ജലമലിനീകരണം – ആയുര്‍വേദ കാഴ്ചപ്പാടുകള്‍

പ്രപഞ്ചത്തിലെ മറ്റെല്ലാ വസ്തുക്കളും പോലെ ജലവും മലിനമാക്കപ്പെടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അറിവല്ല. വര്‍ഷങ്ങളായി നാം അതിന്‍റെ തിക്ത ഫലം അനുഭവിച്ച് വരികയാണ്. ജല ചൂഷണവും ജലമലിനീകരണവും നാമോരോരുത്തരുടേയും ജീവനേയും ആരോഗ്യത്തേയും അത്രക്ക് ദോഷകരമായി ബാധിക്കുന്നുണ്ട്. നാം തന്നെയാണ് അതിന്‍റെ പ്രധാനകാരണക്കാര്‍.

ജലം എന്നുള്ളത് സര്‍വ്വചരാചരങ്ങളുടേയും ജീവനാണ്. അതുകൊണ്ട് തന്നെ ജലമലിനീകരണം മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ ബാധിക്കുന്നു. അതിനാല്‍ തന്നെയാണ് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പെ തന്നെ ആയുര്‍വേദ ആചാര്യന്മാര്‍ ഈ വിഷയത്തെ വളരെ ഗഹനമായി പഠിക്കുകയും അതിനെ പ്രതിരോധിക്കാന്‍ വേണ്ട ചില പ്രോയോഗികനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തത്. ജലമലിനീകരണത്തിന്‍റെ പ്രധാന ഭവിഷ്യത്തായി ആയുര്‍വേദം കാണുന്നത് അത് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളേയും വളരെ പെട്ടെന്ന് ഒരു പകര്‍ച്ചവ്യാധിപോലെ ബാധിക്കുന്നു എന്നതാണ്.

പല അഴുക്കുകളും ജലവും മറ്റും അടിഞ്ഞ് വീണും, വേണ്ടത്ര സൂര്യപ്രകാശവും കാറ്റും ഏല്‍ക്കാതെയും, മെഴുക്കുകളടിഞ്ഞതും, വെള്ളം കെട്ടികിടന്ന് മറ്റ് കൃമികീടങ്ങളാല്‍ നിറഞ്ഞും നില്‍ക്കുന്ന വെള്ളത്തെ നാം ഉപയോഗിക്കരുത്. ഇത്തരം വെള്ളത്തിന് അതിന്‍റെ സ്വാഭാവിക നിറവും മണവും രുചിയുമില്ലാതെ ദുര്‍ഗന്ധത്തോടു കൂടിയുമിരിക്കും. ഇന്നത്തെ യന്ത്രവല്‍കൃതലോകത്ത് ജലമലിനീകരണത്തിനുള്ള സാധ്യതകളേറെയാണ്. വ്യവസായമേഖലയില്‍ നിന്ന് വരുന്ന ഖരമാലിന്യങ്ങള്‍ മിക്കതും അടുത്തുള്ള ജലാശയങ്ങളിലേക്കാണ് തള്ളപ്പെടുന്നത്. ഇത് വെള്ളത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്തുയും ജലജീവികള്‍ക്കും സസ്യങ്ങള്‍ക്കും നാശം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം ജലാശയങ്ങള്‍ പകര്‍ച്ചവ്യാധികളുടെ ഒരു ഉത്പാദനകേന്ദ്രമായി മാറുകയും ചെയ്യുന്നു.

ജലചൂഷണം നിമിത്തം ഭൂഗര്‍ഭജല ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പലര്‍ക്കും ഇത്തരം ജലാശയങ്ങളെ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേി വരികയും അവന്‍ വളരെ പെട്ടെന്ന് പലരോഗങ്ങള്‍ക്കും അടിമപ്പെടുകയും ചെയ്യുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേതന്നെ ഇത്തരം വിഷയങ്ങളുടെ പ്രാധാന്യം നമ്മുടെ മുമ്പില്‍ വെളിപ്പെടുത്തിയിട്ടുങ്കെിലും ഇന്നും നാം അത്തരം ജലമലിനീകരണത്തിന് അടിമപ്പെടുകയാണ് എന്നുള്ളത് ഏറെ ഖേദകരമാണ്.

ഇത്തരം മലിനമാക്കപ്പെട്ട ജലം ഉപയോഗിക്കുന്നത് കൊണ്ട് പലതരം ത്വക് രോഗങ്ങള്‍, വയറ്വേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയും ത്രിദോഷങ്ങളുടേയും വര്‍ദ്ധനവിനും കാരണമാകുന്നു. കൂടാതെ വിവിധതരം പനികള്‍, അരുചി, അഗ്നിമാന്ദ്യം തുടങ്ങിയവയും ചിലപ്പോള്‍ മരണം തന്നെയും മലിനജലത്തിന്‍റെ ഉപയോഗംകൊണ്ട് വരുമെന്ന് ആയുര്‍വേദം ഓര്‍മ്മപ്പെടുത്തുന്നു.

ഒരുകൂട്ടം ജനപദത്തെ മുഴുവന്‍ ബാധിക്കുന്ന ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉദ്ഭവിക്കാന്‍ കാരണമാകുന്നത് പ്രജ്ഞാപരാധമാണ്. അതായത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് നാം ചെയ്യുന്ന തെറ്റുകളെയാണ് പ്രജ്ഞാപരാധം എന്നു പറയുന്നത്. ഇന്ന് കാണുന്ന ഈ പരിസ്ഥിതിമലിനീകരണത്തിന് മുഴുവന്‍ കാരണം ഇത്തരം പ്രജ്ഞാപരാധമാണ്. താത്കാലികമായ ലാഭം മുന്‍നിര്‍ത്തി പ്രകൃതിയുടെ സ്വാഭാവികത തന്നെ ഇല്ലാതാക്കുന്ന ഇത്തരം നടപടികള്‍ സമൂഹത്തിന്‍റെ മാനസികാവസ്ഥയില്‍ വന്ന അപചയത്തിന്‍റെ കൂടി സൂചനയാണ്. അത്കൊണ്ട് തന്നെ സമൂഹത്തിന്‍റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇത്തരം പാരിസ്ഥിതിക നാശത്തിനെതിരായി ഉണ്ടാകേതാണ്.

ഇന്ന് സര്‍വ്വവ്യാപിയായികൊിരിക്കുന്ന ജലമലിനീകരണത്തെ നേരിടാന്‍ നാം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ തേടേതാണ്. അതില്‍ വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യാവുന്നതാണ് വെള്ളം നല്ലവണ്ണം തിളപ്പിച്ച് ആറിയശേഷം മാത്രം ഉപയോഗിക്കുക എന്നുള്ളത്. ഇത് ത്രിദേഷശമനത്തിന് ഉത്തമമാണ്. പല ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും കഫകെട്ട്, ചുമ, പനി, വയറിളക്കം എന്നിവയുള്ള അവസരങ്ങളിലും തിളപ്പിച്ചാറിയ വെള്ളം തന്നെയാണ് ഉത്തമം. മുന്‍കാലങ്ങളില്‍ ജലശുദ്ധീകരണത്തിന് ചെയ്തുവന്നിരുന്ന മറ്റൊരു മാര്‍ഗ്ഗമാണ് വെയിലത്തു വച്ച് ചൂടായ വെള്ളം ഉപയോഗിക്കുക എന്നുള്ളത്. ജലത്തിന് കൂടുതല്‍ തെളിമനല്‍കാന്‍ ഇത് വഴി സധിക്കും. മുരിങ്ങക്കുരു, തേറ്റാമ്പരല്‍, തുടങ്ങിയ ഔഷധങ്ങള്‍ ജലാശയങ്ങളുടെ ശുദ്ധീകരണത്തിനായി ഉപയോഗിച്ച് വരാറു്. അതുകൂടാതെ കേരളത്തില്‍ നാം ഉപയോഗിച്ചു വരുന്ന വെള്ളങ്ങള്‍, ഉദാഹരണത്തിന് ചുക്ക് വെള്ളം, കരിങ്ങാലി വെള്ളം, നന്നാറി വെള്ളം തുടങ്ങിയവയും ജലശുദ്ധീകരണത്തിന് ഒരു പരിധിവരെ സഹായകമാണ്.

ഡോ.കേശവന്‍ വെദിരമന
കേശവതീരം ആയുര്‍വ്വേദ ആശുപത്രി.
പുറച്ചേരി