ഉറക്കം, ശരീരത്തിനും മനസ്സിനും

Benefits-of-Sleep

നല്ല ഉറക്കം എന്നുള്ളത് നല്ല ആരോഗ്യത്തിന്‍റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണ്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും വളര്‍ച്ചക്ക് നിര്‍ണ്ണായകമാണ് ഉറക്കം.

ഹൃദയത്തിന്‍റേയും ധമനികളുടേയും പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതിനും അതു വഴി ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, പക്ഷാഘാതം എന്നിവയുടെ സാധ്യതകള്‍ കുറക്കുന്നതിനും ഉറക്കം വഴി സഹായിക്കുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ആവശ്യമായ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉറക്കം സഹായിക്കുന്നു. ഒരു കാര്യത്തിലുള്ള ഓരോ വ്യക്തിയുടേയും കായിക ക്ഷമത, പ്രവര്‍ത്തന ക്ഷമത, ദഹനശേഷി, ശ്രദ്ധ എന്നിവയെ നേരിട്ട് സ്വാധീനിക്കാന്‍ ഉറക്കത്തിന് കഴിയുന്നു. നമ്മുടെ പ്രതിരോധ ശേഷി നില നിര്‍ത്തുന്നതിനും നല്ല ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവുള്ള ഒരാള്‍ക്ക് പലതരം ഇന്‍ഫെക്ഷനുകളും അനുബന്ധരോഗങ്ങളും സാധരണയായി കണ്ടുവരാറുണ്ട്. ജീവിതശൈലിരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവയുടെ നിയന്ത്രണത്തിനും ഉറക്കം ഒരു പ്രധാനഘടകമാണ്. കൂടാതെ ഉറക്കമില്ലായ്മ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനും ഒരു പക്ഷെ വലിയ അപകടങ്ങള്‍ക്കും തന്നെ കാരണമായേക്കാം.

ഉദാഹരണമായി ലോകത്ത് നടക്കുന്ന വാഹനാപകടങ്ങളുടെ മുഖ്യകാരണമായി പറയപ്പെടുന്നത് ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ഉറക്കക്കുറവാണ്. (ജോലിഭാരം കൊണ്ടോ അല്ലാതെയോ) എന്നുള്ളത് ഉറക്കത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നതാണ്. നാമിടപെടുന്ന ഓരോ മേഖലയിലും അതിന്‍റെ പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ ഉറക്കം അനിവാര്യമാണ്. മറ്റൊരു സുപ്രധാനകാര്യമാണ് ഉറക്കമില്ലായ്മ യുവത്വത്തെ കുറക്കുന്നു എന്നുള്ളത്. പ്രായമായാലും ചുറുചുറുക്കോടെ കാണുന്ന വ്യക്തികളുടെ ഒരു രഹസ്യം അലട്ടലില്ലാത്ത ഉറക്കം തന്നെയാണ്. ഇത്തരം തുടര്‍ച്ചയായ ഉറക്കക്കുറവ് ഒരു പക്ഷെ വിഷാദം പോലുള്ള മാനസികരോഗങ്ങള്‍ക്ക് വരെ കാരണമാകാറുണ്ട്.

പരീക്ഷാകാലത്ത് ഉറക്കമിളിച്ചിരുന്ന് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കാറുണ്ട്. പരീക്ഷ കഴിയുമ്പോള്‍ പല അമ്മമാരും പരാതിപ്പെടാറുണ്ട് തന്‍റെ മകള്‍ ഇത്രയൊക്കെ കഷ്ടപ്പെട്ട് പഠിച്ചിട്ടും ചോദ്യപേപ്പര്‍ കിട്ടുമ്പോള്‍ എല്ലാം മറന്നു പോകുന്നു എന്നുള്ളത്. അപ്പോഴാണ് നാം പരീക്ഷാക്കാലമായാലും കൃത്യമായ ഉറക്കം കുട്ടികള്‍ക്ക് നല്‍കേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഉറക്കമില്ലാതെ ശരീരത്തിനും മനസ്സിനും തളര്‍ച്ച അനുഭവപ്പെട്ടാല്‍ ബുദ്ധി ശക്തിയേയും അത് നെഗറ്റീവ് ആയി ബാധിക്കും. അതിനാലാണ് നല്ല ഉറക്കം ആരോഗ്യ രക്ഷക്ക് അടിസ്ഥാനമാകുന്നുത്.

എത്ര ഉറങ്ങണം, എപ്പോള്‍ ഉറങ്ങണം

ഉറക്കം സുഖകരമാകുന്നത് ചിട്ടപ്പടിയാകുമ്പോഴാണ്. അതായത് ദിവസവും പരമാവധി കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നത് ശരീരത്തിന്‍റെ ബയോളജിക്കല്‍ ക്ലോക്ക് നിലനിര്‍ത്തുന്നതിന് സഹായിക്കും. ഇത് പാലിക്കാനായാല്‍ ദിവസവും കൃത്യസമയത്ത് ഉറക്കം ലഭിക്കുവാനും രാവിലെ കൃത്യ സമയത്ത് ഉണരുവാനും സഹായിക്കുന്നു. ഇത് ശരീരത്തിന്‍റെ ആന്തരിക വ്യവസ്ഥകളുടെ കൃത്യത നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതായത് ഈ ശീലം പാലിക്കുന്നവര്‍ക്ക് കൃത്യമായ മലശോധന, ദഹനശേഷി, കായിക ക്ഷമത എന്നിവ ഉണ്ടാക്കുന്നു. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക എന്നതാണ് നമ്മുടെ പഴയ ശീലം അതു തന്നെയാണ് ഏറ്റവും സ്വീകാര്യവും. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്‍റെ തോതും വ്യത്യാസപ്പെടുന്നു. കുട്ടികള്‍ വളര്‍ച്ചയുടെ ഘട്ടത്തിലെത്തിയാല്‍ ഉറക്കം ആവശ്യമാണ്. പ്രായമേറിവരുംതോറും അത് കുറഞ്ഞുവരും.

സാധാരണയായി 6 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നത് നല്ലതാണ്. കൃത്യമായി പറഞ്ഞാല്‍ രാത്രി 10 മണിക്ക് കിടന്ന് രാവിലെ 4 മണിക്കോ 5 മണിക്കോ എഴുന്നേല്‍ക്കുന്നതാണ് ഉത്തമം.

ഇങ്ങനെ ഉറക്കം ലഭിക്കുകയാണെങ്കില്‍ രാവിലെ എഴുന്നേറ്റ് നാം ചെയ്യുന്ന ഏതൊരു കാര്യത്തിനും അത് പഠനത്തിലായാലും വ്യായാമത്തിലായാലും നല്ല ദൃഢത ഉണ്ടായിരിക്കും. ഉറക്കം എന്ന് പൊതുവായി പറയുന്നത് രാത്രിയിലെ ഉറക്കത്തെയാണ്. പകലുറക്കം പൊതുവെ നല്ലതല്ല. അത് ശരീരത്തിലെ കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ രാത്രി ഉറക്കമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് രാത്രി ഉറങ്ങിയതിന്‍റെ പകുതി സമയം ഉറങ്ങാവുന്നതാണ്. അത് ഒരു പരിധിവരെ ഉറക്കത്തിന്‍റെ ദൂഷ്യവശങ്ങളെ ചെറുക്കുന്നതാണ്.

ഉറക്കത്തിന്‍റെ ഗുണങ്ങള്‍

1. മികച്ച ശ്രദ്ധയും ഉന്മേഷവും
2. മാനസിക സമ്മര്‍ദ്ദം കുറക്കുന്നു.
3. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
4. ശരീരകോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
5. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നു.
6. മാനസിക സന്തോഷം ഉണ്ടാക്കുന്നു.

– ഡോ.പി.വി.ധന്യ
ഇടൂഴി ഇല്ലം