വിദ്യാലയ ശുചിത്വം
ഹരിത കേരളം മിഷന് മൂന്നുഭാഗങ്ങളാണ്. വെള്ളം, വൃത്തി, വിളവ് എന്നിവ. ഇതില്‍ രണ്ട് ഭാഗങ്ങള്‍ വിദ്യാലയവുമായി ബന്ധപ്പെട്ട് നടപ്പാക്കികൊണ്ടിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തികളാണ് നടപ്പാക്കുന്നത്. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് മാലിന്യം തരം തിരിക്കാനുള്ള പ്രവൃത്തികളില്‍ പരിശീലനം നല്‍കുന്നു. ആരോഗ്യ ജാഗ്രതോത്സവം എന്ന പേരില്‍ ഈ പ്രവര്‍ത്തികള്‍ രണ്ടുവര്‍ഷമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നു. ബാലസഭ ക്യാമ്പുകള്‍ വഴിയും മാലിന്യത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ കുട്ടികളില്‍ അവബോധം സൃഷ്ടിച്ചു. പ്ലാസ്റ്റിക്കിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കുക, വീടുകളില്‍ മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് മാലിന്യം തരം തിരിച്ചുകൊടുക്കല്‍, കരകൗശലവസ്തുക്കളുടെ നിര്‍മാണം, പ്ലാസ്റ്റിക്കിന്‍റെ ദോഷവശങ്ങള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കല്‍ എന്നിവ നടപ്പാക്കി. പരിസരം എങ്ങനെ ആയിരിക്കണം, വ്യക്തികള്‍ എങ്ങനെ ആയിരിക്കണം ഓരോ വ്യക്തികള്‍ക്കും പരിസരം വൃത്തിയായി നിലനിര്‍ത്താന്‍ എന്ത് ചെയ്യാന്‍ പറ്റും എന്നതിനെ കുറിച്ചും മണ്ണിനെക്കുറിച്ച്, വെള്ളത്തെക്കുറിച്ച് മാലിന്യം എങ്ങനെ ഉണ്ടാവുന്നു എന്നതിനെ കുറിച്ചൊക്കെ നിരന്തരം പഠനങ്ങള്‍ നടത്തുന്നു. കുട്ടികളില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ ഇത് വഴി കഴിഞ്ഞു.
ഹരിതോത്സവം
ചെടിയെയും കൃഷിയെയും കുട്ടികളെ പരിചയപ്പെടുത്താന്‍ കര്‍ഷക ക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ സ്കൂളുകളില്‍ പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചു. കൃഷിയുടെ പ്രാധാന്യം, രാസവളത്തിന്‍റെ ദൂഷ്യവശങ്ങള്‍ എന്നിവ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കൃഷിക്ക് നിലം ഒരുക്കുന്നത് മുതല്‍ വിളവെടുക്കുന്നത് വരെ കുട്ടികളുടെ പ്രാതിനിധ്യം കാര്‍ഷിക പ്രവര്‍ത്തികളില്‍ ഉറപ്പാക്കാനായി.
പ്ലാസ്റ്റിക് പേനയ്ക്ക് വിട
സ്കൂളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പേന. എഴുതിക്കഴിഞ്ഞ് വലിച്ചെറിഞ്ഞ് കളയുന്ന പേനകള്‍ പ്രകൃതിക്ക് ദോഷമാണ്. വലിച്ചെറിയപ്പെടുന്നതിന് പകരം അവ സൂക്ഷിക്കാന്‍ പേന ബൂത്ത് എന്ന സംവിധാനം സ്കൂളില്‍ നടപ്പാക്കി. കണ്ണൂരും കാസര്‍കോടും നടപ്പിലാക്കിയ പദ്ധതി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.
കലക്ടറ്റേഴ്സ്@സ്കൂള്‍
കണ്ണൂര്‍ ജില്ലയില്‍ മാലിന്യസംസ്കരണത്തിന്‍റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് കലക്ടറ്റേഴ്സ്@സ്കൂള്‍. കുട്ടികള്‍ വീട്ടില്‍ അലക്ഷ്യമായി കിടക്കുന്ന മാലിന്യം തരം തിരിച്ച് സ്കൂളില്‍ എത്തിക്കും. അത് പിന്നീട് ഒരു ഏജന്‍സി ശേഖരിക്കും. ഓരോ കുട്ടി കൊണ്ടുവരുന്ന വസ്തുവിനും അതനുസരിച്ച് പ്രത്യേകം പോയിന്‍റ് നിശ്ചയിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന വിദ്യാര്‍ത്ഥിക്ക് സമ്മാനം നല്‍കും. മുന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയാണ് ഈ ആശയം കൊണ്ടുവന്നത്. പല സ്കൂളിലും കളക്ടര്‍ തന്നെയാണ് സമ്മാന വിതരണം നടത്തിയത്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തില്‍ ആണ് പോയിന്‍റ് രേഖപ്പെടുത്തലും നടത്തിയത്. ഓരോ സ്കൂളും ശേഖരിക്കുന്ന മാലിന്യവും പോയിന്‍റും കളക്ടര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പില്‍ വരുത്താനുള്ള ശ്രമമുണ്ട്.
ജല പരിശോധന
ശുദ്ധജല ലഭ്യത കുറയുകയാണ്. വെള്ളം പരിശോധിക്കാനുള്ള സംവിധാനങ്ങളും കുറവാണ്. വെള്ളം പരിശോധിക്കാനുള്ള ചെലവ്, സാങ്കേതികമായ തടസ്സങ്ങളും നിരവധി. അതുകൊണ്ടുതന്നെ വെള്ളം പരിശോധിക്കാന്‍ പൊതുജനങ്ങള്‍ മെനക്കെടാറില്ല. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെമിസ്ട്രി ലാബ് ഉള്ള വിദ്യാലയങ്ങളില്‍ കെമിസ്ട്രി ലാബുകള്‍ ജലപരിശോധന ലാബുകളായി കണ്‍വെര്‍ട്ട് ചെയ്യാന്‍ ഉള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് തുടക്കം. ധര്‍മ്മടം മണ്ഡലത്തിലെ 6 സ്കൂളുകളില്‍ അടുത്ത മാസത്തോടെ ലാബുകള്‍ സജീവമാകും. തുടര്‍ന്ന് മട്ടന്നൂര്‍ മണ്ഡലത്തിലെ 7 സ്കൂളുകളിലും ലാബ് വരും. ചെറിയ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെള്ളം പരിശോധിച്ചതിന്‍റെ ഔദ്യോഗിക രസീത് കിട്ടും. സ്കൂളിലെ ഒരു കെമിസ്ട്രി അദ്ധ്യാപകനെ ഔദ്യോഗികമായി പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററായി നിയമിക്കും. ആവശ്യമായ പരിശീലനവും നല്‍കും.
വിപുലമായ പരിശോധന ആവശ്യമായി വന്നാല്‍ ജലവിഭവ വകുപ്പിന്‍റെ കുന്നമംഗലം കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കും അയക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുമ്പോള്‍ കുട്ടിക്ക് പ്രായോഗിക ജ്ഞാനം വര്‍ദ്ധിക്കും. സ്കൂളുകള്‍ നാട്ടിന്‍പുറത്തെ ആവശ്യങ്ങള്‍ നേരിടാനുള്ള കേന്ദ്രങ്ങള്‍ കൂടിയായി മാറും. അത് ഹരിത കേരളത്തിന്‍റെ നേട്ടമാവും.
മാതൃകയാക്കാം ഇവരെ
സ്കൂളില്‍ ഉപയോഗിക്കുന്ന പാല്‍ പായ്ക്കറ്റ് പല സ്കൂളുകളിലും ഇപ്പോള്‍ കത്തിക്കുകയാണ്. കണ്ണൂര്‍ ഐടിഐയെ പല കാര്യത്തിലും നമുക്ക് മാതൃകയാക്കാവുന്നതാണ്. മില്‍മയാണ് കണ്ണൂര്‍ ഐടിഐക്ക് പാല്‍ നല്‍കുന്നത്. 250 പാക്കറ്റ് പാല്‍ ആണ് ദിവസവും നല്‍കുന്നത്. വിതരണ ശേഷം മൂന്നാം ദിവസം കഴുകി ഉണക്കിയെ ടുത്ത പാല്‍ കവറുകള്‍ മില്‍മ തന്നെ തിരിച്ചെടുക്കും. കവര്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെങ്കില്‍ ഐടിഐയിലേക്ക് പാല്‍ വേണ്ട എന്ന തീരുമാനം വിദ്യാലയം കൈക്കൊണ്ടതോടെ മില്‍മയ്ക്ക് അങ്ങനെ ഒരു നിലപാട് എടുക്കേണ്ടി വന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മിഠായി കവറുകള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഐടിഐയില്‍ ഒരുക്കിയിരിക്കുന്നു. മുളകൊണ്ടുള്ള ഈ സംവിധാനം ഐടിഐക്ക് പുറമേ കടകളിലും വിദ്യാര്‍ത്ഥികള്‍ തന്നെ ഒരുക്കിയിരിക്കുന്നു. പിന്നീട് മിഠായി കവറുകള്‍ ഹരിതകര്‍മ്മസേനയിലെ ശേഖരണ വിഭാഗത്തിലേക്ക് പോകും. ബോട്ടില്‍ ബൂത്ത് സംവിധാനവും ഇവിടെയുണ്ട് അലക്ഷ്യമായി വലിച്ചെറിയാതെ ബോട്ടില്‍ ശേഖരിക്കുന്ന പദ്ധതിയാണിത്. കണ്ണൂര്‍ ഐടിഐ നടപ്പാക്കിയ പദ്ധതി കണ്ണൂരിലെ എല്ലാ പഞ്ചായത്തിലും ഇപ്പോള്‍ നടപ്പാക്കിവരുന്നു.
പഞ്ചായത്ത് തലത്തില്‍ സ്കൂളുകളുമായി സഹകരിച്ച് ആരോഗ്യ ക്ലബ്ബുകള്‍ നടപ്പാക്കിവരുന്നു. തളിപ്പറമ്പ് പഞ്ചായത്ത് സ്കൂളുമായി സഹകരിച്ച് തെളിമ എന്ന ആരോഗ്യ ക്ലബ് നടപ്പാക്കി. കുട്ടികള്‍ക്ക് ആരോഗ്യ ക്ലാസ്സുകളും ബോധവല്‍ക്കരണവും ഇതിലൂടെ നല്‍കി. മിക്ക പഞ്ചായത്തുകളും സ്കൂള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. പടിയൂര്‍ പഞ്ചായത്തില്‍ സ്കൂളില്‍ ഐസ് വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. നല്ലൊരു നടപടിയാണത്. കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഇലക്കറി തോട്ടം ഉണ്ടാക്കി. അത് കുട്ടികള്‍ക്ക് ഭക്ഷണത്തിലുള്ള കറികളില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുന്നു. പാല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരം ചക്ക വിഭവങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചക്ക പോലുള്ള പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഹരിത കേരളത്തിന്‍റെ ഭാഗമായി അംഗനവാടികളില്‍ ഹരിതവാടി എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. കുട്ടികള്‍ക്ക് തണലൊരുക്കാന്‍ ഫാഷന്‍ ഫ്രൂട്ട്, കോവല്‍ പോലുള്ളവ കൃഷി ചെയ്ത് പന്തല്‍ ഒരുക്കുന്നു. കുട്ടികള്‍ക്ക് തണല്‍ കൊള്ളുകയും ചെയ്യാം ഇവ പാകമാകുമ്പോള്‍ ഇവ കുട്ടികള്‍ക്ക് കഴിക്കാനും ഉപയോഗിക്കാം.