ഉണര്‍ത്തുപാട്ടായി ഉണര്‍വിനൊപ്പം

Unarvu-Charitable-trust-leadership

പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി അയ്യപ്പന്‍കാവിന് അടുത്താണ് ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ്. നിരവധി പേര്‍ക്ക് കൈത്താങ്ങായൊരു അഭയകേന്ദ്രം. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കളിചിരികള്‍ നിറഞ്ഞ ഇടം. ഇവിടെ ഇവര്‍ പരിമിതികള്‍ മറക്കുകയാണ്. ലോകത്തിനൊപ്പം കുതിച്ചുപായാന്‍ ഒരുങ്ങുകയാണ്. അവര്‍ക്ക് ഉണര്‍ത്തുപാട്ടായി കരുതലുള്ള ഒന്‍പത് അമ്മമനസുകളും…

തുടക്കം

2018 ഡിസംബര്‍ മൂന്നിന് ഭിന്നശേഷി ദിനത്തില്‍ ഒന്‍പത് അമ്മമാരുടെ പ്രയത്നത്താലാണ് ഉണര്‍വ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ഈ അഭയകേന്ദ്രം ധാരാളം കുട്ടികള്‍ക്ക് ഒരു തണലാണ്. ഭിന്നശേഷിക്കാരായ തങ്ങളുടെ മക്കള്‍ക്കൊപ്പം മറ്റ് കുട്ടികള്‍ക്ക് ഉണര്‍വില്‍ എത്താനുള്ള അവസരം അവര്‍ ഒരുക്കി. എല്ലാ കുട്ടികളിലും തങ്ങളുടെ മക്കളെയും കാണാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ കരുത്ത്. ഭിന്നശേഷിക്കാരായ 35 പേരാണ് ഇവിടെയുള്ളത്. ഭിന്നശേഷിക്കാര്‍ക്കുള്ള ഒരിടം എന്നതിലുപരി കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരിടമായി ഉണര്‍വ് മാറിയത് വളരെ പെട്ടെന്നാണ്.

പ്രവര്‍ത്തന പഥങ്ങള്‍

9 അമ്മമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ട്രസ്റ്റി എ സ്വയംപ്രഭയാണ്. ഉണര്‍വില്‍ രണ്ട് അധ്യാപകര്‍ ആണുള്ളത്. ഒരു സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചറും അവരുടെ അസിസ്റ്റന്‍റും. കുട്ടികള്‍ക്കായി പല പ്രവര്‍ത്തന ങ്ങളും നടപ്പാക്കുന്നു. പേപ്പര്‍ പേന, ചവിട്ടി, തുണി സഞ്ചി നിര്‍മാണം എന്നിങ്ങനെ പ്രകൃതിയോട് ഇണങ്ങി കുട്ടികള്‍ പഠിക്കുന്നു. കുട്ടികളുടെ അമ്മമാരില്‍ ഒരാളായ സിന്ധുവാണ് എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുന്നത്. മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ കുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് കുട്ടികളും അമ്മമാരും നട്ടുനനച്ചു വളര്‍ത്തിയെടുത്ത അടുക്കള തോട്ടത്തിലെ പച്ചക്കറി വിഭവങ്ങളായി പലപ്പോഴും ഊണ്‍മേശയില്‍ എത്തും. തുടക്കത്തില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 35 കുട്ടികളുണ്ട്. തികച്ചും സൗജന്യമായാണ് ഈ ഡേ കെയര്‍ പ്രവര്‍ത്തിക്കുന്നത്. എക്സൈസ് വകുപ്പിന്‍റെയും പോലീസ് വകുപ്പിന്‍റെയും വാഹന വകുപ്പിന്‍റെയും പിന്തുണ ഉണര്‍വിനൊപ്പമുണ്ട്. ഇവര്‍ക്കൊപ്പം സഹായമനസ്കരായ സന്നദ്ധപ്രവര്‍ത്തകരും സേവനങ്ങള്‍ നല്‍കുമ്പോള്‍ ഉണര്‍വ് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ സഹായകമാവുന്നു. മറ്റുള്ളവരുടെ ദുരിതത്തിലും ഉണര്‍വ് കൈത്താങ്ങ് ആവുന്നു. ‘മറ്റുള്ളവരുടെ സഹായത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവുന്നത്. അത് കൊണ്ടുതന്നെ കവളപ്പാറയിലെ ദുരിതബാധിതര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അവരവര്‍ക്ക് കഴിയുന്ന പോലെ പണം സംഭരിച്ച് അവശ്യവസ്തുക്കള്‍ കവളപ്പാറയിലെ ദുരന്തഭൂമിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ‘ഉണര്‍വിന്‍റെ മാനേജിങ്ങ് ട്രസ്റ്റി എ സ്വയംപ്രഭ പറയുന്നു. സ്വയം കരുതലിനൊപ്പം മറ്റുള്ളവര്‍ക്ക് കൂടി കരുതലേകിയാണ് ഉണര്‍വിന്‍റെ യാത്ര.

ഇവര്‍ ഈ അമ്മമാര്‍

മാനേജിങ്ങ് ട്രസ്റ്റി എ സ്വയംപ്രഭ, രാജശ്രീ വാസുദേവന്‍, സുജാത എ വി, സുധ പരമേശ്വരന്‍, രാജലക്ഷ്മി ഭാസ്കരന്‍, ഫസീല അബൂബക്കര്‍ സിദ്ദിഖ്, ഷീജ നാരായണന്‍കുട്ടി, നാസിറ സുല്‍ഫിക്കര്‍, രാധ കുമാരന്‍ എന്നിവരാണ് ഉണര്‍വിലെ സ്ഥിര സാനിധ്യമായ 9 അമ്മമാര്‍. ഇവരിലൂടെ ആണ് ഉണര്‍വ് ജീവിതം തേടുന്നത്. ബുദ്ദിപരിമിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്പെഷ്യല്‍ കുടുംബസ്ത്രീയും പ്രവര്‍ത്തിക്കുന്നു. 10 പേരുടെ രണ്ട് ടീമായാണ് പ്രവര്‍ത്തനം. രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനുള്ള അവസരം ഈ സംരംഭത്തിലൂടെ ലഭിക്കുന്നു.

കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടി

രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് പുറമേ അവരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്താനുള്ള സ്ഥലം എന്ന നിലയിലും ഉണര്‍വ് ഒരുപാട് ദൂരം മുന്നോട്ടുപോയിരിക്കുന്നു.

പ്രായപരിധിയില്ലാതെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുന്നു. ഒമ്പതുമുതല്‍ 40 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ഐഡി കാര്‍ഡും യൂണിഫോമും അനുവദിക്കുകയുണ്ടായി. ഓരോ കുട്ടിയെയും സ്വന്തമായി പേരും അഡ്രസും ഫോണ്‍ നമ്പറും എഴുതാന്‍ ആണ് ആദ്യം പഠിപ്പിക്കാറുള്ളത്. ഓരോ കുട്ടിയെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ചുറ്റുപാടുമായി ഇണങ്ങാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ക്ക് ഇടയില്‍ തന്നെ പരസ്പര ധാരണ ഉണ്ട്. നല്ല ഒരു സൗഹൃദം അവര്‍ തമ്മില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു. ഒരേ മനസുമായി അവര്‍ ഒത്തുചേരുകയാണ് ഇവിടെ. വാടക കെട്ടിടത്തിലാണ് ഉണര്‍വ് പ്രവര്‍ത്തനം. ഉണര്‍വിലെ ആഘോഷങ്ങളില്‍ ജനപ്രതിനിധികളും, പോലീസും, ലയണ്‍സ് ക്ലബ്, പൊതുജനങ്ങളും പങ്കുചേരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെ സഹായമാണ് ഉണര്‍വിന്‍റെ ബലം.

പെണ്‍കരുത്തില്‍

Pennoruma Award for Unarv Charitable Trust

സ്ത്രീകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് മനോരമ ദിനപത്രം നല്‍കുന്ന പുരസ്കാരം പെണ്ണൊരുമ ഉണര്‍വിനെ തേടിയെത്തി, അതും പ്രവര്‍ത്തനം തുടങ്ങി കേവലം 7 മാസത്തിനുള്ളില്‍. പാലക്കാട് ജില്ലയില്‍ 22 ടീമുകളോട് മത്സരിച്ചാണ് ഉണര്‍വ് ഒന്നാമതെത്തിയത്. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉണര്‍വിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഏപ്രില്‍ മെയ് മാസങ്ങളില്‍ പുറമെനിന്നുള്ള കുട്ടികള്‍ക്ക് ഉള്‍പ്പെടെ ക്യാമ്പ് സംഘടിപ്പിച്ചു. സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികൂടിയായി ക്യാമ്പ് മാറി. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം പഠനോപകരങ്ങള്‍ വിതരണംചെയ്യാന്‍ കഴിഞ്ഞു. സിനിമാ താരം സരയുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഭിന്നശേഷി എന്നാല്‍ ഒഴിവാക്കപ്പെടേണ്ടവരല്ലെന്നും കൂടുതല്‍ പരിഗണനയും കരുതലും അര്‍ഹിക്കുന്നവരാണ് എന്നുമുള്ള അവബോധം സമൂഹത്തില്‍ എത്തിക്കാന്‍ ഉണര്‍വിന് കഴിഞ്ഞു. ഉണര്‍വിനെ പോലുള്ളവ സഹായക കേന്ദ്രങ്ങളെ കൈപിടിച്ച് മുന്നോട്ട് നയിക്കാന്‍, സമൂഹത്തിന് ഉണര്‍വേകാന്‍ നന്മ നിറഞ്ഞ കരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കട്ടെ… പ്രതീക്ഷകളുടെ പൊന്‍തിരി വെട്ടം തെളിയട്ടെ…