ഇന്ത്യയുടെ തെക്കു-പടിഞ്ഞാറെയറ്റത്ത് അറബിക്കടലിനും പശ്ചിമഘട്ടമലനിരകള്‍ക്കുമിടയിലായി സ്ഥിതിചെയ്യുന്ന പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ നാടാണ് നമ്മുടെ കേരളം. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിക്കുന്ന ഈ കൊച്ചു കേരളം കേരവൃക്ഷങ്ങളുടെ കൂടി നാടാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്നൊരു ഐതിഹ്യവുമുണ്ട്. കടലിനും മലകള്‍ക്കുമിടയിലായി ഒരുതുരുത്ത് പോലെ സ്ഥിതിചെയ്യുന്ന നമ്മുടെ കേരളം കുന്നുകളാലും, മലകളാലും, വയലുകളാലും, പുഴകളാലും സമ്പന്നമാണ്. വലുതും ചെറുതുമായി 44 ഓളം നദികള്‍ കേരളത്തിലൂടെ ഒഴുകുന്നുണ്ട്. കേരളത്തിന്‍റെ വടക്ക് നിന്നും തെക്കോട്ട് യാത്ര ചെയ്താല്‍ ഓരോ 15 കി.മീറ്ററിനുള്ളിലും നാമൊരു പുഴ കടന്നിട്ടുണ്ടാകും. ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളില്‍നിന്ന് താഴേക്ക് സമുദ്രത്തിലേക്കോ തടാകത്തിലേക്കോ നിലക്കാതെ പ്രവഹിക്കുന്ന നീരൊഴുക്കിനെയാണ് നദികള്‍ എന്നുവിളിക്കുന്നത്.
നദികളും മറ്റു ജീവവസ്തുക്കളെ പോലെതന്നെ ജനിക്കുകയും, വളരുകയും, ബാല്യവും, കൗമാരവും, യുവത്വവും, വാര്‍ധക്യവുമൊക്കെ പിന്നിട്ട് വയസ്സായി മരിക്കുകയും ചെയ്യും. ഇത് വളരെനീണ്ട കാലത്തിലൂടെയാണെന്നുമാത്രം. ഒരുനദി അത് ഉത്ഭവിക്കുന്ന പ്രദേശത്തു നിന്നും സഞ്ചരിക്കുന്ന വഴികളിലൂടെയും മണ്ണ് ഒഴുക്കി മാറ്റുന്നതും മണലൂറ്റുന്നതും കാരണം അതിന്‍റെ നീരൊഴുക്കിന്‍റെ ഊര്‍ജ്ജം കുറയുകയും ഒഴുക്കിന്‍റെ പ്രസരിപ്പ് നഷ്ടപ്പെട്ട് വാര്‍ധക്യത്തിന്‍റെ ശാന്തതയോട് അടുക്കുകയും ചെയ്യുന്നു. ഭൂമിയുടെ കിടപ്പ്, കാലാവസ്ഥ, നൈസര്‍ഗിക ആവാസവ്യവസ്ഥകള്‍ എന്നിവയാണ് ഓരോ നദിയുടെയും രൂപത്തേയും, സ്വഭാവത്തെയും, ആയുസ്സിനേയും സ്വാധീനിക്കുന്നത്. മനുഷ്യന്‍റെ ഇടപെടല്‍മൂലം കേരളത്തിന്‍റെ സംസ്കാരത്തിന്‍റെ അടയാളപ്പെടുത്തലായ, മലയാളിയുടെ പ്രിയപ്പെട്ട നദിയായ നിള ഇന്ന് അതിവേഗത്തില്‍ മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ജീവന്‍റെ അവസാനശ്വാസവും വലിച്ചുകൊണ്ടിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലുള്ള കുടുംബത്തോടൊപ്പം ചേരുന്നതിനായി രണ്ടാഴ്ചയിലൊരിക്കലെങ്കിലും തെക്കോട്ട് യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് നിള എപ്പോഴും മനസ്സിന്‍റെആഴങ്ങളില്‍ വിങ്ങലുണ്ടാക്കുന്ന, വേദനയുളവാക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്. ഇടയ്ക്കിടെയുള്ള ട്രെയിന്‍ യാത്രയില്‍ ഓരോതവണ ഷൊര്‍ണ്ണൂര്‍പാലത്തിലൂടെ നിളാനദിയെ മുറിച്ചു കടക്കുമ്പോഴും ഭൂതകാലത്തെ പ്രതാപശാലിനിയായ, സ്വച്ഛന്ദമായി കരകവിഞ്ഞൊഴുക്കുന്ന സുന്ദരിയായ നിളയെയാണ് ഓര്‍മ്മവരിക. 1980കളുടെ മധ്യത്തിലാണ് കേരളത്തിലെ ഏറ്റവുംനീളംകൂടിയ നദിയെന്ന് ഞങ്ങള്‍പരിചയപ്പെട്ട നിളയെന്ന ഭരതപ്പുഴയെ അടുത്തു കാണാനും അറിയാനും പഠിക്കാനും സാധിച്ചത്. അന്ന് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന്നല്‍കിയ ഗുരുഭൂതര്‍ മനസ്സില്‍ മായാതെവരച്ച നിളാനദിയുടെ വര്‍ണചിത്രം ഓര്‍മ്മച്ചെപ്പില്‍ നിന്നും പൊടിതട്ടിയെടുക്കുകയായിരുന്നു.
പേരാര്‍ എന്നായിരുന്നു പണ്ട്കാലത്ത് ഈ നദി അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി, എന്നിവയെല്ലാം പില്‍ക്കാലത്തെ ആര്യസംസ്കാരത്തിന്‍റെ സംഭാവനകളാണ്. പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നും ഉല്‍ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന നിളാ നദി പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി ഒഴുകി ഇരുന്നൂറിലധികം കി.മീ ദൂരം താണ്ടി അറബിക്കടലില്‍ പതിക്കുന്നു. വെറും ഒരു നദി എന്നതിലുപരി നിള കേരളത്തിന്‍റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാളിയുടെ മനസിലും, ശരീരത്തിലും, ജീവിതത്തിലുടനീളവും, എന്തിനേറെപറയുന്നു മലയാള സാഹിത്യത്തിലും ഈനദിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
കേരളത്തിന്‍റെ സംസ്കാരത്തിനും പൈതൃകത്തിനും ഏറ്റവും അധികം സംഭാവന നല്‍കുന്ന നദി. മലയാളത്തിന്‍റെ പ്രിയങ്കരനായ കവി വള്ളത്തോള്‍നാരായണമേനോന്‍ നിളയെ സ്തുതിക്കുന്നത് ഇപ്രകാരമാണ്.
ആരംഗം സര്‍വ്വമാച്ഛാദിതമഹഹ ചിരാത്
കാലമാം ജാലവിദ്യക്കാരന്‍
തന്‍ പിംഛികോച്ചാലനമുലകിന്‍
വരുത്തില്ല എന്തെന്തു മാറ്റം
നേരമ്പോക്കെത്രകണ്ടൂ ഭവതി ഇഹ പദം
തോറും എന്തൊക്കെ മേലില്‍
സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി
നിത്യം നമസ്തെ
മലയാളത്തിന്‍റെ കലയും, സാഹിത്യവും, സംസ്കാരവും തുടങ്ങിയ പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്‍റെ സംഭാവനകളാണ്. കേരളത്തിലെ പ്രകൃതിഭംഗിയാര്‍ന്ന ഈ പ്രദേശം ഒരുകാലത്ത് മുഴുവന്‍ ആളുകളേയും ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. നിളയുടെ തീരത്ത് നടക്കുന്ന മാമാങ്കം ചരിത്രപ്രശസ്തമാണ്. കേരളത്തിന്‍റെ സാഹിത്യലോകത്തെ സംഭാവനകളായ കുഞ്ചന്‍നമ്പ്യാര്‍, തുഞ്ചത്ത്എഴുത്തച്ഛന്‍,വള്ളത്തോള്‍നാരായണമേനോന്‍, എം.ടി.വാസുദേവന്‍നായര്‍, വി.കെ.എന്‍ തുടങ്ങിയവര്‍ ഈ മണ്ണില്‍ പിറവികൊണ്ടവരാണ്. കേരളത്തിലെ രംഗ-നാട്യകലകളുടെ കേദാരമായ കേരളകലാമണ്ഡലം നിളയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് പഴമൊഴി. പുഴയുടെ തീരത്തുള്ള തിരുവില്വാമലയിലെ ഐവര്‍മഠം ഹിന്ദുക്കളുടെ വിശുദ്ധമായ ശ്മശാനമാണ്. കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് മക്കള്‍ പിതൃതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനമാണ് നിളാതീരം.
എന്നാല്‍ മനുഷ്യന്‍റെ പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം ഇന്ന് നിളയെ മൃതപ്രായയാക്കിയിരിക്കുന്നു. നിള മരണശയ്യയിലാണ്. ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിയില്‍ ഓക്സിജന്‍ ട്യൂബിലുടെ ശ്വാസം കഴിക്കുന്നുവെന്നു മാത്രം. കരചരണങ്ങളറ്റ് അവശയായി കിടക്കുന്ന ‘കരുണയിലെ വാസവദത്തയുടെ’ സ്ഥിതി. ഒരു കാലത്ത് നിളാ നദി കേരളത്തിലെ ഗംഗയായിരുന്നു. മഴക്കാലത്ത് ഇരുകരകളെയും തഴുകി കുളിര്‍പ്പിച്ച് കരകവിഞ്ഞൊഴുകി നീങ്ങിയിരുന്ന കേരളഗംഗ ഇന്ന് ഇല്ലാതായി വരുന്നു. പുഴയിലെ മണല്‍ മുഴുവന്‍ വാരിക്കൊണ്ടു പോയി മാഫിയക്കാര്‍ കീശ വീര്‍പ്പിച്ചു. ഒഴുകി വന്ന വഴികളിലുണ്ടായിരുന്ന കാടു മുഴുവന്‍ വെട്ടി വെളുപ്പിച്ചു. 12ലേറെ തടയണകള്‍ നിര്‍മ്മിച്ച് ഒഴുക്ക് തടസ്സപ്പെടുത്തി. അങ്ങനെ ഭാരതപ്പുഴ എന്ന നിള മരിക്കാന്‍ കിടക്കുകയാണ്. ആരാലും സംരക്ഷിക്കപ്പെടാതെ…
ഇനി നമുക്ക് കാത്തിരിക്കാം.. അന്ത്യോപചാര കര്‍മ്മങ്ങള്‍ക്ക് വേണ്ടി… നിളയുടെ ശാപമോക്ഷത്തിന് വേണ്ടി ഉപഗുപ്തന്‍ വരുമോയെന്നും നോക്കിയിരിക്കാം…..
രാധാകൃഷ്ണന്‍ മാണിക്കോത്ത്
മയ്യില്‍