യോഗ ചികിത്സ

ആരോഗ്യകാര്യത്തില്‍ യോഗക്രിയകളെ രണ്ടുവിധത്തില്‍ പ്രയോജനപ്പെടുത്താം. ആദ്യത്തേത് ആരോഗ്യ പാലനമാണ് – ശരീരത്തെ രോഗം വരാതെ സംരക്ഷിച്ച് ആരോഗ്യത്തെ പുഷ്ടിപ്പെടുത്തല്‍. രോഗശമനത്തിനുള്ള ഉപായമാണ് രണ്ടാമത്തേത്. അത് ശരീരത്തെ രോഗവിമുക്തമാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നു. രോഗങ്ങളിലും, മാനസിക വികാരങ്ങളിലും യോഗത്തിന്‍റെ സ്വാധീനം വിലപ്പെട്ടതാണ്. മരുന്ന്, വൈദ്യന്‍, രോഗി, പരിചാരകന്‍ എന്നീ ചതുര്‍വ്യൂഹത്തോടു കൂടിയതാണ് ചികിത്സാശാസ്ത്രം. യോഗത്തില്‍ മരുന്നിന്‍റെ ഉപയോഗവും, പരിചാരകനും, വൈദ്യന്‍റെ സേവനവും ആവശ്യമായി വരുന്നില്ല. സ്വയം ശരീരത്തേയും, പ്രാണനേയും, മനസ്സിനേയും നിയന്ത്രിച്ച് ആഭ്യാസം കൊണ്ട് രോഗവിമുക്തി നേടുന്നു.

യോഗചികിത്സ എന്നതിനേക്കാളും ‘യോഗതെറാപി’എന്ന പദപ്രയോഗമാണ് അധികവും കണ്ടുവരുന്നത്. ആരോഗ്യപാലനത്തിലും, രോഗശമനത്തിലും ആസന പ്രാണായാമങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്. ആസനം, പ്രാണായാമം, ഷട്കര്‍മ്മങ്ങള്‍. മുദ്ര, ബന്ധം, ധ്യാനം എന്നിവയാണ് യോഗത്തിലെ രോഗപ്രതിവിധികള്‍. രോഗിയുടെ ശാരീരികാവസ്ഥ മിക്ക യോഗക്രിയകള്‍ക്കും ക്ഷമമായിരിക്കില്ല. അത് വ്യക്തിക്കനുസരിച്ച് യുക്തമായി ഉപയോഗിക്കലാണ് ചികിത്സാരീതി. ചിലപ്പോള്‍ ഒരേ രോഗത്തില്‍ തന്നെ വ്യക്തിംപ്രതി ഭിന്നമായ യോഗക്രിയകള്‍ അനുവര്‍ത്തിക്കേണ്ടി വരും. അതാണ് ശരിയായ യോഗചികിത്സാ പദ്ധതി. അത് കേവലം രോഗനിഷ്ഠമല്ല, വ്യക്തിനിഷ്ഠമാണ്. അതുകൊണ്ടാണ് കുറെ പേരെ ഒന്നിച്ചിരുത്തി യോഗാതെറാപി ചെയ്യിക്കുമ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടാതെ പോകുന്നത്.

രോഗാവസ്ഥയില്‍ മനസ്സിന്‍റേയും, ശരീരത്തിന്‍റേയും ഐക്യഭാവത്തിന് ദോഷം സംഭവിക്കും. ആ അവസ്ഥയില്‍ രോഗി മനോനിയന്ത്രണം, ധൈര്യം എന്നിവ നഷ്ടപ്പെട്ട് ദൈന്യാവസ്ഥയെ പ്രാപിക്കുന്നു. അപ്പോള്‍ ജീവിതത്തിനും, ആരോഗ്യത്തിനും ആവശ്യമായ ചര്യകളും, പത്ഥ്യങ്ങളും വെടിഞ്ഞ് അപത്ഥ്യങ്ങളില്‍ താല്‍പര്യം ജനിക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ രോഗശമനം ഉണ്ടാവുകയില്ല. അതുകൊണ്ട് യോഗചികിത്സയില്‍ പത്ഥ്യങ്ങളും, ചര്യകളും കൃത്യമായി പാലിക്കണം.

ഉദാഹരണത്തിന്,വാതരോഗത്താല്‍ ചലനശേഷി നഷ്ടപ്പെട്ട ഒരാള്‍ക്ക് ആസനാഭ്യസത്തിന്‍റെ സാദ്ധ്യത പരിമിതമായിരിക്കും. പ്രാണായാമാദി ക്രിയകളാണ് അധികം വേണ്ടിവരുക. അതിനാല്‍ ആ വ്യക്തിക്ക് ഉചിതമായതിനെ മാത്രം ക്രമപ്പെടുത്തി ശീലിപ്പിക്കുകയാണ് വേണ്ടത്.

രോഗത്തിന് യോഗത്തെ നിര്‍ദ്ദേശിക്കുമ്പോള്‍ ശാസ്ത്രരീതിയില്‍ ത്രിദോഷചിന്തക്കനുസരിച്ച് (വാത, പിത്ത, കഫങ്ങള്‍) നിര്‍ദ്ദേശിക്കാന്‍ സാധിച്ചാല്‍ ഏറ്റവും ഫലവത്തായിട്ടാണ് അനുഭവം. യോഗത്തിലെ ശരീരവിജ്ഞാനം അടിസ്ഥാനപരമായി ത്രിദോഷസിദ്ധാന്തത്തെ ആസ്പദമാക്കിയാണ്. അത്തരത്തിലുള്ള ജ്ഞാനം ഇന്ന് യോഗികളില്‍ വിരളവുമാണ്. യോഗഗ്രന്ഥങ്ങളെ അപേക്ഷിച്ച,് ചികിത്സാശാസ്ത്രമായ ആയുര്‍വ്വേദത്തിലാണ് ത്രിദോഷചിന്ത വിപുലമായിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനപരമായ കാഴ്ചപ്പാടും, അറിവും യോഗികള്‍ക്കും അനിവാര്യമാണ്. യോഗികള്‍ക്ക് രോഗനിര്‍ണ്ണയത്തിന്‍റെ ആവശ്യം ഇല്ലാത്തതുകൊണ്ടണ് വിപുലമായ ത്രിദോഷ ശാരീരത്തെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്തത്. ത്രിദോഷ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗചികിത്സ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞാല്‍ അത് അത്ഭുതഫലങ്ങളെ ഉളവാക്കും. ഇത്രയും യുക്തമായ ചികിത്സാ സമീപനം യോഗത്തില്‍ വേറെ ഇല്ല എന്നതാണ് സത്യം.

യോഗചികിത്സാ തത്ത്വം

രോഗം എന്നത് ശരീരത്തിലെ ബാഹ്യവും, ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥയാണ്. ഇതില്‍ ചിലത് ദൃഷ്ടവും, മറ്റു ചിലത് അദൃഷ്ടവുമാണ്. ആഹാരം, വിഹാരം, മാനസിക പ്രശ്നങ്ങള്‍, ഇന്ദ്രിയങ്ങളുടെ അനിയതമായ ഉപയോഗം, ശരീരായാസം, പ്രകൃത്യാലുള്ള അനാരോഗ്യം, കാല പരിണാമം, കര്‍മ്മം തുടങ്ങി നിരവധി കാരണങ്ങളെ ആസ്പദമാക്കിയാണ് രോഗമുണ്ടാകുന്നത്. ഇവയെല്ലാം എപ്പോഴും നിയന്ത്രണവിധേയമല്ല. പലതും നമ്മള്‍ അറിയുന്നതേയില്ല. സ്വസ്ഥാവസ്ഥയിലും അല്‍പസ്വല്‍പം ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അത് പരിധി വിടുമ്പോള്‍ രോഗമായി മാറുന്നു. അവയെല്ലാം ഒരുപോലെ നിയന്ത്രിച്ച് ശരീരപ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കി ആരോഗ്യം നിലനിര്‍ത്താന്‍ നിത്യമായ യോഗസാധനക്ക് സാധിക്കും. സ്വസ്ഥാവസ്ഥയില്‍ ആരോഗ്യപോഷണവും, രോഗാവസ്ഥയില്‍ രോഗശമനവുമാണ് യോഗചികിത്സയുടെ ലക്ഷ്യമെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.

ശരീരത്തിലെ മാലിന്യം രോഗവും, ശുദ്ധി ആരോഗ്യവുമാണ്. യോഗം ശുദ്ധീകരണ പ്രക്രിയയാണ്. അത് നിത്യം ശീലിച്ചാല്‍ രോഗം ബാധിക്കുകയില്ല. മാലിന്യത്താല്‍ പ്രവര്‍ത്തന വൈകല്ല്യം സംഭവിക്കുന്നതാണ് രോഗം. അതിനെ നീക്കലാണ് യോഗം. ഓരോരോ രോഗത്തിനും വെവ്വേറെ യോഗമുറകളെ നിര്‍ദ്ദേശിക്കാമെങ്കിലും, പ്രായോഗിക തലത്തില്‍ വ്യക്തിക്കനുസരിച്ച് ചില മാറ്റങ്ങള്‍ ആവശ്യമായി വരും. യുക്തിക്ക് ഇതില്‍ വലിയ പ്രാധാന്യമുണ്ട്.

മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോള്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ തടസ്ഥം സംഭവിക്കും. അതാണ് രോഗഹേതു. അതിനെ രണ്ടു തരത്തില്‍ നിര്‍ഹരിക്കാം. ഒന്ന് ശോധനവും, മറ്റേത് ശമനവും. മലായനങ്ങളിലൂടെ തല്‍സമയം പുറത്തു കളയുന്നത് ശോധനവും, ക്രമമായി സാവധാനത്തില്‍ നീക്കുന്നത് ശമനവുമാകുന്നു. അതില്‍ ഷട്കര്‍മ്മങ്ങളെക്കൊണ്ട് ശോധനവും, മറ്റു ആസന പ്രാണായാമാദി ക്രിയകളെക്കൊണ്ട് ശമനവും നിര്‍വ്വഹിക്കപ്പെടുന്നു. മാലിന്യങ്ങളുണ്ടാകുന്നത് അഗ്നി വൈഷമ്യം, അഥവാ ദഹനക്കുറവുകൊണ്ടാണ്. അതിന് ‘ആമം’ എന്നാണ് സാങ്കേതിക സംജ്ഞ. അടിസ്ഥാനപരമായി ആമത്തെ നീക്കി അഗ്നിയെ ബലപ്പെടുത്തുന്നവയാണ് എല്ലാ യോഗക്രിയകളും. അതാണ് യോഗചികിത്സയുടെ മൂലസിദ്ധാന്തം.
ഗ്രന്ഥങ്ങളില്‍ ഫലശ്രുതി പറഞ്ഞിട്ടുള്ള യോഗക്രിയകളെ അതാതു രോഗങ്ങളില്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. അല്ലാത്തതിനെ അനുഭവം കൊണ്ടും, യുക്തികൊണ്ടുമാണ് മനസ്സിലാക്കി ഉപയോഗിക്കേണ്ടത്. ത്രിദോഷസിദ്ധാന്തത്തെ അവലംബിച്ച് രോഗനിര്‍ണ്ണയം വരെ പരാപേക്ഷ കൂടാതെ നിര്‍വ്വഹിക്കാന്‍ കഴിയും.

ചില യോഗചികിത്സാ നിര്‍ദ്ദേശങ്ങള്‍

1. രക്തസമ്മര്‍ദ്ദം – നാഡീശുദ്ധി പ്രാണായാമം, ശവാസനം, ധ്യാനം, പത്മാസനം, വജ്രാസനം
2. ആസ്ത്മ അഥവാ ശ്വാസരോഗം – നാഡീശുദ്ധി, കപാലഭാതി, മത്സ്യാസനം,ഭുജംഗാസനം, വമനധൗതി, ഭസ്ത്രിക പ്രാണായാമം
3. മലബന്ധം, വിശപ്പില്ലായ്മ – പവനമുക്താസനം, ഉഡ്ഡിയാനബന്ധം, യോഗമുദ്ര, പശ്ചിമോത്താനാസനം, മയൂരാസനം, മത്സ്യേന്ദ്രാസനം, ശശാങ്കാസനം.
4. ഉറക്കമില്ലായ്മ – സീത്കാരി പ്രാണായാമം, ശീതളി പ്രാണായാമം, യോഗനിദ്ര, ഭുജംഗിനി മുദ്ര, ധ്യാനം.
5. പ്രമേഹം – യോഗമുദ്ര, അഗ്നിസാരധൗതി, വസ്ത്രധൗതി, സര്‍വ്വാംഗാസനം, മത്സ്യാസനം, ഹലാസനം, ശലഭാസനം, ധനുരാസനം, ഉഡ്ഡിയാനബന്ധം.
6. നടുവേദന – ഭുജംഗാസനം, ശലഭാസനം, ധനുരാസനം, പവനമുക്താസനം, ത്രികോണാസനം
7. സ്ഥൗല്ല്യം – സൂര്യനമസ്കാരം, പശ്ചിമോത്താനം, അര്‍ദ്ധമത്സ്യേന്ദ്രാസനം, ചക്രാസനം, ഉഷ്ട്രാസനം
8. മാനസിക പ്രശ്നങ്ങള്‍ – നാഡിശുദ്ധി, ശീര്‍ഷാസനം, ധ്യാനം, യോഗനിദ്ര, ഭ്രാമരി പ്രാണായാമം.
9. മൂലവ്യാധികള്‍ – യോഗമുദ്ര, മഹാമുദ്ര, മൂലബന്ധം, അഗ്നിസാര ക്രിയ, ഉഡ്ഡിയാന ബന്ധം
10. വായുക്ഷോഭം (ഗ്യാസ്) – പവനമുക്താസനം, നൗളിക്രിയ, ഹലാസനം, ഗുരുപാദാസനം, പശ്ചിമോത്താനം

ഇതെല്ലാം സാമാന്യനിര്‍ദ്ദേശം മാത്രമാണ്. ഒരോ രോഗത്തിനും ഏറ്റവും പറ്റിയ ഏതാനും ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. ഒരേ ക്രിയ തന്നെ പല രോഗങ്ങളിലും ഹിതമായിരിക്കും. ഏതു രോഗത്തിലായാലും ഒരു ക്രമത്തെ ചിട്ടപ്പെടുത്തിയെടുക്കണം. ഒരോ രോഗത്തിനും, ഓരോ ആസനം എന്ന രീതിയല്ല അനുകരിക്കേണ്ടത്. ജ്ഞാനവും, അനുഭവമുള്ള വ്യക്തികളുടെ ഉപദേശപ്രകാരം വേണം യോഗചികിത്സ സ്വീകരിക്കാന്‍. യുക്തിഭേദം, വ്യക്തിംപ്രതി വേണ്ടിവരുമെന്ന് ആദ്യമെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ.

രോഗാവസ്ഥയില്‍ ആസനം, പ്രാണായാമം തുടങ്ങിയ അഭ്യാസങ്ങള്‍ക്ക് ദേഹം ഹിതമല്ലെങ്കില്‍ യുക്തമായ ലഘു വ്യായാമത്തില്‍ നിന്ന് തുടങ്ങണം. അതാത് ആസനങ്ങളെ സ്വാധീനിക്കാന്‍ പര്യാപ്തമായ ലഘു വ്യായാമമായിരിക്കണം അവ. ദേഹത്തിന്‍റെ കോട്ടം തീര്‍ത്ത് അയവു വരുമ്പോള്‍ ക്രമത്തില്‍ ആസനങ്ങളിലേക്ക് പ്രവേശിക്കാം.

പനി, ജലദോഷം, കഫോപദ്രവങ്ങള്‍ എന്നിവയുള്ളപ്പോള്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഉചിതം. നിത്യം ശീലിക്കുന്നവര്‍ തന്നെ ആ സമയത്ത് യോഗ പരിശീലനം ഒഴിവാക്കണം. അല്ലെങ്കില്‍, കഫം ഇളകി രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. അധികം ക്ഷീണിച്ച അവസ്ഥയിലും, ഉറക്കം ശരിയായിട്ടില്ലെങ്കിലും, ആഹാരം കഴിക്കാന്‍ പറ്റാത്ത സാഹചര്യത്തിലും മറ്റും യോഗം അഭ്യസിക്കരുത്. ദേഹസ്ഥിതി അറിഞ്ഞുകൊണ്ടു വേണം യോഗചികിത്സ നിശ്ചയിക്കാന്‍.

– ആചാര്യ വി.വാസുദേവന്‍