ആധുനിക മനുഷ്യന്‍ ഭൂരിഭാഗവും സുഖഭോഗങ്ങളുടെ നെറുകയില്‍ ലാസ്യ നടനം ചെയ്യുന്നു എന്നഹങ്കരിക്കുമ്പോഴും, എല്ലാം വെട്ടിപ്പിടിച്ച് കൈകുമ്പിളിലാക്കുന്നു എന്ന് വിശ്വസിക്കുമ്പോഴും, എന്തെന്നില്ലാതെ വേവലാതിപ്പെടുന്നതുകാണാം. ഒരിക്കലും തൃപ്തിവരാത്ത ആര്‍ത്തിപൂണ്ട മനസ്സ്, സ്വസ്ഥമല്ലാത്ത ജീവിതം, ഉള്ളറിഞ്ഞാഹ്ലാദിക്കാനോ ശാന്തമായുറങ്ങാനോ അവനുകഴിയുന്നില്ല. തന്നെത്തന്നെ വിശ്വസിക്കാത്ത അവസ്ഥ, ഉത്കണ്ഠ, ആവേശം, സംഘര്‍ഷഭരിതമായ ദിനരാത്രങ്ങള്‍. ശാന്തിയും സമാധാനവും അകന്നുപോകുന്നു. ശാസ്ത്രസാങ്കേതിക മികവില്‍ മികച്ച ജീവിതസാഹചര്യങ്ങള്‍ ലഭ്യമാണെങ്കിലും ബഹുഭൂരിഭാഗം പേരും സ്വസ്തത എന്തെന്നറിയാതവരായി മാറുന്നു. പ്രായവ്യത്യാസമോ, ജാതിമതലിംഗഭേദമോ പണ്ഡിതപാമരവ്യത്യാസമോ ധനികദരിദ്രഭേദമോ ഇല്ലാതെ പിടികൂടുന്ന ഒരവസ്ഥാവിശേഷമായി മാറിയിരിക്കുന്നു മാനസികാരോഗ്യപ്രശ്നങ്ങള്‍.
അത് സ്ട്രസ്സ് എന്ന പേരിലായാലും ടെന്‍ഷന്‍ എന്ന പേരിലായാലും മാനസികവൈകല്യം എന്ന പേരിലായാലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അലട്ടികൊണ്ടിരിക്കുന്നു. പണവും പദവികളും കൂടുന്നതിനനുസരിച്ച് തോത് വര്‍ദ്ധിക്കുന്ന പ്രതിഭാസമായിരിക്കുന്നു ഇന്നിത്. മരുന്നോ മന്ത്രമോ ഇതിന് ശ്വാശ്വതപരിഹാരമാകുന്നില്ല. മനസ്ഥിരതക്ക് മനസ്സുവെക്കുക തന്നെ വേണം.
പുരാതന കാലം മുതല്‍ ഭാരതത്തില്‍ അല്പം പേരെങ്കിലും അനുവര്‍ത്തിച്ചു വന്ന മഹത്തായ ഒരു ജീവിതചര്യയായിരുന്നു യോഗ. മനുഷ്യമനസ്സിന്‍റെ അഗാധതലങ്ങളെ തൊട്ടറിഞ്ഞ മനീഷികള്‍ സ്വസ്തജീവിതചര്യ നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. അതിലേറ്റവും ഉത്കൃഷ്ടമായതാണ് യോഗ, വിധിയാം വണ്ണം അനുവര്‍ത്തിച്ചാല്‍, നമ്മുടെ എല്ലാ സുഖദുഃഖങ്ങളുടെയും കാരണം നാം തന്നെയാണല്ലോ. “നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ” എന്ന കവി വാക്യവും “മനസ്സു തന്നെ സുഖദുഃഖകാരണം” എന്ന ആഭാണകവും അതാണല്ലോ സൂചിപ്പിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കാനുള്ള പരിശീലനം ലഭിച്ചാല്‍ മനസ്സമാധാനം അനുഭവിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
“യോഗാ ചിത്തവൃത്തിനിരോധ” എന്നാണ് പതഞ്ജലി മഹര്‍ഷി യോഗയെ നിര്‍വചിച്ചത്. ഇന്ദ്രീയങ്ങളെ നിയന്ത്രിച്ച്, മനോവ്യാപാരങ്ങളെ നിയന്തിക്കുന്നവനു മാത്രമേ സന്തുഷ്ടചിത്തനാവാനാകൂ, ഉള്ളറിഞ്ഞേ ഉയരാനാകൂ താന്താങ്ങളുടെ കഴിവും കഴിവില്ലായ്മയും, ആവശ്യവും അത്യാവശ്യവും അനാവശ്യവും മനസ്സിലാക്കി അതിനനുസരിച്ചുള്ള മനോനിയന്ത്രണം സ്വായത്തമാക്കല്‍, ഭൗതീകസുഖ മരുപ്പച്ചകള്‍തേടിയോടുന്നവര്‍ക്ക് ക്ലേശകരം തന്നെ. ആഹാരവിഹാരാദികളിലും ദിനചര്യകളിലും നിഷ്ഠയുള്ളവനേ അതു സാധ്യമാകൂ.
യോഗയുടെ അത്ഭുതസിദ്ധിപ്രാപ്തമാക്കിയാല്‍ നമുക്കതു വഴങ്ങും. യോഗാസനങ്ങളും പ്രാണായാമവും ധ്യാനവും പരിശീലിച്ചാല്‍ മെരുങ്ങാത്ത മനവും മെരുങ്ങും. ചഞ്ചലമായ ചിത്തത്തെ അചഞ്ചലമാക്കാന്‍ കഴിയും. അതുവഴി സ്വസ്ഥവും സുന്ദരവുമായ ജീവിതായോധനവും സാധ്യംതന്നെ.
മനുഷ്യന്‍റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്‍റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു. ബോധത്തെ ഏകീകരിച്ച് ഒരേ ബിന്ദുവിലേക്ക് സാക്ഷാത്കരിക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ തെളിമ കൈവരുന്നു. ബുദ്ധിയുടെ വികാസത്തിനും അത് വഴിയൊരുക്കുന്നു.
യോഗാസനങ്ങള്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കി വഴക്കമുള്ളതും ഊര്‍ജസ്വലവുമാക്കുന്നു. സകല ശാരീരികവ്യവസ്ഥകളേയും സമതുലനപ്പെടുത്തുന്നു. പ്രാണായാമം മനസ്സിനെ ശൂദ്ധീകരിച്ച് സമചിത്തതകൈവരിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ആഹാരത്തിലും നിഷ്ഠ പുലര്‍ത്തിയാല്‍ ശാരിരികമാനസികഅസ്വാസ്ഥ്യങ്ങള്‍ തടയാനും സുഖജീവിതം നയിക്കാനും കഴിയും.
ശവാസനം, പാദോത്ഥാനാസനം, പവനമുക്താസനം, ത്രികോണാസനം, പാദഹസ്താസനം, സര്‍വാംഗാസനം, ഹലാസനം, മകരാസനം, മത്സ്യാസനം, ഭുജംഗാസനം, ധനുരാസനം, പശ്ചിമാതാഹാസനം, സൂര്യനമസ്കാരം തുടങ്ങിയ ആസനങ്ങളും നാഡിശുദ്ധിപ്രാണായാമം, ഉജ്ജായിപ്രാണായാമം, ശീതളിപ്രാണായാമം, ശീത്കാരിപ്രാണായാമം, ഭ്രാമരിപ്രാണായാമം എന്നിവയും മെഡിറ്റേഷനും പരിശീലിച്ച് പ്രാവര്‍ത്തികമാക്കിയാല്‍ ശാരീരിക മാനസികാരോഗ്യം നിലനിര്‍ത്തുവാനും പുഷ്ടിപ്പെടുത്തുവാനും സമാധാനവും സന്തോഷവും കൈവരിക്കാനും കഴിയും.
– ഡോ.കെ.രാജഗോപാലന്‍
കണ്‍സള്‍ട്ടന്‍റ്
ഇടൂഴി യോഗ & ഗവേഷണ വിഭാഗം, മയ്യില്‍