സുഭാഷിതം

മനഃശുദ്ധിയാണ് നമ്മുടെ മനുഷ്യത്വത്തെ ദേവസമാനമാക്കുന്നത്.ദേവിഭാഗവതത്തില്‍ മനഃശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

“മനോ തി നിര്‍മ്മലം യസ്യ സ സമ്യക് ഫലഭാഗ്ഭവേത്
തസ്മിന്‍ വികാരയുക്തേ തൂ ന യഥാര്‍ത്ഥം ഫലം ഭവേത്”

ആരുടെ മനസ്സാണോ ഏറ്റവും പരിശുദ്ധമായിരിക്കുന്നത് ആ വ്യക്തിക്ക് ഉത്തമഫലസിദ്ധി അനുഭവപ്പെടുന്നു. മനസ്സ് ദുഷ്ടവിചാരങ്ങള്‍ക്കടിമപ്പെട്ടാല്‍ ജീവിതത്തില്‍ ഉദ്ദിഷ്ടഫലപ്രാപ്തി തീര്‍ത്തും അപ്രാപ്യമാണ് എന്ന്ശ്ലോകത്തിന്‍റെ സാരം.

ഈ മനോവിശുദ്ധി എങ്ങിനെ നേടാം എന്നത് നാം ഓരോരുത്തരും നന്നായി അറിഞ്ഞിരിക്കണം. “മന്‍ ചംഗാ തൊ കടൗതിമേ ഗംഗാ” എന്ന് ഒരാപ്തവചനമുണ്ട്. നമ്മുടെ മനസ്സ് പരിശുദ്ധമാണെങ്കില്‍ ചെരിപ്പുകുത്തുന്ന ആള്‍ നൂല്‍ നനക്കാന്‍വേണ്ടി ചിരട്ടയില്‍ വെച്ചിരിക്കുന്ന ജലത്തിലും ഗംഗയുടെ പവിത്രത കാണാം എന്നാണ് ഈ പഴമൊഴിയ്ക്കര്‍ത്ഥം. യാഗാദികര്‍മ്മങ്ങള്‍ ചെയ്ത് മനോവിശുദ്ധിനേടാം എന്ന ധാരണയും ശരിയല്ല എന്ന് അനുഗീതാകാരന്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:-

‘ജ്യോതിഷ്ടോമാദികാന്‍ യജ്ഞാന്‍ദേവതാരാധനാദികം
സനാതനോ ധര്‍മ്മ ഇതി വദന്ത്യജ്ഞാനമോഹിതാഃ’
അജ്ഞന്മാരാണ് യാഗാദി കര്‍മ്മങ്ങള്‍,ദേവതാരാധനം എന്നിവ സനാതനകര്‍മ്മങ്ങളാണെന്ന് പറയുന്നത് എന്നത്രേ ഈ അനുഗീതാശ്ലോകത്തിന് അര്‍ത്ഥം.

പാപം, ചഞ്ചലത, അജ്ഞാനം എന്നിപ്രകാരം മൂന്നുദോഷങ്ങള്‍ മനസ്സിനുണ്ട്. ഈ ത്രിദോഷത്തെ അകറ്റി പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാം ആരംഭിക്കുമ്പോള്‍ നമ്മുടെ മനസ്സിന് പരിശുദ്ധിനേടാനാകുന്നു. മനസ്സിനെ പാപനിര്‍മുക്തമാക്കാന്‍ പ്രതിഫലാപേക്ഷകൂടാതെ പരോപകാരമെന്ന മഹാപുണ്യത്തിലേക്ക് നാം തിരിച്ചുവിടേണ്ടതുണ്ട്.

പുണ്യകര്‍മ്മാനുഷ്ഠാനം നാനാജാതിമതസ്ഥര്‍ക്കും സമ്മതമാണ് എന്ന വസ്തുതകൂടി നമുക്കിവിടെ ഓര്‍ക്കാം.

“ശ്ലോകാര്‍ദ്ധേന പ്രവക്ഷ്യാമി യമുക്തം ശാസ്ത്രകോടിഭിഃ
പരോപകാരഃ പുണ്യായ പാപായ പരപീഡനം”

എന്നൊരു മഹാമന്ത്രം മാനുഷ്യകത്തിന്‍റെ ഉദ്ഗതിക്കായി വേദവ്യാസമഹര്‍ഷി ഓതിത്തന്നിട്ടുണ്ട്.
അനന്തകോടിശാസ്ത്രങ്ങള്‍ക്കകത്ത് പറഞ്ഞിരിക്കുന്ന പരമതത്വത്തെ ഞാന്‍ കേവലം രണ്ടുവരികളില്‍ സംക്ഷേപിക്കാം – പരദ്രോഹം പാപത്തിനു പരോപകാരം പുണ്യത്തിനു കാരണമാകുന്നു എന്നാണ് വ്യാസമഹര്‍ഷിയുടെ മന്ത്രത്തിനര്‍ത്ഥം. അധര്‍മ്മത്തിലേക്ക് മനസ്സിനെ ബലാത്കാരേണ വലിച്ചുകൊണ്ടുപോവുന്ന ശക്തികള്‍ക്ക് തടയിട്ട്, അജ്ഞാനമറകളെ നീക്കി, മനസ്സിനെ ആത്മാവിനോട് അത്യന്തം അണച്ചുവെയ്ക്കാന്‍ വിശേഷബുദ്ധിയോടുകൂടിയ മനുഷ്യസമൂഹത്തിന് സാധിക്കേണ്ടതുണ്ട്.

മഹത്തും ബൃഹത്തും ഭാരവത്തുമായ തന്‍റെ ഇതിഹാസത്തില്‍ വേദവ്യാസമുനി പറഞ്ഞു:-

“ആത്മാനദീ സംയമതോയപൂര്‍ണ്ണാ
സത്യപ്രദാഃ ശീലതടാഃ ദയോര്‍മ്മീഃ
തത്രാവഗാഹം കുരു പാണ്ഡുപുത്ര !
ന ഹ്യന്യഥാ ശുദ്ധ്യതി ചാന്തരാത്മാ”

മനോനിരോധനമാകുന്ന ജലം കൊണ്ട് ആത്മാവാകുന്ന നദി നിറയണം, സത്യമാകുന്ന കയറും, സൗശീല്യമാകുന്ന തീരവും, കരുണയാകുന്ന തിരമാലയും അതിലുണ്ടാവണം.ഹേ ധര്‍മ്മപുത്രാ! നീ ഈ നദിയില്‍ സ്നാനം ചെയ്യൂ. മനഃശുദ്ധിയ്ക്ക് ഏകമാര്‍ഗ്ഗം ഇതുമാത്രമാണ്.

നമുക്ക് നമ്മുടെ നന്മയ്ക്കായി ഈ നദിയില്‍ ജ്ഞാനസ്നാനം ചെയ്യാം; ജീവിതത്തിന്‍റെ രാജപാതയില്‍ക്കൂടി സഞ്ചരിക്കാം; ഈ ഭൂമുഖത്തെ അരനാഴികനേരം സമാധാനപൂര്‍ണ്ണമാക്കാം, ആനന്ദഭരിതമാക്കാം, പരോപകാരപ്രദമാക്കാം; സ്വസ്തി! സ്വസ്തി! സ്വസ്തി!

ഡോ. കെ. എച്ച്. സൂബ്രഹ്മണ്യന്‍
മുന്‍ രജിസ്ട്രാര്‍
കണ്ണൂര്‍ യൂണിവേഴ്സിറ്റി