പതഞ്ജലി മഹര്‍ഷി യോഗ സൂത്രത്തില്‍ അഷ്ടാംഗ യോഗയിലെ രണ്ടാമത്തെതായ നിയമത്തിന്‍റെ വിഭാഗത്തിലാണ് ശൗചത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാഹ്യവും ആന്തരീകവുമായ ശുചിത്വത്തിലൂടെ ശാരീരികമാനസീക ശുദ്ധിയും സമതുലനവും സാധ്യമാക്കുകയാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. കുളിയിലൂടെയും മറ്റും ബാഹ്യശുദ്ധി കൈവരുത്തി യോഗാസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ഷഡ് കര്‍മ്മങ്ങളിലൂടെയുമാണ് ആന്തരീക ശുദ്ധി വരുത്തുന്നത്. കഫം, വായു, പിത്തം, എന്നിവ സന്തുലനപ്പെടുത്തി ശരീരം ശുദ്ധീകരിച്ച് പൂര്‍ണാരോഗ്യം നല്കി രോഗങ്ങളില്ലതാക്കുകയാണ് ഷഡ് കര്‍മ്മങ്ങളുടെ ഉദ്ദേശ്യം.
“ധൗതി നിര്‍-ബസ്തി സ്തഥാ നേതിസ്ത്രാടകം നൗളികം തഥാ
കപാല ഭാതിശ്ചൈതാനി ഷഡ് കര്‍മാണി പ്രചക്ഷതേ”
എന്നാണ് ഹഠയോഗ പ്രദീപികയില്‍ പറയുന്നത്.
‘ഹം’ സൂര്യബീജത്തെയും ഠം ചന്ദ്രബീജത്തെയും സൂചിപ്പിക്കുന്നു. മനുഷ്യശരീരത്തില്‍ കുണ്ഡലിനീദിശകളായ ഇഡ, പിംഗള എന്നിവയിലാണിവ സ്ഥിതി ചെയ്യുന്നത്. ഇവ യഥാക്രമം ശാരീരികവും മാനസികവുമായ ശക്തികളെ സൂചിപ്പിക്കുന്നു. ഇടതും വലതും നാസാദ്വാരങ്ങള്‍ ഇവയ്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രാണവായു നല്‍കുന്നു. ഈ രണ്ടു ശക്തികളെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനെയാണ് ഹഠയോഗം എന്നു പറയുന്നത്.
നേതി, ധൗതി, നൗളി, ബസ്തി, (യോഗപ്രകാരമുള്ള എനിമ) കപാലഭാതി, ത്രാടകം, എന്നിവയാണ് ആറു തരം ശുചീകരണ ക്രിയകള്‍ അഥവാ ഷഡ്ക്രിയകള്‍.
നേതി – നാസികയിലേക്കുള്ള പ്രവേശനനാളികള്‍ ശുചിയാക്കുന്ന പ്രക്രിയാണനേതി. ഇത് സൂത്രനേതി, ജലനേതി, ദുഗ്മനേതി, എന്നിങ്ങനെ പല രീതികളിലുണ്ട്.
സൂത്രനേതി – സൂത്രം- ചരട് കൈത്തണ്ടയുടെ നീളമുള്ള ചരട് മെഴുകപയോഗിച്ച് ബലപ്പെടുത്തിയും വളരെ നേര്‍ത്ത റബ്ബര്‍ കുഴലുപയോഗിച്ചും ഈ ക്രിയ ചെയ്യാവുന്നതാണ്.
ചെയ്യുന്ന വിധം – ചരട്/റബ്ബര്‍ കുഴല്‍ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. നിലത്ത് പാദങ്ങളുറപ്പിച്ച് കുത്തിയിരിക്കുകയോ കുനിഞ്ഞ് നില്ക്കുകയോ ചെയ്യുക. വലതു കൈയിിലെ പെരുവിരലും ചൂണ്ടുവിരലുംകൊണ്ട് ചരടിന്‍റെ ഒരറ്റത്ത് പിടിക്കുക. വായ തുറന്ന് ചരടിന്‍റെ അറ്റം നാസാദ്വാരത്തിലേക്ക് കടത്തിവിടുക. ചരട് വായയുടെ പിന്നറ്റത്തെത്തുംവരെ കടത്തുക. ഇടതു കൈകൊണ്ട് ആ അറ്റം വായിലൂടെ പുറത്തേക്ക് വലിക്കുക. ഓരോ കയ്യിലും ഓരോ അറ്റം പിടിച്ച് ചരട് മുന്നോട്ടും പിന്നോട്ടും മാറി മാറി പലതവണ സാവധാനം വലിക്കുക. മറു വശത്തെ നാസാദ്വാരത്തിലൂടെയും ഇതാവര്‍ത്തിക്കുക.
പ്രയോജനങ്ങള്‍ – തൊണ്ടയിലേയും തലച്ചോറിലെയും എല്ലാ നാഡികളും ശുചിയാക്കുന്നു. കണ്ണ്, മൂക്ക്, തൊണ്ട ഇവയുമായി ബന്ധപ്പെട്ട മിക്ക പ്രയാസങ്ങളും ഇല്ലാതാക്കുന്നു. നാസികയില്‍ അടിഞ്ഞുകൂടുന്ന കഫവും അഴുക്കുകളും നീക്കം ചെയ്യപ്പെടുന്നു. നാസികാഭാഗത്ത് മാംസവളര്‍ച്ചയുണ്ടാകുന്നത് തടയുന്നു. ബധിരത, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ്, ഡിഫ്തീരിയ, ആസ്തമ, മൂക്കടപ്പ്, ജലദോഷം, അലര്‍ജികള്‍, തിമിരം, മുണ്ടീനീര് എന്നിവ ചെറുക്കാനും ഭേദമാക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും നാസികയിലേക്കുള്ള പ്രവേശന വഴികള്‍ ശുചിയായി സൂക്ഷിക്കാനും ഇതുമൂലം കഴിയുന്നു.
ജലനേതി– നാസികയിലെ അഴുക്കും കഫവും കഴുകി കളയാനുള്ള മാര്‍ഗമാണ് ജലനേതി.
ചെയ്യേണ്ട വിധം -ചെമ്പ്, പിച്ചള, സ്റ്റീല്‍, പ്ലാസ്റ്റിക്, ഇവയിലേതെങ്കിലും കൊണ്ട് നിര്‍മ്മിച്ച നേതി പാത്രത്തില്‍ ഇളം ചൂടുള്ള അര ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് അരിച്ചെടുക്കുക, പാത്രത്തിന്‍റെ കുഴലറ്റം നാസികാദ്വാരത്തില്‍ കടത്തി വായ് വഴി ശ്വസിച്ചുകൊണ്ട് ജലം മൂക്കിനുള്ളിലേക്ക് സാവധാനം ഒഴിച്ചുകൊണ്ടിരിക്കുക. മറു വശത്തുകൂടി ജലം തനിയെ പുറത്തേക്ക് ഒഴുകും. മറു വശത്തുകൂടിയും ഇതാവര്‍ത്തിക്കുക. ജലനേതി ചെയ്യുമ്പോള്‍ നാസികയിലൂടെ ഒരിക്കലും ശ്വസിക്കരുത്. രണ്ട് നാസികാദ്വാരം വഴിയും ജലനേതി ചെയ്തു കഴിഞ്ഞ് വായ് വഴി തന്നെ ആഴത്തില്‍ ശ്വസിക്കുക. പിന്നീട് വായടച്ചും നാസിക വഴി ശ്വസിക്കുക. നാസാദ്വാരങ്ങളില്‍ ഒട്ടും ജലം അവശേഷിക്കാന്‍ പാടില്ല.
പ്രയോജനങ്ങള്‍ – സൂത്രനേതി വഴി ലഭിക്കുന്ന ഗുണങ്ങള്‍ ഇതു വഴിയും ലഭിക്കുന്നു. കൂടാതെ കോപവും ഉത്ക്കണ്ഠയും ശമിക്കുന്നു. അലസതമാറി ഉണര്‍വ്വ് ലഭിക്കുന്നു. കണ്ണുകളുടെ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.
ധൗതി – വായ് മുതല്‍ ഗുദദ്വാരം വരെ അന്നനാളത്തെ പൂര്‍ണമായി ശുചിയാക്കുന്നതിനെയാണ് ധൗതി എന്നു പറയുന്നത്. ദന്തധൗതി, നേത്ര ധൗതി, ജീഹാമൂലധൗതി, കര്‍ണധൗതി, കപാലധൗതി, ഹൃദയധൗതി, വസ്ത്രധൗതി, വമനധൗതി, ശംഖപ്രക്ഷാള, മൂലധൗതി, വാതസാരധൗതി, വഹ്നിസാരധൗതി എന്നിങ്ങനെ 12 തരം ധൗതികളുണ്ട്.
ദന്തധൗതി– പല്ലിന്‍റെ ആരോഗ്യനില നിലനിര്‍ത്തുന്നതിനും ദഹന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. വേപ്പു മരത്തിന്‍റെ തണ്ട്, പഴുത്ത മാവില, ആയുര്‍വേദ വിധിപ്രകാരമുണ്ടാക്കുന്ന ചൂര്‍ണ്ണം എന്നിവയുപയോഗിച്ച് പല്ലു തേക്കുക. അതിനുശേഷം വിരലുകള്‍കൊണ്ട് മോണയും ശുചിയാക്കണം.
നേത്രധൗതി – വായില്‍ ജലം നിറച്ചശേഷം കണ്ണിലേക്ക് ശുദ്ധജലം തളിക്കുക. ശുദ്ധജലമോ ത്രിഫല എട്ടുമണിക്കൂര്‍ വെള്ളത്തിലിട്ട് അരിച്ചെടുത്ത ജലവും ഉപയോഗിക്കാം. ദിവസവും രണ്ട് മൂന്ന് തവണ കണ്ണുകഴുകണം. തണുപ്പ് കാലത്ത് ഇളം ചൂടുവെള്ളമാണ് നല്ലത്.
ജീഹ്വാ മൂലധൗതി– നേര്‍ത്ത വേപ്പിന്‍ തണ്ടുകൊണ്ടോ പിളര്‍ന്ന പച്ച ഈര്‍ക്കിലോ ടങ് ക്ലീനറുകളോ ഉപയോഗിച്ച് സാവധാനം നാവ് വൃത്തിയാക്കുക. അതിനുശേഷം ചുണ്ടുവിരലും മോതിരവിരലും ഉപയോഗിച്ച് നാവിന്‍റെ അകത്തെ അറ്റം വൃത്തിയാക്കുക.
കര്‍ണധൗതി – കാതിന്‍റെ ഉള്‍ഭാഗം വിരലോ ചെവിതോണ്ടിയോ രണ്ടറ്റവും പഞ്ഞി ഉപയോഗിച്ചുള്ള ഈയര്‍ ബഡ്ഡോ ഉപയോഗിച്ച് വൃത്തിയാക്കുക. കേള്‍വി ശക്തി മെച്ചപ്പെടുത്താനും ബധിരത തടയുവാനും ഇത് സഹായിക്കും.
കപാലധൗതി – കുളിക്കുന്ന നേരത്ത് വിരലുകള്‍ കൊണ്ട് തലയോടിന്‍റെ മധ്യഭാഗം ശക്തിയായി തടവുക. ശരീരനിയന്ത്രണം സാധ്യമാകുന്നു. കഫത്തിന്‍റെ ക്രമക്കേട് ഇല്ലാതാവുന്നു. ആസ്തമയ്ക്കും ക്ഷയത്തിനും പ്രതിവിധിയാണ്.
ഹൃദയ ധൗതി – ഹൃദയത്തിനു ചുറ്റുമുള്ള അവയവങ്ങളുടെ പ്രത്യേകിച്ച് ശ്വസനേന്ദ്രിയവ്യൂഹം, അന്നനാളം എന്നിവയുടെ ശുചീകരണമാണ് ഇതുകൊണ്ടദ്ദേശിക്കുന്നത്. അര ഇഞ്ച് വ്യാസവും രണ്ടടി നീളവുമുള്ള വാഴപിണ്ടിയോ വസ്ത്രമോ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. വാഴപിണ്ടി സാവധാനം അന്നനാളത്തിലൂടെ കടത്തി പിന്നീട് പുറത്തേക്കെടുക്കുക. പുളിച്ച് തികട്ടല്‍, ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ക്കും കഫം നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. വമന ക്രിയക്കുശേഷമേ ഇത് ചെയ്യാവൂ.
വസ്ത്രധൗതി – വളരെ നേര്‍മയുള്ള പരുത്തി വസ്ത്രമാണിതിനുപയോഗിക്കേണ്ടത്. രണ്ടിഞ്ച് വീതിയും ഇരുപത്തഞ്ചടി നീളവുമുള്ള തുണി എടുത്ത് ശുദ്ധജലത്തിലോ ചൂടുവെള്ളത്തിലോ കുതിര്‍ത്ത് വെക്കുക. പാദങ്ങളില്‍മേല്‍ നിലത്തിരുന്ന് തുണിയുടെ ഒരറ്റം വായ്ക്കുള്ളില്‍ കടത്തുക. സാവധാനം വിഴുങ്ങുവാന്‍ ശ്രമിക്കുക. ആദ്യം രണ്ട്മൂന്ന് ഇഞ്ച് മാത്രം വിഴുങ്ങി പുറത്തേക്കെടുക്കുക. എക്കിളോ മറ്റ് അസ്വസ്ഥതകളോ തോന്നിയാല്‍ പാലോ തേനോ കലര്‍ത്തിയ വെള്ളത്തില്‍ തുണി കുതിര്‍ത്തശേഷം ഒരടി ശേഷിക്കുന്നതു വരെ വിഴുങ്ങുക. ഇത് 20, 25 മിനുട്ട് വരെ വായ്ക്കുള്ളില്‍ വെയ്ക്കണം. പിന്നീട് സാവധാനം പുറത്തേക്ക് വലിച്ചെടുക്കുക. പ്രയാസം തോന്നുകയാണെങ്കില്‍ അല്പം ഉപ്പു വെള്ളം കൂടിച്ചതിനുശേഷം ഛര്‍ദ്ദിക്കുക. വളരെ പതുക്കെ തുണി വല്ലിച്ചെടുത്ത് തുണി കഴുകി ഉണക്കുക. അതിരാവിലെ ഭക്ഷണത്തിന് മുമ്പാണ് ഈ ക്രിയ ചെയ്യേണ്ടത്.
ഗുണങ്ങള്‍ -ഉദരത്തിലുള്ള കഫം, അഴുക്കുകള്‍ എന്നിവ നീക്കം ചെയ്യുന്നു. അള്‍സര്‍, ആസ്തമ, കഫകെട്ട്, ചുമ, പ്ലീഹ, നീര്‍ക്കെട്ട്, പനി, ദഹനക്കേട്, കുഷ്ഠം എന്നിവയ്ക്ക് ശമനമുണ്ടാകുന്നു.
വമനധൗതി-മനഃപൂര്‍വ്വം ഛര്‍ദ്ദിച്ച്കൊണ്ട് ഉദരം ശുചിയാക്കുന്ന പ്രക്രിയയാണിത്. ഇത് കുഞ്ജല ക്രിയ, (ഗജകരണീ), വ്യാഘക്രിയ എന്നു രണ്ടുതരമുണ്ട്. ആന തുമ്പിക്കൈകൊണ്ട് ജലം വലിച്ചെടുത്ത് ഒഴുക്കുന്നതുപോലെ വെള്ളം കുടിച്ചശേഷം വലതുകൈയുടെ ചുണ്ടുവിരലും നടുവിരലും നാവിന്‍റെ ഏറ്റവും അകത്തെ അറ്റത്ത് തൊട്ട് ഛര്‍ദ്ദിക്കുന്ന രീതിയാണ് കുഞ്ജല ക്രിയ. ഉദരം ശൂന്യമായിരിക്കുമ്പോഴെ ഇതു ചെയ്യാവൂ. കട്ടിയാഹാരം ഒരു മണിക്കൂറിനുശേഷമേ കഴിക്കാവൂ. പ്രയാസം തോന്നുകയാണെങ്കില്‍ 15-20 മിനുട്ടുകള്‍ക്ക് ശേഷം പഴച്ചാര്‍ കഴിക്കാം. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പു ചേര്‍ക്കാതെ ചൂടുവെള്ളം ഉപയോഗിക്കണം. ഹൃദ്രോഗമുള്ളവര്‍ ഇതു ചെയ്യരുത്.
ഗുണങ്ങള്‍ – പുളിച്ച് തികട്ടല്‍, ചുമ, ആസ്തമ, ശ്വാസസംബന്ധമായ പ്രയാസം എന്നിവ ഇല്ലാതാകുന്നു. ഉദരത്തിലെ വായു നീക്കം ചെയ്യുന്നു. ദഹനവും ആരോഗ്യവും പൂര്‍ണസംതുലാവസ്ഥയിലെത്തുന്നു.
വ്യാഘ്രക്രിയ – (സിംഹശുചീകരണം) വയര്‍ നിറയെ ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂറിനുശേഷം ഉദരത്തിനു ഭാരമോ അസ്വസ്ഥതയോ തോന്നുമ്പോള്‍ വായില്‍ വിരലുകള്‍ കടത്തി ഭക്ഷണം ഛര്‍ദ്ദിച്ചുകളയുന്ന രീതിയാണിത്. അതിനുശേഷം നേര്‍പ്പിച്ച പാലോ പഴച്ചാറോ കഴിക്കാം. അള്‍സര്‍, ഹെര്‍ണിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ ഈ ക്രിയ ചെയ്യരുത്.
ഗുണങ്ങള്‍ – ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി ഉദരത്തിലുള്ള അമ്ലവും പിത്തരസവും സന്തുലനപ്പെടുത്തുന്നു.
വാരിസാരധൗതി – (ശംഖപ്രക്ഷാളനം) ശൂന്യമായ ഉദരത്തോടെ വേണം ഈ ക്രിയ ചെയ്യുവാന്‍. വൃത്തിയുള്ള പാത്രത്തില്‍ തിളപ്പിച്ച് അല്പം ഉപ്പു ചേര്‍ത്ത് അരിച്ചെടുത്ത വെള്ളം 30-40 ഗ്ലാസ് വേണം.
താഡാസനം, കടിചക്രാസനം, തിര്യക്ഭുജംഗാസനം, ഉദരാകര്‍ഷണാസനം എന്നിവ ഓരോന്നും എട്ടുതവണവീതം ചെയ്തശേഷം രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. വീണ്ടും ഈ യോഗാസനങ്ങള്‍ ആവര്‍ത്തിക്കുക. രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ച ശേഷം വിരേചനത്തിനു ശ്രമിക്കുക. വിസര്‍ജനത്തിലൂടെ കുടലുകളെ ശൂന്യമാക്കുന്നതിനു ശ്രമിക്കുക. മലബന്ധമുണ്ടാകുകയാണെങ്കില്‍ ഭുജംഗാസനം, സര്‍പാസനം, പദോത്താനാസനം, പവനമുക്താസനം, മകരാസനം എന്നിവ ചെയ്യുക.വീണ്ടും രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ആദ്യം ചെയ്ത യോഗാസനങ്ങള്‍ ആവര്‍ത്തിക്കുക. വിരേചനത്തിനു ശ്രമിക്കുക. ഇങ്ങനെ വിരേചന സമയം തെളിമയുള്ള ജലം പോകുന്നതുവരെ ആവര്‍ത്തിക്കുക. 8-20 ഗ്ലാസ് വെള്ളം ഉള്ളിലെത്തുമ്പോഴേക്കും മിക്കവാറും ഇത് സാധ്യമാകും. ചിലര്‍ക്ക് 40 വരെ ഗ്ലാസ് വെള്ളം വേണ്ടി വരാം.
ഈ ക്രിയകള്‍ക്ക് ശേഷം 45 മിനുട്ട് യോഗനിദ്രയിലെ വിശ്രമാസനത്തിലോ കിടക്കുക. അതിനുശേഷം ചെറുപയറും അരിയും ചേര്‍ത്ത കഞ്ഞി ഉപ്പിട്ട് 75-100 മില്ലിഗ്രാം നെയ്യ് ചേര്‍ത്ത് കുടിക്കുക. എളുപ്പം ദഹിക്കുന്ന ഭക്ഷണമേ ഒരാഴ്ച കഴിക്കാവൂ. തൈര്, പാലുല്പന്നങ്ങള്‍, അച്ചാര്‍ എന്നിവ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കുക. ഒരാഴ്ചത്തേക്ക് കഠിനമായ യോഗാസനങ്ങള്‍ ചെയ്യരുത്. കുടലുകള്‍ക്ക് ബലക്കുറവോ നീര്‍വീക്കമോ ഉള്ളയാള്‍ ഈ ക്രിയകള്‍ ചെയ്യരുത്.
ഗുണങ്ങള്‍ – ഉദരത്തിലുള്ള വിഷമയമായ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നു. രക്തം ശുദ്ധീകരിക്കപ്പെടുന്നു. പുളിച്ചുതികട്ടല്‍, വയറുകടി, ദഹനക്കേട് എന്നിവ ഇല്ലാതാകും.
വിദഗ്ധരായ ഒരു യോഗാപരിശീലകന്‍റെ സാന്നിദ്ധ്യത്തിലേ ഈ ക്രിയകള്‍ ചെയ്യാവൂ. ആറു മാസത്തിലൊരിക്കല്‍ ഈ ക്രിയകള്‍ ചെയ്യാം.
മൂലധൗതി-മൂലദാരം ശുചിയാക്കുന്ന ക്രിയയാണിത്. മൃദുവായ പച്ച മഞ്ഞള്‍ കഷണമോ കടുകെണ്ണയില്‍ മുക്കിയ വിരലോ മലദ്വാരത്തിനുള്ളിലേക്ക് മെല്ലെ കടത്തി വെച്ച് രണ്ടോ മൂന്നോ തവണ തിരിച്ചതിന് ശേഷം പുറത്തെടുക്കുക.
പ്രയോജനങ്ങള്‍ – മലശോധന എളുപ്പമാക്കുന്നു. മൂലക്കുരു, വിണ്ടുപൊട്ടല്‍, എന്നിവ തടയുന്നു.
വാതസാരധൗതി – ഉദരത്തെ ഊര്‍ജസ്വലമാക്കുന്നതിന് വായിലൂടെ ശ്വാസം ഉള്ളിലെടുക്കുന്ന ക്രിയയാണിത്, വായ് പൂര്‍ണമായും തുറന്ന് വായു ഉള്ളിലേക്കെടുക്കുക. ഈ വായു ഉദരത്തില്‍ അല്പം ചുറ്റിത്തിരിഞ്ഞ് പതുക്കെ കോട്ടുവായിലൂടെ പുറത്തേക്ക് വിടുക. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ ശമിക്കുന്നതിന് ഇത് സഹായിക്കുന്നു.
അഗ്നിസാരസക്രിയ -(വഹ്നിസാരധൗതി) ദഹനവ്യവസ്ഥകള്‍ ശരിപ്പെടുത്താനുള്ള ക്രിയയാണിത്. കണ്ണുകളടച്ച് വജ്രാസനത്തില്‍ ഇരിക്കുക. കൈകള്‍ കാല്‍മുട്ടുകളില്‍ വെച്ച് പുറം വളയ്ക്കാതെ മുന്നോട്ട് കുനിഞ്ഞ് നില്ക്കുക. വായ് തുറന്ന് നാവ് പൂര്‍ണമായും പുറത്തേക്ക് നീട്ടി വയര്‍ ഉള്ളിലേക്കും പുറത്തേക്കും തള്ളിക്കൊണ്ട് വേഗത്തില്‍ ശ്വസിക്കുക. നായ കിതക്കുമ്പോഴെന്നപോലെ ഉദരം ചുരുക്കുകയും വീര്‍പ്പിക്കുകയും ചെയ്ത് 20 തവണ ശ്വസിക്കുക. അല്പസമയം വിശ്രമിച്ച് 2-3 തവണ ആവര്‍ത്തിക്കുക. ഉദരം ശൂന്യമായിരിക്കുമ്പോള്‍ വേണം ഇത് ചെയ്യാന്‍. അള്‍സര്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ളവര്‍ ഇത് ചെയ്യരുത്. കരള്‍രോഗം, വായുകോപം, ദഹനക്കേട്, മറ്റ് ഉദരരോഗങ്ങള്‍ക്കും ഉത്തമമായ ഒരു ക്രിയയാണിത്.
നൗളി – (ഉദരം വേര്‍തിരിക്കല്‍) ഉദരഭാഗത്തുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു ക്രിയയാണ് നൗളി. ജാലന്ധരബന്ധം, ഉഢ്ഢിയാനബന്ധം, മൂലബന്ധം, ബാഹ്യകുംഭകം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടേ ഇത് ചെയ്യാവൂ. വിദഗ്ധനായ പരിശീലകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം ഇതഭ്യസിക്കാന്‍. രക്തസമ്മര്‍ദ്ദം, അള്‍സര്‍, ഹെര്‍ണിയ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയുള്ളവരിതു ചെയ്യരുത്. മധ്യനൗളി, വാമനൗളി, ദക്ഷിണനൗളി എന്നീ മൂന്ന് വിഭാഗമുണ്ടിത്. അഞ്ചു ഘട്ടങ്ങളായാണിതു ചെയ്യുക.
ചെയ്യുന്നവിധം -പത്മാസനത്തിലോ, വജ്രാസനത്തിലോ ഇരുന്നോ നിവര്‍ന്നോ അഗ്നിസാരക്രിയയും ഉഡ്ഡിയാനബന്ധവും ചെയ്യുക. തുടര്‍ന്ന് ഗുദപേശികള്‍ സങ്കോചിപ്പിച്ചുകൊണ്ട് മൂലബന്ധം ചെയ്യുക. ഉദരത്തിന്‍റെ മധ്യഭാഗത്തെ പേശികളിലേക്ക് സങ്കോചം കേന്ദ്രീകരിക്കുക. ഇതിനെ മധ്യമനൗളി എന്നു പറയുന്നു. ഇതില്‍ പ്രാവീണ്യം നേടിയശേഷം പേശി സങ്കോചം ഇടതു വശത്തേക്ക് സങ്കോചിപ്പിച്ച് വാമനൗളിയും വലതുവശത്തേക്ക് സങ്കോചിപ്പിച്ചുകൊണ്ട് ദക്ഷിണനൗളിയും പരിശീലിക്കാം. അടുത്ത ഘട്ടം മൂന്ന് ഘടകങ്ങളും ഒരുമിച്ച് ചെയ്യുന്നു. ഓരോ ഘട്ടത്തിനുശേഷവും പേശികളെ അയച്ച് വിശ്രമം കൊടുക്കുക. പിന്നീട് പൂരകം ചെയ്യുക.
പ്രയോജനങ്ങള്‍ – എല്ലാവിധ ഉദരരോഗങ്ങളും ശമിക്കുന്നു. ലൈംഗീകശേഷി വര്‍ദ്ധിക്കുന്നു. ത്രിദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നു.
ബസ്തി – വന്‍കുടല്‍ ശുചിയാക്കി അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയയാണിത്. ജല ബസ്തി, സ്ഥലബസ്തി എന്നിങ്ങനെ രണ്ടുതരം. പൊക്കിളിനൊപ്പം വെള്ളത്തില്‍ ഇറങ്ങിനിന്നും മുന്നോട്ട് കുനിഞ്ഞും ഗുദപേശികള്‍ വികസിപ്പിച്ച് ഉള്ളില്‍ പ്രവേശിച്ച ജലത്തെ കയറ്റും വിധം ഉഢ്യാനബന്ധം, നൗളി എന്നിവ ചെയ്യുക. മൂലബന്ധം ചെയ്ത് അല്പസമയം പിടിച്ച് വെക്കുക. ഉള്ളിലേക്ക് എനിമ എടുത്തും ഇതു ചെയ്യാം. പിന്നീട് കക്കൂസില്‍പോയി മലദ്വാരം വഴി ജലം പുറത്തേക്ക് വിടുക. പശ്ചിമോത്താനാസനത്തില്‍ അശ്വനീ മുദ്രചെയ്ത് ഗുദം വഴി വായു ഉള്ളിലേക്കെടുത്ത് അല്പസമയത്തിനുശേഷം പുറം തള്ളുക. ഇത് ഇരുപ്പത്തഞ്ച് തവണ ചെയ്യുക.
പ്രയോജനങ്ങള്‍– രക്തം ശുദ്ധമാക്കുന്നു. പിത്തം, ദുര്‍മേദസ്സ് എന്നിവ നീക്കി ശരീരതാപനില ക്രമപ്പെടുത്തുന്നു.
കപാലധൗതി – (മസ്തിഷ്ക ശുചീകരണം) തലച്ചോറിന്‍റെ മുന്‍ഭാഗം ശുചീകരിക്കുന്ന ഒരു ക്രിയയാണിത്. ശീതക്രമം, വ്യുത്ക്രമം, വാതക്രമം, എന്ന് മൂന്ന് വിധം വായില്‍ വെള്ളമൊഴിച്ച് നാസിക വഴി പുറത്തേക്ക് കളയുന്നത് ശീതക്രമം.
വ്യുത്ക്രമം – നാസിക വഴി വെള്ളം വലിച്ചെടുത്ത് വായ് വഴി പുറത്തേക്ക് വിടുന്നത് വ്യുത്ക്രമം.
വാതക്രമം-ഈ പ്രാണായാമത്തില്‍ ശ്വാസം പുറത്തേക്ക് വിടുന്നതിലാണ് പ്രാധാന്യം. സാധാരണരീതിയില്‍ ഉള്ളിലേക്കെടുത്തുകൊണ്ട് ശക്തിയോടെ പലതവണ പുറത്തേക്ക് വിടുക. ഉച്ഛ്വസിക്കലിന്‍റെ വേഗത വര്‍ദ്ധിപ്പിച്ച് 10-100 വരെയാക്കുക. രണ്ട് ഉച്ഛ്വാസങ്ങള്‍ക്കിടയ്ക്ക് ശ്വാസം അകത്തേക്കെടുക്കല്‍ തനിയെ സംഭവിച്ചുകൊള്ളും. ക്രിയയുടെ ഒടുവില്‍ പൂര്‍ണമായി ഉച്ഛ്വസിച്ചശേഷം ബന്ധത്രയം ചെയ്ത് ആകുന്നത്രനേരം ശ്വാസം അകത്തേക്കെടുക്കാതിരിക്കുക. കണ്ണടച്ചിരിക്കണം. അവസാനഘട്ടത്തിലേ ബാഹ്യകുംഭകം പാടുള്ളൂ.
പ്രയോജനങ്ങള്‍-തലച്ചോറിന്‍റെ മുന്‍ഭാഗം ശുചിയാകുന്നു. ദിവാസ്വപ്നം കാണുന്ന സ്വഭാവം ഇല്ലാതാകുന്നു. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നു.
ത്രാടകം – ഏതെങ്കിലും വസ്തുവിന്‍ന്മേല്‍ കണ്ണിമയ്ക്കാതെ ഉറ്റുനോക്കുന്നത് ത്രാടകം. സൂര്യത്രാടകവും ദീപത്രാടകവും പ്രധാനം. ദീപം-മെഴുകുതിരി കണ്ണിനു സമാന്തരമായി 3-5 അടി അകലത്തില്‍ വെച്ച് ഇമവെട്ടാതെ നോക്കുക. ഇത് പലതവണ ആവര്‍ത്തിക്കുക. അതിരാവിലെയോ വൈകുന്നേരങ്ങളിലോ ഉള്ള സൂര്യനെ ഇമവെട്ടാതെ നോക്കി സൂര്യത്രാടകവും ചെയ്യാവുന്നതാണ്. ഈ ക്രിയ മനസ്സിനെ ബലപ്പെടുത്തുന്നു. കണ്ണിന്‍റെ അസുഖങ്ങള്‍ മാറ്റി കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ഓജസ്സും തേജസ്സും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
– ഡോ.കെ.രാജഗോപാലന്‍
കണ്‍സള്‍ട്ടന്‍റ്
ഇടൂഴി യോഗ & ഗവേഷണ വിഭാഗം
മയ്യില്‍