ആയുർവേദ ശസ്ത്രക്രിയാ വിഭാഗം ആയ ശല്യതന്ത്രത്തിന് അതിന്റെ ബാലാരിഷ്ടതകൾ മാറാൻ ഇനിയും എത്രനാൾ കാത്തിരിക്കണം എന്നത് ആയുർവേദ വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർമാർ എല്ലാവരും തന്നെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്. കാലാനുസൃതമായ മാറ്റങ്ങൾ സ്വാംശീകരിച്ചും സമന്വയിപ്പിച്ചും അതിലെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരാതെ ആയുർവേദത്തെ ആധുനീകരിക്കാൻ കഴിഞ്ഞാൽ ഈ ശാസ്ത്രം വരും എന്നതിൽ യാതൊരു സംശയവുമില്ല. സിസിഐഎം ഇൻസ്പെക്ഷൻ നടത്തുന്ന അംഗങ്ങൾ കേരളത്തിലെ കോളേജുകളിൽ പരിശോധനയ്ക്ക് പോയപ്പോൾ അവരുടെ ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ എഴുതിവച്ചിരിക്കുന്നത് ശസ്ത്രക്രിയ ചെയ്യുന്നത് കേരളത്തിൽ നിയമപരമായി തടഞ്ഞിരിക്കുന്നു എന്നതാണ് ഇത് ആയുർവേദ വൈദ്യശാസ്ത്രത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
ശസ്ത്രക്രിയയുടെ പിതാവ് ആരെണെന്ന് ചോദിച്ചാൽ ഉടൻ “സുശ്രുതൻ” ആണെന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ഉള്ളവർ ഉത്തരം പറയും പക്ഷേ ആ സുശ്രുതൻ്റെ പിൻമുറക്കാർക്ക് ശസ്ത്രക്രിയ ചെയ്യാൻ കേരളത്തിൽ അനുവാദമില്ല എന്നത് അത് വളരെ അപലപനീയമാണ്. ഇന്ന് ആയുർവേദ ശസ്ത്രക്രിയ എന്ന് പറഞ്ഞു കഴിഞ്ഞാൽ പൈൽസിനും, ഫിസ്റ്റുലക്കും ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സയും ക്ഷാരകർമ്മ ചികിത്സയും മാത്രമാണ് എന്നാണ് ജനങ്ങളുടെ പൊതുവെയുള്ള ധാരണ ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ് കാരണം ആയുർവേദത്തിൽ വിവിധങ്ങളായ ശസ്ത്രക്രിയാ രീതികളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ശസ്ത്രക്രിയ ചെയ്യുന്നതിനു മുമ്പ് അണുനശീകരണം നടത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, മുറിവിൽ തുന്നൽ ഇടുന്നതിനെ കുറിച്ചും, മുറിവ് വച്ചുകെട്ടുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും വളരെ വിശദമായി ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു. അന്ന് ശസ്ത്രക്രിയാ രംഗത്ത് ആയുർവേദത്തിന് ഉണ്ടായിരുന്ന നേട്ടങ്ങൾ കോർത്തിണക്കി കൊണ്ടാണ് സുശ്രുതസംഹിത രചിച്ചിരിക്കുന്നത്.
ആയുർവേദ ഡിഗ്രി ആയ BAMS കഴിഞ്ഞതിനുശേഷം MS ചെയ്യുന്ന ആയുർവേദ സർജന്മാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചാൽ ഇത്തരത്തിൽ ശസ്ത്രക്രിയ ചെയ്യുവാനും ഉയരങ്ങളിൽ എത്തുവാനും സാധിക്കും. ഈ യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇന്ന് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നിഷിദ്ധമാണ് എന്ന് ആധുനിക വൈദ്യത്തിൽ ഉള്ളവർ പ്രചരിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട പരമോന്നത കോടതി ഭൗതിക ശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം അലോപ്പതി മരുന്നുകൾ ആയി വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്ന് കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. സി സി ഐ എം നിബന്ധന പ്രകാരം ഒരു ആയുർവേദ കോളേജ് നടത്തണം എന്നുണ്ടെങ്കിൽ ആധുനിക രീതിയിലുള്ള ശസ്ത്രക്രിയ യൂണിറ്റുകൾ ഉണ്ടായാൽ മാത്രമേ ആ കോളേജുകൾക്ക് അംഗീകാരം ലഭിക്കുകയുള്ളൂ .
ഈ വസ്തുതകളെല്ലാം ഇവിടെ നിൽക്കുമ്പോൾ തന്നെ മഹാരാഷ്ട്ര ഗവൺമെൻറ് 1992 കളിൽ തന്നെ അവിടെ ബി.എ.എം.എസ് സിലബസിൽ ആയുർവേദ ഡോക്ടർമാർ ഫിസിയോളജി, അനാട്ടമി, ബയോകെമിസ്ട്രി, ഗൈനക്കോളജി, ഫാർമക്കോളജി, സർജറി മുതലായ ആധുനികശാസ്ത്രം പഠിക്കുകയും പ്രായോഗിക പരിശീലനം നേടുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ B.A.M.S ഡിഗ്രി കഴിഞ്ഞ ഡോക്ടർമാർക്ക് അലോപ്പതി മരുന്നുകൾ ഉപയോഗിക്കാൻ അനുവാദം കൊടുക്കുകയും, ആയുർവേദ MS പഠിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാനുള്ള അനുമതി നൽകുകയും ചെയ്തുകൊണ്ട് മഹാരാഷ്ട്ര മെഡിക്കൽ പ്രാക്ടീഷ്ണേസ് ആക്ടീൽ മാറ്റങ്ങൾ വരുത്തി 2014 ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അത് പാസാക്കി നിയമമാക്കുകയും ചെയ്തു അങ്ങനെ അവിടെയുള്ള ആയുർവേദ ഡോക്ടർമാർക്ക് നിയമപരിരക്ഷ ഉറപ്പാക്കി.
കഴിഞ്ഞ 20 വർഷമായി വളരെ ഭംഗിയായി ആയുർവേദ സർജൻമാർ അവിടെ വിജയകരമായി ഒരു ശതമാനം പോലും യാതൊരു പരാതിയുമില്ലാതെ ശസ്ത്രക്രിയ ചെയ്തു വരുന്നു. എന്നുമാത്രമല്ല ഇത് അവിടുത്തെ സാധാരണ ജനങ്ങൾക്കും ദാരിദ്ര്യരേഖയിൽ താഴെയുള്ള രോഗികൾക്കും ഉപകാരപ്രദമായി എന്ന് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ആയുർവേദത്തിൽ ശല്യതന്ത്ര (MS) ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് 39 വിഭാഗത്തിൽപ്പെടുന്ന ശസ്ത്രക്രിയകൾ ചെയ്യാനുള്ള അനുമതി കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ശാലാക്യതന്ത്രം (ENT) കഴിഞ്ഞിറങ്ങിയ ആയുർവേദ ഡോക്ടറിന് 9 വിഭാഗങ്ങളിലുള്ള ശസ്ത്രക്രിയ ചെയ്യാനുള്ള അനുമതി കൊടുത്തിട്ടുണ്ട്. അങ്ങനെ ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർമാർക്ക് ആയുർവേദ ശാസ്ത്രത്തിൽ പറയുന്ന 58 ശസ്ത്രക്രിയകൾ ചെയ്യാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ കൊടുത്തിരിക്കുന്നത്.
എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിതയിൽ അദ്ദേഹം വിവരിക്കുന്നുണ്ട് ഛേദ്യം(മുറിക്കല്‍), ഭേദ്യം(പിളര്‍ക്കല്‍), ലേഖ്യം(ഉരക്കൽ), വേധ്യം(തുളയ്ക്കല്‍), ഏഷ്യം(ശസ്ത്രം കടത്തല്‍), ആഹാര്യം(പിടിച്ചെടുക്കല്‍), വിസ്രാവ്യം(ചോര്‍ത്തിയെടുക്കല്‍), സീവ്യം(തുന്നല്‍) എന്നിങ്ങനെ. ഒരു ശല്യതന്ത്രജ്ഞൻ ശസ്ത്രക്രിയയ്ക്ക് ആരംഭിക്കുന്നതിന്ന് മുമ്പായി ശസ്ത്രക്രിയക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും സംഭരിച്ചിട്ടുണ്ടായിരിക്കണം എന്നും, ആയാൾക്ക് ഈ വക പ്രവൃത്തി ചെയ്തിട്ടു നല്ല തഴക്കവും, മറ്റുള്ളവർ ഇങ്ങിനെ പല ശസ്ത്രക്രിയകളും ചെയ്യുന്നതു കണ്ടിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ആയാൾ ബുദ്ധിമാനും, ധീരനും, സമർത്ഥനും ആയിരിക്കേണ്ടതാണ് എന്ന് സുശ്രുതസംഹിതയിൽ എടുത്തുപറയുന്നുണ്ട്.
അദ്ദേഹത്തിന്റെ സഹായത്തിന്നായി നല്ല ധൈര്യവും ശക്തിയുമുള്ള പരിചാരകന്മാർ അടുത്തുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്ന് മുമ്പു രോഗിക്ക് ലഘുവായ ഭക്ഷണമേ കൊടുക്കാവൂ. ഉദരത്തിലോ, വായിലോ അല്ലെങ്കിൽ ഗുദത്തിന്നു സമീപത്തോ വല്ല ശസ്ത്രക്രിയയും ചെയ്യണമെങ്കിൽ രോഗി ഉപവസിച്ചിരിക്കണം ഇന്നും ആചാര്യൻ പറയുന്നു.ശസ്ത്രക്രിയ ചെയ്തതിനു ശേഷമുള്ള വ്രണം ഉണങ്ങുന്നതിനായി പലതരത്തിലുള്ള വ്രണരോപണ ഔഷധങ്ങളെ കുറിച്ച് സുശ്രുതൻ വിശദമായി ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
അതുപോലെതന്നെ മുറിവിൽ കലശലായി വേദനയുണ്ടെങ്കിൽ ഇരട്ടിമധുരം പോടിച്ചിട്ടു കാച്ചിയ നെയ്യുകൊണ്ട് ധാരയിടുകയോ, അതിൽതന്നെ ശീലമുറുക്കി മുറിവുകൾക്ക് മീതെ ഇടണമെന്നും അനുശാസിക്കുന്നു.സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്ന പുസ്തകത്തില്‍ 1200 രോഗങ്ങളും 700 ഔഷധ സസ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ രോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ടവരാണെങ്കിൽ രാജാവിന്റെ അനുമതി പത്രത്തോട് കൂടിയാണ് സുശ്രുതാചാര്യൻ അന്ന് ലഭ്യമായ എല്ലാ വിധ സൗകര്യങ്ങളോടും കൂടി ശസ്ത്രക്രിയ ചെയ്തിരുന്നത്. ഇന്നാകട്ടെ ആയുർവേദത്തിൽ MS കഴിഞ്ഞ ബിരുദാനന്തരബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് ഗവൺമെന്റിന്റെ അനുമതിയും നിയമസംരക്ഷണവും ഈ ഗസറ്റഡ് വിജ്ഞാപനത്തിലൂടെ ലഭിച്ചിരിക്കുന്നു. അന്ന് യന്ത്രങ്ങളെക്കൊണ്ടും, ഉപയന്ത്രങ്ങളെ കൊണ്ടും, അനുശാസ്ത്രങ്ങളെ കൊണ്ടും, ശസ്ത്രങ്ങളെക്കൊണ്ടും പലവിധ ധൂപങ്ങളെക്കൊണ്ട് പുകച്ച് അണുവിമുക്തമാക്കിയ അന്തരീക്ഷത്തിൽ വളരെ വിജയകരമായി ശസ്ത്രക്രിയ ചെയ്തിരുന്നു.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും, ശസ്ത്രങ്ങളും മേൽത്തരം ഉരുക്കുകൊണ്ട് ഉണ്ടാക്കേണ്ടതാണെന്നും പ്രത്യേകം പറയുന്നു. ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മക്കുറവുകൊണ്ട് മര്‍മ്മങ്ങൾക്കോ, സിരകൾക്കോ, സന്ധികൾക്കോ അല്ലെങ്കിൽ എല്ലിനോ യാതൊരു കേടും തട്ടാതിരിക്കുവാനും, ശസ്ത്രം ആവശ്യത്തിൽ അധികം ഒട്ടും ഉള്ളിലേക്കു കടക്കാതിരിപ്പാനും വൈദ്യൻ പ്രത്യേകം മനസ്സിരുത്തേണ്ടതാണ് എന്നും സുശ്രുതസംഹിതയിൽ ഊന്നിപ്പറയുന്നുണ്ട്.
അന്ന് സുശ്രുതം നിർദ്ദേശിച്ച ശസ്ത്രക്രിയ ഉപകരണങ്ങളുടെ മോഡിഫിക്കേഷൻ മാത്രമാണ് ഇന്നുള്ള മിക്ക ഉപകരണങ്ങളും. ശസ്ത്രക്രിയ നടത്തിയിരുന്ന സമയങ്ങളിൽ അനസ്തേഷ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ഔഷധങ്ങളിട്ടു സംസ്കരിച്ചെടുത്ത മദ്യവും, കഞ്ചാവും, കറുപ്പും ഉപയോഗിച്ച് രോഗികളെ ശസ്ത്രക്രിയ ചെയ്യുമ്പോൾ മയക്കികിടത്തുന്നതിന് വിവിധ ഔഷധങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ ഇന്ന് അതിന്റെ ആക്ടീവ് ഇൻഗ്രീഡിയൻസ് വേർതിരിച്ചെടുത്ത് ഇഞ്ചക്ഷൻ രൂപത്തിൽ കൊടുക്കുന്നു എന്നു മാത്രം.
ഒരു ആയുർവേദ ഭിഷഗ്വരൻ ആകട്ടെ ആയുർവേദവും ആധുനിക ശാസ്ത്രവും സമഗ്രമായി പഠിച്ച് ഇവരണ്ടും സമന്വയിപ്പിച്ച് ചികിത്സിക്കുന്നവരാണ്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ആയുർവേദവും അലോപ്പതിയും സംയോജിപ്പിച്ച് നടപ്പാക്കി വിജയിച്ച ചികിത്സാരീതി. ഈ ഒരു വിജയകരമായ ചികിത്സാരീതിയെ ഇന്ത്യ ഒട്ടുക്കും നടപ്പാക്കുന്നതിൽ എന്ത് തെറ്റാണ് കാണുന്നത് അതിനാണ് ഇന്ന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഇതു നടപ്പായാൽ സാധാരണ ജനങ്ങൾക്ക് വളരെ ചിലവ് കുറഞ്ഞ രീതിയിൽ ശസ്ത്രക്രിയ ലഭ്യമാക്കാൻ സാധിക്കും.
ആയുർവേദത്തിന്റെ തനതായ ചികിത്സാരീതിയായ ക്ഷാരസൂത്ര ചികിത്സയും , ക്ഷാരകർമ്മ ചികിത്സയും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നതിലൂടെ ചികിത്സയ്ക്കായി വിദേശത്തുനിന്നുപോലും ഇവിടെ ആളുകൾ വരുന്നതായിരിക്കും. ഈ വിഷയത്തിൽ ഗവൺമെന്റ് ഒരു പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർമാർക്ക് വേണ്ടത്ര ശസ്ത്രക്രിയ പരിശീലനം ലഭ്യമാക്കി അവരെ ശസ്ത്രക്രിയയ്ക്ക് പ്രാപ്തരാക്കുന്ന വിധത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
മഹാരാഷ്ട്രയിൽ നടപ്പാക്കിയത് പോലുള്ള ഒരു നിയമ നിർമ്മാണം നടത്തി ആയുർവേദ ബിരുദാനന്തര ബിരുദധാരികൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള എല്ലാവിധ നിയമ സംരക്ഷണവും സർക്കാർ ഉറപ്പാക്കേണ്ടതാണ്. എന്നാൽ മാത്രമേ ആയുർവേദത്തിലെ ശസ്ത്രക്രിയ വിഭാഗത്തിന് ആഗോളതലത്തിൽ തന്നെ അഭിമാനിക്കാവുന്ന വിധത്തിൽ ഉള്ള വളർച്ച ഉണ്ടാവുകയുള്ളൂ.