു പുതിയ വെളിച്ചം കാണാം. ബുദ്ധിപരമായ സംഘട്ടനങ്ങളുംനേട്ടങ്ങളും അതിനകമ്പടിസേവിച്ചു. മൗര്യസാമ്രാജ്യത്തിന്‍റെ പതനത്തോടെ വളര്‍ച്ചയുടെ ഒരു ഘട്ടം അവസാനിച്ചെങ്കിലുംക്രോഡീകരണത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും പുനരാഖ്യാനത്തിന്‍റെയുമായ കാലഘട്ടം ഗുപ്തപാമ്രാജ്യാവസാനത്തോളം ഉത്തരേന്ത്യയില്‍ ദര്‍ശിക്കാം. ക്രിസ്തു ഏഴാം ശതകത്തോടുകൂടി അതും അസ്തമിച്ചു. പൗരോഹിത്യജടിലമായ ഒരു ഭൂവുടമസ്ഥ വ്യവസ്ഥയുടെ പശ്ചാതലത്തില്‍ ജാതിസമ്പ്രദായത്തിന്‍റെ അത്ഭുതപൂര്‍വ്വമായ വികാസത്തോടുകൂടി ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ശിഥിലമാകുകയും ബുദ്ധിപരമായനേതൃത്വംനേര്‍വഴി വിട്ട് മന്ത്രതന്ത്രാത്മകമായ രഹസ്യമേഖലകളില്‍ അഭയംതേടുകയും ചെയ്തപ്പോഴാണ് ശാസ്ത്രങ്ങള്‍ മുരടിക്കുകയും കലകള്‍ ജീര്‍ണ്ണിക്കുകയും ചെയ്തത്. പിന്നീട് സൈനിക-രാഷ്ട്രീയ രംഗങ്ങളില്‍ പുറത്തുനിന്ന് ആക്രമണം നേരിട്ടപ്പോള്‍ രാജ്യത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വന്‍ശക്തികള്‍ ഒന്നുമുണ്ടായിരുന്നില്ല.

പ്രകൃതകര്‍ഷവൃത്തിയില്‍ നിന്ന് വളരെയൊന്നും വളര്‍ന്നിട്ടില്ലാത്ത രജപുത്രഗോത്രവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ആ ചുമതല കുറച്ചെങ്കിലും നിറവേറ്റിയത്. ആര്‍ തന്നെ ജയിച്ചാലുംതോറ്റാലും അതോടെ പ്രാചീനകലാപാരമ്പര്യങ്ങള്‍ അഗണ്യകോടിയിലായി. ജാതിമേധാവിത്തവും ജിത്തവും ആക്രമണങ്ങളും കുറെകികൂടി വൈകിവന്ന ദക്ഷിണേന്ത്യന്‍ പഴയ സമ്പ്രദായങ്ങള്‍ അല്പകാലം കൂടി ജീവിച്ചെങ്കിലും അതേ ഗതിയാണ് അവസാനമുണ്ടായത്. ആയുര്‍വേദത്തിന് അതിന്‍റെ വാഹനമായ ബുദ്ധമതത്തിനെന്നപോലെ, ഇന്ത്യയില്‍ വളരാന്‍ സാഹചര്യങ്ങള്‍ ഇല്ലാതായി. ചീനക്കാരോ, അറബികളോ കൊണ്ടുപോയി വികസിപ്പിച്ചെടുത്ത ഭാഗങ്ങള്‍ ചിലപ്പോള്‍ അനന്യചികിത്സാരീതികളില്‍ ഇണങ്ങിച്ചേര്‍ന്നു. ഈ നാട്ടിലാണെങ്കില്‍ അന്ധവിശ്വാസങ്ങളുടെ കനത്ത ഒരാവരണം എല്ലാ സര്‍ഗ്ഗവാസനകളും ശ്വാസം മുട്ടിച്ചുകൊണ്ടിരിന്നു. ഭാരതീയ സമൂഹം ആകെത്തന്നെ പാശ്ചാത്യസമൂഹത്തിന്‍റെ സമ്മര്‍ദ്ദമേറ്റെന്ന് പുതിയൊരു വികസനഘട്ടത്തിലേക്ക് നീങ്ങുന്നതോടെ മാത്രമാണ് മറ്റു ഭാരതീയ ശാസ്ത്രങ്ങള്‍ക്കെന്നപോലെ ആയുര്‍വേദത്തിനും പുനരുജ്ജീവനമുണ്ടായത്.

ദേശീയ സമ്പ്രദായങ്ങള്‍ പാശ്ചാത്യവൈദ്യത്തെ സ്വാധീനിച്ചു വരുന്നതിന്‍റെ ആരോഗ്യപരമായ ഫലങ്ങളെ പ്രബന്ധകാരന്മാര്‍ പൊക്കിപ്പിടിച്ചു കാണിയ്ക്കുന്നു. ഗുണനാഥ് ഒബയെ സെകരെയുടെ ലേഖനം ശ്രീലങ്കയില്‍ ആയുര്‍വേദാശയങ്ങളുടെ പ്രചാരമാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍ ആയുര്‍വേദത്തിന്‍റെ ദേശാന്തരീയ പ്രാധാന്യവും,ഭാരതീയമൂല്യവും കൂടുതല്‍ വ്യക്തമാകുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നടക്കേണ്ട ചില കാര്യങ്ങള്‍ ഇനിയും വേണ്ടത്ര ഭംഗിയായി നടന്നു കഴിഞ്ഞിട്ടില്ല. ഈ നാട്ടില്‍ ആയുര്‍വേദം വികസിച്ചു പോന്നതിന്‍റെ പശ്ചാത്തലവും ആ വളര്‍ച്ചയുടെ ഘട്ടങ്ങളും ഇന്നും അജ്ഞാതമായിരിക്കുന്നു. ആ വഴിക്കുള്ള സംഘടിതമായ ശ്രമങ്ങള്‍ ഇനിയും നടന്നിട്ടില്ല. ആയുര്‍വേദം ഇവിടെ തഴച്ചു വളരണമെങ്കില്‍ മൂന്ന് തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ ആദ്യത്തെ രണ്ടെണ്ണം ആയുര്‍വേദ ഗവേഷണവും, അന്യ വൈദ്യ സമ്പ്രദായങ്ങളുമായുള്ള താരതമ്യ പഠനവുമാണ്. ആ രണ്ടിനെയും സഹായിക്കുന്നതിന് അത്യാവശ്യവുമാണ്. നാമിപ്പോള്‍ പരിഗണിക്കുന്ന ചരിത്ര പഠനം. ഏതെല്ലാം കാലത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ എങ്ങിനെയെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചു.ഏതെല്ലാം സാഹചര്യങ്ങളില്‍ എത്രമാത്രം വിജയമുണ്ടായി. എന്നെല്ലാം അറിഞ്ഞിരുന്നാല്‍ മാത്രമേ പുതിയ ഘട്ടത്തിന്‍റെ വെല്ലുവിളിക്കിടയില്‍ പുതിയ വികസന സങ്കല്പം ഉരുത്തിരിയുകയുള്ളൂ. അതിനാല്‍ വൈദ്യ വിദ്യാര്‍ത്ഥികള്‍ ആ സമ്പ്രദായത്തിന്‍റെ ചരിത്രവും പഠിച്ചേ തീരു.

ഇതിനാവശ്യമായ പുസ്തകങ്ങള്‍ ഇന്ന് ഇംഗ്ലീഷില്‍ തന്നെയും വിരളമാണ്. ഭാരതീയ സമൂഹത്തിന്‍റെ തന്നെ ഒരു നല്ല ചരിത്രം ഇതുവരെ ഉണ്ടാകാത്തതും ആചാര്യന്മാരുടെയും പ്രസ്ഥാനങ്ങളുടെയും കാലക്രമം വ്യക്തമായറിയാത്തുമാണ്. ആയുര്‍വേദ ചരിത്ര പഠനത്തിലെ കാര്യമായ തടസ്സങ്ങള്‍ – ആ തടസ്സങ്ങള്‍ പരിശ്രമിച്ചാല്‍ തട്ടി നീക്കപ്പെടാവുന്നവയാണ്. എങ്കിലും അതിന്നൊരുങ്ങും മുമ്പ് നമ്മുടെ തന്നെ മനസ്സിനുള്ളില്‍ കുടി കൊള്ളുന്ന ചില വിലങ്ങു തടികള്‍ എടുത്തു മാറ്റേണ്ടിയിരിക്കുന്നു.

ഒന്നാമതായി ആയുര്‍വേദം വൈദികവും അതിനാല്‍ തന്നെ ദൈവീകവും ആണെന്ന സങ്കല്പം അതിനോട് നിരൂപണാത്മകമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ പലരേയും അശക്തനാക്കുന്നു. ഈ മനോഭാവം നാം ഉപേക്ഷിച്ചേ തീരൂ.