ഏതൊരു രാജ്യത്തിന്‍റെയും പ്രതീക്ഷാകേന്ദ്രങ്ങളാണ് അവരുടെ കായികരംഗം. ഏത് ദരിദ്ര രാജ്യമാണെങ്കില്‍ പോലും അവര്‍ക്ക് കായികരംഗത്ത് ലഭിക്കുന്ന നേട്ടങ്ങളിലൂടെ അവര്‍ ലോകശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഭാരതവും കായികരംഗത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. അത്ലറ്റിക്സ് മേഖലകളില്‍ ഭാരതത്തിന് അന്താരാഷ്ട്രതലത്തില്‍ മികച്ച വിജയം കൊയ്യാനായില്ലെങ്കിലും ക്രിക്കറ്റ്, ഹോക്കി, ബാറ്റ്മിന്‍റണ്‍, ഷൂട്ടിംഗ്, ബോക്സിംഗ്, ഗുസ്തി എന്നീ മേഖലകളിലൊക്കെ ലോകത്തിന്‍റെ നെറുകയിലെത്താന്‍ ഭാരതത്തിന് കഴിഞ്ഞു. അതുപോലെ ലോകകപ്പ് ഫുട്ബോളിനേയും മറ്റും നേഞ്ചേറ്റുന്ന കേരളവും കായികരംഗത്തെ വളരെ പ്രാധാന്യത്തോടുകൂടിയാണ് നോക്കിക്കാണുന്നത്.
ഈയൊരു പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ് സ്പോര്‍ട്സ് മെഡിസിന്‍ എന്ന വിഭാഗത്തെ പറ്റി ചിന്തിക്കേണ്ടത്. വിദേശ ക്ലബ്ബുകള്‍ പ്രത്യേക കാലയളവിലേക്ക് കോടികള്‍ മുടക്കിയാണ് ഓരോ കായികതാരത്തേയും സ്വന്തമാക്കുന്നത്. ആ സമയത്ത് അവര്‍ക്കുണ്ടാകുന്ന പരിക്കുകള്‍ വലിയ തോതില്‍ ആ ക്ലബ്ബിന്‍റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. അതിനാല്‍ ഓരോ കായികതാരത്തിന്‍റേയും കായിക ക്ഷമത നിലനിര്‍ത്തുന്നതിനും പരിക്കുകള്‍ പെട്ടെന്ന് ഭേദമാക്കുന്നതിനും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്പോര്‍ട്സ് ഫിസിഷ്യന്‍മാരേയാണ് ഒരോ ക്ലബ്ബുകളും സജ്ജമാക്കുന്നത്.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഒരു സ്പോര്‍ട്സ്മാന്‍റെ ശാരീരികവും മാനസികവുമായ ക്ഷമത (ഫിറ്റ്നസ്) നിലനിര്‍ത്തുകയാണ് സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആയുര്‍വേദമെന്ന ഭാരതത്തിന്‍റെ അതിപുരാതനമായ വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണം തന്‍റെ ശരീരത്തിനേയും മനസ്സിനേയും സംയോജിപ്പിച്ച് നിലനിര്‍ത്തുക എന്നതാണ്.
ഒരു കായിക രംഗത്തെ സംബന്ധിച്ച് ശാരീരികമായ ശക്തി പ്രധാനമാണെങ്കിലും അയാള്‍ക്ക് നല്ല മനശക്തി കൂടി ഉണ്ടായേ മതിയാവൂ. ഏകാഗ്രത, കര്‍മ്മജ്ഞാനേന്ദ്രിയങ്ങളുടെ നിയന്ത്രണം, ആത്മനിയന്ത്രണം എന്നിവ ഇതില്‍ പ്രധാനമാണ്. ആയുര്‍വേദത്തില്‍ വിശദീകരിച്ചിട്ടുള്ള സത്വരജോതമസ്സുകള്‍ക്കുള്ള പ്രസക്തി ഇവിടെയാണ്. മനോനിയന്ത്രണത്തിലൂടെ കൂടുതല്‍ മനശക്തി കൈവരിക്കാനും അതുവഴി കായികക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.
അടുത്തത് കായിക ക്ഷമതയാണ്. കളിക്കളത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പക്ഷെ ആ കായിക താരത്തെ ആ മേഖലയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തപ്പെടാന്‍ നിര്‍ബന്ധമാക്കിയേക്കാം. അതുകൊണ്ടു തന്നെ കായിക താരത്തിന്‍റെ ശാരീരികക്ഷമത നിലനിര്‍ത്തുക എന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നട്ടെല്ലിന് ക്ഷതമോ, സ്ഥാനച്യുതിയോ സംഭവിച്ചാല്‍ ഒരു പക്ഷെ രണ്ടോ മൂന്നോ മാസങ്ങള്‍ പൂര്‍ണ്ണ വിശ്രമം നല്‍കുവാന്‍ നമുക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. ഇനി അദ്ദേഹം ഒരു വീടിന്‍റെ ഉപജീവനത്തിന്‍റെ ഏക പോംവഴിയാണെങ്കില്‍ തന്നെ നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അവര്‍ക്ക് അതിന് വേണ്ട സൗകര്യം ചെയ്തുകൊടുക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രധാന രാജ്യാന്തര മത്സരത്തിന് മുമ്പ് രാജ്യം പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു താരത്തിന് ഇത്തരം സന്ദര്‍ഭം ഉണ്ടായാല്‍ അവരെ ദീര്‍ഘകാലം വിശ്രമത്തിന് അനുവദിക്കുവാന്‍ നിര്‍വ്വാഹമില്ല. അത്തരം ഘട്ടങ്ങളില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ അവന്‍ തിരിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് എത്തിക്കേണ്ടുന്ന ചുമതലയാണ് ഒരു സ്പോര്‍ട്സ് ഫിസിഷ്യനുള്ളത്.
പേശികളിലും അസ്ഥികളിലുമുണ്ടാകുന്ന പരിക്കുകളും മുറിവുകളുമാണ് സ്പോര്‍ട്സ് ഇഞ്ച്വറിയില്‍ ഭൂരിഭാഗവും. ആയുര്‍വേദ ശല്യതന്ത്രത്തില്‍ വിധിക്കപ്പെട്ട അസ്ഥിഭംഗങ്ങളുടേയും സ്ഥാനച്യുതികളുടേയും ചികിത്സാരീതികളും വ്രണചികിത്സകളും ഇവിടെ പ്രയോജനപ്പെടുത്താവുന്നതാണ്. ആയുര്‍വേദചികിത്സാ തത്വങ്ങളിലധിഷ്ഠിതമായ മര്‍മ്മ ചികിത്സാരീതികളും വിവിധതരം ബാന്‍റേജുകള്‍, ലേപനങ്ങള്‍, തൈലഭ്യംഗങ്ങള്‍ എന്നിവയും ഏറെ ഫലപ്രദമാണ്. അതുപോലെ തന്നെ സന്ധികളിലുണ്ടാകുന്ന തേയ്മാനങ്ങള്‍, പേശിവലിവുകള്‍, ലിഗ്മെന്‍റ് ഇഞ്ച്വറികള്‍, ഫ്രേസണ്‍ ഷോള്‍ഡര്‍, ടെന്നീസ് എല്‍ബോ, പെട്ടെന്നുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ എന്നിവക്കെല്ലാം ആയുര്‍വേദം ഉത്തമ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടാതെ പ്രത്യേക രോഗാവസ്ഥകള്‍ ഒന്നും ഇല്ലെങ്കില്‍ തന്നെയും കൃത്യമായ ഇടവേളകളില്‍ ഉഴിച്ചിലടക്കമുള്ള ചികിത്സാക്രമങ്ങള്‍ വൈദ്യനിര്‍ദ്ദേശ പ്രകാരം പാലിച്ചാല്‍ നിലവിലുള്ള കായികക്ഷമത വര്‍ദ്ധിപ്പിച്ചെടുക്കുവാനും സാധിക്കുന്നു.
കായികരംഗത്തെ സംബന്ധിച്ചിടത്തോളം ദഹനവ്യവസ്ഥയടക്കം വളരെ പ്രാധാന്യമുള്ളതാണ്.
നമുക്കനുകൂലമല്ലാത്ത വിവിധ പ്രദേശങ്ങളിലെ ആഹാരവും, കാലാവസ്ഥയും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. ദഹനവ്യവസ്ഥയടക്കം ക്രമപ്പെടുത്താനുള്ള ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ നമുക്ക് കരുതാവുന്നതാണ്. കൂടാതെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ രസായന കൂട്ടുകളും നമുക്ക് പ്രയോജനപ്പെടുത്താം. ഇത് വഴി അറിയാതെ ഒരു രോഗത്തിന് മരുന്ന് കഴിച്ച് അതു വഴി ഉത്തേജകമരുന്നിന്‍റെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി തഴയപ്പെടുന്ന അവസ്ഥ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
കായിക രംഗവും വളരെ പ്രാധാന്യത്തോടുകൂടിയാണ് ആയുര്‍വേദത്തെ സമീപിക്കുന്നത്. കേരളത്തിലെ പല സ്പോര്‍ട്സ് അക്കാഡമികളിലും ഇന്ന് ആയുര്‍വേദ വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധസേനയടക്കം ആയുര്‍വേദത്തെ പ്രതീക്ഷയോടെ കാണുന്നു. അവരുടെ ഫസ്റ്റ് എയ്ഡ് കിറ്റിലും മുറിവെണ്ണയും ധന്വന്തരം തൈലവുമൊക്കെ സ്ഥാനം നേടിക്കഴിഞ്ഞു. രാജ്യത്തിന് ആരോഗ്യക്ഷമതയുള്ള ഒരു കായികരംഗമാണ് ആവശ്യം. പി.വി.സിന്ധു, മേരികോം, പി.യു.ചിത്ര, സൈന നെഹ്വാള്‍ ഇവര്‍ ഇന്ത്യന്‍ ദേശീയഗാനത്തെ ലോകത്തിന് കേള്‍പ്പിച്ചവരാണ്. ഒരു കായികതാരത്തിന്‍റെ ശക്തിയാണത്.
ഒരു വൈദ്യശാസ്ത്രമെന്ന രീതിയില്‍ അലോപ്പതിക്ക് വലിയ പ്രാധാന്യമുണ്ട്. അതുപോലെ ആയുര്‍വേദ കായിക മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്യുവാന്‍ പറ്റും. നമ്മുടെ വളര്‍ന്നു വരുന്ന യുവപ്രതിഭകള്‍ക്ക് ഈയവസരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. അത് കായികരംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന് നിസ്സംശയം പറയാം.