ആരോഗ്യത്തെ കുലുക്കുന്ന ശീതളപാനീയങ്ങള്‍

Sarbat-sales-summer

വേനല്‍ കടുക്കുന്നതോടെ ശീതളപാനീയങ്ങളുടെ വില്‍പനയും ക്രമാതീതമായി വര്‍ധിക്കുകയാണ്. വേനല്‍ ചൂടിലെ യാത്രാവേളകളില്‍ നാമറിയാതെ നമ്മെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് കൊച്ചുകൊച്ചു ശീതളപാനീയ കടകള്‍. കരിമ്പിന്‍ ജ്യൂസ,് ഇളനീര്‍, കുലുക്കി സര്‍ബത്ത് അടക്കമുള്ള പാനീയങ്ങള്‍ ഇവയില്‍ പെടുന്നതാണ്. ചൂടിനെ തീവ്രതയില്‍ നാം അറിയാതെ ഇത്തരം പാനീയങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതമാവുന്നു.

അതുപോലെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്ന മറ്റൊന്നാണ് വിവിധ വര്‍ണ്ണങ്ങളിലുള്ള ഐസ് പെട്ടികള്‍. നമുക്ക് ചുറ്റിലുമുള്ള ആബാലവൃദ്ധം ജനങ്ങളും ഇതിന്‍റെ ഉപഭോക്താക്കളാണ്. പിന്നെ തന്‍റെ രക്ഷിതാക്കള്‍ തന്നെ തന്‍റെ അഞ്ചും പത്തും വയസ്സുള്ള പിഞ്ചോമനകള്‍ക്ക് ഓറഞ്ചും പച്ചയും ചുവപ്പും നിറങ്ങള്‍ യഥേഷ്ടം ചേര്‍ത്തിട്ടുള്ള ഇത്തരം പാനീയങ്ങള്‍ വാങ്ങിച്ചു നല്‍കാറുണ്ട്. നല്ല ആരോഗ്യത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. എന്നാല്‍ 100% സാക്ഷരരായ നമ്മുടെ കേരളത്തില്‍ ഇത്തരം പാനീയങ്ങളുടെ വില്‍പനകള്‍ തിമിര്‍ക്കുകയാണ് എന്ന് നാം തിരിച്ചറിയണം.

ഇത്തരം പാനീയങ്ങളില്‍ ചേര്‍ക്കാന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ഐസുകളില്‍ പകുതിയിലധികവും ഭക്ഷ്യയോഗ്യമല്ല. ശുദ്ധജലത്തില്‍ തയ്യാറാക്കുന്ന ഐസുകള്‍ ക്ക് പകരം മത്സ്യം സൂക്ഷിക്കാനുപയോഗിക്കുന്ന വിലകുറഞ്ഞ ഐസുകള്‍ ആണ് ഉപയോഗിച്ചുവരുന്നത്.എങ്കിലും വിവിധ നിറങ്ങളുടെയും രുചികളുടെയും മാസ്മരിക ലോകത്തേക്ക് നാമറിയാതെ ആകര്‍ഷിക്കപ്പെട്ടു പോകുന്നു.

ഏറെ കമ്പോള വല്‍ക്കരിക്കപ്പെടുന്ന ഈ ആധുനികകാലത്ത് നാം നമ്മുടെ പഴമയെ മറന്നുകൊണ്ട് പുതിയ ശൈലികള്‍ക്ക് പുറമേ പോകാറുണ്ട്. എന്നാല്‍ അത് വരും തലമുറയെ എത്രത്തോളം സ്വാധീനിക്കപ്പെടുന്നു എന്ന് നാം ചിന്തിക്കാറില്ല. അധികം പുളിയില്ലാത്ത മോരില്‍ നാം ഉപ്പും നാരകത്തിലയും ഇഞ്ചിയുമൊക്കെ ചേര്‍ത്ത് ഉണ്ടാക്കി കലത്തില്‍ സൂക്ഷിച്ചുവച്ച് ഉണ്ടാക്കുന്ന സംഭാരം ഏതു ദാഹത്തെയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ നാം എത്ര പേര്‍ ഇത് നമ്മുടെ കുട്ടികള്‍ക്ക് ഈ വേനല്‍ക്കാലത്ത് നല്‍കാറുണ്ട്. കസ്കസ് ഇട്ടു വെച്ച നാരങ്ങാവെള്ളം, നന്നാറി സര്‍ബത്ത്, തേന്‍വെള്ളം മറ്റു പഴച്ചാറുകള്‍ എന്നിവയും നമുക്ക് വീട്ടില്‍ നിര്‍മ്മിച്ച സൂക്ഷിക്കാവുന്നതാണ്.വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന നാടന്‍ മാങ്ങകള്‍ ചക്കപ്പഴം തുടങ്ങിയവയും വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്.

പ്രത്യേകിച്ച് യാത്രാവേളകളില്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക. വെയിലത്ത് നടക്കേണ്ടി വരുമ്പോള്‍ കുട തീര്‍ച്ചയായും ഉപയോഗിക്കുക. കുട്ടികള്‍ക്ക് സ്നാക്സുകള്‍ക്ക് പകരം പഴങ്ങളില്‍ ഏതെങ്കിലും ഒന്നു നല്‍കുക.
അമിത വെയിലുള്ള സമയത്ത് ഒഴിവാക്കാന്‍ പറ്റുന്ന യാത്രകള്‍ ഒഴിവാക്കുക.