കല ജീവിതം തന്നെ എന്ന് ലീയോ ടോള്‍സ്റ്റോയി പ്രസ്താവിച്ചിട്ടുണ്ട്.
ജീവിതത്തിന്‍റെ സമസ്തഭാവങ്ങളേയും ഉള്‍ക്കൊള്ളുവാന്‍ കലകള്‍ക്കു കഴിയും. വികാരവിമലീകരണത്തിലൂടെ മനുഷ്യമനസ്സുകളില്‍ നന്മയുടെ തെളിമ നേടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അരിസ്റ്റോട്ടിലിന്‍റെ കാലം മുതല്‍ക്കു തന്നെ നിലനിന്നിരുന്നു. വ്യക്തിയുടെ ശാ രീരികവും മാനസികവുമായ ആരോഗ്യത്തിന് തുല്യപരിഗണന ഉണ്ടായിരിക്കേ ശാരീരിക ആരോഗ്യം വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുമാത്രം പ്രാമുഖ്യം ലഭിക്കുക എന്നത് അനുചിതമാണ്. നമ്മുടെ പൊതുവായ വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ മാനസികാരോഗ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ താരതമ്യേന ലഘുതരമാണെന്നുള്ളതാണ് വാസ്തവം.
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ചിത്രം, നൃത്തം, സംഗീതം, അഭിനയം തുടങ്ങിയ വിവിധങ്ങളായ കലകളോട് പൊതുവെ അതിയായ താല്പര്യമുള്ളവരാണ് കുട്ടികള്‍. ശൈശവകാലത്തുതന്നെ അമ്മമാര്‍ പാടിക്കൊടുക്കുന്ന താരാട്ടുപാട്ടുകള്‍ കുട്ടികള്‍ ആസ്വദിക്കാന്‍ തുടങ്ങും. അതിനോടൊപ്പം തന്നെ താളംപിടിക്കാനും തുടങ്ങും. ഇത് ഓരോ ശിശുവിലും അന്തര്‍ലീനമായിരിക്കുന്ന സംഗീതബോധത്തിന്‍റെ ബഹിര്‍സ്ഫുരണമാണ്. ആസ്വാദനബോധം ഓരോ കുട്ടിയിലും വ്യത്യസ്തമായി കാണപ്പെടുന്നു. ചിലര്‍ക്ക് കേള്‍ക്കാനാണ് താല്‍പര്യമെങ്കില്‍ മറ്റുചിലര്‍ക്ക് അതിനൊത്ത് താളം പിടിക്കുന്നതാണ് താല്‍പര്യം. മറ്റുചിലര്‍ക്കാവട്ടെ കേള്‍ക്കുന്ന പാട്ടുകള്‍ക്കൊത്ത് ചുവടുവെക്കാനായിരിക്കും ഇഷ്ടം. ഇത്തരം കലാവാസനകള്‍ ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രോത്സാഹനവും പരിശീലനവും നല്‍കേണ്ടതുണ്ട്. അത് കുഞ്ഞുങ്ങളില്‍ അല്‍ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും.
മനുഷ്യന്‍റെ തലച്ചോറിന് രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്. ഇടതും വലതും ഭാഗങ്ങള്‍ യുക്തിചിന്ത, അപഗ്രഥന പാടവം എന്നിവയെ സഹായിക്കുന്നത് തലച്ചോറിന്‍റെ ഇടത് ഭാഗമാണ് ശാസ്ത്രം, ഗണിതം, ഭാഷാശേഷി എന്നിവ കുട്ടികള്‍ സ്വായത്തമാക്കുന്നത് തലച്ചോറിന്‍റെ ഇടത് വശത്തിന്‍റെ പ്രവര്‍ത്തനം മൂലമാണ്.
കുട്ടികളുടെ ക്രിയാത്മകത, വൈകാരികത, സര്‍ഗാത്മകത തുടങ്ങിയവയാണ്. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദൈനംദിന പഠനപ്രവര്‍ത്തനങ്ങളില്‍ തലച്ചോറിന്‍റെ ഇടത് ഭാഗം മാത്രമാണ് ഏറിയ പങ്കും ഏര്‍പ്പെടുന്നത്. കലാ പഠനത്തിനും കലാപ്രകടനങ്ങളിലും ആസ്വാദനത്തിലും ഏര്‍പ്പെടുമ്പോള്‍ മാത്രമെ വലതുഭാഗം പ്രവര്‍ത്തനനിരതമാകുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്കൂള്‍ പാഠ്യപദ്ധതിയിലും കുടുംബാന്തരീക്ഷത്തിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുവെ ഉള്‍പ്പെടുന്നില്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇടതും വലതും ഭാഗങ്ങള്‍ ഒരുപോലെ പ്രവര്‍ത്തിക്കുമ്പോഴാണ് തലച്ചോറ് കാര്യക്ഷമമാകുന്നത്. കലകളുടെ പരിശീലനവും ആസ്വാദനവും വലതുഭാഗത്തെ ഉദ്ദീപിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി മസ്തിഷ്കത്തിന്‍റ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ അത് കൂടുതല്‍ ശക്തമാക്കുന്നു.
ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് അക്ഷരങ്ങളും ഗണിതവും പൊതുവിജ്ഞാനവും പകര്‍ന്നുനല്‍കുന്നതോടൊപ്പം കലകള്‍ പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരം നല്‍കണം. സംഗീതപഠനം കുട്ടികളുടെ മനസ്സിനെ ഉണര്‍ത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യും. നൃത്തം ശാരീരികചലനങ്ങളുടെ വികാസത്തെ ത്വരിതപ്പെടുത്തുന്നതോടൊപ്പം മാനസീകമായ ഏകാഗ്രത വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്നു. അഭിനയ പരിശീലനത്തിലൂടെ കുട്ടികള്‍ വ്യത്യസ്ത വികാരങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തരാക്കുകയും പ്രശ്ന പരിഹാരശേഷി പോലെയുള്ള കഴിവുകള്‍ നേടിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും. കലകള്‍ ചിട്ടയായി അഭ്യസിക്കുന്നതും അത് വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇതിലൂടെ കുട്ടികള്‍ക്ക് മുതിര്‍ന്നവരോടും മറ്റു കൂട്ടികളോടും സ്വതന്ത്രമായും ധീരമായും ഇടപെടുന്നതിനുള്ള അവസരങ്ങളും ലഭിക്കുന്നു.
കലാ പഠനത്തിലൂടെ കുട്ടികള്‍ പല ശേഷികളും ആര്‍ജിക്കുന്നു. തല്‍ഫലമായി കുട്ടികളുടെ മനോഘടന കൂടുതല്‍ മെച്ചപ്പെടുന്നു. അവരുടെ പഠനം കൂടുതല്‍ രസകരമാക്കുന്നതിന് കലാ പരിശീലനത്തിലൂടെ സാധിക്കുന്നു. കുട്ടികളില്‍ വിമര്‍ശനാത്മക ചിന്തയും പ്രതികരണ ശേഷിയും സാമൂഹ്യബോധവും വളര്‍ത്തുന്നതിന് കലാപഠനം സഹായിക്കുന്നു.
കലകളുടെ പൊതുവായ സവിശേഷതകളില്‍ മുഖ്യസ്ഥാനം അവയുടെ താളാത്മകതയ്ക്കാണ്. സൂര്യചന്ദ്രാദി ഗോളങ്ങളും നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന ഈ പ്രപഞ്ചമാകെ നിയതമായ താളത്തില്‍ വര്‍ത്തിച്ചു്കൊണ്ടിരിക്കുന്നു. ഋതുഭേദങ്ങളുടെ താളക്രമം മനുഷ്യ ജീവിതത്തെയും ശക്തമായി സ്വാധീനിക്കുന്നു. ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ഉപാപചയം, തുടങ്ങിയ നിരവധി താളവ്യവസ്ഥകളാല്‍ നിയന്ത്രിതമാണ് മനുഷ്യ ശരീരം. മനുഷ്യ മനസ്സിന്‍റെ താളം സുസ്ഥിരമാകുന്നത് ബാഹ്യവും ആന്തരീകവുമായ താളവ്യവസ്ഥകളുടെ ഏകോപനത്തിലൂടെ സംജാതമാകുന്ന സന്തുലിതാവസ്ഥയിലാണ്. അവിടെയാണ് ഏറ്റവും ഉയര്‍ന്ന മാനസികാരോഗ്യം കുടികൊള്ളുന്നത്. മനുഷ്യനെയും പ്രകൃതിയെയും ഒരുമിപ്പിക്കുന്ന മഹാ ശക്തിയാണ് കലകള്‍. അനാരോഗ്യകരമായ കിടമത്സരങ്ങളിലേക്കും സ്പര്‍ധയിലേക്കും കൊണ്ടു ചെന്നെത്തിക്കുമെന്ന കലോത്സവ വേദികളിലെ കെട്ടുകാഴ്ചകള്‍ മാത്രമാകരുത് നമ്മുടെ കുട്ടികളുടെ കലാനുഭവങ്ങള്‍.
സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും പരിസ്ഥിതിബോധത്തിന്‍റെയും സദ്ഗുണങ്ങളാല്‍ ശോഭിക്കുന്ന സുമനസ്സുകളായ ഉത്തമ പൗരന്മാരായി വളര്‍ന്നുവരുന്നതിനുള്ള സിദ്ധൗഷധമായി കലകളെ തിരിച്ചറിയേണ്ടതുണ്ട്.
-ഡോ. ഉണ്ണികൃഷ്ണന്‍
പയ്യാവൂര്‍