വിഷാദം എന്നത് എല്ലാവരും അനുഭവിച്ചിട്ടുള്ളതാണ്. ജീവിതത്തിന്‍റെ ദുഃഖകരമായ ചില ഘട്ടങ്ങളില്‍ നാം അനുഭവിക്കുന്ന ഒരു വികാരമാണ് വിഷാദം എന്നത്. ഇത് സാഹചര്യങ്ങളോടുള്ള ശരീരത്തിന്‍റെ ഒരു സ്വാഭാവിക പ്രതികരണമായി കണക്കാക്കാവുന്നതാണ്. എന്നാല്‍ പ്രത്യേകിച്ചും ഒരു കാരണവുമില്ലാതെ ഒരു വ്യക്തി വിഷാദത്തിലടിമപ്പെടുകയും മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പറ്റാത്ത ഒരവസ്ഥയിലുമാകുമ്പോഴാണ് വിഷാദം എന്ന രോഗത്തെക്കുറിച്ച് നാം ചിന്തിക്കുന്നത്.
കാരണങ്ങള്‍
വിഷാദം എന്ന രോഗത്തിന് പലവിധ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതിലൊന്ന് ജനിതകമായ കാരണമാണ്. ജീവിതത്തിലുണ്ടാകുന്ന മാനസിക സമ്മര്‍ ദ്ദങ്ങള്‍, ബന്ധങ്ങളിലുണ്ടാവുന്ന ശിഥിലത, കുട്ടിക്കാലത്തുണ്ടായ ചില അനുഭവങ്ങള്‍ തുടങ്ങിയവയും ചില അപകടങ്ങള്‍ പ്രത്യേകിച്ചും തലയിലുണ്ടാകുന്ന ചില ക്ഷതങ്ങളും വിഷാദം എന്ന രോഗത്തിന് കാരണമായി വരാറുണ്ട്. വിഷാദം എന്ന രോഗം ഏത് പ്രായക്കാരിലും കാണുന്നതാണ്. എന്നാല്‍ കൂടുതല്‍ കണ്ടു വരുന്നത് 20-നും 30-നും ഇടയിലുള്ളവര്‍ക്കാണ്. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അതോടൊപ്പം വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം.
ലക്ഷണങ്ങള്‍
വിഷാദം എന്ന അവസ്ഥ കൂടാതെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഈ രോഗത്തില്‍ സാധാരണയായി കണ്ടുവരാറുണ്ട്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ചിലത് തുടര്‍ച്ചയായി രണ്ടാഴ്ചയോ അതിലധികമോ ആയി കാണുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.
- മനസ്സ് പൂര്‍ണ്ണമായും ശൂന്യമായി എപ്പോഴും ഭയവും വിഷാദവുമായി അനുഭവപ്പെടുക
- നിരാശ
- തന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ല എന്ന ചിന്ത.
- ഒരു പ്രവൃത്തിയിലും താല്‍പര്യമില്ലായ്മ.
- ശാരീരികമായ ക്ഷീണം.
- ഒന്നിലും ശ്രദ്ധ കൊടുക്കാതിരിക്കുക.
- ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ സാധിക്കാതിരിക്കുക.
- ഒരു പക്ഷെ ഉറക്കമില്ലാതിരിക്കുക. അമിതമായ ഉറക്കം ഉണ്ടാവുക.
- ഭക്ഷണത്തിന് താല്പര്യമില്ലാതിരിക്കുക.
- ശരീരഭാരം കുറയുക.
- മരണത്തെക്കുറിച്ചും, അത്മഹത്യയെക്കുറിച്ചും ചിന്തിക്കുക.
- ഒരു തരത്തിലും സ്വസ്ഥത ഇല്ലാതിരിക്കുക.
- തുടര്‍ച്ചയായി ശരീരത്തിന് പലവിധ അസുഖങ്ങളുമുണ്ടെന്ന് തോന്നുക.
എല്ലാവരിലും ഈ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി കാണണമെന്നില്ല. വിഷാദം എന്ന രോഗം പുരുഷനേക്കാള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഹോര്‍മോണുകളുടെ വ്യതിയാനവും, ശാരീരിക മാനനസിക ഘടകങ്ങളും ഇതിന് കാരണമാണ്. സ്ത്രീകളില്‍ വിഷാദത്തിന്‍റെ ലക്ഷണങ്ങളില്‍ നിരാശയാണ് പ്രധാനമായും കാണാറുള്ളത്. എന്നാല്‍ പുരുഷന്മാരില്‍ അമിതമായ ക്ഷീണം, മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ താല്‍പര്യമില്ലായ്മ. ഉറക്കമില്ലായ്മ എന്നിവ പ്രധാനമാണ്. കുട്ടികളില്‍ അരക്ഷിതാവസ്ഥയും, ഭയവും, സ്കൂളുകളിലേക്ക് പോകുവാനുള്ള മടിയും എപ്പോഴും ശാരീരികരോഗങ്ങള്‍ ഉണ്ടെന്ന് പറയുന്നതും എടുത്തു പറയേണ്ടതാണ്.
എങ്ങിനെ പരിചരിക്കണം
വിഷാദരോഗികള്‍ എപ്പോഴും ദുഖിച്ചിരിക്കുകയും, ശാരീരികരോഗങ്ങളെക്കുറിച്ച് പരാതി പറയുകയും, പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ഒക്കെ ചെയ്യാം. ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ അസ്വസ്ഥരായി അതിനെതിരായി ദേഷ്യത്തോടെ പ്രതികരിച്ചാല്‍ അത് കൂടുതല്‍ രോഗ വര്‍ദ്ധനവിന് കാരണമായേക്കാം. അതിനാല്‍ വിഷാദ രോഗികളോട് വളരെ ക്ഷമാപൂര്‍വ്വം നാം ഇടപെടേണ്ടതുണ്ട്. അവര്‍ക്ക് എപ്പോഴും ധൈര്യം കൊടുക്കേണ്ടിയിരിക്കുന്നു. അവരെ നാം ശ്രദ്ധയോടെ കേള്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ടതാണ്. അവരെക്കൊണ്ട് പുറത്ത് പോകുവാനും ഒപ്പം നടക്കുവാനും നാം ശ്രമിക്കേണ്ടതാണ്. അവരുടെ വികാരങ്ങളെ തള്ളിക്കളയാതിരിക്കുക. പക്ഷെ അതിന്‍റെ സത്യാവസ്ഥ പറഞ്ഞുകൊടുത്ത് ആശ നല്‍കികൊണ്ടിരിക്കുക. ആത്മഹത്യ പോലുള്ള സൂചനകള്‍ പറയുന്നുണ്ടെങ്കില്‍ തള്ളി കളയാതിരിക്കുക. അമിതമായ നിര്‍ബന്ധങ്ങള്‍ അവരെ കൂടുതല്‍ വേദനിപ്പിച്ചേക്കും. അതിനാല്‍ സ്നേഹപൂര്‍ണ്ണമായ സംസാരം കൊണ്ടും പ്രതികരണം കൊണ്ടും അവരെ മനസ്സിലാക്കിക്കുവാന്‍ ശ്രമിക്കുക.വീട്ടില്‍ ഒരു വിഷാദ രോഗിയുണ്ടെങ്കില്‍ വളരെ ക്ഷമയോടെ അവരോട് സംവദിക്കാന്‍ നമുക്ക് പറ്റണം. കൃത്യ സമയത്തുള്ള വൈദ്യസഹായവും, സ്നേഹസംമ്പുഷ്ടമായ പരിചരണവും കൊണ്ട് വിഷാദരോഗിയെ വളരെ പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്കെത്തിക്കുവാന്‍ നമുക്ക് സാധിക്കും.
വിഷാദ ചികിത്സ ആയുര്‍വേദത്തില്‍
ഏത് തരത്തിലുള്ള ചികിത്സാ രീതിയാണെങ്കിലും രോഗിയെ പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടുള്ള ചികിത്സക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇതിന് ഡോക്ടര്‍, രോഗി, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. മനസ്സിന്‍റെ ഗുണങ്ങളായ സത്വ രജോ തമോ ഗുണങ്ങളുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ചും ത്രിദോഷങ്ങളായ വാത പിത്ത കഫങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചും ആയുര്‍വേദത്തില്‍ വിഷാദം എന്ന രോഗത്തിന്‍റെ ചികിത്സ ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കാം. വൈദ്യ നിര്‍ദ്ദേശപ്രകാരമുള്ള യുക്തമായ എണ്ണകൊണ്ടുള്ള തേച്ചുകുളി , ചികിത്സാക്രമങ്ങളായ നസ്യം (മൂക്കില്‍ക്കൂടിയുള്ള ഔഷധ പ്രയോഗം), ശിരോധാര, ഞവരക്കിഴി മുതലായവയും വിഷാദം എന്ന രോഗത്തില്‍ അവസ്ഥക്കനുസരിച്ച് ചെയ്യാവുന്നതാണ്. കല്യാണകം കഷായം, അശ്വഗന്ധാരിഷ്ടം, സാരസ്വതാരിഷ്ടം കല്യാണഘൃതം, മഹാകല്യാണഘൃതം, ബ്രഹ്മിഘൃതം തുടങ്ങിയ ഔഷധങ്ങളും വിധിയാം വണ്ണം ഉപയോഗിക്കാം. രോഗിയുടെ പചന ക്രമം കൃത്യമാക്കാനും ദഹന ശേഷി, ദേഹബലം എന്നിവ വര്‍ദ്ധിപ്പിക്കാനുമുള്ള ചികിത്സകളും ആയുര്‍വേദവിധി പ്രകാരം ചെയ്യാവുന്നതാണ്.
വിഷാദ രോഗിയുടെ ആഹാര ക്രമം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദഹനശേഷി കുറഞ്ഞിരിക്കുന്നത് കൊണ്ടു തന്നെ എളുപ്പം ദഹിക്കാവുന്നതും, ദ്രവങ്ങളും പച്ചക്കറികളും, പഴങ്ങളും കൂടുതലുള്ള ആഹാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത്.
പ്രാണായാമം, യോഗാസനങ്ങള്‍ മറ്റ് ശാരീരിക വ്യായാമങ്ങള്‍ എന്നിവയ്ക്കും വിഷാദ ചികിത്സയില്‍ ഏറെ പ്രാധാന്യമുണ്ട്. അത് ഒരു വൈദ്യ നിര്‍ദ്ദേശ പ്രകാരം തന്നെ ശീലിക്കേണ്ടതാണ്. നല്ല പാട്ട് കേല്‍ക്കുക, മിതമായ നടത്തം, ഉറ്റസുഹൃത്തുക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും സമയം ചിലവഴിക്കുക, മദ്യം, പുകവലി എന്നിവ ഒഴിവാക്കുക, കൂടുതല്‍ സമയം ഒറ്റക്കിരിക്കാതിരിക്കുക എന്നിവയും വിഷാദരോഗചികിത്സയ്ക്ക് അനിവാര്യമാണ്.
കൃത്യസമയത്തെ വൈദ്യസഹായവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അവസരോചിതമായ ഇടപെടലുകളും, അവരെ രോഗിയായി ഇരുത്താതെ നമ്മോടൊപ്പം ചേര്‍ത്ത് ധൈര്യം പകരാനും സാധിച്ചാല്‍ വിഷാദം എന്ന രോഗത്തെ എളുപ്പത്തില്‍ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.
– ഡോ. സജി ശ്രീധര്‍
HOD Salyatanthra,
Govt. Ayurveda Medical College
Kottar, Nagerkoil, Tamilnadu