ലോകം ഉറ്റുനോക്കുന്നത് ദൈവീക ചികിത്സയെ

Interview-with-Arya-Vaidya-Pharmacy-Coimbatore-Krishnakumar

അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്ന പാരമ്പര്യ ഭാരതീയ ചികിത്സാശാസ്ത്രമായ ആയുർവേദത്തിന്റെ രോഗശമനമെന്ന മഹത്വത്തെ, അറിവിനെ ലോകാരോഗ്യ സംഘടനക്കുമുന്നില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിനല്‍കുകയും, ആയുര്‍വ്വേദത്തെ ആഗോളതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനും, അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലറുമായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍.

Padmasri P.R. Krishnakumar Arya Vaidya Pharmacy Coimbatoreവിവിധ കാലയളവുകളിലായി ആയുര്‍വ്വേദത്തിന്‍റെ പ്രചരണം ലക്ഷ്യമാക്കി അന്‍പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സെമിനാറുകള്‍ അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്രാനന്തര ഭാരതത്തില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നിരവധിആയുര്‍വ്വേദഭിഷഗ്വരരെ വാര്‍ത്തെടുക്കുവാനും കഴിഞ്ഞു. ആയുർവേദത്തിന്റെ വളര്‍ച്ചാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കഴിഞ്ഞ വര്‍ഷത്തെ ആയുഷ് മന്ത്രാലയത്തിന്‍റെ പ്രഥമ ധന്വന്തരീ പുരസ്കാരത്തിന് അര്‍ഹനായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍ വായനക്കാരുമായി ആശയങ്ങള്‍ പങ്കുവെയ്ക്കുന്നു.

എഡിറ്റോറിയല്‍ കോഡിനേറ്റര്‍ അനീഷ് കുട്ടന്‍റെ എഴുത്തിലൂടെ.

ആയുര്‍വ്വേദത്തിന്‍റെ ആഗോള അംഗീകാരം. ഈ ആശയത്തിനു പിന്നാലെ വര്‍ഷങ്ങളോളം സഞ്ചരിക്കാന്‍ പ്രേരകം?

ആയുര്‍വേദ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കണ്ടും, അനുഭവിച്ചുമാണ് വളര്‍ന്നത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ആയുര്‍വേദം പഠിക്കാനായി ആഗ്രഹമുണ്ടെന്ന് പിതാവിനോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ കൂടെയിരുന്ന് വൈദ്യം പഠിക്കാനായിരുന്നു താല്‍പ്പര്യം. പക്ഷെ അക്കാദമിക്ക് വിദ്യാഭ്യാസ യോഗ്യത നേടാനായി കോളേജില്‍ എത്തിപ്പെടുകയാണ്. പഠനക്കാലയളവില്‍ വിവിധ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ശ്രദ്ധിക്കാനിടയായി. ആയുര്‍വേദത്തിന്‍റെ മഹത്വം, ആധുനിക വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്. അലോപ്പതി അടക്കമുള്ള വൈദ്യശാസ്ത്ര ശാഖയുടെപോരായ്മകള്‍, പരിമിതികള്‍ എന്നിവയും ഉദാഹരണ സഹിതം മനസ്സിലാക്കുകയാണ്. എന്നാല്‍ പഠിക്കുന്ന ഭാരതത്തിന്‍റെ ചികിത്സാ വിധിയായ ആയുര്‍വേദത്തിന്‍റെ അവസ്ഥ പരിതാപകരം. ഐ.സി.യു വില്‍ ജീവശ്വാസവുമായി കഴിയുകയാണ്. മോഡേണ്‍ മെഡിസിന്‍ കൊടിപറപ്പിച്ച് നടക്കുന്ന കാലവും. ആയിടക്കാണ് ആധുനിക വൈദ്യശാസ്ത്രത്തിലെ തട്ടിപ്പുകള്‍ എന്നപേരിലുള്ള ഇംഗ്ലീഷ് പുസ്തകം വായിക്കാനിടയായത്. ഈ ശാസ്ത്രശാഖയില്‍ സംഭവിക്കുന്ന പല പരാജയങ്ങളും, തെറ്റുകളും, ഉദാഹരണ സഹിതം പ്രതിപാദിച്ചിരുന്ന പുസ്തകം. ഒരു മരുന്നിന്‍റെ കണ്ടുപിടുത്തം നടത്തിയതിനുശേഷം കുറച്ചുകാലം കഴിഞ്ഞ് ഈ മരുന്ന് വിപണിയില്‍ നിന്നും പിന്‍വലിക്കുകയാണ്. ഉല്‍പ്പാദകര്‍ തന്നെ തെറ്റുകള്‍ കണ്ടെത്തി തിരുത്തിയതാണ്. ഇനിമുതല്‍ ഈ മരുന്ന് സംയുക്തം ഉപയോഗിക്കരുത് എന്നും പ്രസ്താവന ഇറക്കുന്നു. അപ്പോഴേക്കും നിരവധിപേര്‍ മരുന്ന് ഉപയോഗിച്ചിരിക്കും.

എന്നാല്‍ ആയുര്‍വേദ ചികിത്സക്കോ, മരുന്നുകള്‍ക്കോ തുടങ്ങിയ കാലം മുതല്‍ ഒരു മാറ്റവുമില്ല. അവഗണിക്കപ്പെട്ട് കിടക്കുകയാണ്. അന്ന് ഞാനടങ്ങുന്ന തലമുറയിലെ അംഗങ്ങള്‍ ആയുര്‍വേദ പഠനത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. വൈദ്യകുടുംബത്തിലെ അംഗമായാല്‍ കൂടി പഠനത്തിനായി വരുന്നില്ല. ഇതും മാറ്റിയെടുക്കണം. എന്തുകൊണ്ട് ഈ അത്ഭുത ശാസ്ത്രത്തെ മാനവ സൗഖ്യത്തിനായി മുഖ്യ ധാരയിലേക്ക് കൊണ്ടുവന്നു കൂടാ എന്നായി ചിന്ത. കൂടാതെ പുതിയ തലമുറയെ അടക്കം ആയുര്‍വേദത്തിലേക്ക് ആകര്‍ഷിക്കണം. മാര്‍ഗ്ഗം ആയുര്‍വേദശാസ്ത്രത്തിന്‍റെ മഹത്വം പുറംലോകത്തെ അറിയിക്കുകയാണ്. ഗവേഷണവും, വൈദ്യപാരമ്പര്യവുമാണ് കൈമുതലായുള്ളത്. ഭാരതത്തിന്‍റെയും അടിസ്ഥാനവും ഇതുതന്നെയാണല്ലോ.

പകരം അന്ന് വ്യക്തിപരമായിട്ടാണ് ചിന്തിച്ചിരുന്നുവെങ്കില്‍ എന്‍റെ കാര്യം സുരക്ഷിതമാണ്. വൈദ്യം പഠിച്ച് ബിരുദം നേടി അച്ഛന്‍റെ കൂടെ പ്രാക്ടീസ് നടത്താം. ഈ ശാസ്ത്ര ശാഖയെ അഗാധമായി മനസ്സിലാക്കാം. ഭാവി സുരക്ഷിതം. എന്നാല്‍ അച്ഛന്‍റെ അടുത്ത് ചികിത്സതേടി വരുന്ന രോഗികള്‍ പുതിയവരല്ല. അവര്‍ മറ്റെല്ലാ ചികിത്സാവിധികളും പരാജയപ്പെട്ട് മരണത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നവരാണ്. ഇനി ആയുര്‍വേദം കൂടെ പരീക്ഷിക്കാം എന്ന മനസ്ഥിതിയുള്ളവര്‍. ഇവരില്‍ പലരും അത്ഭുകരമായി രക്ഷപ്പെടുന്നു. അവര്‍ ഇടക്കിടെ വന്ന് അച്ഛനോട് നന്ദി പറയുന്നു. ഇതെല്ലാം അത്ഭുതത്തോടെ കാണുന്നതും ആയുര്‍വേദം അടുത്തറിയാനിടയായി. ലോക ആരോഗ്യ സുരക്ഷയെന്ന ലക്ഷ്യത്തിലേക്കായി ആയുര്‍വേദത്തെ പ്രചരിപ്പിക്കാന്‍പ്രേരിപ്പിക്കുകയാണ്.

കോളേജ് പഠനത്തിനിടയില്‍ വീട്ടിലെത്തിയപ്പോള്‍ അനുഭവിച്ച ഈ സംഭവവും കണ്ണു തുറപ്പിക്കുകയാണ്. കുറച്ചു പേര്‍ ചേര്‍ന്ന് ഒരു രോഗിയെ ലോറിയില്‍ കിടത്തി അച്ഛന്‍റെ സമീപം കൊണ്ടുവരികയാണ്. ബൈക്ക് ഓടിച്ച്പോകവെ യാത്രക്കിടയില്‍ പെട്ടെന്ന് പക്ഷാഘാതം സംഭവിച്ച് വഴിയില്‍ കിടക്കുകയായിരുന്നു. ഇതു കണ്ട ലോറിക്കാര്‍ എടുത്തു കൊണ്ടു വന്നതാണ്. പരിശോധിച്ചപ്പോള്‍ 104 ഡിഗ്രി പനിയുണ്ട്. അച്ഛന്‍ കൂടെയുള്ള ചിലരെ വിളിച്ച് ചികിത്സാവിധികള്‍ നിര്‍ദ്ദേശിച്ചു. ഇത്രയും പനിയുള്ള വ്യക്തിയെ ചികിത്സിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. അലോപ്പതി ചികിത്സക്ക് ശേഷമാകാം ആയുര്‍വേദ ചികിത്സ എന്നായി മറുപടി. ഇയാള്‍ അസുഖവുമായി ആദ്യം വന്നെത്തുന്നത് ആയുര്‍വേദത്തിലാണ്. പുതിയ ഒരു രോഗിയെ ചികിത്സിക്കാന്‍ ലഭിച്ച അവസരം. ഏഴു ദിവസത്തിനുള്ളില്‍ ഇയാളെ ആയുര്‍വേദ ചികിത്സയാല്‍ അസുഖം മാറ്റാം. ആത്മവിശ്വാസത്തോടെയുള്ള ഈ മറുപടി ഒരു വെല്ലുവിളിയായി അദ്ദേഹം സ്വീകരിച്ചിരിക്കണം. എനിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഉച്ചക്ക് 2. 30 ാണ് സമയം. അപ്പോള്‍ത്തന്നെ ചികിത്സ തുടങ്ങി. രോഗി ഏഴാം ദിവസം ബൈക്ക് ഓടിച്ചു കൊണ്ടാണ് വൈദ്യശാലയില്‍ നിന്ന് പുറത്തേക്ക്പോയത്. ഇത്തരം ധാരാളം അനുഭവങ്ങള്‍. ഇവയില്‍ നിന്നാണ് ആയുര്‍വേദത്തെലോകത്തെങ്ങും പ്രചരിപ്പിക്കാനും ലോകനന്മക്കായി മുഖ്യ ചികിത്സാധാരയില്‍ എത്തിക്കാനുമുള്ള ആശയത്തിന് പിന്നില്‍.

വിദേശങ്ങളില്‍ ആയുര്‍വേദം

അനുദിനം പ്രചാരമേറുകയാണ്. കഴിഞ്ഞമാസം ദുബൈയില്‍ ആയുര്‍വേദ സെമിനാര്‍ നടന്നു. സിംഗപ്പൂര്‍, ജര്‍മ്മനി, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വരും മാസങ്ങളില്‍ സെമിനാറുണ്ട്. സൗത്ത് അമേരിക്ക ഇടക്കിടെ സെമിനാറുകള്‍ നടത്തി ആയുര്‍വേദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഇവിടെ നിന്നെല്ലാം അലോപ്പതിഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, അടക്കമുള്ള അഭ്യസ്തവിദ്യര്‍ ആയുര്‍വേദം പഠിക്കാനായി ഭാരതത്തിലേക്ക് വരുന്നു. അതിനാല്‍ ഭാവി ആയുര്‍വേദത്തിന്‍റെതാണ്. ലോകം പ്രതീക്ഷയോടെ ഈ ദൈവീക ചികിത്സാ രീതിയെ ഉറ്റുനോക്കുകയാണ്.

വിദേശികളുടെ ആവശ്യം

ഉയര്‍ന്ന പ്രതീക്ഷയോടെയാണ് വിദേശികള്‍ ആയുര്‍വേദത്തെ സമീപിക്കുന്നത്. സംസ്കൃതം, ജ്യോതിഷം, ആത്മീയത എന്നിവയിലെല്ലാം താല്‍പ്പര്യവുമുണ്ട്. ഒരിക്കല്‍ സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നും വന്നെത്തിയ അലോപ്പതിഡോക്ടര്‍മാരോട് നമ്മുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് സംസാരിക്കാനിടയായി. ധാര്‍മ്മീകത എന്ന വിഷയത്തിലൂന്നിയാണ് സംഭാഷണം. ഒരു വനിതാഡോക്ടര്‍ ഗർഭഛിദ്രം നടത്തുന്നത് ശരിയോ തെറ്റോ എന്ന് സംശയം ഉന്നയിക്കുകയാണ്. “അമ്മയേയോ, കുട്ടിയുടേയോ ആരോഗ്യ സംരക്ഷണത്തിനായി മാത്രം ഗർഭഛിദ്രം അനുവദിക്കാം. അല്ലാതെയിത് തെറ്റാണ്” – ഞാനീ വാക്കുകളെ സാധൂകരിക്കുന്ന ഉദാഹരണങ്ങളും പറഞ്ഞു. ഇതുകേട്ട് ഒരു നിമിഷംപോലും ആലോചിക്കാതെ വനിതാ ഡോക്ടര്‍ പറയുകയാണ്. “ഇന്നുമുതല്‍ അധാര്‍മ്മിക കര്‍മ്മങ്ങള്‍ക്ക് എന്‍റെ അറിവ് ഉപയോഗിക്കില്ല.” ഇത്തരം വസ്തുതകള്‍ ഒരു വിദേശിയെ മനസ്സിലാക്കിപ്പിക്കാന്‍ നിമിഷങ്ങള്‍ മതി. അവരില്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മാനസിക മാറ്റങ്ങള്‍ വരുത്താന്‍ നമുക്കാവുന്നു. വിഷമത്തോടെ വിസയുടെ കാലവധി തീര്‍ന്നവര്‍ വരും വര്‍ഷങ്ങളില്‍ ചികിത്സക്കായും, പഠനത്തിനായും വീണ്ടും വീണ്ടും ഭാരതത്തിലേക്ക് വരുന്നു. നാമവരെ കാണുന്നതോ കേവലം മസാജ് മാത്രമാണ് അവര്‍ക്കാവശ്യം എന്നാണ്.

നിലവിലെ സാഹചര്യം

സാമൂഹിക ആരോഗ്യരംഗത്ത് ഇടപെട്ട് സജീവ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍ക്കാവുന്നില്ല. ഉദാഹരണമായി ഇടക്കാലത്ത് പടര്‍ന്നു പിടിച്ച വിവിധ തരം പനികള്‍. അവ പൂര്‍ണമായി ചികിത്സിച്ചു മാറ്റാം, മരുന്നുകള്‍ ഉണ്ട് എന്ന് അവകാശവുമായി ചിലര്‍ രംഗത്ത് വന്നെങ്കിലും ഏതു മരുന്ന് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പലര്‍ക്കും പ്രചാരം നല്‍കാന്‍ കഴിയുന്നില്ല
പ്രതിവര്‍ഷം ഇരുപത്തി അയ്യായിരത്തോളം ആയുര്‍വേദ ബിരുദധാരികള്‍ കോളേജില്‍ നിന്നും പുറത്തിറങ്ങുന്നു. ഇവരില്‍ ആര്‍ക്കൊക്കെയാണ് വിദേശത്തടക്കംപോയി ചികിത്സ നടത്താന്‍ ധൈര്യമുള്ളത്. ഈചോദ്യം മിക്ക ആയുര്‍വേദ പഠന വിദ്യാര്‍ത്ഥികളോടുചോദിച്ചിട്ടുണ്ട്. ആര്‍ക്കും ഉത്തരമില്ല.

ഈയിടെ വായിച്ച വാര്‍ത്തയിലേക്ക് ശ്രദ്ധിക്കാം. വൈദ്യ പഠനം കഴിഞ്ഞ് എവിടെ പ്രവര്‍ത്തിക്കാം എന്ന ചോദ്യത്തിന് “ഞാന്‍ ഇറാന്‍, ഇറാക്ക് യുദ്ധമുന്നണിയില്‍ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കാം” എന്ന തന്‍റേടത്തോടെയുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയുടെ സമീപനം അഭിനന്ദാര്‍ഹവും, അനുകരണീയവുമാണ്. ഈയൊരു ആര്‍ജ്ജവമുള്ള മറുപടിയാണ് ഭിഷഗ്വരന്‍മാരില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത്. സമൂഹത്തില്‍ മാറ്റം വരുത്താനായി മുനിനട്ടിറങ്ങണം. സമീപനം മാറ്റണം. ഇതെക്കുറിച്ചു പറയുമ്പോള്‍ തിരിച്ച് നമുക്ക് രക്ഷപ്പെടണ്ടേ എന്നചോദ്യമാണ് നേരിടാറുള്ളത്. ഒരു മികച്ച ഭിഷഗ്വരനായാല്‍ രക്ഷപ്പെടാന്‍ യാതൊരു പ്രയാസവുമില്ല. രോഗികള്‍തേടി വരും. ഇതിനായി സ്ഥാപനങ്ങളും മുന്നോട്ട് വരണം.

കോളേജുകളില്‍ നല്‍കുന്ന ആയുര്‍വേദ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിനെല്ലാം മുഖ്യ കാരണം. തുടക്കം മുതലുള്ള ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമാവും ആ വൈദ്യം മുഖ്യചികിത്സയായി മാറുവാനും, അത്ഭുതം സൃഷ്ടിക്കുവാനും കഴിയുകയുള്ളൂ.

കേന്ദ്രസര്‍ക്കാര്‍ ആയുര്‍വേദ രംഗത്തെപ്രോത്സാഹജനകമായ നടപടികള്‍ ആയുഷ് മന്ത്രാലയം വഴി നല്‍കുന്നു. ഉദാഹരണമായി ഈ വകുപ്പിന്‍റെ തലപ്പത്ത് ആദ്യമായി അറിവും പ്രാപ്തിയുമുള്ള ഐ.എ.എസ് കാരല്ലാത്ത വ്യക്തിയെത്തന്നെ നിയമിച്ചത് ശുഭസൂചനയാണ്. ഭാരതമെങ്ങുമുള്ള പ്രധാനവൈദ്യന്‍മാര്‍ കൂടിചേര്‍ന്ന് പ്രധാനമന്ത്രിയുടെ താല്‍പ്പര്യപ്രകാരം ആയുര്‍വേദ കൂട്ടായ്മ രൂപവല്‍ക്കരിച്ച് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

പ്രധാനമന്ത്രിക്ക് ആയുര്‍വേദത്തോടുള്ള പ്രതിപത്തിയും സമീപനവും അഭിനന്ദനാര്‍ഹവും സമൂഹത്തിന് ശുഭവിശ്വാസം പകരുന്നതുമാണ്. കേന്ദ്രസര്‍ക്കാറില്‍ നിന്നും മികച്ച സമീപനമാണ് ആയുര്‍വേദത്തിന് ലഭിക്കുന്നത്. സൈനികര്‍ക്ക് ഇന്‍ഷൂറന്‍സ് അടക്കമുള്ള വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിശോധിച്ച് അംഗീകാരം നല്‍കാന്‍ നടപടികള്‍ പൂര്‍ത്തിയാവുകയാണ്. പ്രധാനമന്ത്രിയോട് ആയുര്‍വ്വേദത്തെ ക്കുറിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ജൂണ്‍ 21 യോഗാദിനമായി ആചരിക്കുന്നതുപോലെ ആയുര്‍വേദത്തിന് ഒരു ദിവസം ആചരിക്കാവുന്നതല്ലെ എന്നഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ- “ഇന്ന് ഏതു രാജ്യത്ത് സന്ദര്‍ശനം നടത്തിയാലും യോഗ അധ്യാപകരെ അന്വേഷിക്കുന്നു. മികച്ചവരെ നല്‍കാനാവുന്നില്ല. നാളെ ആയുര്‍വേദ ഭിഷഗ്വരന്മാരെചോദിച്ചാല്‍ ആവശ്യത്തിന് നല്‍കാനാകുമോ?” പ്രധാനമന്ത്രിയുടെ ആശങ്ക പരിഹരിക്കാന്‍ ആയുര്‍വ്വേദ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണം.

ഗവേഷണത്തിന്‍റെ പ്രാധാന്യം

വിദേശരാജ്യങ്ങളില്‍ നിന്നും നിരവധി അലോപ്പതിഡോക്ടര്‍മാരാണ് ആയുര്‍വേദം പഠിക്കാനായി ഭാരതത്തിലേക്ക് വരുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ആയുര്‍വേദ വിദ്യാഭ്യാസ പദ്ധതിയെ ശക്തമായതിര്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. 35% മാത്രമാണ് ആയുര്‍വേദം. ബാക്കി 65% അലോപ്പതിയാണ് പഠിപ്പിക്കുന്നത്. അതിനാല്‍ പ്രധാനമായ ഗവേഷണം എന്ന വാക്കുപോലും കേള്‍ക്കുന്നത് പഠനം കഴിഞ്ഞാണ്. ആയുര്‍വേദ പഠനത്തിന്‍റെ ആദ്യവര്‍ഷം തന്നെ ചെയ്തു തുടങ്ങേണ്ടതാണ് ഗവേഷണം.

അലോപ്പതിയുടെ വാദം രോഗം വന്നാല്‍ പൂര്‍ണമായും മാറ്റാനാവില്ല എന്നാണ്. ആയുര്‍വേദം ഇക്കാര്യം അവകാശപ്പെടുന്നുമുണ്ട്. സൗഖ്യമാണ് ആയുര്‍വേദം. മരണാസന്നരായി വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ചികിത്സക്കായി ഫാര്‍മസിയിലെത്താറുണ്ട്. തിരികെപ്പോകുന്നത് രോഗം ഭേദമായാണ്. മാസങ്ങള്‍ മാത്രം അലോപ്പതി ആയുസ്സ് നിശ്ചയിച്ച ഇവര്‍, പത്തും, പതിനഞ്ചും വര്‍ഷം ജീവിക്കുന്നു. ഭാരതത്തില്‍ നിന്നും കോടീശ്വരന്‍മാരായ വ്യക്തികള്‍ വിദേശത്തു പോയി ചികിത്സ നടത്തുന്ന പ്രധാന ആശുപത്രികളാണ് മയോയും, ഹാര്‍വാര്‍ഡും. ഇവിടെ നിന്നും മടക്കിയരോഗികള്‍ക്ക് വരെ സൗഖ്യമേകാന്‍ ആയുര്‍വേദത്തിലൂടെ സാധിക്കുന്നു.

ഇത്തരം ധാരാളം രോഗങ്ങളെ സുഖപ്പെടുത്തിയ അനുഭവങ്ങള്‍ രേഖപ്പെടുത്താതെ പൂര്‍വികര്‍ നയിച്ച മാര്‍ഗ്ഗത്തിലാണ് ഇന്നത്തെ ആയുര്‍വേദ ഭിഷഗ്വരരും. തിരുവനന്തപുരത്ത് പറയുന്ന ഔഷധ ചെടിയുടെപേരാവില്ല കാസര്‍ഗോഡ്. തിരിച്ചും. അത്തരം സംഭാഷണ ശൈലിയിലെ, പ്രാദേശിക വ്യത്യസ്തകള്‍ ഗവേഷണ പ്രപന്ധങ്ങളിലൂടെ ഏകോപിപ്പിക്കാം. ആര്‍ക്കും തര്‍ക്കത്തിനിടയാക്കാത്ത തരത്തില്‍ പ്രബന്ധങ്ങള്‍ തെളിവുകളോടെ പുറത്തിറക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ തയ്യാറാവണം. ഓരോരുത്തരുടെ വിജയം അവകാശപ്പെടുന്ന തരത്തിലാവരുതിത്. മുമ്പിലെത്തുന്ന രോഗികളെ, രോഗങ്ങളെ മനസ്സലാക്കിരേഖപ്പെടുത്തണം. തുടര്‍ ചികിത്സ ചെയ്യവേ മറ്റു വിഷമതകളും അറിയണം. മരുന്നുകള്‍ വാങ്ങി കഴിക്കാന്‍ വിമുഖതയോ മറ്റ് വൈദ്യ ശാഖയിലേക്ക് പോയി പരാജയപ്പെടുന്നുവോ, വിജയിക്കുവോ എന്നും അറിയാന്‍ ഇതിലൂടെ സാധിക്കും.
രോഗിയും, ഭിഷഗ്വരനും തമ്മില്‍ ആയുര്‍വേദത്തെക്കുറിച്ചുള്ള അവബോധമാണ് ആവശ്യം. വൈദ്യമേഖലയില്‍ ഏകോപനം സാധ്യമാകുന്നത് ആയുഷ് മന്ത്രാലയത്തിലൂടെയാണ്. പാർക്കിൻസൺസ്, സ്പൈനല്‍ മസ്കുലര്‍ അട്രോപ്പി തുടങ്ങിയ തിരഞ്ഞെടുത്ത പത്തു രോഗങ്ങൾ സുഖപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്ന വസ്തുതകള്‍ നിരത്തിയതിന്‍റെ ഫലമായി കൂടുതല്‍ ഗവേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.

മരുന്ന് നിര്‍മ്മാണ മേഖല

ആയുര്‍വേദത്തിന് വളക്കൂറുള്ള നാടാണ് കേരളം. ആര്‍ക്കും പരിചയപ്പെടുത്തി നല്‍കേണ്ടതില്ല. എന്നാല്‍ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ മേഖല അനുഭവിക്കുന്ന പ്രധാന പ്രശ്നം സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്കുനയമാണ്. ഒരു മരുന്ന് നിര്‍മ്മിക്കാനായി അപേക്ഷ നല്‍കിയാല്‍ കാലതാമസമാണ്. ഫയല്‍ പരിശോധിച്ച് ആരാണ് ഒപ്പിട്ട് അനുമതി നല്‍കേണ്ടത് എന്ന് ആര്‍ക്കും അറിയുന്നില്ല. കേരള സംസ്ഥാനമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ പത്ത്-പതിനഞ്ച് ദിവസത്തിനുള്ളില്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാറുണ്ട്.
ഏത് ഔഷധച്ചെടിയും കേരളസാഹചര്യത്തില്‍ നട്ടു വളര്‍ത്തിയെടുക്കാന്‍ സാധിക്കും. എന്നാല്‍ പ്രോത്സാഹനം സര്‍ക്കാറില്‍ നിന്നില്ല. ആയുര്‍വേദം വളര്‍ത്തണമെന്ന വിഷയം മുന്‍ നിര്‍ത്തി മീറ്റിംഗുകള്‍ ധാരാളം നടക്കുന്നു. തുടര്‍ന്ന് മിനുട്ട്സ്പോലും പുറത്തുകാണുന്നില്ല.

ആയുര്‍വേദമെന്ന അത്ഭുത ശാസ്ത്രത്തിനെ അറിയാനും അനുഭവിക്കാനുമായി ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍, ആയുര്‍വേദ വളര്‍ച്ചക്ക് പ്രധാന സംഭാവന നല്‍കിയ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജ്യോതിഷം, അധ്യാത്മികത തുടങ്ങിയവയെ പഴിക്കരുത്, തഴയരുത്. ആയുര്‍വേദത്തിന്‍റെ ആഗോള വളര്‍ച്ചക്ക് ഒപ്പം മുന്നേറിയില്ലെങ്കില്‍ കേരളം പിന്നോട്ട് പോകുമെന്ന് ഉറപ്പാണ്.

പഠന രംഗം പെണ്‍കുട്ടികള്‍ കീഴടക്കുന്നുവോ ?

പെണ്‍കുട്ടികള്‍ ആയുര്‍വേദപഠനത്തില്‍ മുന്‍പന്തിയിലാണ്. തുടര്‍ന്ന് ചികിത്സാരംഗത്തും. എന്നാല്‍ അന്‍പത് ശതമാനം പെണ്‍കുട്ടികളും വിവാഹം കഴിയുന്നതോടെ ആയുര്‍വേദ ചികിത്സാരംഗം വിടുന്ന കാഴ്ചയാണുള്ളത്. ഇത് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ആണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും പെണ്‍കുട്ടികളുമുണ്ട്. അലോപ്പതി പഠിക്കുന്നവര്‍ ആ ശാസ്ത്രശാഖയുടെ പരിമിതികള്‍ അറിയുന്നില്ല, അതിനവര്‍ ശ്രമിക്കുന്നുമില്ല.

അധ്യാത്മികം ആയുര്‍വേദം

വദത്തില്‍ നിന്നാണ് ആയുര്‍വേദം. ആധ്യാത്മികതയും, വേദാന്തവും പ്രതിപാദിക്കുന്ന വിഷയം ഒന്നു തന്നെ. മനുഷ്യശരീരത്തിലെ ആത്മസാക്ഷാത്കാരത്തെ പൂര്‍ത്തീകരിച്ച് ആരോഗ്യം നിലനിര്‍ത്താനുതുകുന്നതിനായി ശരീരത്തെ കാണണം. ആയുര്‍വേദമാണ് ഇതിലേക്കുള്ള പാത. ഭാരതത്തില്‍ മാത്രമാണ് ആധ്യാത്മിക ഗുരുക്കന്മാരും ആയുര്‍വേദവും പ്രചാരത്തിലുള്ളത്. ഒരു വ്യക്തി ആരാണ്, ഉദ്ദേശം എന്താണ് എന്നെല്ലാം മനസ്സിലാക്കാന്‍ ഇതിലൂടെ, ഇവരിലൂടെ കഴിയും. കഴിഞ്ഞ ഏതു തലമുറയില്‍ നിന്നും ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ നിരത്തി ഈ വാക്കുകളെ സ്ഥിതീകരിക്കാന്‍ സാധിക്കും.

പുതു തലമുറയോട്

ആധ്യാത്മികതയാണ് നമ്മുടെ അടിത്തറ. ധ്യാനം, യോഗ എന്നിവ ശീലമാക്കുക. അതിരാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് പ്രവര്‍ത്തനനിരതനാവുക. ഇതിന്‍റെ ഗുണം പ്രാവര്‍ത്തികമാക്കിയാല്‍ മനസ്സിലാകും. ആയുര്‍വേദം, ജ്യോതിഷം, പരാവിദ്യ, യോഗ തുടങ്ങിയവയെല്ലാം മാനവ സൗഖ്യത്തിനാണ്. ജാതി, മത, ലിംഗ വേര്‍തിരിവുകള്‍ പാടില്ല.’ലോകാസമസ്ത സുഖനോ ഭവന്തു’ എന്നതാണ് നമ്മുടെ പ്രാര്‍ത്ഥന. ആയുര്‍വേദ രംഗത്ത് പ്രത്യേകിച്ചും.ഇവയെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ പലരെയും സന്യാസ മാര്‍ഗ്ഗത്തിലേക്കു സഞ്ചരിക്കുന്നു എന്നു പറഞ്ഞ് കുടുംബവും സമൂഹവും നിരുത്സാഹപ്പെടുപത്തുന്നു. കര്‍മ്മരംഗത്ത് സന്യാസിയാവുക.

ചാന്‍സലര്‍ പദവിയില്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പദവി വഹിക്കുന്നു. ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുണ്ട്. സമൂഹത്തിനെ മൊത്തം ബാധിച്ച മടിയും, മന്ദഗതിയുമാണ് മുഖ്യ പ്രതിബന്ധം. അതിനാല്‍ സ്വയം തീരുമാനിച്ചാലും പലതും ചെയ്യാനാകുന്നില്ല.

കഴിഞ്ഞ രണ്ടു വര്‍ഷം. തിരിഞ്ഞു നോക്കുമ്പോള്‍ ഓാരോ വിദ്യാര്‍ത്ഥിയെയും പരിചയപ്പെടാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനുമായി. വ്യക്തിപരമായി വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ അവര്‍ തന്നെ തുറന്ന് പറയുന്നതിനാല്‍ പരിഹരിക്കാന്‍ കഴിയുന്നതില്‍ സന്തോഷം. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പുതുതായി രണ്ടായിരത്തിലധികം സീറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. പുതിയ കോഴ്സുകള്‍ തുടങ്ങി. ഇടക്കിടെ ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍ നടത്തുകയും പല സര്‍വ്വകലാശാലകളുമായി സഹകരണത്തിനും സാധിക്കുന്നു. കഴിവുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമായി.

ഈ വര്‍ഷം കോളേജില്‍ പഠിക്കാനായി സീറ്റ് തന്നില്ലെങ്കില്‍, മകളെ വിവാഹം ചെയ്യിപ്പിച്ച് അയക്കുമെന്ന് പറഞ്ഞ് മുസ്ലീം ഉമ്മമാരടക്കമുള്ള മാതാപിതാക്കന്‍മാരുടെ വാക്കുകള്‍, പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസം നല്‍കി സമൂഹനന്മയ്ക്കായി സംഭാവന ചെയ്യാന്‍ അവിനാശിലിംഗം സര്‍വ്വകലാശാലക്ക് കഴിയുമെന്നതില്‍ സംശയമില്ല.