കിണറില്‍ വെള്ളമില്ലെങ്കില്‍ റീച്ചാര്‍ജ് ചെയ്യൂ

മഴ കഴിഞ്ഞാല്‍ പിന്നെ കിണറിലെ ജലനിരപ്പ് താഴാന്‍ തുടങ്ങുകയായി. എല്ലാവരും കിണറുകളില്‍മോട്ടോര്‍ വച്ച് പമ്പ് ചെയ്യാന്‍ തുടങ്ങിയതോടെ കിണറുകളിലെ ജലനിരപ്പ് പെട്ടെന്ന് താഴുവാനും തുടങ്ങി. കിണറില്‍ നിന്ന് തുടിച്ച്കോരിയിരുന്ന കാലം ഒരു പക്ഷെ നാം ഓര്‍ക്കുന്നുണ്ടായിരിക്കണം. അന്നൊക്കെ കിണര്‍ വെള്ളത്തിന് നല്ല സ്വാദുണ്ടായിരുന്നു. എന്നാല്‍ പമ്പ് ചെയ്ത് വരുന്ന വെള്ളത്തിന് ആ സ്വാദ് ഇല്ലാതാനും. ഇക്കാലങ്ങളില്‍ കിണറിന് ഉള്‍വശംനോക്കിയാല്‍ പലയിടങ്ങളിലും അനക്കമില്ലാത്ത ഒരു പാട നിലനില്‍ക്കുന്നതായി കാണാം. കിണറും മനുഷ്യനും തമ്മിലുള്ള ബന്ധം അറ്റതുപോലെയായി. ഈ അവസ്ഥയിലാണ് നാം കിണര്‍ റീച്ചാര്‍ജിങ്ങിനെക്കുറിച്ച് ചിന്തിക്കുന്നത്. മൊബൈല്‍ഫോണ്‍ വരാന്‍ തുടങ്ങിയതോടെ റീച്ചാര്‍ജിംങ്ങ് എന്ന പദം ഏവര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയായി. ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നപോലെതന്നെ ചെയ്യാവുന്ന ഒരു സംഗതിയാണ് കിണര്‍ റീച്ചാര്‍ജിംഗ് എന്നു പറയുന്നത്. ഇതിന് വൈദ്യുതിവേണ്ട. എന്നാല്‍ വെള്ളമാണ് വേണ്ടത്.

കേരളത്തില്‍ ഏകദേശം 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ആയിരം ചതുരശ്ര അടിയുള്ളമേല്‍ക്കൂരയ്ക്കു മുകളില്‍ ശരാശരി രണ്ടര മുതല്‍ മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം ലഭിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരു സെന്‍റ് ഭൂമിയില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ മഴവെള്ളം വര്‍ഷത്തില്‍ ലഭ്യമാകുന്നു. കുപ്പി വെള്ളത്തിനായി ലിറ്ററിനു 15 രൂപ നിരക്കില്‍ പറയുമ്പോള്‍ ഇത്തരം 15 ലക്ഷം രൂപയുടെ വിഭവമാണ് പ്രകൃതി അല്ലെങ്കില്‍ ഈശ്വരന്‍ നമുക്ക് സൗജന്യമായി തരുന്നത്.

ഒരു ചതുരശ്ര കിലോ മീറ്ററില്‍ ഏകദേശം 200 സാധാരണ കിണറുകള്‍ ഉള്ള പ്രദേശമാണ്കേരളം. ഇത്രയധികം മഴയും അതുപോലെ കിണറുകളും ഉള്ളകേരളത്തില്‍ ജലക്ഷാമം ഉണ്ടാകാന്‍ പാടില്ല. ഈ അവസരത്തില്‍ നാം കിണര്‍ റീചാര്‍ജ്ജിംഗിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രധാനമായി മൂന്നു വിധത്തില്‍ കിണര്‍ റീച്ചാര്‍ജ്ജു ചെയ്യാം.

പുരയിടത്തില്‍ ലഭ്യമാകുന്ന മഴവെള്ളത്തെ പുരയിടത്തില്‍ നിന്നു പുറത്തുപോകാതെ കിണറുകളെകേന്ദ്രീകരിച്ച് മണ്ണില്‍ താഴ്ത്തുക. ( തീരപ്രദേശങ്ങളിലും വെള്ളകെട്ടുള്ള പ്രദേശങ്ങളിലും ഇതിന് സാധ്യത ഇല്ല.)
കിണറിനെകേന്ദ്രീകരിച്ച് മഴക്കുഴിയോ ചാലുകളോ തെങ്ങിന്‍ തടങ്ങളോ ഉണ്ടാക്കി മഴവെള്ളം മണ്ണില്‍ താഴ്ത്തുക. ഉയര്‍ന്ന പ്രദേശങ്ങളിലും സമതല പ്രദേശങ്ങളിലും അനുയോജ്യം.

മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം പാത്തികളിലൂടെ അല്ലെങ്കില്‍ പൈപ്പിലൂടെ കിണറിനരികത്തേക്ക് കൊണ്ടുവന്ന് ഫില്‍റ്റര്‍ സംവിധാനം ഘടിപ്പിച്ച് മഴവെള്ളം കിണറിനകത്തേക്ക് കൊടുക്കണം.മേല്‍ക്കൂരയിലെ അഴുക്കുകള്‍ ഫില്‍റ്റര്‍ ചെയ്യുവാന്‍ അരിപ്പ സംവിധാനം ഇതിലുണ്ട്. ഫില്‍റ്ററില്ലാതെ, ആദ്യ മഴയില്‍ പെയ്യുന്ന അഴുക്കുകള്‍ കളയുവാന്‍ ഉപയോഗിക്കുന്ന ഫസ്റ്റ് ഫ്ളഷ് സംവിധാനം ഉപയോഗപ്പെടുത്തിയും ഇതു ചെയ്യാം. കിണറിനരികെയായി സുരക്ഷിത അകലം പാലിച്ച് ഭൂമിയ്ക്ക് ചെരുവുണ്ടെങ്കില്‍ കിണറിന്‍റെ ഉയര്‍ന്ന ഭാഗത്തായി)ഒരു കുഴിയെടുത്ത് – ഒരു മീറ്റര്‍ ക്യൂബ് വലിപ്പം- ഫസ്റ്റ് ഫ്ളഷിലൂടെ വരുന്ന മഴവെള്ളം അതിലേക്ക് ഇറക്കണം. കാലവര്‍ഷത്തിലേയും തുലാവര്‍ഷത്തിലേയും മഴവെള്ളം ഈ വിധത്തില്‍ കിണറില്‍ ഇറക്കണം. എന്നാല്‍വേനല്‍ മഴയ്ക്ക് കിട്ടുന്ന മഴവെള്ളമാണ് ഇതിനേക്കാള്‍ ഫലം ചെയ്യുക. ഇങ്ങനെ ചെയ്താല്‍വേനലില്‍ നമ്മുടെ കിണറില്‍ യഥേഷ്ടം വെള്ളം ഉണ്ടാകും. തീരപ്രദേശങ്ങളില്‍ കിണറുകളില്‍ ഉപ്പുരസം മാറി ശുദ്ധജലം ലഭിക്കാന്‍ ഇപ്രകാരം മഴവെള്ളംശേഖരിച്ച് കിണറില്‍ ഇറക്കണം.

ഏകദേശം 7500 രൂപ ചിലവേ ഇത് ചെയ്യുവാന്‍വേണ്ടി വരൂ. അല്ലെങ്കില്‍ ഇതിന്‍റെ പാത്തിയ്ക്കും പൈപ്പിനും ക്ലാമ്പുകള്‍, ആണി, പശ എന്നിവയ്ക്കുംവേണ്ടിവരുന്ന ചിലവും 2 പ്ലമ്പര്‍മാരുടെ ഒരു ദിവസത്തെ കൂലിയും മാത്രമാണ് ചിലവ്. തൃശ്ശൂര്‍ ജില്ലയില്‍ ഈ പദ്ധതിയെ ‘മഴപ്പൊലിമ’ കിണര്‍ റീച്ചാര്‍ജിംങ്ങ് എന്നാണ്പേരിട്ട് വിളിക്കുന്നത്. ജില്ലയില്‍ 25000-ത്തിലധികം കിണറുകളില്‍ ഇത്തരത്തില്‍ കിണര്‍ റീച്ചാര്‍ജ്ജ് ചെയ്ത്വേനല്‍ ജലനിരപ്പിന്‍റെ കാര്യത്തില്‍ ഗുണം ഉണ്ടായിട്ടുണ്ട്.

കിണര്‍ റീച്ചാര്‍ജ്ജിംങ്ങ് പരിപാടിയില്‍ പൊതുജനങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രധാനചോദ്യം മഴക്കാലത്ത് കിണര്‍ നിറഞ്ഞുകിടക്കുമ്പോള്‍ ഇത് ചെയ്തിട്ട് കാര്യമുണ്ടോ എന്നാണ്. ഇതിന് ഉത്തരം, മഴക്കാലത്ത് കിണറുകള്‍ നിറഞ്ഞു കിടക്കുന്നതായി കാണുന്നത്. കിണറിലെ ജലം മണ്ണിന്‍റെ അടുക്കുകളിലൂടെ സഞ്ചരിച്ച് അരിയ്ക്കപ്പെട്ട്, അതിന്‍റെ ജലപത്തായങ്ങളിലേക്ക് സഞ്ചരിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സമയ ദൈര്‍ഘ്യത്തെയാണ് ഇത് കാണിക്കുന്നത്. ഇത് മണ്ണിന്‍റെ തരം, ഓരോ കിണറില്‍ നിന്നും ചുറ്റുവട്ടത്തുള്ള കിണറുകളില്‍ നിന്നുമുള്ള ജല ഉപയോഗം,സ്വേദനം, മഴയുടെതോത് തുടങ്ങിയ കാര്യങ്ങളുമൊക്കെ ബന്ധപ്പെട്ട് ഏറ്റക്കുറച്ചിലുണ്ടാകാം. മഴ നിന്നാല്‍, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കിണറിലെ ജലനിരപ്പ്വേഗം താഴുന്നതായി കാണാന്‍ സാധിക്കുന്നതാണ്. അതായത് കിണറില്‍ നിറഞ്ഞുകിടന്നിരുന്ന ജലം അതാത് കിണര്‍ ഉറവകളിലേക്ക് എത്തിച്ചേര്‍ന്നു തുടങ്ങി എന്നര്‍ത്ഥം. ഈ പ്രക്രിയയിലെ സമയ ദൈര്‍ഘ്യമാണ് കിണര്‍ നിറഞ്ഞുകിടക്കുന്നതായി കാണുന്നത്.

ഇതുപോലെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കിണറുകളില്‍ പൊതുവെ എല്ലാകാലത്തും ഉപ്പുരസം കാണുന്നു. എന്തുകൊണ്ടാണ് ഇത് രൂക്ഷമായി വരുവാന്‍ കാരണം? കാരണങ്ങള്‍ നിരവധിയാണ്. താഴെപ്പറയുന്നവ അവയില്‍ ചിലത് മാത്രം.

വീട്ടുപറമ്പുകളിലെ ചെറുകുളങ്ങള്‍ നാം മൂടിക്കളഞ്ഞു. മഴക്കാലത്തിനടുത്ത് ചെയ്തിരുന്ന കൃഷിമുറകള്‍ ഇല്ലാതായി. മഴവെള്ളം മണ്ണില്‍ താഴാതെയായി. ഓരുവെള്ളം/ ഉപ്പുവെള്ളം കയറാതിരിക്കുവാന്‍ കര്‍ഷകര്‍ തീര്‍ക്കുന്ന ചിറകള്‍ കുറഞ്ഞുപോയി. അല്ലെങ്കില്‍ പുതുക്കിയ ചീപ്പുകളെവേണ്ട സമയങ്ങളില്‍ അടച്ചുതുറക്കാതെയായി. പൈപ്പിലൂടെ വരുന്നക്ലോറിനിട്ട സര്‍ക്കാര്‍ കുടിവെള്ളം വരാന്‍ തുടങ്ങിയതോടെ നാം കിണറിനെ മറക്കുവാന്‍ തുടങ്ങി. ആധുനികതയുടെ തിരതള്ളലില്‍മോട്ടോര്‍ പമ്പ് സംവിധാനം കിണറുകളിലെ വെള്ളം മഞ്ഞനിറത്തിലോ ചുവപ്പ് നിറത്തിലോ ഉള്ളതാകുകയും കൂടുതല്‍ ഉപ്പുള്ളതായി കിണര്‍വെള്ളം രൂപാന്തരപ്പെടുകയും ചെയ്തു.

തീരപ്രദേശങ്ങളില്‍ ചില ഭാഗത്ത് കിണറിന്‍റെ ഉള്ളിലെ മണ്ണില്‍ ഇരുമ്പിന്‍റെ അംശം താരതമ്യേന കൂടുതലായതിനാല്‍ ഈ അംശഭാഗങ്ങള്‍ തുരുമ്പു പിടിച്ച മഞ്ഞ വെള്ളംപോലെ കിണര്‍ വെള്ളത്തില്‍ കലങ്ങിമോട്ടോര്‍ പമ്പ് പ്രവര്‍ത്തിക്കുന്നതു വഴി കൂടുതലായി പുറത്തേക്ക് വരാറുണ്ട്. കിണറിലെമോട്ടോര്‍വേറെ ഒരു വിനകൂടി വരുത്തുന്നുണ്ട്. പെട്ടെന്നുള്ള പമ്പിംങ്ങ് ആയതിനാല്‍ കടലിലെ ഉപ്പുവെള്ളം സുനാമിപോലെ ഭൂമിക്കടിയിലൂടെ നമ്മുടെ കിണറുകളില്‍ എത്തിച്ചേരും. ജിയോളജി വിഷയം കൈകാര്യം ചെയ്യുന്നവര്‍ ഇതിനെ ഹൈബന്‍ ആന്‍റ് ഹെര്‍സ്ബെര്‍ഗ് ബന്ധം എന്ന് വിശേഷിപ്പിക്കുന്നു. അതായത് തീരപ്രദേശങ്ങളില്‍ 1 മീറ്റര്‍ ഭൂജലത്തിന്‍റെ അളവ് താഴുകയാണെങ്കില്‍ കടല്‍ അടിത്തട്ടിലെ ജലം 40 മീറ്റര്‍ മണ്ണിനടിയിലൂടെ അകത്തേക്ക് കയറി വരും. (1:40 അനുപാതത്തില്‍).

ഏതായാലും കിണറുകളില്‍ ഉപ്പു രസം മാറി ശുദ്ധ ജലം ലഭിക്കാന്‍ നാം എന്തു ചെയ്യണം. ഇതിന് ഒരു പ്രതിവിധിയേ നമ്മുടെ പക്കല്‍ ഉള്ളൂ. അതായത് മഴവെള്ളംശേഖരിച്ച് കിണറില്‍ ഇറക്കണം. ഇത്മേല്‍ക്കൂരയില്‍ നിന്നോ ഷീറ്റ് വിരിച്ച് അവിടെ നിന്നോശേഖരിക്കുന്ന മഴവെള്ളം കിണറിന്‍റെ ഉള്‍വശത്തേക്ക് ഒഴുക്കണം. ഓടിട്ടമേല്‍ക്കൂരയില്‍ നിന്നോ ടെറസ്സിട്ടമേല്‍ക്കൂരയില്‍ നിന്നോ ഇങ്ങനെ ചെയ്യാന്‍ സാധിക്കും. ഇതിനുവേണ്ട പ്രധാന സാധനങ്ങള്‍ പാത്തി പൈപ്പ് എന്നിവയും മറ്റ് അനുബന്ധ വസ്തുക്കളുമാണ്. ഓടിട്ട വീടുകള്‍ക്ക് ക്ലാമ്പടിച്ച് പാത്തി ഉറപ്പിച്ചു നിറുത്തണം. ടെറസ്സിട്ട വീടുകളുടെമേല്‍ക്കൂരയില്‍ പുറത്തേക്ക് ഓവുപൈപ്പുകള്‍ നില്‍ക്കുന്നതു കാണാം. ഈ പുറത്തേക്ക് നില്‍ക്കുന്ന ഓവുപൈപ്പുകളെ പി വി സി പൈപ്പുകള്‍ ഉപയോഗിച്ച് കിണറിനടുത്തേക്ക് കൊണ്ടുവരണം. ഇങ്ങനെമേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് കൊണ്ടുവരുന്ന പൈപ്പുകളില്‍ ആദ്യമഴയിലെ വെള്ളം കളയാന്‍ വാല്‍വ് സംവിധാനമോ, ഠ- സംവിധാനമോ ഏര്‍പ്പെടുത്തണം.മേല്‍ക്കൂരയില്‍ അഴുക്ക് വീഴുന്ന പക്ഷം ഇത് അടച്ചു തുറക്കാന്‍ പാകത്തില്‍വേണം ഇത് ഫിറ്റ് ചെയ്യാന്‍. ഇനി ഫില്‍റ്റര്‍ ഘടിപ്പിയ്ക്കാം. ചരല്‍, മരക്കരി/ ചിരട്ടക്കരി എന്നിവയുടെ അടുക്കുകള്‍ ഫില്‍റ്റര്‍ ടാങ്കില്‍ ഇടണം. 300 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്കിന്‍റെ പകുതിയോളം ചിത്രത്തില്‍ കാണിച്ചതുപോലെ ഫില്‍റ്റര്‍ ഇടണം. ഇതിന്ശേഷം പൈപ്പിനെ കിണറിനകത്തേക്ക് ആനയിക്കാന്‍ പാകത്തില്‍ ഫിറ്റ് ചെയ്ത് നിറുത്തുക. ഈ പൈപ്പിനഗ്രഭാഗത്ത് ഒരു പ്ലാസ്റ്റിക് വല കെട്ടുന്നത് ഉചിതമാണ്.മേല്‍ക്കൂരയില്‍ വീഴുന്ന ഇലകള്‍ ഇതില്‍ തടയുകയും അതാത് വീട്ടുകാര്‍ക്ക് ഈ വല അഴിച്ച് വൃത്തിയാക്കുവാന്‍ സാധിക്കുകയും ചെയ്യും. മഴവെള്ളത്തിന് ഉപ്പുവെള്ളത്തെ അപേക്ഷിച്ച് സാന്ദ്രത കുറവായതിനാല്‍ മഴവെള്ളം കിണറിന്‍റെ അന്തര്‍ഭാഗത്ത് പൊന്തിക്കിടക്കുകയും ഉപ്പുവെള്ളം ഭൂമിയിലേക്ക് താഴുകയും ചെയ്യും. (എന്നാല്‍മോട്ടോര്‍ വച്ച് വലിച്ചാല്‍ ഉപ്പു കുറയുകയും മഞ്ഞനിറം കിണര്‍ വെള്ളത്തില്‍ കയറി വരികയും ചെയ്യും. ആയതിനാല്‍ തീരപ്രദേശങ്ങളിലെ കിണറുകളില്‍മോട്ടോര്‍ പമ്പ് വെയ്ക്കാതിരിക്കുകയാണു ചിതം). മഴക്കാലത്ത് കിണറിന്‍റെ പരിസരം വെള്ളത്തില്‍ മുങ്ങിയാലും കിണറിനകത്തേക്ക് മഴവെള്ളം വീഴുന്നതുകൊണ്ട് ഗുണം ഉണ്ട്. കിണറിന്‍റെ ആള്‍മറ/കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഒരു വലിയ പാത്രംപോലെ പ്രവര്‍ത്തിക്കും. മഴവെള്ളത്തെ ഉപ്പുവെള്ളത്തിന് മീതെ നിറുത്തി ഉപ്പുരസത്തിനെ താഴെയ്ക്ക് തള്ളിയിറക്കാന്‍ സഹായിക്കുന്നു.

ഏതു വിധേന ആയാലും മഴവെള്ളം കിണറില്‍ എത്തണം. മഴക്കാലത്തും വേനലിലും കിണറില്‍ ശുദ്ധജലം ഉറപ്പ്. ഇങ്ങനെ ചെയ്ത കിണര്‍ വെള്ളത്തിലെ ഉപ്പരസവും നിറവ്യത്യാസങ്ങളും മാറുന്നതിനുള്ള ധാരാളം ഉദാഹരണങ്ങള്‍ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മണലൂര്‍, ഒരുമനയൂര്‍, പാവറട്ടി, കടപ്പുറം, വാടാനപ്പിള്ളി തുടങ്ങിയ പല പഞ്ചായത്തുകളിലും ഗുരുവായൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റിയിലും ഇതുപോലെ കാണാം. ഇതുമൂലം വേനലില്‍ സര്‍ക്കാര്‍ കുടിവെള്ളം കാത്ത് നില്‍ക്കേണ്ട ഗതികേട് ഒഴിവാക്കികിട്ടിയെന്ന് അതത് കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കിണര്‍ റീചാര്‍ജ്ജിംങ്ങിനു സബ്സിഡി ലഭിക്കും. നിങ്ങളുടെ ഗ്രാമപഞ്ചായത്തു മെമ്പറെയോ, മുനിസിപ്പല്‍ കണ്‍സിലറേയോ സമീപിച്ച് താഴെപ്പറയുന്ന ഗവണ്‍മെന്‍റ് ഓര്‍ഡറുകള്‍ (തദ്ദേശഭരണ വകുപ്പ്) ഉദ്ധരിച്ച് സര്‍ക്കാര്‍സേവനം ഉപയോഗപ്പെടുത്താം.
സ.ഉ. (ആര്‍.ടി) നം.296/14 തസ്വഭവ തീയ്യതി 31,01.2014
സ.ഉ. (എം.എസ്സ്) നം.4/2016 തസ്വഭവ തീയ്യതി 11.01..2016 (പേജ് 144 കാണുക)
ഈ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ഇനി പെയ്യുന്ന മഴക്കാലത്ത് നമുക്ക് നമ്മുടെ കിണറുകളിലേക്ക് മഴവെള്ളം കടത്തിവിടാം. ഉപ്പുരസത്തെ മാറ്റിനിറുത്താം. ഇതിനുവേണ്ടുന്ന സാങ്കേതിക സഹായങ്ങള്‍ക്കും സംശയനിവാരണങ്ങള്‍ക്കും തൃശ്ശൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന മഴപ്പൊലിമ പദ്ധതിയുടെ ഓഫീസിലേക്ക് വിളിക്കാം. നമ്പര്‍ 0487-2363618. തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റില്‍ മഴപ്പൊലിമയുടെ ഓഫീസ്പ്ര വര്‍ത്തിക്കുന്നു.

ഡോ.ജോസ്. സി. റാഫേല്‍,
ഡയറക്ടര്‍, ജില്ലാ മഴവെള്ളസംഭരണ മിഷന്‍,
കളക്ട്രേറ്റ്, തൃശ്ശൂര്‍.