മുസ്ത പര്‍പ്പടകം ജ്വരേ

nut-grass

മുത്തങ്ങയും പര്‍പ്പടകപ്പുല്ലും ചേര്‍ത്ത ഔഷധമിശ്രിതങ്ങള്‍ വിവിധതരം പനികള്‍ക്ക് ഉത്തമമായ ഔഷധമാണെന്നത് മുകളില്‍ ചേര്‍ത്ത ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത് ഗ്രാമവാസികളായ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് മുത്തങ്ങയും പര്‍പ്പടകവും. മുറ്റത്തും പറമ്പിലും അത് നിറഞ്ഞ് നില്‍ക്കുന്നത് മനസ്സിന് കുളിര്‍മനല്‍കുന്നതാണ്. നമ്മെ ഇന്ന് ഏറ്റവും അലട്ടിക്കൊണ്ടിരിക്കുന്ന വിവിധതരം പനികള്‍ക്കുള്ള ദിവ്യൗഷധമാണ് ഇവയെന്ന് എത്രപേര്‍ക്കറിയും. മുത്തങ്ങയും പര്‍പ്പടകപ്പുല്ലും കഴുകി ചതച്ചത് കഷായം വെച്ച് കഴിച്ചാല്‍ മാറാത്ത പനികള്‍ വിരളമാണ്. എന്നാല്‍ അത് മനസ്സിലാക്കാതെ മുറ്റം നിറയെ വിവിധ വര്‍ണ്ണങ്ങളായ ഇന്‍റര്‍ലോക്കുകളാല്‍ നാം അലങ്കരിക്കുകയാണ്.

അത് വഴി പലവിധ പനികള്‍ നമ്മെത്തേടിയെത്തിക്കൊണ്ടിരിക്കുന്നു. മുത്തങ്ങ ആഹാരത്തിനെ ആഗിരണം ചെയ്യപ്പെടുത്തുന്നതിനും ദഹനത്തെ മച്ചപ്പെടുത്തി ആഹാരം പചനം ത്വരിതപ്പെടുത്തുവാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ വയറിളക്കം പോലുള്ള അവസ്ഥകളില്‍ മുത്തങ്ങ ചേര്‍ത്ത് കാച്ചിയ മോര് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ആഹാരത്തിന് രുചി പ്രദാനം ചെയ്യാനും ദാഹത്തെ അകറ്റാനും മുത്തങ്ങ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാനും അണുക്കളെ ഇല്ലാതാക്കുവാനും മുത്തങ്ങ പലരീതിയില്‍ ഉപയോഗിച്ചു വരുന്നു, മുത്തങ്ങ പൊതുവെ ആമാശയത്തിലെയും പക്വാശയത്തിലെയും രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്. മുത്തങ്ങയും ഇഞ്ചിയും സമം ചേര്‍ത്ത് അരച്ച് തേന്‍ കൂട്ടി സേവിക്കുന്നത് അര്‍ശ്ശസ്സിന് ഉത്തമമാണ്. മുത്തങ്ങ, പര്‍പ്പടകം, ഇരുവേരി, രാമച്ചം, ചുക്ക്, ചന്ദനം ഇവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പനിമാറാനും, പനി വരാതിരിക്കാനുമുള്ള പ്രയോഗമാണ്.

മുത്തങ്ങ പോലെ തന്നെ പര്‍പ്പടകവും ആഹാരത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ അരുചി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, അമിതമായ ഉഷ്ണം, എന്നിവക്കും നല്ലതാണ്. പര്‍പ്പടകവും ഇഞ്ചിയും ചേര്‍ത്ത് അരച്ച് തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന വയറ് വേദന ശമിക്കും. പര്‍പ്പടകം കഷായം വെച്ച് കഴിക്കുന്നത് ചേര്‍ക്കുരു കൊണ്ട് ഉണ്ടാകുന്ന വിഷബാധ കുറക്കാന്‍ നല്ലതാണ്.

ചില അനുഭവ സിദ്ധമായ പ്രയോഗങ്ങള്‍

  • മുത്തങ്ങക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ശരീരദുര്‍ഗന്ധം മാറും.
  • മുത്തങ്ങ ഉണക്കി പൊടിച്ച് കല്‍ക്കണ്ടം കൂട്ടി സേവിച്ചാല്‍ ചുമ ശമിക്കും.
  • മുത്തങ്ങ, അരിക്കാടി വെള്ളത്തിലരച്ച് സ്തനങ്ങളില്‍ ലേപനം ചെയ്യുന്നത് മുലപ്പാല്‍ വര്‍ദ്ധിക്കാനും മുലപ്പാല്‍ ശുദ്ധമാവാനും നല്ലതാണ്.
  • മുലപ്പാലില്‍ മുത്തങ്ങ അരച്ച് നല്‍കിയാല്‍ കുട്ടികളിലെ രക്താദിസാരം ശമിക്കും.
  • മുത്തങ്ങ ചൂര്‍ണ്ണം പാലില്‍ കാച്ചി സേവിച്ചാല്‍ വയറ് വേദനയോട് കൂടിയ അതിസാരം ശമിക്കും.
  • സ്ത്രീകളിലെ വെള്ള പോക്കിന് മുത്തങ്ങയും നിലപ്പനക്കിഴങ്ങും പാല്‍ക്കഷായമാക്കി സേവിക്കുക.