ശരീരത്തിന് ദോഷമായതെന്തും വിഷമാണ്. നേരിട്ടോ അല്ലാതെയോ ശരീരത്തില്‍ എത്തുന്ന വസ്തുക്കള്‍ക്ക് നമ്മുടെ ശരീരത്തെ മുറിപ്പെടുത്താന്‍ ആവും. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഉപയോഗിക്കുന്ന, ജീവിതത്തിന്‍റെ ഭാഗമാക്കിയ വസ്തുക്കള്‍ വില്ലന്‍ ആവുന്നത് എങ്ങനെ? നമ്മുടെ ശരീരത്തിനെ നശിപ്പിക്കുന്നത് എങ്ങനെ? ഒരു എത്തിനോട്ടം.
പഴങ്ങളും പച്ചക്കറികളും
‘പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കണം’ ഡോക്ടര്‍മാരുടെ സ്ഥിരം ഉപദേശമാണിത്. പോഷകങ്ങളുടെ കലവറ ആണ് ഇവ എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. പക്ഷെ വിപണിയിലെ വില്ലന്‍മാരായി ഇവര്‍ മാറിയത് വളരെ പെട്ടന്നാണ്. എക്കോടെക്സ്, ക്ലോറോടയില്‍, ഫങ്കിസൈഡ്, എന്‍ഡോസള്‍ഫാന്‍ – ഇവരില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന പേര് എങ്കിലും എല്ലാവര്‍ക്കും പരിചയം കാണും. കാസര്‍ഗോട്ടെ ചില ഗ്രാമങ്ങള്‍ ഇന്നും വിങ്ങലായ് നില്‍ക്കുന്ന ഒന്നാണ്. ഒരു കീടനാശിനി തകര്‍ത്ത ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ഇവിടെ കാണാം. വീര്യമേറിയ വിഷമാണ് നാം അടുത്ത കാലത്ത് ശരീരത്തിന് കൊടുക്കുന്നത്. പ്രധാന വാഹകര്‍ പഴങ്ങളും പച്ചക്കറികളും തന്നെ. ഇവയിലെ കീടനാശിനികള്‍ പലതും ത്വക്കിലൂടെ തന്നെ ശരീരത്തില്‍ എത്തും, ചിലത് ശ്വസനത്തിലൂടെ. നെര്‍വ്സ് സിസ്റ്റത്തെത്തന്നെ ഇത് തകരാറിലാക്കും. ആശുപത്രികള്‍ വര്‍ധിക്കുമ്പോഴും രോഗികള്‍ കുറയാത്തതിന്‍റെ കാരണം ഇതൊക്കെയാണ്. കാന്‍സര്‍, വൃക്ക രോഗം, ആസ്ത്മ എന്നിവ നാട്ടില്‍ കൂടി വരികയാണ്. അത് കൊണ്ട് വിപണിയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും പൂര്‍ണ്ണമായും അണുവിമുക്തമായി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്നത് മാനസിക സംതൃപ്തിക്ക് ഒപ്പം രോഗമുക്തിക്കുള്ള മാര്‍ഗം കൂടിയാണ്.
ടൂത്ത് പേസ്റ്റ്
“നേരം പുലര്‍ന്നാല്‍ ബ്രഷ് ബ്രഷ്…ഉറങ്ങും മുമ്പ് ബ്രഷ് ബ്രഷ്…” – അതെ, മലയാളിയുടെ ഒരു ദിവസം തുടങ്ങുന്നത് ബ്രഷില്‍ നിന്ന് തന്നെ, പല്ലുതേപ്പ്, കുളി, തേവാരം അങ്ങനെ ഒരു പ്രയോഗം തന്നെ നിലവില്‍ ഉണ്ട്. പല്ലുതേക്കാതെ ആഹാരം തരില്ല എന്ന് പറഞ്ഞ കണ്ണുരുട്ടുന്ന അമ്മമാരും ഒട്ടും കുറവല്ല. നിത്യേന പല്ല് തേക്കാന്‍ ഉപയോഗിക്കുന്ന ഈ പേസ്റ്റ് അത്ര നല്ല ആളാണോ? പേസ്റ്റ് വാങ്ങുമ്പോള്‍ ബ്രാന്‍ഡ്, എത്ര ഗ്രാം, വില എന്നിവയെല്ലാം സൂക്ഷ്മമായി നോക്കാറുണ്ട് പലരും. “Do not swallow” – ഈ വാചകം എവിടെയെങ്കിലും കണ്ടതായി ഓര്‍മയുണ്ടാവില്ല. സുരേഷ് ഗോപി സ്റ്റൈലില്‍ പറയുകയാണേല്‍ ‘ഓര്‍മ കാണില്ല’ ടൂത്ത് പേസ്റ്റിന്‍റെ പുറത്ത് വ്യക്തമായി എഴുതിയിരിക്കുന്ന വാചകമാണിത്.
അളവില്‍ കൂടുതല്‍ പേസ്റ്റ് ശരീരത്തില്‍ എത്തിയാല്‍ അത് ദോഷമാണെന്ന് ചുരുക്കം.. പല്ല് നശിച്ചുപോവാതിരിക്കാന്‍ ചേര്‍ക്കുന്ന ഫ്ളൂറൈഡ് ആണ് പലപ്പോഴും വില്ലനാവുക. അമിതമായി ഇവ ശരീരത്തില്‍ എത്തിയാല്‍ അലര്‍ജി മുതല്‍ കഠിനമായ വയറുവേദന വരെ ശരീരത്തെ തേടി വരാം. പല്ലിന് ഉണ്ടാകുന്ന ദോഷം ഇതിലും കൂടുതലാവും. ഇതൊക്ക ആണെങ്കിലും നാളെ മുതല്‍ പേസ്റ്റ് ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ പഴയ മാവിലയിലേക്കും പേര ഇലയിലേക്കും മടങ്ങി പോവാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അപ്പോള്‍ പിന്നെ ഒന്നേയുള്ളു, മിതമായി ഉപയോഗിക്കുക.
ആല്‍ക്കഹോള്‍
പെട്രോള്‍ അടിച്ച് വണ്ടി ഓടിക്കാം, ഡീസല്‍ അടിച്ച് വണ്ടി ഓടിക്കാം, ഗ്യാസ് അടിച്ച് വണ്ടി ഓടിക്കാം, വെള്ളം അടിച്ച് വണ്ടി ഓടിച്ചാല്‍ പോലീസ് പിടിക്കും കുറച്ച് കാലം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. ഒരു കുടിയന്‍റെ ആത്മ നൊമ്പരം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അപ്പോള്‍ വില്ലന്‍ മദ്യം തന്നെ. “മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത്,” എന്ന് പറഞ്ഞത് നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരു ആണ്.
തത്വ ചിന്തക്കപ്പുറത്ത് അതിന്‍റെ ശാസ്ത്രീയവശം എന്താണ് എന്ന് അറിയേണ്ടതുണ്ട്. നല്ല ആരോഗ്യമുള്ള ആള്‍ ആണെങ്കില്‍ പോലും പരിധിക്കപ്പുറം മദ്യം കഴിച്ചാല്‍ സമനില നഷ്ടപ്പെടും എന്നതില്‍ സംശയമില്ല. ഒന്നില്‍ തുടങ്ങിയാല്‍ പിന്നീട് ഒമ്പതില്‍ പോലും ഒതുക്കാന്‍ ആവാത്ത പ്രതിഭാസം. തുടക്കത്തില്‍ മദ്യം ഭൃത്യനും ഒടുക്കത്തില്‍ രാജാവുമാകുന്നു. ആദ്യ സിപ് എടുക്കുമ്പോള്‍ തന്നെ ശരീരം വേണ്ട എന്ന സിഗ്നല്‍ നല്‍കാറുണ്ട് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. അതാരും ചെവിക്കൊള്ളാറില്ല എന്ന് മാത്രം. പാന്‍ക്രിയാറ്റികസ്, കരള്‍ വീക്കം, എക്സിമ, പ്രമേഹം, എന്തിനധികം കേന്ദ്രനാഡീവ്യവസ്ഥയെത്തന്നെ മദ്യം തകര്‍ക്കുന്നു. മദ്യത്തിലെ ആല്‍ക്കഹോള്‍ തന്നെയാണ് വില്ലന്‍.. ഈ വില്ലന്‍ കുട്ടികളുടെ ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതമോ? മരണം വരെ സംഭവിച്ചു എന്ന് വരാം. അതിന് മദ്യമായി തന്നെ കഴിക്കണമെന്നില്ല, മദ്യത്തില്‍ മാത്രമല്ല ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. മൌത്ത് വാഷിലും ഫേസ് ക്ലീനറിലും മദ്യത്തിന്‍റെ അംശമുണ്ട്…സൂക്ഷ്മമായി ഉപയോഗിക്കുക എന്നത് മാത്രമാണ് പ്രതിവിധി.
ക്ലീനിങ്ങ്
എഥനോള്‍, ക്ലോറിന്‍, അമോണിയ, പെര്‍ക്ലോറോ എത്തലിന്‍ ഇങ്ങനെ നിരവധി രാസവസ്തുക്കള്‍ ആണ് ക്ലീനിങ്ങിനു ഉപയോഗിക്കുന്ന വസ്തുക്കളില്‍ കാണുന്നത്. ഏകദേശം 250 – 300 രാസവസ്തുക്കള്‍ വരെ ഈ ക്ലീനിങ്ങിന് ഉപയോഗിക്കുന്നത് വസ്തുക്കളില്‍ കാണാം. കൃത്യത ഇല്ലാത്ത ഉപയോഗം ഡിപ്രഷന്‍, ഡര്‍മറ്റൈറ്റിസ്, അലര്‍ജി, പൊള്ളല്‍ എന്നിവക്ക് കാരണം ആവും.
വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് വൃത്തിയില്ലെങ്കില്‍ എന്ത് ചെയ്യും? റൂമുകള്‍ സുഗന്ധ പൂരിതമാക്കാന്‍ ഉപയോഗിക്കുന്ന എയര്‍ ഫ്രഷ്നര്‍ അത്ര നിസാരക്കാരന്‍ അല്ല. “Do not spray in places where food is kept open” – ഭക്ഷണം തുറന്നു വെച്ചിട്ട് അന്തരീക്ഷത്തില്‍ എയര്‍ ഫ്രഷ്നര്‍ സ്പ്രേ ചെയ്യരുത് എന്ന മുന്നറിയിപ്പ്. അങ്ങനെ പല എയര്‍ ഫ്രഷ്നറിന്‍റെ കവറിലും കുറിച്ചിട്ടുണ്ട്. ഭക്ഷണം വിഷമയമാക്കാന്‍ കഴിയുന്ന ഒന്നിന് നമ്മുടെ അന്തരീക്ഷത്തെയും വിഷമയമാക്കാന്‍ കഴിയും എന്നതില്‍ സംശയം ഇല്ല.
മുന്‍കരുതലാണ് പ്രതിവിധിയേക്കാള്‍ ഭേദം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്നത് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ ആണ്. വിഷമയമാണ് ചുറ്റുപാടും. സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും… ആരോഗ്യത്തില്‍ നിന്ന് അനാരോഗ്യത്തിലേക്ക് തെന്നി വീഴും. രാസമയത്തിന് വിടചൊല്ലാം പ്രകൃതിമയമാവട്ടെ എല്ലാം…