പ്രതിരോധസേനക്കൊപ്പം ആയുര്‍വേദം

INS-Zamorin-Ayurvedic-Centre-Ezhimala-Naval-Academy

രാജ്യ സുരക്ഷ എന്നത് ഏതൊരു രാജ്യത്തിന്‍റേയും തന്ത്രപ്രധാനമായ മേഖലയാണ്. അവിടുത്തെ സുരക്ഷാസേനയും ഏറെ വിലപ്പെട്ടതാണ്. പ്രതിരോധസേനാംഗങ്ങളുടെ നിതാന്ത ജാഗ്രതയുടെ ഫലമായാണ് നൂറ്കോടി ജനങ്ങള്‍ സമാധാനത്തോടുകൂടി കിടന്നുറങ്ങുന്നത്. എന്നാല്‍ അവര്‍ അഭിമുഖീകരിക്കുന്നസാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് നാം ചിന്തിക്കാറുണ്ടോ?

മണലാരണ്യങ്ങളിലും, മഞ്ഞ് മലകള്‍ക്കിടയിലും, മലയിടുക്കുകളിലും മറ്റും മണിക്കൂറുകളും ദിവസങ്ങളും മാസങ്ങളും ചിലവഴിക്കപ്പെടേണ്ടവര്‍. അതിനുള്ള ശാരീരികവും മാനസികവുമായ ക്ഷമത അവര്‍ നേടിയാണ് സേനയിലെത്തുന്നതെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമുക്ക് വേണ്ടിയാണവര്‍ ഈ ത്യാഗം സഹിക്കുന്നത്. നാം ഏറെ കടപ്പെടേണ്ടിയിരിക്കുന്നതും അവരോടാണ്.

ഇതിന്‍റെ ഭാഗമായാണ് സേനാംഗങ്ങള്‍ക്ക് സര്‍ജറി അടക്കമുള്ള ചികിത്സാ സംവിധാനങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് വിവിധ ആശുപത്രികള്‍ സേനാ ആസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരായ അലോപ്പതി ഡോക്ടര്‍മാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്ത് സേനയുടെ ഭാഗമായ് പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്നു.

ഭാരതത്തിന്‍റെ തനതായ വൈദ്യശാസ്ത്രമായ ആയുര്‍വേദമുള്‍പ്പടെയുള്ള ഇതരവൈദ്യശാസ്ത്രമേഖലകള്‍ സേനയ്ക്ക് വേണ്ടി വേണ്ടും വിധം പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമായിരുന്നില്ല. ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആയുര്‍വേദമെന്ന ശാഖയെ വൈദ്യശാസ്ത്രമാണെന്ന അറിവ് പോലും ഉണ്ടായിരുന്നില്ല എന്നത് വിചിത്രമായി തോന്നി.

ഈ ഘട്ടത്തിലാണ് 2010 – ല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാഡമിയായ ഏഴിമല നാവിക അക്കാഡമിയില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര പായ്കപ്പലോട്ടമത്സരത്തിന്‍റെ മെഡിക്കല്‍ ടീമിലേക്ക് ആയുര്‍വേദത്തേയും പരിഗണിക്കപ്പെടുന്നത്. ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റിന്‍റെ കീഴില്‍ ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗസംഘമാണ് ഈ ദൗത്യത്തിനായ് നിയോഗിക്കപ്പെട്ടത്. അന്താരാഷ്ട്രതലത്തില്‍ ആദ്യമായി സ്പോര്‍ട്സ് രംഗത്ത് ആയുര്‍വേദത്തിന് ലഭിച്ച പ്രാതിനിധ്യമായിരുന്നു അത്. ഇന്ത്യയിലെ സേനാംഗങ്ങള്‍ക്ക് മാത്രമല്ല ഇറ്റലി, ആസ്ട്രേലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ആയുര്‍വേദ ചികിത്സക്കായി മാത്രം നാവിക ഉദ്യോഗസ്ഥര്‍ ആയുര്‍വേദചികിത്സാകേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു.

2017-ല്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിനായി പുതിയൊരു ബില്‍ഡിംഗ് നിര്‍മ്മിച്ചു നല്‍കുകയും അന്താരാഷ്ട്രനിലവാരമുള്ള ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ആയുര്‍വേദ ചികിത്സാവിഭാഗം, സ്ത്രീരോഗ ചികിത്സാവിഭാഗം, മര്‍മ്മചികിത്സാവിഭാഗം തുടങ്ങിയ സ്പെഷ്യാലിറ്റികളും പ്രവര്‍ത്തിച്ച് വരുന്നു. കൃത്യമായ ഇടവേളകളില്‍ ചെയ്യുന്ന ആയുര്‍വേദ ചികിത്സാക്രമങ്ങളുടെ ഭാഗമായി കായിക മത്സരങ്ങളില്‍ നാവിക അക്കാഡമിക്ക് അന്താരാഷ്ട്രതലങ്ങളില്‍ തന്നെ മികച്ച വിജയങ്ങള്‍ നേടാനായെന്ന് അവിടുത്തെ ഫിസിക്കല്‍ ട്രെയിനിംഗ് വിഭാഗവും സാക്ഷ്യപ്പെടുത്തുന്നു. നാവികസേനയിലെ അലോപ്പതി ഡോക്ടര്‍മാരടക്കം വളരെ സഹകരണമനോഭാവത്തോടുകൂടി ആയുര്‍വേദ ശാസ്ത്രത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമായ് ഈ സമയത്തെ നിയോഗിച്ചു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

ഐ.എന്‍.എസ് സമോറിയന്‍ മേധാവിയായിരുന്ന അഡ്മിറല്‍ തബ്ലിയാല്‍ കമാന്‍റിംഗ ഓഫീസര്‍ രാജീവ് ചൗധരി എക്സിക്യൂട്ടീവ് ഓഫീസര്‍ സുഭാഷ് ചന്ദ്ര എന്നിവരുടെ നിരീക്ഷണത്തിലാണ് ആയുര്‍വേദ വിംഗും പ്രവര്‍ത്തിച്ചത്. പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പരിണിത ദുബൈ, ലെഫ് സര്‍ജന്‍ ഡോ.സഞ്ജു എന്നിവരുടെ സഹകരണത്തോടെ എം ഐ റൂമിലാണ് ആയുര്‍വേദ ഒ.പി യും തെറാപ്പി യൂണിറ്റും സജ്ജമാക്കിയത്. ആയുര്‍വേദത്തെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഒരു ആയുര്‍വേദ എക്സിബിഷനും എം.ഐ റൂമില്‍ തന്നെ സജ്ജമാക്കിയിരുന്നു. വിദേശ നാവിക ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആയുര്‍വേദ ചികിത്സാസംവിധാനത്തെ പ്രയോജനപ്പെടുത്തി. ആയുര്‍വേദം ഇന്ത്യന്‍ പ്രതിരോധസേനക്കുള്ള വരദാനമാണെന്ന് ഇറ്റാലിയന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ലഫ്. ഫ്രമന്‍റോ അഭിപ്രായപ്പെട്ടു. ആസ്ത്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സേനാംഗങ്ങള്‍ ചികിത്സക്കായ് ആയുര്‍വേദ സംവിധാനത്തെ പ്രയോജനപ്പെടുത്തി. കായിക ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അവരുടെ രാജ്യത്തും ആയുര്‍വേദ ചികിത്സാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെട്ടു.

കേവലം നാല് ദിവസത്തേക്ക് തീരുമാനിച്ചിരുന്ന ആയുര്‍വേദ യൂണിറ്റ് ഇരുപത് ദിവസം വരെ തുടരേണ്ടി വന്നു. അലോപ്പതിയും ആയുര്‍വേദവും സംയോജിപ്പിച്ചുകൊണ്ട് ക്ലിനിക് റിസര്‍ച്ചുകള്‍ നവജീവനിയില്‍ നടത്തണമെന്ന് സി. ഒ. ഡോ. ബോസ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ നാവികസേനാംഗങ്ങളുടെ ആവശ്യപ്രകാരം ഇടൂഴി ആയുര്‍വേദ ഫൗണ്ടേഷന്‍റെ കീഴില്‍ ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സംഘവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2011 നവംബറില്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ ചരിത്രത്തിലാദ്യമായി പഞ്ചകര്‍മ്മ സൗകര്യത്തോടുകൂടിയ ഒരു സ്ഥിരം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ഏഴിമല നാവിക അക്കാഡമിയില്‍ തുടക്കമായി.

ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മെഡിക്കല്‍ ഡയറക്ടറായും, ഡോ. പി.വി.ധന്യ ഡോ.ഐ. ഉമേഷ് നമ്പൂതിരി എന്നിവര്‍ മെഡിക്കല്‍ ഓഫീസര്‍മാരുമായി ആയുര്‍വേദ ചികിത്സാകേന്ദ്രം ഏഴിമല നാവിക അക്കാദമിക്കുള്ളില്‍ ഇന്ത്യന്‍പ്രതിരോധ സേനയിലെ ആദ്യത്തെ ആയുര്‍വേദ ചുവടുവെപ്പ് അങ്ങനെ യാഥാര്‍ത്ഥ്യമായി.