കൃഷി തന്നെ ജീവിതം

മണ്ണ് തൊടാത്ത സെലിബ്രിറ്റികളല്ല വിയര്‍പ്പ് മണമുള്ള മണ്ണില്‍ വേരാഴ്ത്തി നില്‍ക്കുന്ന മയ്യില്‍ കയരളം കിളിയളത്തെ മലയന്‍കുനി ദാമോദരനെപ്പെലെയുള്ള കര്‍ഷകനാണ് കൃഷിയില്‍ റോള്‍ മോഡലും ബ്രാന്‍ഡ് അംബാസഡര്‍മാരുമാകേണ്ടത്. പുലര്‍കാലം മുതല്‍ ഇരുള്‍ വീഴും വരെ മാങ്ങാടന്‍ തോര്‍ത്തും ചുറ്റി ഈ മനുഷ്യനെ നമുക്കു വയലില്‍ കാണാം. തന്‍റെ മുന്നിലുള്ള ഓരോ തളിരിനോടും കുശലം പറഞ്ഞും തലോടിയും സംരക്ഷിക്കുന്നതിനിടയില്‍ ആരോടും പരിഭവമില്ലാതെ ഒരു കര്‍മ നിയോഗം പോലെ ഏറ്റെടുത്തിരിക്കുകയാണ് കൃഷി. കരിമ്പും, ചോളവും, പച്ചക്കറിയും, നെല്ലും, കന്നുകാലികളും ചേര്‍ന്ന സമ്മിശ്ര കൃഷിയില്‍ ലാഭ നഷ്ടക്കണക്കുകള്‍ നോക്കാറില്ല. പതിനൊന്നാം വയസ്സില്‍ തുടങ്ങിയ കൃഷിജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പലതും അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ സത്യസന്ധതയാണ് ഈ കര്‍ഷകന്‍റെ വിജയത്തിനാധാരം. എന്ന് പ്രദേശത്തുള്ളവര്‍ മുഴുവന്‍ പറയുന്നു.

പാപ്പിനിശ്ശേരി മുന്നു പെറ്റുമ്മ പള്ളിയിലും മുല്ലക്കൊടി ആയാര്‍ മുനമ്പിലും ചെക്കിക്കുളം പാറാല്‍ പള്ളി നേര്‍ച്ചകളിലും അഞ്ച് പതിറ്റാണ്ടായി കരിമ്പ് എത്തുന്നത് ദാമുവേട്ടന്‍ രാജന്‍ എന്ന മലയന്‍കുനി സഹോദരങ്ങളുടെ വിയര്‍പ്പില്‍ നിന്നാണെന്നത് ചുരുക്കം ചില കച്ചവടക്കാര്‍ക്കേ അറിയൂ. അമ്പത് വര്‍ഷത്തെ പാരമ്പര്യമാണ് ഈ കരിമ്പ് കൃഷിക്ക് എന്നറിയുമ്പോള്‍ നാവില്‍ മധുരവും നൊമ്പരവും ഉണ്ടാകുന്നു. ഒരു കാലത്ത് കയരളം ഗ്രാമത്തില്‍ നിന്ന് ക്വിന്‍റല്‍ ചാക്കില്‍ പച്ചക്കറി തലച്ചുമടായി ഇവര്‍ ചന്തയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച പതിവായിരുന്നു. ജൈവകൃഷിയെക്കുറിച്ച് കേരളം ചിന്തിച്ചുതുടങ്ങാത്ത കാലം തൊട്ടുള്ള ജൈവകര്‍ഷകരാണിവര്‍. വയല്‍ പച്ചയാണ് ഇവരുടെ മുഖമുദ്ര. വെള്ളി വെളിച്ചത്തില്‍ തിളങ്ങുന്നവരല്ല നമുക്കു വേണ്ടി ജീവിക്കുന്നവരാണ് നമുക്ക് പാഠപുസ്തകമാവേണ്ടത്.

കാര്‍ഷിക ജീവിതത്തില്‍ ബാക്കിയുള്ളതെന്ത് എന്ന ചോദ്യത്തിന് മലയന്‍കുനി ദാമോരന്‍ എന്ന പരമ്പരാഗത കര്‍ഷകന്‍ സ്വന്തം ഭാഷയില്‍ പറഞ്ഞത് ഇവിടെ കുറിക്കാം.”ചെലപ്പെല്ലം നമുക്കു തോന്നും നമ്മള്‍ മണ്ണെരയാന്ന്.പകല്ന്നും രാത്രീന്നും ഇല്ലാണ്ട് മണ്ണില്‍ പൊളക്കന്ന മണ്ണെര പതിനൊന്നാം വയസ്സില് ഇറങ്ങിയതാണ് വയലില്. പിന്നെ ഈ കാണ്ന്ന വയലില് തന്നെ ജീവിതം. പത്തയ്മ്പത്തഞ്ച് കൊല്ലത്തിനിടെ പെയ്ത മഴയത്തറും നമ്മ ഈ വയലിന്ന് കൊണ്ട്റ്റിണ്ട്. മാങ്ങാടന്‍ തോര്‍ത്തുമുണ്ടും തലേക്കെട്ടും. വയലില് കുപ്പായം പറ്റൂല്ല. അങ്ങിനെ കരിഞര്ഞ് പോയതാണ് എന്‍റെ മേല്. അച്ഛനായ് തുടങ്ങിയ പണിയാണ് ബേണ്ടാന്ന് വെക്കാനാവൂല്ല. നേര്‍ച്ചക്കാലത്ത് പാട്ടക്കാര് വന്ന് കൊണ്ടോവും” മലയന്‍ കുനി സഹോദരങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ പച്ച മനുഷ്യനായവര്‍ ഇനിയുമുണ്ട് എന്ന അറിവാണ് ലഭിക്കുന്നത്.

ഈ സഹോദരങ്ങളുടെ കൂട്ടുകാരനായ കെ.പി. കണ്ണന്‍ ഒറ്റ വാക്കില്‍ ഇവരെക്കുറിച്ച് പറഞ്ഞത്, “പഞ്ചാര വാക്ക് ചൊല്ലി മണ്ണിനെ മയക്കിയോര്‍” എന്നാണ്.

കൃത്രിമ കൃഷിരീതികളും കണ്ണില്ലാത്ത നിര്‍മാണങ്ങളും നമ്മുടെ ദുരയും മണ്ണിനെ അത്രമേല്‍ മാറ്റിയിരിക്കുന്നു. പഞ്ചാര വാക്ക് ചൊല്ലി മണ്ണിനെ മയക്കിയവരാണിവര്‍ എന്ന് കണ്ണന്‍ പറയുന്നത് വെറും ബഡായിയല്ല അര്‍ത്ഥവത്താണത്. ഈ സഹോദരങ്ങള്‍ വിളിച്ചാല്‍ മണ്ണ് വിളികേള്‍ക്കുന്നുണ്ട്. മണ്ണിന്‍റെ മിടിപ്പുകള്‍ തിരിച്ചറിയുമ്പോഴാണ് മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്നത്.

കൃഷിയുടെ ശക്തിയും ദൗര്‍ബല്യവും ആവോളം അനുഭവിച്ച നാടാണ് കയരളം. സാമ്പത്തികമായും സാമൂഹികമായും കൃഷി നഷ്ടമാണ് എന്നതാണ് കൃഷിയുടെ ദൗര്‍ബല്യം. ഏതെങ്കിലും ഒരു ദിവസം തുടങ്ങാന്‍ ആവുന്നതല്ല കൃഷി. ഒരു ദിവസം കൊണ്ട് വേണ്ടെന്നു വെക്കാനും ആവുകയില്ല. മലയന്‍കുനി സഹോദരങ്ങളായ കെ.എം.രാജനെയും കെ.എം.ദാമോദരനെയും മാതൃഭൂമി ന്യൂസിന്‍റെ പ്രഥമ പുരസ്കാരത്തിന് നിറവിലെത്തിച്ചത് അരനൂറ്റാണ്ടിലധികം മണ്ണിന്‍റെ മണവും നിറവുമായി ജീവിച്ചതിന്‍റെ സാക്ഷ്യമാണവര്‍.

പരാതിയോ പരിഭവമോ ഇല്ല മണ്ണും കാലാവസ്ഥയും വിളയുമാണവരെ നിര്‍ണയിച്ചത്. സ്നേഹമാണ് അവരുടെ ഭാഷ. ചിരിയാണ് അവരുടെ സെല്‍ഫി. അവാര്‍ഡിനായി പരിഗണിച്ചപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകനും ഒറപ്പടി കളിവെട്ടം അവധി ദിന പാഠശാലയുടെ സംഘാടകനുമായ ജിജു ഒറപ്പൊടിയാണ് ഇവരെ തിരുവന്തപുരത്ത് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിക്ക് മുമ്പാകെ എത്തിച്ചത്. ഈ യാത്രയാണ് ഇവരുടെ ആദ്യത്തെ തീവണ്ടി യാത്രയും കൂടാതെ പഞ്ചായത്ത് പ്രസിഡന്‍റ് പി.ബാലന്‍, കൃഷി ഓഫീസര്‍ പി.കെ.രാധാകൃഷ്ണന്‍ മറ്റനേകം പേര്‍ വാട്സ് ആപ്പ്, എസ്.എം.എസ് സന്ദേശമയച്ചും പിന്തുണ നല്‍കി ഇവര്‍ക്കെല്ലാം പങ്കാളിത്തമുള്ളതാണ് കയരളം നാടിന് ലഭിച്ച ഈ വിജയം.

മാതൃഭൂമി ന്യൂസിന്‍റെ കണ്ണൂര്‍ ചാനല്‍ ബ്യൂറോ ചീഫ് സി.കെ.വിജയന്‍ രാജേഷ് കോറോത്ത് എന്നിവരാണ് സഹോദരങ്ങളെ അവാര്‍ഡിനായി നിര്‍ദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരം. പ്രേക്ഷകരും വിദഗ്ദരും അടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ് വിജയികളെ പ്രഖ്യാപിച്ചത്. ആറുപേര്‍ പങ്കെടുത്ത രണ്ടാം റൗണ്ടില്‍ കര്‍ഷകരെ വിലയിരുത്തിയത് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമയും വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ. അനില്‍കുമാറുമാണ്.

എം.കെ.ഹരിദാസന്‍