വിനോദ യാത്ര വിജ്ഞാനപ്രദം കൂടിയാക്കാന്‍ കണ്ണൂര്‍ നഗരത്തില്‍ നിന്ന് 16 കി. മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് സന്ദര്‍ശ്ശിച്ചാല്‍ മതി. 150 ലേറെ തരം പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഇവിടെ വരുന്ന ഓരോ സന്ദര്‍ശ്ശകര്‍ക്കും മുമ്പാകെ കണ്ണൂരിന്‍റെ ചരിത്രപ്രസിദ്ധമായ കേന്ദ്രം തുറന്ന് വെയ്ക്കുന്നത്. അങ്ങനെയിവിടെ വന്നുപോകുന്ന ഓരോരുത്തരും മനസ്സില്‍ കൊത്തിയിടുന്ന വാചകമാണ് ‘ഐ ലവ് സ്നേക്ക് പാര്‍ക്ക്’.
പാമ്പുകള്‍ മനുഷ്യന്‍റെ ശത്രുവല്ലെന്നും മിത്രങ്ങളാണെന്നുമുള്ള തിരിച്ചറിവാണ് പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശ്ശിക്കുന്ന ഓരോരുത്തര്‍ക്കും ഉളവാകുന്നത്. ശീതീകരിച്ച കൂട്ടില്‍ അഞ്ചടിയോളം ഉയരത്തില്‍ നിവരാന്‍ പോരുന്ന സാക്ഷാല്‍ രാജവെമ്പാല മുതല്‍ വിഷമില്ലാത്ത ഒട്ടനവധി പാമ്പിനങ്ങളെയും ഇവിടെ അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ കാണാന്‍ സാധിക്കും. ഇതിനു പുറമെ പലതരം കുരങ്ങന്‍മാര്‍, കാട്ടുപൂച്ച, ഉടുമ്പ്, എമു, ഗിനിക്കോഴി മുതല തുടങ്ങിയ ജീവജാലങ്ങളേയും, വിവിധ ഇനം പക്ഷികളേയും കാണാം.
വംശനാശത്തിനടുത്ത് നില്‍ക്കുന്ന പല ഉരഗ വര്‍ഗ്ഗങ്ങളുടേയും സംരക്ഷത്തിലും വളര്‍ച്ചയിലും ഈ പാര്‍ക്ക് വലിയ പങ്ക് വഹിക്കുന്നു. ഓരോ ജീവികള്‍ക്കും അനുസൃതമായ രീതിയില്‍ ആവാസവ്യവസ്ഥ സജ്ജീകരിച്ച് വംശവര്‍ദ്ധനവിനുള്ള സജ്ജീകരണങ്ങളും ചെയ്തുകൊടുക്കാറുണ്ട് അധികൃതര്‍. മകര വിഭാഗത്തില്‍പ്പെടുന്ന 26 ല്‍ അധികം മുതലകളുണ്ട് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കില്‍, അവ ഓരോന്നും മുട്ടയിട്ട് പത്തിലധികം കുഞ്ഞുങ്ങളാണ് കഴിഞ്ഞ തവണ വിരിഞ്ഞത്. നാല്പതോളം വര്‍ഷം ആയുസ്സുള്ള മുതലകളെ പ്രത്യേകമായാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വയം ഇരപിടിക്കുന്നത് വരെ ഇവയെ പ്രത്യേകം സംരക്ഷിക്കും. ചൂരലാമ എന്നറിയപ്പെടുന്ന പ്രത്യേക തരം ആമകളും മുട്ടയിട്ട് പത്തോളം കുഞ്ഞുങ്ങള്‍ വിരിഞ്ഞു. പ്രസവിക്കുന്ന പാമ്പുകളുടെ വിഭാഗത്തില്‍പ്പെടുന്ന അണലി, ഇരുതലമൂരി, പച്ചിലപാമ്പ്, എന്നിവയുമിവിടെ പ്രസവിക്കുന്നുണ്ട്. കഴിഞ്ഞ തവണ അണലിയുടെ ഒറ്റ പ്രസവത്തില്‍ മാത്രം 68 കുഞ്ഞുങ്ങളാണ് ഉണ്ടായത്.
ഇതിനൊക്കെപ്പുറമെ ഓരോ സന്ദര്‍ശ്ശകരേയും പ്രവേശനകവാടത്തില്‍ നിന്ന് അകത്തെ കാഴ്ചകളിലേക്ക് ക്ഷണിക്കുന്നത് അക്വാ വേള്‍ഡ് എന്ന ജലലോകമാണ്. മനോഹരമായ ചില്ലുകൂട്ടില്‍ ഒരു സമുദ്രാന്തരീക്ഷം സൃഷ്ടിച്ച് അതില്‍ ഓരോന്നിലും വിവിധങ്ങളായ കടല്‍ ജീവികളെയും മത്സ്യങ്ങളെയും സംരക്ഷിച്ചു പോരുന്ന അത്ഭുത ലോകം. സ്വര്‍ണ്ണ മത്സ്യവും കടല്‍ കുതിരയും കടലാമയും എന്നു വേണ്ട ജലജന്തുവൈവിധ്യങ്ങളുടെ സുന്ദര സാഗര ദൃശ്യ വിരുന്നൊരുക്കും ഈ ജലലോകം. മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധമാണ് ഈ കൂടാരത്തിന്‍റെ വെളിയിലിറങ്ങുന്ന ഓരോരുത്തരുടേയും മനസ്സില്‍ പുനര്‍ജനിക്കുക.
കണ്ണട മൂര്‍ഖന്‍, രാജവെമ്പാല, മണ്ഡലി, വെള്ളികെട്ടന്‍, കുഴിമണ്ഡലി, തുടങ്ങിയ ഒട്ടനേകം പാമ്പുകളെ പരിചയപ്പെടാനും പഠിക്കാനുമുള്ള അവസരമുണ്ട്. മാത്രമല്ല, പാമ്പുകളെക്കുറിച്ച് സന്ദര്‍ശ്ശകരെ ബോധവത്ക്കരിക്കാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രദര്‍ശ്ശന ക്ലാസുകളും നടത്താറുണ്ട്. 1982-ല്‍ എം.വി. രാഘവന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച് ഇന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മൃഗശാല ലൈസന്‍സ് ഉള്‍പ്പെടെ നേടി വികസനത്തിന്‍റെ പാതയില്‍ അതിവേഗം മുന്നേറുകയാണ് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്.